ഏതുരേഖയും കാണാതെ പോകാനും നഷ്ടപ്പെടാനും നശിച്ചുപോകാനും ഇടയുണ്ട്. അതിനാൽ ഏതുരേഖയ്ക്കും അതത് വകുപ്പുകളിൽ നിന്ന് തനിപ്പകർപ്പ് എടുക്കാൻ നിയമപരമായി വ്യവസ്ഥയുണ്ട്. നഷ്ടപ്പെട്ടുപോകുന്ന പ്രമാണങ്ങളുടെ പോലും ഡ്യൂപ്ലിക്കേറ്റ് പ്രത്യേക ഫീസ് നല്‌കി സബ് രജിസ്ട്രാർ ഓഫീസിൽനിന്ന് വാങ്ങാം. അങ്ങനെ നിയമമുള്ള സ്ഥിതിക്ക് 23 വർഷമായിട്ടും സർവീസ് ബുക്ക് നൽകാതിരുന്നതിന് യാതൊരു ന്യായീകരണവുമില്ല. ഒറിജിനൽ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അത് സൂക്ഷിച്ചിരുന്ന ഓഫീസിന്റെ പിഴവാണ്. അല്ലാതെ സർവീസ് ബുക്കിന് അപേക്ഷ നല്‌കുന്ന വ്യക്തിയുടെ കുറ്റമല്ല.
വിവരാവകാശ കമ്മിഷണർ ഉത്തരവിട്ടപ്പോൾ 23 വർഷമായി കാണാത്ത ബുക്ക് 24 മണിക്കൂറിനുള്ളിൽ ഹാജരാക്കിയ സംഭവം വിവരാവകാശ നിയമത്തിന്റെ ശക്തി തെളിയിക്കുന്നതാണ്. ഒരേവകുപ്പിൽ ജോലിചെയ്ത് റിട്ടയർ ചെയ്തവരോട് പോലും എത്ര നിരുത്തരവാദപരമായാണ് ഉദ്യോഗസ്ഥർ പെരുമാറുന്നതെന്ന് തുറന്നുകാട്ടുന്ന സംഭവം കൂടിയാണിത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പലതവണ ഓർമ്മപ്പെടുത്തിയിട്ടും ചില ഉദ്യോഗസ്ഥർ ഓരോ ഫയലും പരമാവധി വച്ചുതാമസിപ്പിക്കുന്നതിലും തട്ടിക്കളിക്കുന്നതിലുമാണ് ആനന്ദം കണ്ടെത്തുന്നതെന്ന പരിതാപകരമായ അവസ്ഥയാണ് നിലനില്‌ക്കുന്നത്. ഇടുക്കി ഡി.എം.ഒ ഓഫീസിൽ ആരോഗ്യ വിദ്യാഭ്യാസ പ്രചാരണ വിഭാഗത്തിൽ ഓഫീസറായിരുന്ന ജയരാജൻ സർവീസിലിരിക്കെ 2017-ലാണ് മരിച്ചത്. വിവരാവകാശ നിയമപ്രകാരം ആരാഞ്ഞപ്പോൾ ജയരാജന്റെ സർവീസ് ബുക്ക് 2000 മേയിൽ അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിലേക്ക് അയച്ചതിനുശേഷം മടങ്ങിവന്നിട്ടില്ലെന്ന മറുപടിയാണ് ഓഫീസിലെ ബന്ധപ്പെട്ടവർ നല്‌കിയത്. അഞ്ചുവർഷമായി ബന്ധുക്കൾ നിലമ്പൂരിൽനിന്ന് ഇടുക്കിയിലെ പൈനാവിലെത്തി പരാതി പറയുകയായിരുന്നു. 24 മണിക്കൂറിനകം പരിഹരിക്കാനാകുമായിരുന്ന പ്രശ്നമാണ് അവർ 23 വർഷം വലിച്ചിഴച്ചത്. ഒടുവിൽ സർവീസ് ബുക്ക് നല്‌കാൻ ബാദ്ധ്യതപ്പെട്ട ഉദ്യോഗസ്ഥന്റെ സർവീസിനെ ബാധിക്കുന്ന പരാമർശം രേഖപ്പെടുത്തുമെന്ന് വിവരാവകാശ കമ്മിഷണർ നിലപാടെടുത്തതോടെയാണ് ബുക്ക് ഹാജരാക്കിയത്. സഹപ്രവർത്തകന്റെ സർവീസ് ബുക്ക് നല്‌കാതിരുന്ന ഓഫീസിലെ ഉദ്യോഗസ്ഥർ ഒരു സാധാരണ പൗരനോട് എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ.
വിഷയത്തിൽ വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കിമിന്റെ ഇടപെടൽ അഭിനന്ദനാർഹമാണ്. 2000 ജൂലായിൽത്തന്നെ ഏജീസ് ഓഫീസിൽനിന്ന് തിരിച്ചയച്ച സർവീസ് ബുക്ക് സുരക്ഷിതമായി ഇടുക്കിയിലെ ഓഫീസിലുണ്ടായിരുന്നു. ഈ ബുക്ക് കൈപ്പറ്റിയതായി തെളിവുമുണ്ടായിരുന്നു. ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ അത് കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിൽ ബുക്ക് വളരെവേഗം നല്‌കാമായിരുന്നു. ഇത് നല‌്‌കാതെ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ തക്കതായ നടപടികൾ ഉണ്ടാകണം. ഇല്ലെങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കും. രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കമ്മിഷണർ ഉത്തരവായിട്ടുണ്ട്. പലപ്പോഴും ഇത്തരം പ്രശ്നങ്ങളുടെ ചൂടും ബഹളവും തീരുമ്പോൾ വീഴ്ചകാണിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കാനായി സംഘടനകളും മേലുദ്യോഗസ്ഥരും മത്സരിച്ച് ശ്രമിക്കാറുണ്ട്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് കാണുന്നില്ലെങ്കിൽ നിശ്ചിത തീയതിക്കകം ഏതുരേഖയുടെയും തനിപ്പകർപ്പ് നല്‌കിയിരിക്കണമെന്ന നിർദ്ദേശം എല്ലാ ഓഫീസുകൾക്കും നല്‌കാൻ സർക്കാർ തീരുമാനമെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |