SignIn
Kerala Kaumudi Online
Thursday, 19 September 2024 11.32 AM IST

1989 പട്ടികജാതി - പട്ടികഗോത്രവർഗ (പീഡന നിരോധനം) നിയമം, വാളയാർ കുഞ്ഞുങ്ങൾക്ക് നഷ്‌ടമായ നീതി

Increase Font Size Decrease Font Size Print Page

valayar

1989 ലെ പട്ടികജാതി/പട്ടിക ഗോത്രവർഗ (പീഡന നിരോധനം) നിയമം, 2015 ൽ കേന്ദ്രസർക്കാർ സമൂലമായി ഭേദഗതിചെയ്ത് ശക്തിപ്പെടുത്തിയിട്ടുണ്ട്. 26.1.2016 മുതൽ രാജ്യം മുഴുവൻ നടപ്പിലാക്കി. എന്നാൽ ബഹുമാനപ്പെട്ട സുപ്രീം കോടതി 2017ലെ ഒരു വിധിന്യായത്തിലൂടെ നിയമം ദുർബലപ്പെടുത്തി. കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഒരു പുന:പരിശോധ ഹർജി ഫയൽ ചെയ്‌തതിനെ തുടർന്ന് സുപ്രീം കോടതി പുതിയ വിധിന്യായം പുറപ്പെടുവിച്ച് നിയമം യാതൊരു മാറ്റവും കൂടാതെ നടപ്പാക്കാൻ അനുവദിച്ചു. ഇതോടൊപ്പം 2018 ൽ ഭേദഗതിചെയ്ത് നിയമം ബലപ്പെടുത്തുകയും ചെയ്തു. എന്നാൽ സമീപകാലത്ത് പട്ടികജാതി/പട്ടിക ഗോത്രവർഗ വിഭാഗക്കാർക്ക് എതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ സൂചിപ്പിക്കുന്നത് സംസ്ഥാന പൊലീസ് സേനയിലെ മുകൾത്തട്ട് മുതൽ താഴെത്തട്ട് വരെയുള്ള ഉദ്യോഗസ്ഥരിൽ ഒരു ശതമാനത്തിന് പോലും ഈ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നാണ്. അതിനാൽ എത്രയും വേഗം പോലീസ് ട്രെയിനിംഗ് കോളേജ്, പൊലീസ് അക്കാഡമി, മറ്റു പോലീസ് ട്രെയിനിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ ഈ നിയമം അടിയന്തരമായി പഠിപ്പിക്കേണ്ടത് അനിവാര്യമാണ് ! പട്ടികവിഭാഗക്കാരെ പീഡനങ്ങളിൽ നിന്നും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നിർമ്മിച്ച ശക്തമായ നിയമമാണിത്! കേന്ദ്ര നിയമമാണെങ്കിലും നടപ്പിൽ വരുത്തേണ്ട ചുമതല സംസ്ഥാന സർക്കാരുകൾക്കാണ് !

പട്ടികവിഭാഗത്തിൽപ്പെട്ട സ്ത്രീയുടെ ശരീരത്തിൽ സമ്മതമില്ലാതെ ലൈംഗിക താത്‌പര്യത്തോടെ ഈ വിഭാഗത്തിൽപ്പെടാത്ത പുരുഷൻ സ്പർശിക്കുന്നത് പോലും ആറുമാസം മുതൽ അഞ്ചുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ! പ്രതിക്കു മുൻകൂർ ജാമ്യം നല്കാൻ രാജ്യത്തെ ഒരു കോടതിക്കും അധികാരവുമില്ല! പട്ടികജാതി/പട്ടിക ഗോത്രവർഗ പെൺകുട്ടികളും യുവതികളും ക്രൂരമായി പീഡിപ്പിക്കപ്പെട്ടാലും, കൊലചെയ്യപ്പെട്ടാലും ഈ നിയമം അനുശാസിക്കുന്ന നിയമനടപടി കേരള പൊലീസ് സ്വീകരിക്കാറില്ലെന്നതാണ് സത്യം ! പീഡനവിവരം നേരിട്ട് അറിയാവുന്ന ആർക്കും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മുമ്പാകെ പരാതി സമർപ്പിക്കാം!

പരാതി ലഭിച്ചാലുടൻ അതിന്മേൽ യാതൊരു അന്വേഷണവും കൂടാതെ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തണമെന്നും, അത് വായിച്ച് പരാതിക്കാരനെ കേൾപ്പിക്കുകയോ, വായിച്ചുനോക്കാൻ പരാതിക്കാരനെ അനുവദിക്കുകയോ ചെയ്തിട്ട് പരാതിക്കാരന്റെ ഒപ്പ് മൊഴിയിൽ രേഖപ്പെടുത്തി വാങ്ങുകയും മൊഴിപ്പകർപ്പ് പരാതിക്കാരന് നല്കുകയും വേണം. താമസംവിന എസ്.എച്ച്.ഒ ഈ കേസിൽ എഫ്.ഐ.ആർ തയ്യാറാക്കി കേസ് രജിസ്റ്റർ ചെയ്യുകയും, എഫ്.ഐ.ആറിന്റെ പകർപ്പ് അപ്പോൾത്തന്നെ പരാതിക്കാരന് നല്കുകയും തുടർന്ന് എഫ്.ഐ.ആർ പട്ടികജാതി/പട്ടിക ഗോത്രവർഗ പീഡനകേസുകൾ വിചാരണ ചെയ്യാൻ അധികാരപ്പെടുത്തിയിട്ടുള്ള സ്പെഷൽ കോടതിയിലോ ഇതിനായി രൂപീകരിച്ചിട്ടുള്ള പ്രത്യേക കോടതിയിലോ (Exclusive Special Court) ഫയൽ ചെയ്യേണ്ടതാണെന്ന് നിയമം അനുശാസിക്കുന്നു. ശേഷം ഫയൽ ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവിക്ക് കൈമാറണം. ജില്ലാ പൊലീസ് മേധാവി കേസ് നേരിട്ട് അന്വേഷിക്കുകയോ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ഡിവൈ.എസ്.പിയിൽ കുറയാത്ത പദവി വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെകൊണ്ട് അന്വേഷിപ്പിക്കുകയോ ചെയ്‌ത് രണ്ടുമാസത്തിനകം പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിക്കണം.

കുറ്റപത്രം ഫയൽ ചെയ്തുകഴിഞ്ഞാൽ രണ്ട് മാസത്തിനകം വിചാരണ പൂർത്തിയാക്കി കോടതി വിധിന്യായം പ്രഖ്യാപിക്കണം. കോടതി നടപടികൾ വീഡിയോയിൽ പകർത്തണമെന്നും നിയമം അനുശാസിക്കുന്നു. എക്‌സ്ക്ളൂസീവ് സ്‌പെഷൽ കോർട്ടുകൾ ഇല്ലാത്ത എല്ലാ ജില്ലകളിലും പ്രിൻസിപ്പൽ സെഷൻസ് കോർട്ട് ആണ് പ്രത്യേക കോടതികളെന്ന് സർക്കാർ വിജ്ഞാപനം പറയുന്നു. എക്‌സ്ക്ളൂസീവ് സ്‌പെഷൽ കോർട്ടുകൾ വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, കൊല്ലം ജില്ലകളിൽ മാത്രമാണുള്ളത് . അതിനാൽ ഇത്തരം കേസുകൾ സമയബന്ധിതമായി തീർപ്പാക്കാൻ പട്ടികജാതി/പട്ടിക ഗോത്രവർഗ പീഡനക്കേസുകൾ മാത്രം കൈകാര്യം ചെയ്യാൻ എക്‌സ്ക്ളൂസീവ് സ്‌പെഷൽ കോർട്ടുകൾ രൂപീകരിക്കേണ്ടതാണ്. ഇങ്ങനെയുള്ള കോടതികളുടെ അഭാവത്തിൽ കേസുകൾ നിരവധിവർഷം നീളുകയും പ്രതികൾ ജാമ്യത്തിലിറങ്ങി സാക്ഷികളെ ഭീഷണിപ്പെടുത്തിയും പണം നല്കിയും കൂറുമാറ്റിയോ തെളിവുകൾ നശിപ്പിച്ചോ കേസുകളിൽ നിന്നും കുറ്റവിമുക്തരാവുന്നത് സാധാരണമാണ്. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ വധിച്ച കേസിന്റെ വിചാരണയും വാളയാർ പെൺകുട്ടികളുടെ കൂട്ടബലാത്സംഗ കേസ് നടത്തിപ്പ് എന്നിവയൊക്കെ ഉദാഹരണമാണ്.

അധികാരം പ്രത്യേക

കോടതിക്ക് മാത്രം

പട്ടികവിഭാഗക്കാർക്കെതിരെയുള്ള പീഡനക്കേസുകൾ കൈകാര്യം ചെയ്യാൻ എസ്.സി. - എസ്.ടി എക്‌സ്ക്ളൂസീവ് സ്‌പെഷൽ കോർട്ടുകൾക്കും പ്രഖ്യാപിത സ്പെഷൽ കോടതികൾക്കുമല്ലാതെ മറ്റൊരു കോടതിക്കും നിയമപരമായി അധികാരമില്ല! എന്നാൽ കേരളത്തിൽ മജിസ്ട്രേട്ട് കോടതികൾ പോലും ഈ നിയമം അനുസരിച്ചുള്ള കേസുകൾ കൈകാര്യം ചെയ്തുവരുന്നുണ്ട് ! ഈ നിയമത്തിലെ വകുപ്പ് 20 പ്രകാരം, മറ്റു നിയമങ്ങളിൽ എന്തൊക്കെത്തന്നെ പറഞ്ഞിരുന്നാലും അതിനെല്ലാം മീതെയാണ് ഈ നിയമത്തിന്റെ പ്രഭാവമെന്ന് അർത്ഥശങ്കയ്ക്കിടമില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരും, ഭൂരിപക്ഷം കോടതികളും, പ്രോസിക്യൂട്ടറന്മാരും ഇതൊന്നും ശ്രദ്ധിക്കുന്നതേയില്ല! അതിന്റെ ഉത്തമ ഉദാഹരണമാണ് പട്ടികജാതി പട്ടികഗോത്രവർഗ ബാലിക - ബാലന്മാരെ പീഡിപ്പിച്ച കേസുകൾ പോക്‌സോ കോടതികളിൽ വിചാരണ ചെയ്യുന്നത് !

മാനഭംഗകേസുകൾ പട്ടികജാതി/പട്ടികഗോത്രവർഗ (പീഡന നിരോധനം)നിയമപ്രകാരം കുറ്റവിചാരണ ചെയ്താൽ പ്രതിക്ക് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കും. ഇതിനും പുറമെ ഇരയ്ക്ക് നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ മൂന്ന് തവണകളായി ലഭിക്കുകയും ചെയ്യും. നഷ്ടപരിഹാരത്തുക (ആശ്വാസധനം) ലഭിക്കാൻ പ്രതിയെ ശിക്ഷിക്കണമെന്നില്ല . ( കോടതി പ്രതിയെ വെറുതെ വിട്ടാൽ പോലും ഇരയ്‌ക്ക് ആശ്വാസധനം ലഭിച്ചിരിക്കും) .

വാളയാർ പെൺകുട്ടികളുടെ മാനഭംഗവും കൊലപാതകവും SC and ST ( PoA) Act പ്രകാരം മണ്ണാർക്കാട് ഇതിനായി രൂപീകരിച്ച പ്രത്യേക കോടതിയിൽ വിചാരണ ചെയ്യേണ്ടതായിരുന്നു ! പക്ഷേ അതുണ്ടായില്ല ! അപ്രകാരം ചെയ്തിരുന്നെങ്കിൽ ഇരകളുടെ കുടുംബത്തിന് 8,25,000 രൂപ വീതം ( 16. 5 ലക്ഷം ) നഷ്ടപരിഹാരത്തുക ലഭിക്കുമായിരുന്നു. ഈ കേസ് വിചാരണ ചെയ്യാൻ പോക്‌സോ കോടതിക്കും അധികാരമുണ്ടെന്ന് ഈ അടുത്ത കാലത്ത് കേരള ഹൈക്കോടതി ഒരു വിധിന്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ട് ! ഇതിനെതിരെ കേരള സർക്കാർ അടിയന്തരമായി സുപ്രീം കോടതിയിൽ അപ്പീൽ പോവുകയോ അതല്ലെങ്കിൽ വിധി മറികടക്കാൻ കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്യുകയോ വേണം.

പട്ടികജാതിക്കാരല്ലാത്ത പ്രതികളെ നിയമത്തിലെ Section 3(2)(v) (v-a) അനുസരിച്ചും കൂടാതെ ഈ നിയമത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് കുറ്റകൃത്യങ്ങൾ ഏതെങ്കിലുമുണ്ടെങ്കിൽ അതും എക്സ്‌ക്ളൂസീവ് സ്‌പെഷൽ കോർട്ടിൽ കുറ്റവിചാരണ ചെയ്യേണ്ടതാണ്! പട്ടികവിഭാഗക്കാരുടെ സംരക്ഷണ കവചമായി കേന്ദ്രസർക്കാർ നിർമ്മിച്ചിട്ടുള്ള പട്ടികജാതി/പട്ടിക ഗോത്രവർഗ (പീഡനനിരോധനം) നിയമത്തിന് പുല്ലുവില പോലും കല്പിക്കാത്തവർക്കെതിരെ കർക്കശ ശിക്ഷാനടപടികൾ സ്വീകരിക്കാൻ ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി തയ്യാറാകണം.

ലോയേഴ്സ് സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് പ്രസിഡന്റാണ് ലേഖകൻ

ഫോൺ - 9387802518

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SC ST ACT 1989
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.