കൊല്ലം : വലിയ കൂനമ്പായിക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പത്ത് ദിവസത്തെ കുംഭഭരണി മഹോത്സവത്തിന് കൊടിയേറി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാലിന്റെയും മേൽശാന്തി സുരേഷ് തിരുമേനിയും നേതൃത്വത്തിലായിരുന്നു കൊടിയേറ്റ്. ചന്ദ്രപൊങ്കാല ഇന്ന് വൈകിട്ട് 6ന് നടക്കും.
അമ്പലപ്പറമ്പ് മുഴുവൻ ഭക്തർ അടുപ്പുകൾകൂട്ടി പൊങ്കാല സമർപ്പണത്തിനായി കാത്തിരിക്കുകയാണ്. ചന്ദ്രപ്പൊങ്കാലയ്ക്ക് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ക്ഷേത്രം സെക്രട്ടറി എ.അനീഷ്‌കുമാർ അറിയിച്ചു.
വർക്കല ശിവഗിരിമഠം സ്വാമി ശിവനാരായണ തീർത്ഥ ചന്ദ്രപ്പൊങ്കലിന് ഭദ്രദീപം തെളിക്കും. ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാലിന്റെയും മേൽശാന്തി സുരേഷ് തിരുമേനിയുടെയും നേതൃത്വത്തിലാണ് പണ്ടാരഅടുപ്പിൽ ദീപം പകരുന്നത്. തുടർന്ന് മറ്റു പൊങ്കാല അടുപ്പുകളിലേക്ക് ദീപം പകർന്നുനൽകും.
ചന്ദ്രപ്പൊങ്കലിന്റെ സുഗമമായ നടത്തിപ്പിന് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രഭരണസമിതി ഒരുക്കിയിട്ടുള്ളത്. ഗവ.ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്, കൊല്ലം കോർപ്പറേഷൻ, കൊല്ലത്തെ പ്രധാന ആശുപത്രികൾ, കെ.എസ്.ആർ.ടി.സി, ഇലക്ട്രിസിറ്റി ബോർഡ്, ഫയർഫോഴ്‌സ്, പൊലീസ്, ആംബുലൻസ്, കുടുംബശ്രീ യൂണിറ്റുകൾ, മറ്റ് ക്ഷേത്രഭാരവാഹികൾ, രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ സേവനം ഉണ്ടായിരിക്കും. ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ 27 ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിലും 100 പേർവീതമുള്ള 2700 വാളണ്ടിയർമാരും പൊങ്കാലയുടെ സമാപനം കുറിച്ചുകൊണ്ടുള്ള തീർത്ഥം തളിക്കലിന് 200ൽപ്പരം ശാന്തിമാരും ഉണ്ടായിരിക്കും. പൊങ്കാല അർപ്പിക്കാനെത്തുന്നവർക്കായി അന്നദാനവും ലഘുഭക്ഷണവും ഉണ്ടായിരിക്കും.
പാർക്കിംഗ് നിർദ്ദേശം
തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ട്രാവൻകൂർ മെഡിസിറ്റി, ലാലാസ് കൺവെൻഷൻ സെന്റർ, മേവറം ഭാഗങ്ങളിലും കൊല്ലം ഭാഗങ്ങളിൽ നിന്നുമെത്തുന്ന വാഹനങ്ങൾ പള്ളിമുക്കിൽ യൂനുസ് എൻജിനീയറിംഗ് കോളേജ്, ബി.എഡ് കോളേജ് എന്നിവിടങ്ങളിലും കരുനാഗപ്പള്ളി, കൊട്ടാരക്കര ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ കല്ലുംതാഴം പാൽക്കുളങ്ങര ക്ഷേത്രം ഗ്രൗണ്ട്, എസ്.എൻ.പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |