ന്യൂഡൽഹി: ജി.എസ്.ടി നഷ്ടപരിഹാരം കിട്ടാൻ കേരളം അഞ്ച് വർഷമായി എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വെളിപ്പെടുത്തിയത് വിവാദമായതിന് പിന്നാലെ, നഷ്ടപരിഹാരക്കുടിശികയുടെ അവസാന ഗഡുവായ 780കോടി രൂപ ഇന്നലെ അനുവദിച്ചു. 49-ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.
ഇതടക്കം 23 സംസ്ഥാനങ്ങൾക്കുള്ള അവസാന ഗഡുവായ 16,982 കോടി രൂപയാണ് അനുവദിച്ചത്. എ.ജിയുടെ റിപ്പോർട്ട് സമർപ്പിച്ച ആറു സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരമായി 16,524 കോടി രൂപ ഉടൻ അനുവദിക്കുമെന്നും യോഗത്തിന് ശേഷം നിർമ്മല സീതാരാമൻ പറഞ്ഞു. നഷ്ടപരിഹാര ഫണ്ടിൽ തുക ഇല്ലാത്തതിനാൽമറ്റു സ്രോതസുകളിൽ നിന്നാണ് അനുവദിക്കുന്നത്. ഈ തുക ഭാവിയിൽ സെസിലൂടെ തിരിച്ചുപിടിക്കും.
കേരളം ഓഡിറ്റ് റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്ന് യോഗത്തിന് ശേഷം ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. സാങ്കേതികമായി ഉദ്യോഗസ്ഥരാണ് റിപ്പോർട്ട് നൽകേണ്ടത്. നടപടിക്രമങ്ങളുടെ താമസം മാത്രമാണുള്ളത്. നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് യോഗത്തിൽ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടെങ്കിലും തീരുമാനമായില്ല. 2017ൽ ജി.എസ്.ടി നിയമം വന്ന ശേഷം അഞ്ചു വർഷത്തേക്ക് (2022 ജൂൺ വരെ) സംസ്ഥാനങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തിൽ ജൂണിലെ അവസാനഗഡു മാത്രമാണ് ശേഷിച്ചത്.
സംയോജിത ജി.എസ്.ടിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കമില്ല. യഥാർത്ഥ പ്രശ്നം നഷ്ടപരിഹാര
കാലാവധി നീട്ടാത്തതാണ്
-കെ.എൻ ബാലഗോപാൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |