SignIn
Kerala Kaumudi Online
Friday, 29 March 2024 12.10 AM IST

ജീവിതം ചോദ്യചിഹ്നമായ കയർതൊഴിലാളികൾ

photo

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ പരമ്പരാഗത വ്യവസായമായിരുന്നു കയർ. ഈ വ്യവസായത്തിലും അനുബന്ധ തൊഴിലുകളിലുമായി 10 ലക്ഷം പേർ പണിയെടുത്തിരുന്ന സമയമുണ്ടായിരുന്നു. തുച്ഛമായ കൂലിയാണ് ലഭിച്ചിരുന്നതെങ്കിലും പതിനായിരക്കണക്കിന് കുടുംബങ്ങളുടെ അന്നദാതാവ് ഈ വ്യവസായമായിരുന്നു. കേരളത്തിലാദ്യമായി ട്രേഡ്‌ യൂണിയൻ രൂപപ്പെടുന്നതുതന്നെ കയർ തൊഴിലാളികളുടേതാണ്. 1957-ൽ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നിലവിൽ വരുമ്പോൾ കയർ തൊഴിലാളികളുടെ ദിവസകൂലി പത്തണയായിരുന്നു. എന്നാൽ യൂണിയനുകളെയും തൊഴിലാളികളെയും പാഠം പഠിപ്പിക്കാൻ കയർ ഉത്പാദകർ കൂലി എട്ടണയായി വെട്ടിക്കുറച്ചു. ശക്തമായ സമരത്തെ തുടർന്നാണ് കൂലി വീണ്ടും പത്തണയായി പുനഃസ്ഥാപിച്ചത്.

ഏറ്റവും നല്ല കയർ ഉത്പാദിപ്പിച്ചിരുന്നത് തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് മേഖലയിലായിരുന്നു. അഞ്ചുതെങ്ങ് കയറിന് വിദേശങ്ങളിലും നല്ല ഡിമാന്റായിരുന്നു.

സംസ്ഥാനത്തെ കയർ തൊഴിലാളികൾക്ക് മിനിമം കൂലി പ്രഖ്യാപിക്കുന്നത് 1970 കളിൽ അച്ചുതമേനോൻ മന്ത്രിസഭയിലെ തൊഴിൽവകുപ്പ് മന്ത്രിയായിരുന്ന വക്കം പുരുഷോത്തമനായിരുന്നു. രണ്ട് രൂപ നാൽപ്പത് പൈസ കൂലിയും തൊണ്ണൂറുപൈസ വേരിയബിൾ ഡി.എ യും പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ അന്ന് സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലും ഈ കൂലി നടപ്പാക്കാൻ സാധിച്ചില്ല. വേരിയബിൾ ഡി എ 90 പൈസയിലാണ് ഉത്‌പാദകരിൽ പലർക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നത്. ന്യായവിലക്ക് ഉത്പാദകരിൽനിന്ന് കയർ സംഭരിച്ചാൽ മാത്രമേ നിശ്ചയിച്ച കൂലി നൽകാൻ കഴിയുകയുള്ളൂ എന്ന കയർ ഉത്‌പാദകരുടെ അഭിപ്രായത്തെ മാനിച്ച് കമ്മ്യൂണിസ്റ്റ് സർക്കാർ പ്രാദേശിക ഡിപ്പോകൾ തുറന്ന് ന്യായവിലയ്‌ക്ക് കയർ സംഭരിക്കാൻ തുടങ്ങി. ഇതിനെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച കൂലി നടപ്പിലായതോടെ കയർ മേഖലയിൽ പുതിയ ഒരു ഉണർവുണ്ടായി. കൂടുതൽ കയർ സൊസൈറ്റികൾ ഈ സമയത്താരംഭിച്ചു. കയർ വ്യവസായം എല്ലാ നിലയിലും പുഷ്ടിപ്പെട്ട സമയമായിരുന്നു അത്.
കയർ ഉത്പാദകർക്കും സൊസൈറ്റികൾക്കും ന്യായവിലയ്‌ക്ക് തൊണ്ട് ലഭ്യമാക്കുന്നതിന് തൊണ്ട് നിയന്ത്രണ ഉത്തരവ് സർക്കാർ പാസാക്കിയെടുത്തു. 1970-കളിൽ കയറിന് രാജ്യത്തിന് അകത്തും പുറത്തും നല്ല ഡിമാന്റുണ്ടായിരുന്നു. കയറിന്റെ പുഷ്‌‌കലകാലമായിരുന്നു ഇത്.
തുടർന്നുവന്ന സർക്കാരുകളിലെ ഭൂരിപക്ഷം കയർവകുപ്പ് മന്ത്രിമാരും വ്യവസായത്തെ അഭിവൃദ്ധിപ്പെടുത്താൻ നടപടികളെടുത്തു. ഇത്തരം നടപടികളിൽ ഒന്നാണ് ഇൻകം സപ്പോർട്ട് സ്‌കീം. ഈ പദ്ധതിയനുസരിച്ച് കൂലിയിൽ ഒരു ഭാഗം കയർ ഡിപ്പാർട്ട്‌മെന്റാണ് നൽകുന്നത്. നിലവിൽ കയർപിരി തൊഴിലാളികളുടെ കൂലിയായ 350 രൂപയിൽ 110 രൂപ കയർ പ്രോജക്ട് ഓഫീസുകൾ വഴി കയർ ഡിപ്പാർട്ട്‌മെന്റ് നൽകുകയാണ് ചെയ്യുന്നത്. സപ്പോർട്ട് വേജസ് കൂലിയുടെ നേർപകുതിയായി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഇപ്പോൾ ഉയർന്നുവന്നിട്ടുണ്ട്. കയർ തൊഴിലാളികൾക്ക് പെൻഷൻ അനുവദിച്ചത് ഇ.കെ.നായനാർ മന്ത്രിസഭയുടെ കാലത്താണ്. അന്ന് കയർ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് കെ.ആർ. ഗൗരി അമ്മയാണ്.

കയറിന്റെ വിലയിടിവാണ് വ്യവസായത്തിൽ വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. തമിഴ്നാട് കയർ നമ്മുടെ കയറിനേക്കാൾ വലിയ വിലക്കുറവിൽ കേരളത്തിലെ കമ്പോളങ്ങളിൽ വിറ്റഴിക്കുകയാണ്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കയറും കയർ ഉത്പന്നങ്ങളും ഇവിടുത്തെ സ്ഥാപനങ്ങളിലും പഞ്ചായത്തുകളിലും വാങ്ങി പ്രയോജനപ്പെടുത്തിയാൽ തന്നെ കയർ വിപണി വിപുലപ്പെടും.
കയർ വ്യവസായ പുനഃസംഘടനക്കായി ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ സമിതിയെ നിയമിച്ചിരിക്കുകയാണ്. യഥാർത്ഥത്തിൽ ടി.വി തോമസിന്റെ നേതൃത്വത്തിലുണ്ടാക്കിയ കയർ പുഃസംഘടന പദ്ധതിയും, തച്ചടി പ്രഭാകരൻ കമ്മിറ്റി റിപ്പോർട്ടും, ആനത്തലവട്ടം ആനന്ദൻ സമിതി റിപ്പോർട്ടുമെല്ലാം സർക്കാരിന്റെ കൈയിലുണ്ട്. ഈ റിപ്പോർട്ടുകൾ നടപ്പിലാക്കിയാൽത്തന്നെ കയർ വ്യവസായത്തെ ശക്തിപ്പെടുത്താൻ കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല. കയർ വ്യവസായ വികസനത്തിനായി കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട കയർബോർഡ് നോക്കികുത്തിയായി മാറിയിരിക്കുകയാണ്. കയർ റിബേറ്റിനും കയർ തൊഴിലാളി പെൻഷനും മറ്റും നൽകിയിരുന്ന സാമ്പത്തിക സഹായം ഇപ്പോൾ ഈ ബോർഡ് നൽകുന്നില്ല. തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങൾക്കാണ് കയർ ബോർഡ് ഇപ്പോൾ പ്രാധാന്യം നൽകിവരുന്നത്.
കേരളത്തിന്റെ കുത്തകയായിരുന്ന കയർ വ്യവസായം മറ്റ് സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടുന്ന സ്ഥിതിയാണ് ഇന്നുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ കയർ വ്യവസായം അക്ഷരാർത്ഥത്തിൽ ഊർദ്ധശ്വാസം വലിക്കുകയാണ്. ഇതിനെ രക്ഷപ്പെടുത്തണമെങ്കിൽ ഏറ്റവും ശക്തവും ഫലപ്രദവുമായ നടപടികൾ ഇടതു സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായേ മതിയാകൂ.
ഇടതുപക്ഷ കക്ഷികൾക്ക് അധികാരത്തിലേറാൻ ജീവിതം ഉഴിഞ്ഞുവച്ച ഒരു വലിയ വിഭാഗം ജനതയുടെ പിൻതലമുറക്കാരാണ് ഇന്നത്തെ കയർ തൊഴിലാളികൾ. ഇവർക്ക് ന്യായമായ വേതനവും തൊഴിലും നൽകാനുള്ള ബാദ്ധ്യത സംസ്ഥാനത്തെ ഇടതു സർക്കാരിനുണ്ട്. അരലക്ഷത്തിന് താഴെ മാത്രം വരുന്ന ഈ തൊഴിലാളികളെ രക്ഷിക്കാനുള്ള യുദ്ധകാലാടിസ്ഥാന നടപടികളാണ് പിണറായി സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തരമായി ഉണ്ടാവേണ്ടത്. ഇതിനു കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനത്തെ കയർ വ്യവസായം ഉന്മൂലനം ചെയ്യപ്പെടുമെന്നതിൽ യാതൊരു സംശയവുമില്ല.


(ലേഖകൻ കേരള കയർ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റാണ്. ഫോൺ. 9847132428 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COIR SECTOR FEARS ITS END IS NEAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.