ആലപ്പുഴ: എം.കെ രാഘവന് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പറയേണ്ടിടത്ത് പറയണമായിരുന്നുവെന്ന് കെ.സി വേണുഗോപാൽ. എത്രവരെ പോയാലും പാർട്ടി കാര്യങ്ങൾ പുറത്തു ചർച്ച ചെയ്യപ്പെടുന്ന രീതി ഒഴിവാക്കണം. പാർട്ടിയിൽ അവസരങ്ങൾ ഉള്ളവർ പാർട്ടിയിൽ സംസാരിക്കണമെന്നും കെ.സി പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''ഞങ്ങളുടെ പാർട്ടിയ്ക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടാകും. ഇല്ലെന്ന് പറയുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് രമ്യമായി പരിഹരിക്കുന്ന രീതിയാണ് കോൺഗ്രസിന്. പക്ഷേ ഒരു കാര്യമുണ്ട്. പാർട്ടിയിൽ പറയേണ്ട കാര്യം അവിടെ പറയണം. പൊതുവേദിയിൽ പറയുന്നത് ശരിയല്ല. എക്‌സ്‌റ്റന്റഡ് വർക്കിംഗ് കമ്മിറ്റിയിൽ പങ്കെടുത്തയാളാണ് രാഘവൻ. അദ്ദേഹം അഭിപ്രായം അവിടെ പറയണമായിരുന്നു.
പുനഃസംഘടനയെ കുറിച്ചുള്ള ചർച്ചകളുണ്ടാകുന്നത് കോൺഗ്രസ് ജനാധിപത്യ പാർട്ടി ആയതിനാലാണ്. സി.പി.എമ്മിനകത്ത് എന്തു നടക്കുന്നുവെന്ന് മാദ്ധ്യമങ്ങൾ ചോദിക്കാറില്ലല്ലോ. എത്രവരെ പോയാലും പാർട്ടി കാര്യങ്ങൾ പുറത്തു ചർച്ച ചെയ്യപ്പെടുന്ന രീതി ഒഴിവാക്കണം. പാർട്ടിയിൽ അവസരങ്ങൾ ഉള്ളവർ പാർട്ടിയിൽ സംസാരിക്കണം. അഭിപ്രായ വ്യത്യാസങ്ങളൊക്കെ പരിഹരിച്ച് ഞങ്ങൾ മുന്നോട്ടുപോകും''. തങ്ങൾക്കു മുന്നിലുള്ളത് വിശാലമായ ലക്ഷ്യങ്ങളാണ് ചെറിയ ലക്ഷ്യങ്ങളല്ലെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
ശശി തരൂർ എം.പി സംസ്ഥാനത്തുടനീളം നടത്തിയ യാത്രയുമായി ബന്ധപ്പട്ട് പോർ മുഖം തുറന്ന എം.കെ. രാഘവൻ എം.പി, സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ ഇന്നലെയാണ് വീണ്ടും ആഞ്ഞടിച്ചത്. കോൺഗ്രസിൽ യൂസ് ആൻഡ് ത്രോ സംസ്‌കാരമാണെന്നും, വിമർശനമോ വിയോജിപ്പോ പറ്റാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് മാറിയെന്നും അദ്ദേഹം വിമർശിച്ചു. കോഴിക്കോട്ട് മുൻ മന്ത്രി അഡ്വ. പി ശങ്കരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യവെ, വി.എം. സുധീരൻ, ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ എന്നിവരുൾപ്പടെയുള്ള വേദിയിലായിരുന്നു എം.കെ. രാഘവന്റെ വിമർശനം.
സ്ഥാനം വേണമെങ്കിൽ മിണ്ടാതിരിക്കണം എന്നതാണ് കോൺഗ്രസിലെ അവസ്ഥ. പരാജയത്തിൽ നിന്ന് പാഠം പഠിക്കാൻ തയ്യാറാവണം. രാജാവ് നഗ്നനാണെന്ന് ഉറക്കെ പറയാൻ ആരും തയ്യാറല്ല. സമീപകാലത്ത് ഇത്തരത്തിൽ ഒരുപാട് വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്. കോൺഗ്രസിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് വിശ്വസിച്ചിരുന്നു. ഒരാളോടും നേതൃത്വത്തിന് പ്രതിബദ്ധതയില്ല. പാർട്ടിയെ എങ്ങനെ തിരിച്ചു കൊണ്ടുവരണമെന്ന് നേതൃത്വം തീരുമാനിക്കണം. ഇപ്പോഴത്തെ പരാജയത്തിന് കാരണം അണികളല്ല, നേതാക്കളാണ്. ലീഗിൽ പോലും തിരഞ്ഞെടുപ്പ് നടന്നു. ഉൾപ്പാർട്ടി ജനാധിപത്യം കോൺഗ്രസിൽ എത് കാലം വരുമെന്നറിയില്ല. അർഹതയുള്ളവർ പുറത്ത് നിൽക്കുകയാണ്. സ്വന്തക്കാർക്കുള്ള ലിസ്റ്റ് ഉണ്ടാക്കലാണ് അപ്പുറത്ത്. പാർട്ടിയിൽ ഗുണകരമായ മാറ്റങ്ങൾക്ക് അർഹരായവരെ കൊണ്ടുവരുന്നില്ലെങ്കിൽ നാളെത്തെ അവസ്ഥ എന്താവും. പട്ടിക ഒന്നിച്ച് പ്രഖ്യാപിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇന്നതല്ല അവസ്ഥ. ഇതു വരെ കെ.പി.സി.സി ലിസ്റ്റ് വന്നിട്ടില്ല. ഇപ്പോൾ ഓരോരുത്തരെയായി ഫോണിൽ വിളിച്ച് നിങ്ങൾ കെ.പി.സി.സി അംഗമാണെന്ന് പറയുന്നു. പാർട്ടിയിൽ പുകഴ്‌ത്തൽ മാത്രമായോ?.വി.എം സുധീരനെ പോലെയുള്ളവരെ പാർട്ടിയുടെ നേതൃനിരയിലേയ്ക്ക് കൊണ്ടുവരണം. സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്ന നേതാവല്ല സുധീരനെന്നും രാഘവൻ പറഞ്ഞു.
റിപ്പോർട്ട് തേടി
കെ.പി.സി.സി. നേതൃത്വത്തിതിനെതിരായ എം.കെ.രാഘവൻ എം.പിയുടെ വിമർശനത്തിൽ പ്രസിഡന്റ് കെ.സുധാകരൻ കോഴിക്കോട് ഡി.സി.സി പ്രസിഡന്റിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |