SignIn
Kerala Kaumudi Online
Thursday, 28 March 2024 3.37 PM IST

പൂന്തോട്ടത്തിലെ കെടാക്കനൽ

pablo-neruda

പ്രകൃതിയും പ്രണയവും രതിയും വിപ്ലവവും സ്വാതന്ത്ര്യവും കമ്മ്യൂണിസവും ജീവിതത്തിന്റെയും കവിതയുടെയും വസന്തമാക്കി ഇരുപതാം നൂറ്റാണ്ടിനെ ത്രസിപ്പിച്ച വിശ്വമഹാകവിയായിരുന്നു

പാബ്ലോ നെരൂദ. മഹാനായ ആ മനുഷ്യസ്നേഹിയെ ഏകാധിപത്യത്തിന്റെ പൈശാചികശക്തികൾ വിഷംകുത്തിവച്ച് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ച വാർത്തകേട്ട് ലോകം തരിച്ചുനിൽക്കുകയാണ്...

ഏകാധിപത്യത്തിന്റെയും മനുഷ്യക്കുരുതികളുടെയും ചോരപ്പാടുകൾ മായാത്ത ലാറ്റിനമേരിക്കയിൽ വിമോചനശാസ്‌ത്രമായി മാറിയ കമ്മ്യൂണിസത്തിന് ചിലിയിൽ കവിതയുടെ കനലായി പിറന്ന വിപ്ലവകാരി. കുഞ്ഞുരാജ്യമായ ചിലിയിൽ സ്പാനിഷ് ഭാഷയിൽ എഴുതിയ നെരൂദയുടെ കവിതകൾ ഭാഷയുടേയും രാജ്യങ്ങളുടേയും അതിരുകൾ ഭേദിച്ച് ലോകമെമ്പാടും വായിക്കപ്പെട്ടു. ഇരുപതാംനൂറ്റാണ്ടിലെ ഏത് ഭാഷയിലെയും മഹാനായ കവി എന്നാണ് ഗബ്രിയേൽ ഗാർഷ്യ മാർക്കേസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. നോബൽ സമ്മാനത്തിന് പുറമേ അന്താരാഷ്ട്ര സമാധാന സമ്മാനം, ലെനിൻ സമാധാനസമ്മാനം, ഓക്സ്‌ഫഡ്‌ സർവകലാശാലയുടെ ഓണററി ഡി ലിറ്റ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നെരൂദയെ തേടിയെത്തി.

പ്രകൃതിയുടെ അപാരവിസ്മയങ്ങളും മഴയും മഞ്ഞുമെല്ലാം ചാലിച്ചുചേർത്ത നെരൂദയുടെ കവിതകൾ പ്രണയികൾക്ക് നിലാമഴയായി. കടലാഴമുള്ള വിരഹത്തിന്റെ വിലാപങ്ങളായി. മർദ്ദിതർക്ക് മോചനമന്ത്രങ്ങളായി. യുവാക്കളുടെ സിരകളെ വിപ്ലവചിന്തകളാൽ ത്രസിപ്പിച്ചു. ഏകാധിപതികളെ വിറളിപിടിപ്പിച്ചു.

വസന്തം ചെറിമരങ്ങളെ പുഷ്പിണിയാക്കുന്നതു പോലെ ഞാൻ നിന്നേയും എന്നെഴുതിയ നെരൂ‌ദ, പ്രണയിക്കുക,​ വിട പറയുക,​ അതാണെന്റെ വിധി എന്നും കുറിച്ചിട്ടു. എല്ലാ പൂക്കളും നിനക്ക് ഇറുത്തെടുക്കാം,​ പക്ഷേ വസന്തത്തിന്റെ വരവ് തടയാനാവില്ല...​ എരിഞ്ഞടങ്ങിയ നക്ഷത്രങ്ങൾക്കിടയിൽ ഞാൻ കാണുന്ന ഏക വെളിച്ചം നിന്റെ വിടർന്ന കണ്ണുകൾ മാത്രം...​ നിന്റെ പാദങ്ങളെ ഞാൻ പ്രണയിക്കുന്നത് അവ കടലിനും കാറ്റിനും ആകാശത്തിനും മീതേ എന്നെത്തേടി നടന്നതുകൊണ്ടു മാതം...എന്നൊക്കെയുള്ള നെരൂദയുടെ വരികൾ ഹൃദയത്തിന്റെ ആഴങ്ങളിൽ തിരയടിക്കുന്ന തീവ്രനൊമ്പരമാണ്. ഏറ്റവും ദുഃഖഭരിതമായ വാക്കുകൾ എന്ന കവിതയിൽ, തേങ്ങലൊതുക്കിയ നിശ്വാസം പോലെ ഒരു വരിയുണ്ട് -​ പ്രണയം അത്രമേൽ ഹ്രസ്വമാം, വിസ്‌മൃതി അതിലുമെത്രയോ ദീ‌ർഘം...ബാലചന്ദ്രൻ ചുള്ളിക്കാടും കെ. സച്ചിദാനന്ദനും ഉൾപ്പെടെ നിരവധി കവികൾ പരിഭാഷപ്പെടുത്തിയ കവിതയാണത്.

മലയാളികൾ നെരൂദയുടെ കവിതകൾ നെഞ്ചിലേറ്റി.

ജീവിതത്തെയും കവിതയെയും പറ്റി സുന്ദരമായ നിരീക്ഷണങ്ങളാണ് നെരൂദയുടേത്. ചിരി ആത്മാവിന്റെ ഭാഷയാണ്...പ‌ർവതങ്ങൾ കയറാതെ കാഴ്ചകൾ ആസ്വദിക്കാനാവില്ല...യാത്ര ചെയ്യാത്തവൻ, വായിക്കാത്തവൻ, സംഗീതം ആസ്വദിക്കാത്തവൻ, സ്വന്തം മഹത്വം തിരിച്ചറിയാത്തവൻ സാവധാനം മരിക്കുന്നു...പരാജയത്തിന്റെ ന്യായീകരണമാണ് ഭാഗ്യം...പ്രകാശം തരുന്ന മഹാലോകം കീഴടക്കാൻ, നീതി കിട്ടാൻ, എല്ലാ മനുഷ്യരുടെയും അന്തസ് വീണ്ടെടുക്കാൻ അപാരമായ ക്ഷമവേണം, അപ്പോൾ കവിതകൾ വെറുതെയാവില്ല...ഞങ്ങൾ കവികൾ വിദ്വേഷത്തെ വെറുക്കുന്നു, യുദ്ധത്തിനെതിരെ യുദ്ധം ചെയ്യുന്നു... എന്റെ കവിത എന്താണെന്ന് ചോദിച്ചാൽ എനിക്കറിയില്ല, പക്ഷേ എന്റെ കവിതയോട് ചോദിച്ചാൽ ഞാൻ ആരാണെന്ന് പറഞ്ഞുതരും....എന്റെ അപ്പവും വെള്ളവും നിങ്ങൾ എടുത്തുകൊള്ളൂ, പക്ഷേ..നിങ്ങളുടെ പുഞ്ചിരി എനിക്ക് നിഷേധിക്കരുത്...

ജീവിതത്തിന്റെയും സ്വർഗനരകങ്ങളുടേയും നിരർത്ഥകത ഒരു നായയുടെ മരണം എന്ന കവിതയിൽ നെരൂദ വരച്ചിട്ടിട്ടുണ്ട്.

എന്റെ നായ ചത്തു,​ ഞാൻ അതിനെ പൂന്തോട്ടത്തിൽ കുഴിച്ചിട്ടു...ഒരു ദിവസം ഞാനും അവിടെയെത്തും... ഭൗതികവാദിയായ ഞാൻ ആകാശത്ത് മനുഷ്യന്റെ വാഗ്ദത്ത സ്വ‌ർഗത്തിൽ വിശ്വസിക്കുന്നില്ല...ഞാനൊരിക്കലും എത്താത്ത ഒരു സ്വർഗത്തിലാണ് എനിക്ക് വിശ്വാസം...അതേ,​ എല്ലാ നായ്‌ക്കൾക്കും വേണ്ടിയുള്ള സ്വർഗത്തിലാണ് എനിക്ക് വിശ്വാസം..അവിടെ എന്റെ വരവും കാത്ത് സൗഹൃദത്തിന്റെ വാലാട്ടി എന്റെ നായ നിൽക്കും....

മനുഷ്യ സ്നേഹികളായ ഏത് വിപ്ലവകാരിയുടെയും അനിവാര്യമായ വിധിയാണ് നെരൂദയെയും കാത്തിരുന്നത്. ചിലിയിൽ ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽവന്ന സാൽവദോർ അലൻഡെയെ അട്ടിമറിച്ച് ഏകാധിപതിയായി വാണ ജനറൽ അഗസ്റ്റോ പിനോഷെ അധികാരമേറ്റ ശേഷം പന്ത്രണ്ട് ദിവസം കൂടിയേ നെരൂദ ജീവിച്ചിരുന്നുള്ളൂ. 1973 സെപ്റ്റംബർ 23ന് സാന്തിയാഗോയിലെ ആശുപത്രിയിൽ അദ്ദേഹം മരിച്ചു. പ്രോസ്റ്റേറ്റ് കാൻസറും പോഷകാഹാരക്കുറവുമാണ് മരണകാരണമെന്നായിരുന്നു ആശുപത്രി റിപ്പോർട്ട്. ഏകാധിപതിയായ പിനോഷെയെ എതിർത്തിരുന്ന നെരൂദയെ കൊലപ്പെടുത്തിയതാണെന്ന് അന്നേ സംശയങ്ങളുണ്ടായിരുന്നു. രോഗത്തിന്റെ മറവിൽ അദ്ദേഹത്തെ കൊലപ്പെടുത്തിയെന്ന് സംശയിക്കാൻ പ്രാഥമിക തെളിവുണ്ടെന്ന് ചിലിയൻ സർക്കാർ 2015ൽ വെളിപ്പെടുത്തി.

വിഷം ഉള്ളിൽചെന്നാണ് മരണമെന്നാണ് ഇപ്പോൾ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞത്. നാഡീവ്യൂഹത്തെ തളർത്തി മരണത്തിനിടയാക്കുന്ന ബോട്ടുലിസം എന്ന രോഗാവസ്ഥയുണ്ടാക്കുന്ന ക്ലോസ്‌ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയെ അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്‌ടങ്ങളിൽ കണ്ടെത്തി. ഉറക്കത്തിൽ വയറ്റിൽ ആരോ കുത്തിവച്ചെന്ന് മരണത്തിന് മുമ്പ് നെരൂദ ആശുപത്രിയിൽനിന്ന് തന്നെ ഫോണിൽ അറിയിച്ചതായി ഡ്രൈവർ മാനുവൽ അരായ വെളിപ്പെടുത്തിയിരുന്നു. നെരൂദയുടെ അനന്തരവനും അഭിഭാഷകനുമായ റൊഡോൾഫോ ഫെയ്സ് നിയമയുദ്ധത്തിലേക്ക് നീങ്ങി. പത്തുവർഷം മുമ്പ് നെരൂദയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ചിലിയിലെ കോടതി അനുമതി നൽകി. അതനുസരിച്ച് നാല് രാജ്യങ്ങളിലെ ഫോറൻസിക് ലാബുകളിലാണ് പരിശോധന നടന്നത്. ഡെൻമാ‌ർക്കിലും കാനഡയിലും നടത്തിയ പരിശോധനയിൽ നെരൂദയുടെ അസ്ഥികളിൽ ക്ലോസ്‌ട്രിഡിയം ബോട്ടുലിനം ബാക്ടീരിയയെ കണ്ടെത്തി. 2017ൽ ഇവർ തന്നെ നെരൂദയുടെ പല്ലുകളിലും ഈ ബാക്ടീരിയയെ കണ്ടെത്തിയിരുന്നു.

ജീവിത രേഖ

ചിലിയിലെ പാരാലിൽ 1904 ജുലായ് 12 ന് ജനനം. യഥാർത്ഥ പേര്‌ നെഫ്‌താലി റിക്കാർഡോ റെയിസ്‌ ബസോൽറ്റോ. അച്ഛൻ റെയിൽവേ ജീവനക്കാരനും അമ്മ സ്കൂൾ അദ്ധ്യാപികയും. നെരൂദ ജനിച്ച വർഷം അമ്മ‍ ക്ഷയരോഗം ബാധിച്ച് മരിച്ചു. 1906 ൽ അച്ഛനോടും രണ്ടാനമ്മയോടുമൊപ്പം ടെമുക്കൊയിൽ താമസമാക്കി. പത്ത് വയസു മുതൽ കവിതയെഴുതി. 1920ൽ പാബ്ലോ നെരൂദയെന്ന തൂലികാനാമം സ്വീകരിച്ചു. ചെക്ക് കവി ഴാൻ നെരൂദയുടെ പേരാണ് തൂലികാ നാമത്തിന് പ്രചോദനമായത്. പിന്നീടത് ഔദ്യോഗിക പേരുമായി. ഇരുപതു വയസായപ്പോഴേയ്ക്കും കവിയായി പ്രശസ്തിയാർജ്ജിച്ചു. 3500 ലേറെ കവിതകളും ആത്മകഥയും രചിച്ചിട്ടുണ്ട്.

1927-ൽ ബർമയിലും 1928-ൽ സിലോണിലും ( ശ്രീലങ്ക )​ അംബാസഡറായി. 1929-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിൽ സൗഹൃദപ്രതിനിധിയായി പങ്കെടുത്തു. 1931-ൽ സിംഗപ്പൂരിൽ സ്ഥാനപതി . 1940-ൽ ചിലിയിൽ തിരിച്ചെത്തി രാഷ്ട്രീയത്തിൽ സജീവമായി. 1945 ചിലി സെനറ്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമായി. സോവിയറ്ര് യൂണിയന്റേയും സ്റ്റാലിന്റേയും ലെനിന്റേയും ആരാധകനായിരുന്നു. വലതുപക്ഷ ഏകാധിപതി ഗോൺസാലെ വീഡെലായെ നെരൂദ വിമർശിച്ചത്‌, ഭരണകൂടത്തെ പ്രകോപിപ്പിച്ചു. ചിലിയിൽ കമ്മ്യൂണിസം നിരോധിക്കുകയും നെരൂദയെ അറസ്റ്റ്ചെയ്യാൻ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

വാൽ‌പരൈസോയിൽ സുഹൃത്തുക്കൾ നെരൂദയേയും ഭാര്യയേയും പതിമൂന്ന് മാസം ഒളിപ്പിച്ചു. ഒടുവിൽ അർജന്റീനയിലേക്ക് രക്ഷപ്പെട്ടു. പിന്നീട് മെക്സിക്കോയിലേക്കും അവിടെനിന്ന്‌ പാരീസിലേക്കും. ഈ അജ്ഞാതവാസക്കാലത്താണ് ഇതിഹാസകാവ്യമായ 'കാന്റോ ജെനെറൽ' പൂർത്തിയാക്കിയത്. 231 കവിതകളുടെ ഇൗ സമാഹാരം തെക്കേ അമേരിക്കയുടെ ചരിത്രം അനാവരണം ചെയ്യുന്ന ബൃഹദ് ഗ്രന്ഥമാണ്. ഇതിലാണ് 'മാച്ചൂ പിച്ചൂവിന്റെ ഉയരങ്ങളിൽ' എന്ന വിഖ്യാത കവിത.

1958-ൽ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി.

ചിലിയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സ്ഥാനാർത്ഥിയായെങ്കിലും ഉറ്റചങ്ങാതി സാൽവദോർ അല്ലെൻഡേയെ പ്രസിഡന്റാക്കി. നെരൂദ പാരീസിൽ അംബാസഡറായി. 1971-ൽ നോബൽ സമ്മാനം നേടിയപ്പോൾ അലെൻഡെ ചിലിയിലെ ദേശീയ ഫുട്ബോൾ സ്റ്റേഡിയത്തിൽ 70,000 കാണികളുടെ മുന്നിൽ കവിത അവതരിപ്പിക്കാൻ നെരൂദയെ ക്ഷണിച്ചു.

സി.ഐ.എ.-ഒത്താശയോടെ നടന്ന പട്ടാളഅട്ടിമറിയിൽ 1973 സെപ്റ്റംബർ 11-ന്‌ പ്രസിഡന്റിന്റെ ലാ മൊണേഡാ കൊട്ടാരത്തിൽ ബോംബ്‌ സ്ഫോടനത്തിൽ അലൻഡേ കൊല്ലപ്പെട്ടു. പിനോഷെ ഭരണം ഏറ്റെടുത്തു. അലൻഡേയുടെ മരണം നെരൂദയെ തളർത്തി.

നെരൂദയുടെ മൃതദേഹവുമായുള്ള വിലാപയാത്ര പട്ടാള ഭരണകൂടത്തിനെതിരായ പ്രകടനമായി. പട്ടാളം നെരൂദയുടെ വീടു തകർത്തു. പുസ്തകങ്ങളും കൈയെഴുത്തു പ്രതികളും നശിപ്പിച്ചു. പിനോഷെ നെരൂദയുടെ പൊതുസംസ്കാരത്തിന് അനുമതി നിഷേധിച്ചെങ്കിലും ആയിരക്കണക്കിന് ആളുകൾ കർഫ്യൂ ലംഘിച്ച് ചിലിയിലെ തെരുവുകൾ കൈയടക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NERUDA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.