നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണ പണക്കാരെ ബാധിക്കാറില്ല. സമൂഹത്തിലെ താഴെ ശ്രേണിയിലുള്ളവരെയും മദ്ധ്യവർഗക്കാരെയുമാണ് ഇത് ഏറ്റവും കൂടുതൽ വലയ്ക്കുന്നത്. ഇന്ധനവില കുത്തനെ ഉയർന്നതുകാരണം ഇത്തരക്കാരുടെ ജീവിതം നിലവിൽ ദുസ്സഹമാണ്. അതിന് പുറമെയാണ് എണ്ണക്കമ്പനികൾ വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും വർദ്ധിപ്പിച്ചത്.
തിരുവനന്തപുരത്ത് വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് പുതിയ വില 1112 രൂപയാകും. അഞ്ചുശതമാനം ജി.എസ്.ടിയും വിതരണക്കാരന്റെ കൂലിയും ഇതിന് പുറമെയാകും. നേരത്തേ എല്ലാവർക്കും ലഭിച്ചിരുന്ന സബ്സിഡി ഇപ്പോൾ ഭൂരിപക്ഷം പേർക്കും ലഭിക്കുന്നില്ല. മാർക്കറ്റ് വിലയനുസരിച്ച് ഗ്യാസിന്റെ വിലയിൽ കുറവും കൂടുതലുമുണ്ടാകുമെന്ന് പറഞ്ഞാണ് കേന്ദ്രസർക്കാർ വിലനിയന്ത്രണം നീക്കിയത്. എന്നാൽ വിലകൂടുന്നതേയുള്ളൂ. കഴിഞ്ഞ രണ്ടുവർഷത്തിനിടെ വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ ഇരട്ടി വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ വിലവർദ്ധനയുടെ ഫലമായി ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിക്കുന്നവരുടെ പോക്കറ്റ് കാലിയാകും. ഇന്ധനത്തിന്റെയും പാലിന്റെയും ഗ്യാസിന്റെയും നിത്യോപയോഗസാധനങ്ങളുടെയും വില വർദ്ധിപ്പിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന ഭരണ വ്യത്യാസമെന്നുമില്ല. ഇതിനെല്ലാം പുറമെ കേരളം കറന്റിന്റെയും വെള്ളത്തിന്റെയും വില മനുഷ്യന് താങ്ങാവുന്നതിലധികമാക്കി ഉയർത്തിയിരിക്കുകയാണ്. ജനജീവിതം ദുസഹമാക്കിയല്ല വികസനം കൊണ്ടുവരേണ്ടത്. തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു സേവനങ്ങളുടെയും നിരക്ക് ഒരു സർക്കാരും തിരഞ്ഞെടുപ്പിന് മുമ്പ് കൂട്ടാറില്ല. അങ്ങനെ കൂട്ടിയാൽ ഇലക്‌ഷനിൽ തിരിച്ചടിയുണ്ടാകുമെന്ന് ഭരിക്കുന്നവർക്ക് നന്നായറിയാം. അതിനാൽ തിരഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്കോ അല്ലെങ്കിൽ ഇലക്‌ഷനില്ലാത്ത വർഷത്തിലോ ആണ് ഭരിക്കുന്നവർ സേവനങ്ങൾക്ക് വിലകൂട്ടുന്നത്. ഇതിൽ രാഷ്ട്രീയ വ്യത്യാസമൊന്നുമില്ല. പാവപ്പെട്ടവർക്കാണ് ഏറ്റവും കൂടുതൽ വോട്ടുള്ളത്. ഏതുഭരണം വന്നാലും അവരാണ് ഏറ്റവും കൂടുതൽ വിലക്കയറ്റം സഹിക്കേണ്ടി വരുന്നതും.
പാചകവാതക സബ്സിഡി ലാഭിക്കുന്നതിലൂടെ മാത്രം കേന്ദ്ര സർക്കാർ നേടുന്നത് പ്രതിവർഷം 20,000 കോടിയിലധികമാണ്. 2020 കാലത്ത് സിലിണ്ടർ വില 594 രൂപയിലെത്തിയപ്പോഴാണ് സബ്സിഡി ഒഴിവാക്കിയത്. എന്നാൽ പിന്നീട് വില കുതിച്ചുയർന്നിട്ടും സബ്സിഡി പുനഃസ്ഥാപിച്ചില്ല. എണ്ണക്കമ്പനികളാണ് വില കൂട്ടുന്നതെന്നും സർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും പറയുന്നതിൽ അർത്ഥമില്ല. തിരഞ്ഞെടുപ്പ് സമയത്ത് വിലകൂട്ടാതിരിക്കാൻ എണ്ണക്കമ്പനികൾക്ക് അറിയാമെങ്കിൽ അത് സർക്കാരിന്റെ അറിവോടുകൂടി തന്നെയാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ വിലകുറയുമ്പോഴും ഇവിടെ വില ഉയർത്തുകയോ കുറയ്ക്കാതിരിക്കുകയോ ചെയ്യുന്ന തന്ത്രമാണ് എണ്ണക്കമ്പനികൾ ഇക്കാലമത്രയും സ്വീകരിച്ചത്. അസംസ്കൃത എണ്ണയുടെ വില ഇപ്പോൾ അന്താരാഷ്ട്ര മാർക്കറ്റിൽ താഴ്ന്ന് നിൽക്കുകയാണ്. ഇതിനു പുറമെ ഇന്ത്യയ്ക്ക് റഷ്യയിൽനിന്ന് കുറഞ്ഞ വിലയ്‌ക്ക് എണ്ണ ലഭിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള അവസരത്തിൽ വില കൂട്ടിയത് ലാഭം കൂടുതൽ കൊയ്യാൻ വേണ്ടി മാത്രമാണ്. പണപ്പെരുപ്പെം ഏഴരശതമാനത്തിലേറെയായി ഉയർന്നുനിൽക്കുന്നു. ബാങ്ക് പലിശ കൂടിയതിനാൽ ലോണെടുത്തവരും കടക്കെണിയിൽനിന്ന് കയറാനാവാത്ത അവസ്ഥയിലാണ്. ഇൗ സാഹചര്യത്തിൽ പാചകവാതക വിലകൂടി ഉയർത്തിയത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. അടിയന്തരമായി അത് പിൻവലിക്കുകയോ സബ്സിഡി പുനഃസ്ഥാപിക്കുകയോ ആണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്. കാരണം അത്രമാത്രം താളംതെറ്റിയിരിക്കുകയാണ് സാധാരണക്കാരന്റെ കുടുംബബഡ്ജറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |