തിരുവനന്തപുരം: എൻട്രൻസ് പരീക്ഷകളിലൂടെ പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം നേടുന്ന കുട്ടികളുടെ സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലം സർക്കാർ പഠിക്കുന്നു. പാവപ്പെട്ടവരിൽ നിന്ന് എത്രപേർ യോഗ്യരാവുന്നു എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
എ.പി.എൽ, ബി.പി.എൽ വിഭാഗങ്ങളിൽ നിന്ന് പ്രവേശനം നേടുന്നവർ, സ്റ്റേറ്റ് സിലബസ്, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സിലബസുകളിൽ നിന്ന് പ്രവേശനം ലഭിക്കുന്നവർ എന്നിങ്ങനെ വേർതിരിച്ചാണ് കണക്കെടുപ്പ്. എൻട്രൻസ് പരീക്ഷ അടുത്തവർഷം മുതൽ ഓൺലൈനായി നടത്തുന്നതിന് മുന്നോടിയായാണിത്. ഇതിനുള്ള വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.
എൻട്രൻസ് കമ്മിഷണറേറ്റിലെ അക്കാഡമിക്, കമ്പ്യൂട്ടർ ജോയിന്റ് കമ്മിഷണർമാർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജോയിന്റ് കമ്മിഷണർ എന്നിവരടങ്ങിയ സമിതി രണ്ടു മാസത്തിനകം സർക്കാരിന് റിപ്പോർട്ട് നൽകാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഗ്രാമ, നഗര വിഭാഗം, എ.പി.എൽ, ബി.പി.എൽ വിഭാഗം എന്നിങ്ങനെ പ്രവേശനം നേടുന്നവരുടെ കണക്ക് ശേഖരിച്ച് പഠിക്കണമെന്ന് എൻട്രൻസ് കമ്മിഷണർ സർക്കാരിന് ശുപാർശ നൽകിയിരുന്നു.
എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയുടെ പ്രവേശനത്തിന് സംസ്ഥാന എൻട്രൻസ് യോഗ്യത നേടേണ്ടതുണ്ട്. എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് ദേശീയ പ്രവേശന പരീക്ഷയായ 'നീറ്റ് ' യോഗ്യതയാണ് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |