കൊച്ചി: ബാങ്ക് വായ്പയും മറ്റും അടയ്ക്കാൻ എല്ലാ മാസവും ആദ്യ ആഴ്‌ചയിൽ തന്നെ ശമ്പളം നൽകണമെന്ന ജീവനക്കാരുടെ അഭ്യർത്ഥന മാനിച്ചാണ് ശമ്പളം രണ്ടുഘട്ടമായി നൽകാൻ തീരുമാനിച്ചതെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. പത്താം തീയതിക്ക് മുമ്പ് ശമ്പളം വേണ്ടവർക്കാണ് രണ്ടുഘട്ടമായി നൽകുന്നത്.
ആദ്യഗഡു 10ന് മുമ്പും ബാക്കി 15ന് മുമ്പും നൽകും. ശമ്പളം ഒന്നിച്ചു വേണമെന്നുള്ളവർ സർക്കുലറിൽ പറയുന്ന വിധത്തിലുള്ള അനുമതിപത്രം അതത് ഡിപ്പോകളിലോ യൂണിറ്റുകളിലോ നൽകണം. സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന മുറയ്ക്ക് ഇവർക്ക് 15ന് മുമ്പ് ശമ്പളം നൽകുമെന്നും കെ.എസ്.ആർ.ടി.സി വിശദീകരിച്ചു. ശമ്പളം ഗഡുക്കളായി നൽകാനുള്ള കെ.എസ്.ആർ.ടി.സിയുടെ സർക്കുലറിനെതിരെ ആർ. ബാജിയടക്കമുള്ള ജീവനക്കാർ നൽകിയ ഉപഹർജിയിലാണ് കോർപ്പറേഷൻ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിമാസ കളക്ഷൻ 200 കോടി രൂപയാണ്. ഇതിൽ ഡീസൽ ചെലവും മറ്റും കഴിഞ്ഞ് 35 കോടിയാണ് ബാക്കിയുണ്ടാവുക. സർക്കാർ പ്രതിമാസം 50 കോടിരൂപ നൽകുന്നുണ്ടെന്നും ഈ സഹായത്താലാണ് പെൻഷൻ നൽകുന്നതെന്നും സത്യവാങ്മൂലത്തിൽ കെ.എസ്.ആർ.ടി.സി വ്യക്തമാക്കിയിരുന്നു. സർക്കാർ സഹായമെത്തുക 15-ാം തീയതിക്കുള്ളിലാണ്. സർക്കുലറിൽ ഉറച്ചു നിൽക്കുന്നോയെന്ന് കെ.എസ്.ആർ.ടി.സി അറിയിക്കണമെന്ന് നിർദ്ദേശിച്ച് ജസ്റ്റിസ് സതീഷ് നൈനാൻ ഹർജികൾ മാർച്ച് ആറിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |