കുട്ടികൾക്കിത് വാർഷിക പരീക്ഷയുടെ കാലമാണ്. പരീക്ഷ കഴിഞ്ഞ് വരാൻ പോകുന്ന അവധി ദിനങ്ങൾ അവർക്ക് ആഘോഷത്തിന്റേതാകാം. ഈ ദിവസങ്ങളിൽ ഉള്ളെരിയുന്നത് രക്ഷിതാക്കൾക്കാണ്. പിടിച്ചാൽ കിട്ടാത്ത പ്രായത്തിൽ അവിവേകത്തിലേക്ക് എടുത്തുചാടി ജീവൻ പൊലിയുന്ന കൗമാരക്കാരുടെ എണ്ണം പെരുകുകയാണ്. രക്ഷിതാക്കളറിയാതെ കൂട്ടം ചേർന്ന് വിനോദയാത്ര പോകുന്നവരാണ് കുട്ടികളിൽ പലരും. ഇവർ വീടുകളിൽ തിരിച്ചെത്താതെ മന:സമാധാനമില്ല രക്ഷിതാക്കൾക്ക്. അടുത്തിടെ നടന്ന മാരാമൺ കൺവെൻഷൻ കാണാനായി മാവേലിക്കര ചെട്ടികുളങ്ങരയിലെ വീട്ടിൽ നിന്നിറങ്ങിയ രണ്ട് സഹോദരങ്ങളും അയൽക്കാരനും ആറൻമുള പമ്പയാറ്റിൽ മുങ്ങി മരിച്ചത് എല്ലാവരെയും വേദനിപ്പിച്ച സംഭവമായിരുന്നു. മാരാമണ്ണിലെ കടവിൽ ഇറങ്ങാൻ പോയ ഇവരെ സംഘാടകർ അപകട ഭീഷണി ചൂണ്ടിക്കാട്ടി വിലക്കിയതിനെ തുടർന്ന് ആറന്മുളയിലെ പരപ്പുഴ കടവിലേക്ക് പോവുകയായിരുന്നു. ആറന്മുള വള്ളംകളിയുടെ സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമുള്ള ആഴക്കയത്തിലാണ് മൂന്നുപേരും മുങ്ങിപ്പോയത്. നിമിഷ നേരങ്ങൾക്കുള്ളിലുണ്ടായ ദുരന്തത്തിൽ കുട്ടികളെ ജീവനോടെ രക്ഷിച്ചെടുക്കാൻ നാട്ടുകാർക്കോ ഫയർ ഫോഴ്സിനോ കഴിഞ്ഞില്ല. മൃതദേഹങ്ങൾ കരയ്ക്കെടുത്തപ്പോൾ കണ്ടു നിന്നവരെല്ലാം വിതുമ്പിപ്പോയി.
എട്ട് പേരടങ്ങുന്ന വിദ്യാർത്ഥികളാണ് ചെട്ടികുളങ്ങരയിൽ നിന്ന് മാരാമണ്ണിലെത്തിയത്. ചെട്ടികുളങ്ങര പേള മൂന്നുപറയിൽ മെറിൻവില്ലയിൽ മെറിൻ, മെഫിൻ എന്നീ സഹോദരങ്ങളും സുഹൃത്ത് എബിനുമാണ് മരണപ്പെട്ടത്. ഇൗ വർഷത്തെ പത്താംക്ളാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു മെഫിൻ. ഇൗ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപാണ് തിരുവല്ല കുറ്റപ്പുഴയിൽ ആസിഫ് മുഹമ്മദ് എന്ന പതിന്നാലുകാരൻ പമ്പയാറ്റിൽ മുങ്ങിമരിച്ചത്. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ശേഷം സമീപത്ത് കൂടി ഒഴുകുന്ന മണിമലയാറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു ആസിഫ് .
നദികളിലെയും കടലിലെയും ആഴച്ചുഴികളറിയാതെ ആർത്തുല്ലസിക്കുന്ന കുട്ടികളെ എത്ര വിലക്കിയാലും പിൻമാറില്ലെന്നത് പ്രായത്തിന്റേതായ പ്രശ്നങ്ങളാണെന്ന് പറഞ്ഞ് സാമാധാനിക്കുകയാണ് എല്ലാവരും. കുട്ടികളെ നേർവഴിക്ക് നയിക്കാനാകാതെ പരാജയപ്പെടുന്ന സാമൂഹിക സംവിധാനമാണ് നമ്മുടെ നാട്ടിൽ നിലവിലുള്ളതെന്നാണ് ഒാരോ അപകടങ്ങളും സൂചിപ്പിക്കുന്നത്. പാഠപുസ്തകങ്ങൾപ്പുറം പരിസര പഠനങ്ങളിലേക്ക് പാഠ്യക്രമം മാറുന്നില്ല. പുസ്തകങ്ങളിലെ തിയറിയും പ്രാക്ടിക്കലുമാണ് വിദ്യാഭ്യാസം എന്ന ചിന്ത പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. പ്രകൃതിയെയും ജീവജാലങ്ങളെയും കുറിച്ചും പ്രായോഗിക ജീവിതക്രമങ്ങളെക്കുറിച്ചും എവിടെ നിന്നാണ് പുതുതലമുറ പഠിക്കേണ്ടത്?. ഭൂമി ചുട്ടുപഴുക്കുന്നത് എന്തുകൊണ്ട്, മഴയുണ്ടാകുന്നത് എന്തുകൊണ്ട്, നീരാവിയുണ്ടാകുന്നത് എങ്ങനെ, കടലിൽ തിരമാലകളുണ്ടാകുന്നത് എന്തുകൊണ്ട്, പുഴയിൽ ചുഴികളുണ്ടാകുന്നത് എന്തുകൊണ്ട്.... എന്നിങ്ങനെ എന്തുകൊണ്ട്, എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങളും ഉത്തരങ്ങളും പാഠപുസ്തകങ്ങൾക്ക് പുറത്ത് നിന്ന് പഠിക്കുന്ന ഒരു കാലമുണ്ടായിരുന്നു. പ്രായോഗിക ജീവിത പരിചയത്തിലൂടെ പരിസരബോധത്തെക്കുറിച്ചുമുള്ള ഇൗ തിരിച്ചറിവ് ഇന്നത്തെ കുട്ടികളിലേക്ക് പകരാനാകാതെ വലിയ വിടവ് അനുഭവപ്പെടുന്നുവെന്നാണ് മനഃശാസ്ത്ര വിദഗ്ദ്ധരുടെ അഭിപ്രായം. വീടുകളിൽ മൗനം പൂണ്ടിരിക്കുന്ന കൗമാരക്കാർ പുറത്തിറങ്ങി വലിയ സൗഹൃദ വലയങ്ങളുമായി ആഘോഷിക്കാനിറങ്ങുന്നത് ദുരന്തങ്ങളിൽ അവസാനിക്കുകയാണ്. പുഴയെന്താണെന്നോ കയമെന്താണെന്നോ അറിവില്ലാത്ത തലമുറയെക്കുറിച്ച് ദു:ഖിക്കുകയാണ് സമൂഹം.
സ്കൂൾ വാർഷിക പരീക്ഷ കഴിഞ്ഞ് രണ്ടു മാസത്തെ അവധിക്കാലം ഇന്നില്ലാതായത് രക്ഷിതാക്കൾക്ക് ആശ്വാസമാണ്. ട്യൂഷൻ സെന്ററുകളും എൻട്രൻസ് പരിശീലന കേന്ദ്രങ്ങളും തുറക്കുന്നത് നല്ലതെന്ന് ചിന്തിക്കുന്നു രക്ഷിതാക്കൾ.
അവധിക്കാലം പറഞ്ഞറിയിക്കാനാകാത്ത മധുര സ്മരണകളായിരുന്ന കാലമുണ്ടായിരുന്നു. മാമ്പഴം എറിഞ്ഞു വീഴ്ത്തിയും ആഞ്ഞിലിപ്പഴം പറിച്ചും പറങ്കിമാവിൽ കയറിയും ഉല്ലസിച്ചു നടന്നവർക്ക് നദികളുടെയും കുളങ്ങളുടെയും കടലിന്റെയും സ്വഭാവം തിരിച്ചറിയാൻ കഴിയുമായിരുന്നു. മുങ്ങിമരണങ്ങൾ നാമമാത്രവുമായിരുന്നു. നദികളിൽ സ്വാഭാവികമായി രൂപപ്പെടുന്ന കയങ്ങളും മനുഷ്യനിർമിത കയങ്ങളുമുണ്ട്. ആറന്മുളയിൽ കുട്ടികൾ മുങ്ങിപ്പോയത് മുപ്പത് അടിയോളം താഴ്ചയുള്ള അഗാധമായ കയത്തിലേക്കാണ്. തങ്ങളുടെ രക്ഷാദൗത്യങ്ങളിൽ അപൂർവമാണ് ഇത്രയും ആഴമുള്ള കയമെന്ന് ഫയർ ഫോഴ്സിലെ മുങ്ങൽ വിദഗ്ദ്ധർ പറയുന്നു. അടിത്തട്ടിലെ പാറയിടുക്കിൽ നിന്നാണ് ഒരു മൃതദേഹം കണ്ടെടുത്തത്. നിരവധി മരണങ്ങൾ ഇവിടെ ഉണ്ടായിട്ടുള്ളതിനാൽ നാട്ടുകാർ ഈ ഭാഗത്ത് കുളിക്കാനിറങ്ങില്ല. വള്ളം കളിക്ക് തയ്യാറെടുത്ത ഒരു പള്ളിയോടം ഇവിടെ മറിഞ്ഞിട്ടുണ്ട്. രക്ഷാപ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
മാരാമൺ കടവിൽ ഇറങ്ങുന്നത് കൺവെൻഷൻ സംഘാടകർ വിലക്കിയതിനാൽ, ആറൻമുള പരപ്പുഴ കടവിൽ നാട്ടുകാരുടെ കണ്ണിൽപ്പെടാതെയാണ് കുട്ടികൾ ഇറങ്ങിയത്. നദികളിലെ മണൽ വാരൽ മൂലം രൂപപ്പെട്ട കയങ്ങളിലും നിരവധി ജീവൻ പൊലിഞ്ഞിട്ടുണ്ട്. നദീസംരക്ഷണ പ്രവർത്തനങ്ങളിലും അപായ മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിലും അധികൃതർ നടപടിയെടുക്കാത്തത് ആപത്തുകൾ വിളിച്ചു വരുത്തുകയാണ്. എത്രയെത്ര ദുരന്തങ്ങളുണ്ടായാലും കണ്ണു തുറക്കാത്തവർ ദുരന്തത്തിനിരയാകുന്നവരെ കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്. നദികളുടേയും കുളങ്ങളുടേയും തീര സംരക്ഷണത്തിന് കേന്ദ്ര , സംസ്ഥാന ഫണ്ടുകൾ നീക്കിവയ്ക്കാറുണ്ട്. ആഴക്കയങ്ങളുടെ തീരങ്ങളിലേക്ക് മനുഷ്യ സഞ്ചാരം കുറയ്ക്കാൻ സംരക്ഷണ വേലികൾ സ്ഥാപിച്ചാൽ ദുരന്തങ്ങളെ ഒരു പരിധി വരെയെങ്കിലും ഒഴിവാക്കാവുന്നതാണ്. നദീതീരങ്ങൾ ഉൾക്കൊള്ളുന്ന പഞ്ചായത്തുകൾക്ക് ഇതിന് മുൻ കൈയെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |