SignIn
Kerala Kaumudi Online
Thursday, 19 September 2024 5.35 AM IST

അറിവിന് എന്തിനാണ് മതിൽ ?

Increase Font Size Decrease Font Size Print Page

sna-

അറിവ് നേടുക എന്നത് മനുഷ്യന്റെ ചോദനയാണ്. ഭൂമിയിൽ ജീവനുണ്ടായ കാലം മുതൽ അറിവ് നേടാനായുളള പ്രയാണത്തിലായിരുന്നു മനുഷ്യൻ. തൊട്ടിൽ മുതൽ കട്ടിൽ വരെയോ ചുടലവരേയോ മനുഷ്യൻ പഠിച്ചുകൊണ്ടിരിക്കുന്നു. എന്ന് പഠനം നിറുത്തുന്നുവോ അന്ന് നിങ്ങൾ ഒന്നിനും കൊള്ളാത്തവരുമാകുമെന്ന് എത്രയോ പ്രഗല്ഭർ പറഞ്ഞുവെച്ചിട്ടുണ്ട്. ആർക്കും കട്ടെടുത്തുകൊണ്ട് പോകാൻ കഴിയാത്തതും പകർന്നു കൊടുത്താൽ കുറഞ്ഞു പോകാത്തതുമായ ഒരേയൊരു സമ്പത്തായ അറിവിന് അതിരുകളുണ്ടോ? ലോകത്തിലെ ഏത് ശാസ്ത്രവും ആർക്കും പഠിക്കാൻ കഴിയേണ്ടതല്ലേ? പക്ഷേ, ലോകം വിരൽത്തുമ്പിലേക്ക് ചുരുങ്ങുമ്പോഴും നിയമങ്ങളും നിബന്ധനകളും അറിവ് ഉദാരമാക്കുന്നതിന് തടസമാകുന്നുണ്ട്. കേരളത്തിൽ നിന്ന് പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ മറുനാടുകളിലേക്ക് പഠനത്തിനായി പോകുന്നത് വാദ-പ്രതിവാദങ്ങൾക്ക് വഴിവയ്ക്കുമ്പോൾ, മറുനാട്ടുകാർക്ക് കേരളത്തിലെ സ്വാശ്രയ ആയുർവേദ കോളേജുകളിൽ വിലക്കാണെന്ന വിചിത്രസത്യം നിലനിൽക്കുന്നു.
ആയുർവേദം പഠിക്കാനും ചികിത്സയ്ക്കും വരെ വിദേശ അലോപ്പതി ഡോക്ടർമാർ അടക്കം സ്വകാര്യആയുർവേദമരുന്ന് നിർമ്മാണ-ചികിത്സാകേന്ദ്രങ്ങളിൽ എത്തുമ്പോഴാണ് ഈ വൈരുദ്ധ്യം.

നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിലൂടെ സ്വാശ്രയ കോളേജുകളിലെ ആയുർവേദ ബിരുദ കോഴ്‌സുകൾ കേരളീയർക്ക് മാത്രമായി നിജപ്പെടുത്തിയത് മറുനാട്ടുകാർക്കും കോളേജുകൾക്കും തിരിച്ചടിയാകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഈ വർഷം സ്വാശ്രയ ആയുർവേദ കോളേജുകളിൽ ഒഴിഞ്ഞുകിടക്കുന്നത് പകുതിയിലേറെ സീറ്റുകളാണ്. പ്രവേശനടപടികൾ പൂർത്തിയായിട്ടും എണ്ണൂറോളം സീറ്റുകളിൽ 451 സീറ്റിലും പ്രവേശനം നടക്കാതായതോടെ സ്ഥാപനങ്ങളുടെ നടത്തിപ്പും പ്രതിസന്ധിയിലായി. കഴിഞ്ഞവർഷം ഒഴിഞ്ഞു കിടന്നത് 30 ശതമാനം സീറ്റാണ്.
ഓൾ ഇന്ത്യ പ്രവേശനപരീക്ഷ വഴി ഇതരസംസ്ഥാനക്കാർക്ക് കേരളത്തിലെ സർക്കാർ എയ്ഡഡ് കോളേജുകളിൽ പ്രവേശനം നേടാം. എന്നാൽ സ്വാശ്രയ കോളേജുകളിൽ നീറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറാണ് പ്രവേശനം നൽകുക. ഇതോടൊപ്പം നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കൂടി നിർബന്ധവുമാക്കി. ഇക്കാരണത്താൽ മറ്റ് സംസ്ഥാനക്കാർക്കോ വിദേശികൾക്കോ പഠിക്കാനാവില്ല. മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത നിബന്ധനയാണ് ഈ കുഴപ്പത്തിനിടയാക്കുന്നത്.

ആയുർവേദം പഠിച്ച്

അലോപ്പതി ഡോക്ടർമാർ

അതേസമയം, തൃശൂരിലെ നൂറ്റാണ്ട് പഴക്കമുള്ള എസ്.എൻ.എ ആയുർവേദചികിത്സാ കേന്ദ്രത്തിൽ ജർമ്മനി, ഇറ്റലി, ആസ്‌ട്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഡോക്ടർമാർ ആയുർവേദം നാലുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സായി പഠിക്കുന്നുണ്ട്. ഇരുപത് വർഷത്തിനിടെ ആയിരത്തോളം പേരും പഠിച്ചിറങ്ങി. പ്രായോഗിക തിയറി പരീക്ഷകൾ പാസായശേഷം അവർക്ക് സ്വന്തം രാജ്യങ്ങളിൽ പരീക്ഷയുണ്ടാകും. അതിനുശേഷം അവർ അലോപ്പതിയോടൊപ്പം ആയുർവേദ ചികിത്സയും നടത്തും. ഓൺലൈനിലും നേരിട്ടും ഇവിടെ പഠിക്കാം.

സ്വാശ്രയ ആയുർവേദ കോളേജുകളോടുള്ള വിവേചനം പാടില്ലെന്നും ആയുർവേദ തത്‌പരരായ ലോകത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും പഠിക്കാനുള്ള സാഹചര്യം കേരളത്തിൽ ഉണ്ടാകണമെന്നും പ്രമുഖ ജ്യോതിഷ പണ്ഡിതനായ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് പറയുന്നു. ആയുർവേദം പഠിക്കുന്ന വിദേശികൾ കൂടിവരുമ്പോൾ മറ്റ് സംസ്ഥാനക്കാരെപ്പോലും സ്വാശ്രയകോളേജുകളിൽ പഠിപ്പിക്കാൻ കഴിയാത്തത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെപ്പോലും ബാധിക്കുമെന്നാണ് ഡോ.ആലത്തിയൂർ നാരായണൻ നമ്പിയുടെ അഭിപ്രായം. വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയാൽ കോഴ്‌സ് ഫീസ് ഇനത്തിൽ മാത്രം കോടികൾ കേരളത്തിലെത്തും.

മുൻപത്തേത് പോലെ 50:50 അനുപാതത്തിൽ പ്രവേശനം നടത്തുന്നതാണ് വിദ്യാർത്ഥികൾക്കും സർക്കാരിനും ഗുണകരം. വിദ്യാർത്ഥികൾക്ക് അന്ന് അറുപതിനായിരം രൂപവരെ മാത്രമായിരുന്നു വാർഷികഫീസ്. ഇപ്പോൾ, സ്‌റ്റൈപ്പന്റ് വഴി കൂടുതൽ ധനസഹായം സർക്കാരിന് നൽകേണ്ടിവരുന്നുമുണ്ട്. മറുനാടുകളിലുള്ളവർ ഇവിടെ പഠിച്ചാൽ കേരളരീതിയിലുള്ള ആയുർവേദം ലോകവ്യാപകമാകും. കേരളത്തിന്റെ ആയുർവേദ ബ്രാൻഡ് മൂല്യവും കൂടും. മരുന്നുകൾക്കും പ്രചാരണമുണ്ടാകും. നിബന്ധനകളിൽ ഇളവിനായി മാനേജ്‌മെന്റുകൾ സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല. രണ്ട് അലോട്ട്‌മെന്റും മോപ് അപ് അലോട്‌മെന്റും പിന്നീട് 'വേക്കൻസി ഫില്ലിംഗ്' ആയും പ്രവേശനം നൽകിയിരുന്നു. എന്നിട്ടും സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. എന്നാൽ സർക്കാർ, എയ്ഡഡ് കോളേജുകളിൽ പ്രവേശനം പൂർണമായിട്ടുണ്ട്. ആയുർവേദ, സിദ്ധ, യുനാനി അടക്കം ആയുഷ് മേഖലയിൽ കേരളത്തിലെ സ്വാശ്രയ കോളേജുകൾ 13 എണ്ണമുണ്ട്.
ഓരോ കോളേജിലും സീറ്റുകൾ 50 മുതൽ 60 വരെയാണ്. ആയുർവേദം ബിരുദം പഠിക്കാൻ സ്വാശ്രയ കോളേജുകളിലെ വാർഷിക ഫീസ് ശരാശരി 2.6 ലക്ഷം രൂപയും.

'കേരളകൗമുദി'

ചൂണ്ടിക്കാട്ടിയ സത്യം

ആയുർവേദചികിത്സ കൊവിഡിന് ഫലപ്രദമാണെന്ന് പഠനത്തിലൂടെ വ്യക്തമായിട്ടും കേരളത്തിൽ ചികിത്സാനുമതി ലഭിക്കാതിരുന്നത് 'കേരളകൗമുദി'യാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പൊതുസമൂഹം ഇത് ഏറ്റെടുത്തപ്പോൾ ആയുർവേദത്തിന്റെ സാദ്ധ്യതകൾ തെളിയുകയായിരുന്നു. അങ്ങനെ കൊവിഡ് രോഗികളിൽ അടക്കം ചികിത്സ നടത്തി അതിന്റെ ഫലം ലോകത്തിനു മുന്നിൽ കാണിക്കാൻ കേരളത്തിന് കഴിഞ്ഞു. അതിൻ്റെ തുടർച്ചയായി ലോകരാജ്യങ്ങളും ആയുർവേദത്തെ വ്യാപകമായി അംഗീകരിച്ചു. കൂടുതൽ രാജ്യങ്ങളിൽ ആയുർവേദചികിത്സയ്ക്ക് അനുമതി നൽകി.

കേരളത്തിൽ ആയുർവേദചികിത്സ തേടിയവരിൽ നടത്തിയ പഠനം ലോകപ്രശസ്തമായ ഫ്രന്റിയേഴ്‌സ് ജേർണലിൽ പ്രസിദ്ധീകരിച്ചതോടെ, മറ്റ് രാജ്യങ്ങൾക്കും മാതൃകയാക്കാനുള്ള വഴിയാണ് തുറന്നത്. ആയുർവേദത്തിന്റെ ആധികാരികത ശാസ്ത്രീയമായി തെളിയിക്കപ്പട്ട കേരളത്തിന്റെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മറ്റു രാജ്യങ്ങൾ പകർച്ചവ്യാധി പ്രതിരോധത്തിന് ആയുർവേദത്തെ ആശ്രയിക്കാനും തുടങ്ങി.

ശാസ്ത്രീയ അടിത്തറകളും തെളിവുകളും പഠനഗവേഷണങ്ങളും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആയുർവേദത്തെ എക്കാലവും പ്രതിക്കൂട്ടിൽ നിറുത്തിയിരുന്നത്. പാരമ്പര്യമായ അറിവുമാത്രമാണെന്നും ലോകരാജ്യങ്ങളിൽ അംഗീകാരം കുറവാണെന്നും ആധുനിക ചികിത്സാരീതിയുടെ വക്താക്കൾ വാദിച്ചു. പരിമിതികളെ ഊതിവീർപ്പിച്ചു. ഏതൊരു ചികിത്സാരീതിയും പൂർണമല്ല എന്ന സത്യം അവർ മറച്ചുവെച്ചു. അടിയന്തര ചികിത്സാഘട്ടങ്ങളിലും മറ്റും ആയുർവേദത്തിന്റെ പരിമിതികൾ ഉൾക്കൊണ്ടു തന്നെ അതിന്റെ ഗുണഫലങ്ങളെ സമൂഹത്തിന് മുന്നിൽ എത്തിക്കുക എന്ന ദൗത്യം കേരളത്തിൽ വിജയം കണ്ടതോടെ എതിർപ്പ് ഉയർത്തിയവർക്ക് മിണ്ടാനായില്ല. എല്ലാ ശാസ്ത്രവും മനുഷ്യരാശിയ്ക്കു വേണ്ടിയാണെന്ന സത്യമാണ് ഇവിടെ വിജയിച്ചത്.

വിദേശഅലോപ്പതി ഡോക്ടർമാർ മാത്രമല്ല, പ്രശസ്ത കായികതാരങ്ങളും കേരളത്തിൽ ആയുർവേദകേന്ദ്രങ്ങളിലെത്തുന്നുണ്ട്. ഇംഗ്ളീഷ് ഫുട്ബോൾ ക്ളബ് ചെൽസിയുടെ മുൻ കോച്ച് തോമസ് ടുഹേൽ കഴിഞ്ഞ വർഷം ആയുർവേദചികിത്സയ്ക്ക് തൃശൂർ തളിക്കുളത്ത് എത്തിയത് വാർത്താപ്രാധാന്യം നേടിയിരുന്നു. അതെ, അറിവിനും ശാസ്ത്രത്തിനും അതിർവരമ്പുകളില്ല. എല്ലാം ചരാചരങ്ങൾക്കു വേണ്ടിയാണെന്ന് തിരിച്ചറിയുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AYURVEDA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.