SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.52 AM IST

തദ്ദേശഭരണ സമിതികൾക്ക് മേൽ കേന്ദ്രത്തിന്റെ കവർച്ചാമോഹങ്ങൾ

photo

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ തലസ്ഥാനനഗരയിലെ മേയർ തിരഞ്ഞെടുപ്പിലുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ അവസാനിച്ചിട്ടില്ല. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന ഭരണസംവിധാനമാണ് അധികാരം ജനങ്ങളിലേക്ക് കൈമാറുകയെന്ന മഹത്തായ ആശയം. ഇതിനാവശ്യമായ ഭരണഘടനയുടെ 74-ാം വകുപ്പ് ഭേദഗതികളും നടത്തി. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അധികാര വികേന്ദ്രീകരണം നടപ്പിൽവന്നു. മാതൃകാപരമായി പദ്ധതി നടപ്പിലാക്കിയ സംസ്ഥാനമെന്ന ബഹുമതിയും കേരളത്തിനു നേടാനായി.

രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശക്തമായ നടപടികൾ സ്വീകരിക്കാത്ത മോദി സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രത്യേകിച്ച് യൂണിവേഴ്സിറ്റികളിലും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ശാസ്ത്ര - സാങ്കേതിക പ്രസ്ഥാനങ്ങളിലും എല്ലാ നിയമങ്ങളും ലംഘിച്ച് കടന്നുകയറുകയാണ്. തിരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തിയ സംസ്ഥാന ഭരണകൂടങ്ങളെ അട്ടിമറിക്കുകയും കോടികൾ മുടക്കി ജനപ്രതിനിധികളെ വിലയ്ക്കെടുത്ത് തങ്ങൾക്കനുകൂലമായ സർക്കാരുകൾ രൂപീകരിക്കുകയും ചെയ്യുന്ന സംഭവങ്ങൾ പല സംസ്ഥാനങ്ങളിലും നടപ്പിലാക്കിക്കഴിഞ്ഞു. പണവും അധികാരവും ഉപയോഗിച്ച് ജനാധിപത്യ മൂല്യങ്ങളെ കാറ്റിൽപ്പറത്തുന്ന ലജ്ജാകരമായ സമ്പ്രദായമാണ് ബി.ജെ.പി സർക്കാർ നടപ്പിലാക്കുന്നത്. ഇത്തരം പ്രവണതകളെ ചെറുത്തുനില്ക്കുന്ന പാർട്ടികളെയും ഇംഗിതത്തിനുവഴങ്ങാത്ത കേരളം പോലെ ബി.ജെ.പി ഇതര സർക്കാരുകളെയും ശത്രുതയോടെ നേരിടുന്നു.

ജനാധിപത്യത്തെ പോലും കശാപ്പുചെയ്യാൻ സന്നദ്ധരായ കാഴ്ചയാണ് ഏതാനും മാസങ്ങളായി ഡൽഹിയിൽ അരങ്ങേറിയത്. 2022 ഡിസംബർ നാലിന് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ തിരഞ്ഞെടുപ്പ് നടന്നു. രണ്ടുമാസം കഴിയുമ്പോൾ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിന് മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്താനാവാത്ത സാഹചര്യം സംജാതമായി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിന്റെ യോഗം 2023 ജനുവരി 6, 24, ഫെബ്രുവരി 6 തീയതികളിൽ വിളിച്ചുകൂട്ടിയെങ്കിലും ബി.ജെ.പി കൗൺസിലർമാരുടെ ബഹളവും കൈയാങ്കളിയും കാരണം മേയറെയും ഭാരവാഹികളെയും തിരഞ്ഞെടുക്കാൻ കഴിയാതെ ബി.ജെ.പിയുടെയും എ.എ.പിയുടെയും കൗൺസിലർമാർ തല്ലിപ്പിരിഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ കോർപ്പറേഷനിൽ എ.എ.പിക്ക് 250 വാർഡുകളിൽ നിന്ന് 134 ൽ വിജയിക്കാനായി. ബി.ജെ.പി 104 വാർഡുകളിൽ വിജയം കൈവരിച്ചു. മൊത്തം 250 വാർഡുകളിൽ 134 എണ്ണത്തിൽ വിജയിച്ച എ.എ.പി പാർട്ടിക്ക് തങ്ങളുടെ മേയറെ തിരഞ്ഞെടുക്കാൻ കഴിയാത്ത ഹീനമായ തീരുമാനം ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള ലെഫ്‌റ്റനന്റ് ഗവർണർ സക്‌സേന സ്വീകരിച്ചു. അധികാരം ഇല്ലാതിരുന്നിട്ടും കൗൺസിലിലേക്ക് പത്ത് അംഗങ്ങളെ നാമനിർദ്ദേശം ചെയ്തു. ഇവർക്ക് മേയർ തിരഞ്ഞെടുപ്പിൽ വോട്ടവകാശം നല്‌കാൻ പാടില്ലെന്നും, അപ്രകാരം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും എ.എ.പി വാദിച്ചു. ഇതിന്റെ പേരിലായിരുന്നു കൗൺസിൽ യോഗത്തിലെ ഏറ്റുമുട്ടലുകൾ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർ ഷെല്ലി ഒബ്‌റോയി കോടതിയിൽ ഹർജി സമർപ്പിച്ചു. ലെഫ്‌റ്റനന്റ് ഗവർണർ നിർദ്ദേശിച്ചവർക്ക് മേയർ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അവകാശം നിഷേധിക്കണമെന്നും നിയമപ്രകാരം മേയറെ തിരഞ്ഞെടുക്കാനുള്ള നടപടികൾ കോടതി നിരീക്ഷണത്തിൽ നടത്തണമെന്നുമായിരുന്നു 'ഷെല്ലി"യുടെ വാദം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വൈ.ബി. ചന്ദ്രചൂഡ് ''നാമനിർദ്ദേശം ചെയ്യപ്പെട്ടവർ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പാടില്ല. കേസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കോടതി വിശദമായി പരിശോധിച്ചശേഷം വിധി പറയുന്നതായിരിക്കും."എന്ന് താത്‌കാലിക വിധി പ്രഖ്യാപിച്ചു. അധികാര വികേന്ദ്രീകരണമല്ല അധികാര കേന്ദ്രീകരണമാണ് ബി.ജെ.പി സർക്കാരിന്റെ ലക്ഷ്യമെന്ന് ഈ സംഭവം തെളിയിക്കുന്നു.

1957ലെ ഡൽഹി മുനിസിപ്പൽ നിയമപ്രകാരം പത്ത് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമാണെന്ന് പറയുന്നു. അതേ നിയമത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ടുചെയ്യാൻ അവകാശം ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ 74 -ാം ഭേദഗതിയിലും ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അധികാരങ്ങൾ കേന്ദ്ര സർക്കാരിനു പൂർണമായും വിധേയമാക്കാനുള്ള നടപടികൾ സർക്കാർ മുൻകൂട്ടി ആരംഭിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഏപ്രിൽ 2022-ൽ ഡൽഹി മുനിസിപ്പൽ നിയമം പാർലമെന്റ് ഭേദഗതിചെയ്ത നടപടി. വടക്കും തെക്കും കിഴക്കുമായി വ്യത്യസ്തനിലയിൽ പ്രവർത്തിച്ചുവന്ന കോർപ്പറേഷൻ മേഖലകൾ ലയിപ്പിച്ച് ഒറ്റ കോർപ്പറേഷനാക്കി. ഭരണം ബി.ജെ.പിയുടെ കൈപ്പിടിയിലൊതുക്കാനുള്ള നടപടികളുടെ ഭാഗമായിരുന്നു ഡൽഹി മുനിസിപ്പൽ കോർപ്പറേഷനുകളുടെ ഏകീകരണംകൊണ്ട് അവർ ഉദ്ദേശിച്ചത്. ഈ നീക്കം ഭരണഘടനയുടെ 74-ാം വകുപ്പ് ഭേദഗതിയുടെ നഗ്നമായ ലംഘനമാണെന്ന് ഭരണഘടനാ വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചിട്ടും ബി.ജെ.പി തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ താത്‌പര്യം നടപ്പിലാക്കാൻ ബഹുദൂരം സഞ്ചരിച്ചു.

അതേസമയം പരിമിതമായ അധികാരങ്ങളും പദ്ധതികൾ നടപ്പിലാക്കാനാവശ്യമായ പ്ളാൻ ഫണ്ടിന്റെ അഭാവവും കാരണം ലോക്കൽ ഭരണസംവിധാനങ്ങൾ താളംതെറ്റാൻ തുടങ്ങിയ വസ്തുത കേന്ദ്രം ശ്രദ്ധിച്ചില്ല.

രാജ്യത്തെ വിഭവസമാഹരണവും, സാമ്പത്തിക ക്രമീകരണങ്ങളുമടങ്ങുന്ന അനവധി അധികാരങ്ങളുടെ സ്ഥാപനങ്ങളായ കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങൾ ഗ്രാമീണജനങ്ങളുടെ തദ്ദേശഭരണ സമിതികളുടെ നേർക്ക് നടത്തുന്ന ഈ കടന്നാക്രമണം രാഷ്ട്രം വിഭാവനം ചെയ്ത 'അധികാരം ജനങ്ങൾക്ക്' എന്ന ലക്ഷ്യത്തെ വഴിതെറ്റിക്കും. കേന്ദ്ര സർക്കാരിന്റെ അമിതാധികാരദാഹം രാഷ്ട്രപിതാവ് മഹാത്മജിയുടെ 'ഗ്രാമസ്വരാജ്' എന്ന സ്വപ്നം കൊലചെയ്യപ്പെടാനുള്ള സാദ്ധ്യതകളാണ് പ്രകടമാകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DELHI MUNICIPAL CORPORATION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.