തിരുവനന്തപുരം: പനിയും അണുബാധയുമുണ്ടായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മൂന്നുദിവസം പൂർണവിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്ന് ഫിസിഷ്യന്മാരടക്കം ഡോക്ടർമാരുടെ വിദഗ്ദ്ധസംഘം അദ്ദേഹത്തെ പരിശോധിച്ചു. തുടർച്ചയായ യാത്രകൾ കാരണമുള്ള അണുബാധയും ശരീരവേദനയും അദ്ദേഹത്തിനുണ്ട്. ഉത്തരേന്ത്യയിലെ ഗവർണറുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കി. മലയാളം സർവകലാശാലാ വി.സിയുടെ ചുമതല കൈമാറുന്നതിനുള്ള ഫയൽ, കാലിക്കറ്റ് വാഴ്സിറ്റിയിൽ താത്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാനുള്ള അനുമതി എന്നിവയിൽ അദ്ദേഹം ഇന്നലെയും തീരുമാനമെടുത്തില്ല. മലയാളം വി.സിയുടെ ചുമതല നൽകാനുള്ള 3 മുതിർന്ന പ്രൊഫസർമാരുടെ പാനൽ ഗവർണർക്ക് ഓൺലൈനായി കൈമാറിയിട്ടുണ്ട്. കാലിക്കറ്റ്, കേരള, സംസ്കൃത സർവകലാശാലകളിലെ ഓരോ സീനിയർ പ്രൊഫസർമാരാണ് പാനലിലുള്ളത്. യു.ജി.സി ചട്ടപ്രകാരം 10 വർഷം പ്രൊഫസറായി പരിചയമുള്ളവരാണിവർ. മാർച്ച് 5ന് കാലാവധി കഴിയുന്ന കാലിക്കറ്റ് സെനറ്റ്, സിൻഡിക്കേറ്റുകൾക്ക് പകരം താത്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനാണ് ബിൽ കൊണ്ടുവരുന്നത്. സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയുള്ളതിനാൽ ബിൽ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി വേണം. കാലിക്കറ്റ് സർവകലാശാല നിയമപ്രകാരം സിൻഡിക്കേറ്റ് പിരിച്ചുവിടുകയോ കാലാവധി കഴിയുകയോ ചെയ്താൽ ചാൻസലർക്ക് താത്കാലിക സിൻഡിക്കേറ്റിനെ നിയമിക്കാം. ഗവർണറുടെ ഈ അധികാരം കവരുന്നതാണ് പുതിയ ബില്ലെന്നാണ് ഗവർണർ വിലയിരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |