കൊച്ചി: ഇരകൾ ഓടിയൊളിക്കുമ്പോൾ കുറ്റവാളികൾ കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുന്നെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നിയമപരിരക്ഷകളെല്ലാം ഉണ്ടെങ്കിലും ഇരയെന്നത് സമൂഹം പലപ്പോഴും മറക്കുന്നു. ഓൺലൈൻ കുറ്റകൃത്യങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും ഇരയായവരെ അതിജീവന പാതയിലേക്ക് കൊണ്ടുവരുന്ന സന്നദ്ധ സംഘടനയായ ബോധിനിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഐ.എം.എ ഹാളിൽ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിമിനൽ നിയമവ്യവസ്ഥയിൽ ഇരയെക്കുറിച്ചുള്ള ചിന്ത കുറവാണ്. കുറ്റം തെളിയിക്കാനും കുറ്റവാളിയെ കണ്ടെത്താനും മാത്രമാണ് പ്രാധാന്യം നൽകുന്നത്. കുറ്റം ചെയ്തത് ഇരകളല്ലെങ്കിലും സമൂഹം കുത്തിനോവിക്കുന്നത് അവരെയാണ്. ഇരകൾ കാരണമാണ് കുറ്റകൃത്യം നടന്നതെന്നുവരെ വരുത്തിത്തീർക്കുന്നു. കുഴപ്പം ഭരണ സംവിധാനത്തിന്റേതല്ല സമൂഹത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
നടിയും സാമൂഹ്യപ്രവർത്തകയുമായ പൂർണിമ ഇന്ദ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യവിപത്തുകൾക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് ബോധിനി തയാറാക്കി റെക്കോഡ് ചെയ്ത സെഷനുകളുടെ പ്രകാശനം സൈബർഡോം നോഡൽ ഓഫീസറും ഇന്റലിജൻസ് ഐ.ജിയുമായ പി.പ്രകാശിന് കൈമാറി വിജിലൻസ് എ.ഡി.ജി.പി മനോജ് എബ്രഹാം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |