SignIn
Kerala Kaumudi Online
Monday, 11 August 2025 4.04 PM IST

തീപിടിത്തങ്ങൾ ഒഴിവാക്കാൻ

Increase Font Size Decrease Font Size Print Page

photo

തീപിടിത്തങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ മുൻകരുതലെടുക്കണമെന്ന് മുഖ്യമന്ത്രിതന്നെ നിർദ്ദേശിച്ചിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം ചൂട് കൂടിവരുന്നതിനാൽ ഈ വേനൽക്കാലം പലവിധ അപകടങ്ങൾക്കിടയാക്കാം. അതിലേറ്റവും മുഖ്യം തീപിടിത്തങ്ങളായിരിക്കും. ശരിയായ മുൻകരുതലുകളെടുത്താൽ ഭൂരിഭാഗം തീപിടിത്തങ്ങളും ഒഴിവാക്കാം. തീപിടിക്കാൻ സാദ്ധ്യതയുള്ള ഉണങ്ങിയ വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയുന്നതും കൂട്ടിയിടുന്നതും ഒഴിവാക്കിയേ മതിയാവൂ.

വേസ്റ്റ് കത്തിക്കുന്നതിലും അതീവശ്രദ്ധ പുലർത്തണം. പല കടക്കാരും രാത്രിയിൽ റോഡരികിൽ വേസ്റ്റ് കത്തിക്കാറുണ്ട്. അതു കത്തിത്തീരുന്നതുവരെ ആരും കാത്തുനില്‌ക്കാറില്ല. ഇത്തരം കാര്യങ്ങളിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് കൂടുതൽ കരുതലുണ്ടായേ മതിയാവൂ. വേസ്റ്റ് കത്തിക്കുന്നതിന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടങ്ങൾക്കിടയാക്കാം. തിരുവനന്തപുരത്ത് ആകാശവാണിക്ക് സമീപം ഒരു അക്വേറിയം കഴിഞ്ഞയാഴ്ച പൂർണമായും കത്തിനശിച്ചിരുന്നു. സമീപത്തെ വീട്ടിലേക്കും തീപടർന്നു. കോട്ടയത്ത് മെഡിക്കൽ കോളേജ് വളപ്പിൽ നിർമ്മാണത്തിലിരുന്ന ബഹുനില മന്ദിരത്തിലും വൻ തീപിടിത്തമുണ്ടായി. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് പലയിടത്തും തീപിടിത്തത്തിന് കാരണമായി പറയാറുള്ളതെങ്കിലും മറ്റ് കാരണങ്ങൾകൊണ്ടും തീപിടിത്തമുണ്ടാകാം. പല മന്ദിരങ്ങളിലും കടകളിലും വിപുലീകരണത്തിന്റെ ഭാഗമായി വെൽഡിംഗ് ഉൾപ്പെടെയുള്ള പണികൾ നടക്കാറുണ്ട്. ഇതിന് മുൻപും ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അതൊന്നുമില്ലാതെ പരിചയസമ്പന്നരല്ലാത്ത തൊഴിലാളികളെക്കൊണ്ട് ഇതുപോലുള്ള പണികൾ ചെയ്യിക്കുന്നതും തീപിടിത്തങ്ങൾക്ക് കാരണമാകാം.

തീപിടിച്ചാൽ വൻതോതിൽ പടരാനുള്ള വസ്തുക്കൾ വില്‌ക്കുന്ന കടകളിൽ തീയണയ്ക്കാനുള്ള സംവിധാനങ്ങളെല്ലാം പൂർണമായും പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ പരിശോധന നടത്തേണ്ടതാണ്. തീപിടിക്കുമ്പോൾ അണയ്ക്കാൻ മാത്രമുള്ളതായി അഗ്നിശമന വകുപ്പ് മാറരുത്. തീപിടിത്തം ഒഴിവാക്കാനുള്ള മുന്നറിയിപ്പുകളുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനും അവർ കൂടുതൽ ശ്രദ്ധനല്‌കണം. നഗരമദ്ധ്യത്തിൽത്തന്നെ നിരവധി പുരയിടങ്ങൾ കാടുകയറി കിടപ്പുണ്ട്. മഴക്കാലത്ത് ഇത് വലിയ ഭീഷണിയല്ല. എന്നാൽ വേനൽക്കാലത്ത് പുല്ലുകളും മറ്റും ഉണങ്ങിവരണ്ട് നില്‌ക്കുന്നത് തീപിടിത്തത്തിന് സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ ഇവ വെട്ടിയൊരുക്കി വൃത്തിയാക്കാൻ വസ്തു ഉടമകൾക്ക് റസിഡന്റ്‌സ് അസോസിയേഷനുകളോ റവന്യു വകുപ്പോ നിർദ്ദേശം നല്‌കേണ്ടതാണ്. ഇത്തരം പുരയിടങ്ങൾക്ക് ചുറ്റും വീടുകളുള്ളതിനാൽ തീപിടിത്തം വലിയ നാശനഷ്ടങ്ങൾക്കിടയാക്കും. പല ഫ്ളാറ്റുകളിലും തീപിടിത്തം ഒഴിവാക്കാനും തടയാനുമുള്ള സംവിധാനങ്ങൾ ഒരിക്കൽ സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നീടാരും തിരിഞ്ഞുനോക്കാറില്ല.

എന്തെങ്കിലും വലിയ അപകടമുണ്ടായതിനു ശേഷമല്ല പരിശോധനയ്‌ക്കിറങ്ങേണ്ടത്. അതിന് മുമ്പുതന്നെ ഉത്തരവാദപ്പെട്ട വകുപ്പുകളും ഉദ്യോഗസ്ഥരും കർശന പരിശോധനകൾ നടത്താൻ തയ്യാറാകണം. തീപിടിത്തം തടയാനുള്ള നടപടികൾ ഉൗർജ്ജിതപ്പെടുത്താൻ കുടുംബശ്രീ പ്രവർത്തകരെയും തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളെയും മറ്റും പങ്കാളികളാക്കിക്കൊണ്ട് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാവും എന്നതിനെക്കുറിച്ച് നഗരസഭകളും ആലോചിക്കണം. സർക്കാരും ജനങ്ങളും ഒരേപോലെ ജാഗരൂകരായാൽ പല തീപിടിത്ത അപകടങ്ങളും ഒഴിവാക്കാനാകും. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെയും മുന്നറിയിപ്പിന്റെയും അടിസ്ഥാനത്തിൽ അതിനുള്ള കൂട്ടായ ശ്രമമാണ് ഉണ്ടാകേണ്ടത്.

TAGS: CAUTION RISK OF FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.