SignIn
Kerala Kaumudi Online
Saturday, 27 April 2024 2.32 AM IST

ഓർമയിലെന്നും ആ കൊലവിളികൾ

opinion

രാഷ്ട്രീയ വൈരാഗ്യങ്ങൾക്ക് മൂർച്ചയുള്ള വാളുകൊണ്ടും ബോംബുകൊണ്ടും കണക്ക് ചോദിക്കുന്നതിൽ മുൻപന്തിയിലാണ് കണ്ണൂർ. 1969ൽ ജനസംഘം പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണൻ വെട്ടേറ്റു മരിച്ചതുമുതൽ ഇങ്ങോട്ട് 240ലധികം ജീവനുകൾ ജില്ലയിൽ മാത്രം ഇല്ലാതായി. സി.പി.എമ്മും ആർ.ആസ്.എസും കോൺഗ്രസുമെല്ലാം കണക്കുകൾ കൂട്ടിയും കിഴിച്ചും സമയാസമയങ്ങളിൽ പരസ്പരം കണക്ക് ചോദിച്ചപ്പോൾ ലീഗും എൻ.ഡി.എഫും എസ്.ഡി.പി.ഐയുമെല്ലാം തക്കംപാർത്ത് ആയുധമെടുത്തു. 1998–2000,​ 2008–2009 വർഷങ്ങളിൽ മാത്രം നാൽപത്തിയഞ്ചുപേർ കണ്ണൂരിൽ കൊല്ലപ്പെട്ടു.

ഒരാളെ കൊല്ലാൻ പരിസരം അനുയോജ്യമായി വരണമെന്ന ചിന്തകൾ ഇല്ലാതെയായി. ബസിനുള്ളിലും ഉത്സവപ്പറമ്പുകളിലും മാതാപിതാക്കളുടെ മുന്നിലിട്ടും,​ സ്കൂളിൽ ക്ലാസെടുത്തു കൊണ്ടിരിക്കെ വിദ്യാർത്ഥികളുടെ മുന്നിലിട്ടും വരെ രാഷ്ട്രീയ വൈരം തീർക്കുന്ന നിലയിലേക്കെത്തി കാര്യങ്ങൾ. കൊല്ലപ്പെട്ടവർക്കും കൊല നടത്തിയവർക്കും മാത്രമല്ല നഷ്ടങ്ങൾ സംഭവിക്കുന്നതെന്നാണ് അടുത്തിടെയുണ്ടായ ചില കാര്യങ്ങളിൽ നിന്ന് മനസിലാകുന്നത്.

ഏറ്റവും ഒടുവിലായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ കൂടിയായതോടെ കണ്ണൂർ മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന നാളുകളുടെ ആർത്തനാദങ്ങൾ മനസിലേക്ക് ഓടിവരികയാണ്.

ജയകൃഷ്ണൻമാസ്റ്റർ വധവും

ഷെസീനയുടെ ആത്മഹത്യയും

1999 ഡിസംബർ 1ന് പാനൂർ മൊകേരി ഈസ്റ്റ് യു.പി സ്കൂളിൽ യുവമോർച്ച നേതാവുകൂടിയായിരുന്ന കെ.ടി.ജയകൃഷ്ണൻ എന്ന അദ്ധ്യാപകനെ ക്ലാസിനുള്ളിൽ വച്ച് ഒരു സംഘം ക്രിമിനലുകൾ വെട്ടികൊന്നപ്പോൾ പിളർന്നുവീണത് ഷെസീനയെന്ന പതിനൊന്നുവയസുകാരിയുടെ മനസുകൂടിയാണ്. കൊലപാതകത്തിന് സാക്ഷിയാകുന്നവരുടെ മനസിനേറ്റ മുറിവ് ഒരിക്കലും ഉണങ്ങില്ലെന്ന് വ്യക്തമാക്കുന്നതാണ് ഷെസീനയുടെ ആത്മഹത്യ.

കൺമുന്നിൽ സ്വന്തം അദ്ധ്യാപകൻ പിടഞ്ഞ് മരിച്ചപ്പോൾ,​ അത് ചെയ്തവർ മൃതശരീരത്തിന് ചുറ്റും ആഹ്ലാദനൃത്തം ചവിട്ടിയപ്പോൾ ഷെസീനയുടെ ഇളംമനസിന്റെ താളം തെറ്റി. കാതടപ്പിക്കുന്ന നിലവിളിയുമായി വീട്ടിലേക്ക് ഓടിക്കയറിയ ആറാം ക്ലാസുകാരി പിന്നീടൊരിക്കലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നില്ല. പഠനം മുടങ്ങി,​ ആളുകളുമായി സംസാരം കുറഞ്ഞു,​ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നു,​ പലതവണ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഒടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നെഴുതി വച്ച് അവൾ മരണത്തിന് കീഴടങ്ങി. കൺമുന്നിൽ തന്റെ അദ്ധ്യാപകനെ ഇല്ലാതാക്കിയവരോടുള്ള പ്രതിഷേധം തന്നെയാവണം തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്ന അവളുടെ മൊഴി. കാരണം ആത്മഹത്യ ചെയ്യാൻ അവ‍ൾക്ക് മറ്റ് കാരണങ്ങളൊന്നമില്ലായിരുന്നു.


ക്ലാസ് മുറിയിലെ കൊലപാതകത്തിന് സാക്ഷിയാതാവാം ഷെസിനയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം നിർവഹിച്ച കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ടി.എം. പ്രജിത്ത് വ്യക്തമാക്കിയിരുന്നു. ഷെസീനയോടൊപ്പം കൊലപാതകത്തിന് സാക്ഷിയായ 16 പേർക്കും പല തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന കാര്യവും വാർത്തയായി. ഇതോടെ ഒരു കൊലപാതകം യ‍ഥാർത്ഥത്തിൽ എത്രപേരെയാണ് കൊല്ലുന്നതെന്ന ചോദ്യമാണുയരുന്നത്.

കുഞ്ഞുങ്ങൾ നാളെയുടെ പൗരന്മാരാണ്. അവരെ ഭീതിയിലേക്ക് വലിച്ചിഴയ്‌ക്കുന്നത് അവരുടെ ഭാവിയിലേക്കുള്ള വാതിൽ കൊട്ടിയടയ്‌ക്കുന്നതിന് തുല്യമാണ്.

ഒരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുന്ന കുട്ടിയോ മുതിർന്നയാളോ എന്തെല്ലാം മാനസിക ആഘാതത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് നോക്കൂ.

പോസ്റ്റ് ട്രോമാറ്റിക്

സ്ട്രെസ് ഡിസോഡർ

ഏതെങ്കിലും സാഹചര്യത്തിൽ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സംഭവത്തിന് സാക്ഷിയാകേണ്ടി വന്നവരിൽ പിന്നീട് ഉണ്ടാകുന്ന ഉത്കണ്ഠയും വിഷാദവുമൊക്കെയാണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡർ. സ്വന്തമായി നേരിടേണ്ടി വരുന്ന അക്രമങ്ങളോ സാക്ഷിയാകേണ്ടി വന്ന സംഭവങ്ങളോ ഒക്കെ ഇത്തരം അവസ്ഥയിലേക്ക് നയിക്കാം. സംഭവം നടന്ന് കുറച്ച് ദിവസങ്ങൾക്കുള്ളിലോ ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിലോ അതിന്റെ പ്രത്യാഘാതത്തിൽ നിന്ന് മുക്തമായില്ലെങ്കിൽ അത് കാലക്രമേണ വിഷാദ രോഗത്തിലേക്ക് വഴിമാറും. അത്തരം ആളുകളുടെ ദൈനംദിന ജീവിതം താറുമാറാക്കും. അവർ ആത്മഹത്യ ചെയ്യാനുളള സാധ്യതകൾ കൂടുതൽ ആയിരിക്കും.

ഇൻട്രൂസീവ് സിംപ്റ്റംസ് – ഒരു സംഭവത്തിന്റെ നടുക്കുന്ന ഓർമകൾ ഇടയ്ക്കിടെ അലട്ടിക്കൊണ്ടിരിക്കും. സ്വപ്നങ്ങൾകണ്ട് ഞെട്ടിയുണരൽ,​ സംഭവം നടന്നതിന് സമാനമായ സാഹചര്യങ്ങൾ,​ സ്ഥലം എന്നിവയോടുള്ള ഭയം,​ അതിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങൾ എന്നിവ.

നെഗറ്റീവ് മൂഡ് സിംപ്റ്റംസ് – ആൾക്കൂട്ടത്തിൽ പോകാനും സംസാരിക്കാനുമുള്ള ഭയം,​ ഇഷ്ടമുള്ള കാര്യം പോലും ചെയ്യാൻ സാധിക്കാത്ത രീതിയിൽ അവയിൽ നിന്ന് അകന്ന് നിൽക്കുന്ന അവസ്ഥ തുടങ്ങിയവ

പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡറിന്റെ ലക്ഷണങ്ങളാണ്.

ഉറക്കമില്ലായ്മ - എല്ലാ കാര്യങ്ങളോടും ഉത്കണ്ഠയും അതിനെയൊക്കെ പേടിയോടെ സമീപിക്കുകയും അതോർത്ത് ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നതും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡറിന്റെ ലക്ഷണമാണ്.

കൊലപാതക രാഷ്ട്രീയവും,​ പീഡനവും ഉൾപ്പെടെയുള്ളവ കാണേണ്ടിയോ അനുഭവിക്കേണ്ടിയോ വരുമ്പോഴും അവ നടപ്പിലാക്കുന്ന രീതികൾ പൊതുജന സമക്ഷം ചർച്ചയാകുമ്പോഴുമൊക്കെ പലരിലും മാനസികാരോഗ്യ പ്രശ്നം ഉണ്ടാക്കുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡർ ബാധിച്ച വ്യക്തിക്ക് ആവശ്യമായ വൈദ്യ സഹായം നിരന്തരം കൊടുക്കണമെന്ന പോലെ അത്യാവശ്യമാണ് മനഃപൂർവം അനിഷ്ട സംഭവങ്ങൾ സൃഷ്ടിക്കാതിരിക്കേണ്ടതും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POST TRAUMATIC STRESS DISORDER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.