SignIn
Kerala Kaumudi Online
Thursday, 25 April 2024 1.38 PM IST

സർവം ശിവം

shivam

ഭാരതത്തിന്റെ ഭക്തിസമ്പ്രദായത്തിലെ ഏറ്റവും മഹത്വമേറിയ പുണ്യദിനമാണ് ശിവരാത്രി. ആചാരങ്ങളുടെ വ്യത്യസ്തതയാലും ഭക്തിഭാവത്തിന്റെ ഉത്‌കൃഷ്ടതയാലും ഈ ദിനം അതിശ്രേഷ്ഠസ്ഥാനം അലങ്കരിക്കുന്നു. ദിവസം മുഴുവൻ സർവേശ്വരനായ ശ്രീപരമേശ്വരന്റെ സ്മരണയിലിരുന്ന് വ്രതം അനുഷ്ഠിക്കുകയും രാത്രി ഉറങ്ങാതെ ഈശ്വരസ്മൃതിയിൽ മുഴുകുകയും ചെയ്യുന്ന അനുഷ്‌ഠാനമാണിത്.

ശങ്കരനിൽ കാണിച്ചിരിക്കുന്ന അലങ്കാരങ്ങൾ പരമാത്മാ ശിവന്റെ ഗുണങ്ങളെ സൂചിപ്പിക്കുന്നവയാണ്.

ദിഗംബരൻ

ശിവനെ ദിഗംബരൻ എന്നുവിളിക്കുന്നു. ദിഗംബരൻ എന്നാൽ ദിക്കുകളെ വസ്ത്രമാക്കിയവൻ എന്നർത്ഥം. ആദ്ധ്യാത്മിക ഭാഷയിൽ ആത്മാവിന്റെ വസ്ത്രമായ സ്ഥൂലമോ സൂക്ഷ്മമോ ആയ ശരീരം ശിവനില്ല. നിരാകാരനായ ശിവൻ സദാ ആത്മബോധത്തിലാണെന്ന് വ്യക്തമാക്കാനാണ് ഇങ്ങനെ ചിത്രീകരിച്ചിരിക്കുന്നത്.

ആത്മസാക്ഷാത്കാരം ആഗ്രഹിക്കുന്ന വ്യക്തിക്ക് സ്വയം അലങ്കരിക്കാനും മോടിയായിരിക്കാനുമുള്ള ആഗ്രഹങ്ങൾ പാടില്ലെന്നും ആത്മബോധത്തിലിരിക്കണമെന്നുമാണ് ഉദ്ദേശിക്കുന്നത്.

ഭസ്‌മം

ഭസ്‌മം ഫലേച്ഛ കൂടാതെയുള്ള കർമ്മത്തെ കാണിക്കുന്നു. നിഷ്‌കാമകർമ്മം ചെയ്യുന്ന ശിവന് എല്ലാം ചാരസമാനമാണ്. അതായത് യാതൊരു തരത്തിലുള്ള ആകർഷണങ്ങളുമില്ല.

സർപ്പം

ഭാരതീയ സാഹിത്യത്തിൽ ചുരുണ്ടുകിടക്കുന്ന സർപ്പം കാലത്തിന്റേയോ സമയത്തിന്റേയോ തുടർച്ചയുടെ സൂചകമാണ്. മാത്രമല്ല വാലും തലയും വിനാശത്തേയും പുനഃസൃഷ്ടിയേയും സൂചിപ്പിക്കുന്നു.

ജടയും ഗംഗയും

തലമുടി ജടയായും അതിൽനിന്ന് ഗംഗ ഒഴുകുന്നതായും കാണിച്ചിരിക്കുന്നു. സാധാരണ മൂന്ന് മുടിക്കെട്ടുകളാണ്. ഇവ ഈശ്വരീയ ജ്ഞാനം, രാജയോഗം, ദിവ്യഗുണങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നു. ഇവയിൽ നിന്നും പുറത്തേക്കൊഴുകുന്ന ഗംഗ, ആത്മാക്കളുടെ ശുദ്ധീകരണത്തിനും മുക്തിക്കും വേണ്ടി ഈ മൂന്നു കാര്യങ്ങളും പ്രദാനം ചെയ്യുന്നതിനെയാണ് സൂചിപ്പിക്കുന്നത്

നാല് കൈകളും

സുന്ദരമുഖവും

മുന്നിൽ രണ്ടും പിന്നിൽ രണ്ടുമായി നാലു കൈകൾ ഭഗവാന് എവിടേയും എത്തിച്ചേരാൻ കഴിയുമെന്നും ഏതുസ്ഥാനത്തുള്ളവരേയും ആശീർവദിക്കാനും സംരക്ഷിക്കുവാനും കഴിയുമെന്നുമാണ് സൂചിപ്പിക്കുന്നത്. പ്രശാന്ത സുന്ദരമായ മുഖം അനാദിയായ ആത്മീയ സൗന്ദര്യവും ശാന്തിയും ആനന്ദവും സൂചിപ്പിക്കുന്നു.

ത്രിശൂലം

വലതുകൈയിൽ കാണിച്ചിരിക്കുന്ന ത്രിശൂലം അർത്ഥമാക്കുന്നത് ഭഗവാന് - ഭൗതികം, മാനസികം, ആദ്ധ്യാത്മികം എന്നിങ്ങനെ മൂന്ന് പ്രകാരത്തിലുള്ള ദുഃഖങ്ങളെ തടയാനാകുമെന്നാണ്. അതിനാൽ ശിവന് ത്രിതാപഹരനെന്നും (മൂന്ന് പ്രകാരത്തിലുള്ള ദുഃഖങ്ങൾ മാറ്റുന്നവൻ) ശൂലപാണിയെന്നും (പീഡകളെ തന്റെ നിയന്ത്രണത്തിൻകീഴിൽ നിറുത്തുവാൻ കഴിവുള്ളവൻ) എന്നീ നാമങ്ങളുണ്ട്. ശിവൻ ത്രിതാപങ്ങൾക്കും ത്രിഗുണങ്ങൾക്കും (സതോ, രജോ, തമോ) അതീതനാകയാൽ ത്രിഗുണാതീതനെന്നും വിളിക്കപ്പെടുന്നു.

തത്വമുദ്ര‌യും

വരമുദ്ര‌യും

ഒരു ഹസ്തം വരദാനം ചൊരിയുന്ന രൂപത്തിലും മറ്റൊന്ന് ഗഹനമായ കാര്യം വിശദീകരിക്കുമ്പോഴുള്ള ഭാവരൂപത്തിലും കാണിച്ചിരിക്കുന്നു. ശിവൻ ദിവ്യബുദ്ധി നല‌്‌കി ആത്മാക്കളിൽ പവിത്രത, ശാന്തി, സമൃദ്ധി എന്നീ മൂന്ന് വരദാനം ചൊരിയുന്നു എന്നത് അർത്ഥമാക്കുന്നവയാണ് ഇവ രണ്ടും.

ജപമാല

50 മുത്തുകളുള്ള ജപമാല ഒരു കൈയിൽ കാണിച്ചിരിക്കുന്നു. അതിനെ രുദ്രാക്ഷമാല എന്നു പറയുന്നു. രുദ്രാക്ഷം എന്ന വാക്ക് രുദ്രം എന്നും അക്ഷമെന്നും രണ്ട് വാക്കുകൾ കൂടിചേർന്നതാണ്. രുദ്ര‌മെന്നാൽ കർക്കശമോ, ബലവത്തായതോ എന്നർത്ഥം. അക്ഷം എന്നാൽ നേത്രം. അതിനാൽ രുദ്രാക്ഷമെന്നാൽ ജാഗരൂകരായ നേത്രമുള്ളവൻ അഥവാ കർക്കശമായ അച്ചടക്കമുള്ളവൻ.

ദേവനാഗരി ലിപിയിൽ 50 അക്ഷരങ്ങളാണുള്ളത്. അപ്പോൾ 50 മുത്തുകളുള്ള ജപമാല സൂചിപ്പിച്ചിരിക്കുന്നത്, എഴുതുന്നതോ സംസാരിക്കുന്നതോ ആയ വാക്കുകളെ അല്ലെങ്കിൽ സങ്കല്പങ്ങളെയും വാക്കുകളെയുമാണ്. സങ്കല്‌പത്തിലും വാക്കിലുമുള്ള ദൃഢതയേയും സ്വച്ഛതയേയും ധ്യാനം അഥവാ യോഗവുമായി ഇവയ്ക്കുള്ള ബന്ധത്തേയുമാണ് കാണിച്ചിരിക്കുന്നത്. ജപമാല ധ്യാനത്തിന്റെ സൂചകമാണ്.

108 മുത്തുകളുള്ള രുദ്രാക്ഷമാലയുമുണ്ട്. ജ്ഞാനത്തിന്റെ സൂക്ഷ്‌മനേത്രവും വിവേകവും പ്രാപ്തമാക്കി വികാരങ്ങളിൽ മുക്തവും പ്രഭുവിന് പ്രിയവുമായിത്തീർന്ന 108 ആത്മാക്കളുണ്ട് എന്നതിനെ ഇത് സൂചിപ്പിക്കുന്നു.

കമണ്ഡലു

കൈയിലെ കമണ്ഡലു ഉണങ്ങിയ മത്തങ്ങയാൽ ഉണ്ടാക്കപ്പെട്ടതും അമൃത് നിറഞ്ഞിരിക്കുന്നതുമാണ്. വളരെ മൂല്യമേറിയ അമൃത് എടുക്കാനായി മത്തങ്ങാത്തോട് കൊണ്ടുണ്ടാക്കിയ പാത്രം തിരഞ്ഞെടുക്കുന്നത് അതിശയകരമായി തോന്നിയേക്കാം. ഇതിന്റെ ഭാവാർത്ഥം എന്തായിരിക്കും? മത്തങ്ങ ഉണങ്ങിയാൽപ്പോലും അടരാത്ത ഒന്നാണ്. അതിനെ മുറിച്ചെടുക്കേണ്ടിവരുന്നു. പിന്നെ അതിനകത്തുള്ളവയെല്ലാം മാറ്റി പുറന്തോട് മാത്രം അവശേഷിക്കും വിധം പൊള്ളയാക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ഒരു ആത്മീയാന്വേഷകൻ തന്റെ ശാരീരികവും മാനസികവുമായ ബന്ധങ്ങളെ മുറിച്ച് അന്തരാത്മാവിനെ സ്വച്ഛവും പവിത്രവും ആക്കണമെന്നാണ്. ഭൗതിക ലോകവുമായി ബന്ധപ്പെട്ട സങ്കല്പങ്ങളെയെല്ലാം മാറ്റേണ്ടിയിരിക്കുന്നു. അപ്പോൾ ആ സ്ഥാനത്ത് ശിവൻ ദിവ്യമൃതം നിറയ്ക്കും.

ത്രിനേത്രം

ശിവനെ ത്രയംബകൻ അതായത് മൂന്ന് കണ്ണുകളുള്ളവനായി കാണിച്ചിരിക്കുന്നു. രണ്ട് അർത്ഥനിമീലിത നേത്രങ്ങൾ സൂചിപ്പിക്കുന്നത് ആത്മബോധത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ആന്തരിക സത്യത്തിലേക്ക് അന്തർമുഖനായിരിക്കുന്നു എന്നുമാണ്. ത്രിക്കണ്ണുതുറന്ന് കാമനെ ഭസ്‌മമാക്കിയെന്നത് പ്രശസ്തമാണല്ലോ. അതിൽ ഈ നേത്രത്തെ വിവേകത്തിന്റെ നേത്രമെന്നോ അഗ്നിനേത്രമെന്നോ പറയുന്നു. അതിനാൽ അർത്ഥമാക്കുന്നത് ശിവൻ അനാദിയായ ദിവ്യവിവേകം അഥവാ ജ്ഞാനത്തോടു കൂടിയവനാണെന്നും വികാരങ്ങൾക്ക് ശിവനെ മലീമസമാക്കാൻ സാധിക്കില്ല എന്നുമാണ്.

മാത്രമല്ല ശിവൻ ത്രികാല ജ്ഞാനിയാണെന്നും ഗുഹ്യവും സൂക്ഷ്‌മവും അദൃശ്യവുമായ കാര്യങ്ങളെക്കുറിച്ച് അറിവുള്ളവനാണെന്നും ഈ ത്രിനേത്രം സൂചിപ്പിക്കുന്നു. അരുണവർണമായ (ചെമപ്പാർന്ന) രണ്ടു നയനങ്ങൾ ആത്മാക്കളോടുള്ള ദയയും കർമ്മക്ഷേത്രത്തിന്റെ സമ്പൂർണജ്ഞാനം ഉൾക്കൊണ്ടിരിക്കുന്നതിന്റെ ആനന്ദിത അവസ്ഥയും സൂചിപ്പിക്കുന്നു.

ചന്ദ്രക്കല

ഭാരതത്തിന്റെ കാലനിർണയ സമ്പ്രദായങ്ങളിൽ ഒന്ന് ചന്ദ്രനെ അവലംബിച്ചായിരുന്നു. ഇതിനെ 30 ദിവസങ്ങളുള്ള ചാന്ദ്രമാസമെന്നു പറയുന്നു. ഇത് വൃദ്ധിയും ക്ഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തെന്നാൽ കൃഷ്ണപക്ഷത്തിൽ കലകൾ വർദ്ധിക്കുന്നതായാണ് കാണാൻ കഴിയുന്നത്. ഈ സൃഷ്ടിയിൽ എല്ലാത്തിനും ഉത്ഭവം മുതൽ നാശം വരെ വൃദ്ധിയും ക്ഷയവും സംഭവിക്കുമെന്നത് ശിവഭഗവാൻ തരുന്ന ജ്ഞാനത്തിന്റെ ഭാഗമായതിനാൽ ഒരലങ്കാരമായി ചന്ദ്രക്കലയെ കാണിച്ചിരിക്കുന്നു. ചന്ദ്രനെ മുടിയും ഗംഗയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. സമയചക്രത്തിന്റെ ജ്ഞാനം ശിവൻ നൽകുന്ന സമ്പൂർണജ്ഞാനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കാണിക്കാനാണ്.

കുണ്ഡലം

' അലക്ഷ്യ", 'നിരഞ്ജന" എന്ന രണ്ടു കുണ്ഡലങ്ങൾ കാതി​ൽ അണി​ഞ്ഞി​രി​ക്കുന്നതായി​ കാണി​ച്ചി​രി​ക്കുന്നു. ‌‌'അലക്ഷ്യ" എന്നാൽ സൂക്ഷ്മം, ദി​വ്യം അഥവാ നി​രാകാരമായതുകാരണം ഗോചരമല്ലാത്തത് എന്നർത്ഥം. 'നിരഞ്ജന" എന്നാൽ പവിത്രവും ദി​വ്യവുമായത്. ഇവ രണ്ടും സൂചി​പ്പി​ക്കുന്നത് ഭഗവാൻ നി​രാകാരനാണ്, സ്ഥൂലനേത്രങ്ങൾക്ക് അദൃശ്യനും സദാ പവി​ത്രവുമാണെന്നാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHIVAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.