പാലക്കാട്: റവന്യൂ, നിയമ വകുപ്പുകളുടെ എതിർപ്പ് മറികടന്ന് വഴിയോര വിശ്രമകേന്ദ്രങ്ങളുടെ പേരിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് വിൽക്കാൻ ശ്രമമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയുള്ള നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നോർക്ക റൂട്സിന്റെ കീഴിൽ കമ്പനി രൂപീകരിച്ചാണ് സർക്കാർ ഭൂമി വിറ്റുതുലയ്ക്കാനുള്ള വിചിത്ര ഉത്തരവിറക്കിയത്. പുതിയ കമ്പനിയുടെ എം.ഡിയുടെ നേതൃത്വത്തിൽ വിദേശയാത്ര നടത്തിയത് അന്വേഷിക്കണം. സ്മാർട്ട് സിറ്റി വിവാദങ്ങളിൽ പുറത്തായ വ്യക്തി കമ്പനിയുടെ എം.ഡി ആയതെങ്ങനെയെന്നും വ്യക്തമാകണം.
എം. ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ തുടക്കം കുറിച്ച പദ്ധതിയാണിത്. സ്വപ്ന സുരേഷിനെ ഈ കമ്പനിയിൽ നിയമിക്കാൻ ശിവശങ്കർ ഒരുങ്ങിയെന്ന വാർത്തകൾ ദുരൂഹത വർദ്ധിപ്പിക്കുന്നു.
സർക്കാർഭൂമി സ്വകാര്യസംരംഭങ്ങൾക്ക് നൽകരുതെന്ന സി.പി.എമ്മിന്റെയും വി.എസ്. അച്യുതാനന്ദന്റെയും മുൻനിലപാട് മറികടന്നുള്ള നീക്കത്തിന് പിന്നിൽ കോടികൾ പോക്കറ്റിലാക്കാനുള്ള ദുഷ്ടലാക്കാണ്. ഭൂമി അന്യാധീനപ്പെടുത്തരുതെന്ന സർക്കാർവ്യവസ്ഥ മറികടന്നാണ് സർക്കാർഭൂമി വിദേശബാങ്കുകൾക്ക് ഉൾപ്പെടെ പണയപ്പെടുത്തി പണമെടുക്കാമെന്ന ഉത്തരവ്. ഇതിന്റെ യോഗങ്ങൾ വിളിച്ചത് മുഖ്യമന്ത്രി നേരിട്ടാണ്.
ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിൽ നിലനിറുത്തിയുള്ള മുൻ ഉത്തരവ് തിരുത്തിയാണ് ഉത്തരവിറങ്ങിയത്. താൻ പ്രതിപക്ഷനേതാവായിരിക്കെ ഭൂമി കച്ചവടത്തിന് വഴിയൊരുങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ സർക്കാർ പിന്നാക്കം പോയതാണ്. അതീവ രഹസ്യമായാണ് പുതിയ ഉത്തരവിറക്കിയത്.
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളുള്ള 30 സ്ഥങ്ങളിലെ 150 ഏക്കറോളം കണ്ണായ ഭൂമി ദേശീയ, സംസ്ഥാന പാതകളോട് ചേർന്നുണ്ട്. ഇവിടത്തെ കെട്ടിടങ്ങൾ ഇടിച്ചാണ് ഭൂമി നൽകുന്നത്. സർക്കാർ പങ്കാളിത്തമുള്ള സ്വകാര്യകമ്പനി എന്നാണവകാശമെങ്കിലും ഈ കമ്പനികളോ വ്യക്തികളോ ഭൂമി ബാങ്കുകളിൽ പണയം വച്ച് വായ്പയെടുക്കുമെന്ന് ഉറപ്പാണ്. വായ്പാതിരിച്ചടവ് മുടങ്ങിയാൽ സർക്കാർ ഭൂമി ബാങ്ക് ജപ്തി ചെയ്യുന്ന സ്ഥിതിയാവും. ഇതിന്റെ ചില രേഖകൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ട ചെന്നിത്തല സർക്കാരിനോട് പത്ത് ചോദ്യങ്ങളും ഉന്നയിച്ചു.
ചെന്നിത്തലയുടെ ചോദ്യങ്ങൾ
1. ചേർത്തല താലൂക്കിൽ ഒരേക്കർ ഒകിൽ കമ്പനിക്ക് 10 വർഷത്തേക്ക് പാട്ടത്തിന് നൽകാനുള്ള ഉത്തരവ് റദ്ദാക്കി ഭൂമി കമ്പോളവിലയ്ക്ക് കൊടുക്കുന്നത് ആരുടെ താല്പര്യം?
2. ഭൂമി പണയപ്പെടുത്തരുതെന്ന വ്യവസ്ഥ തിരുത്തിയത് ആരുടെ താല്പര്യം?
3. പാട്ടവ്യവസ്ഥകൾ ലംഘിക്കുന്നത് ഉചിതമല്ലെന്ന് ലാൻഡ് റവന്യൂകമ്മിഷണർ ചൂണ്ടിക്കാട്ടിയിട്ടും മാറ്റിയതെന്തിന്?
4. റസ്റ്റ് സ്റ്റോപ്പ് കമ്പനിയുടെ ഓഹരികൾ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിച്ച് അതിലേക്ക് മാറ്റുമ്പോൾ ഭൂമിയുടെ അവസ്ഥയെന്താകും?
5. ജി.എസ്.ടി വകുപ്പിന്റെ ഭൂമി കമ്പോളവിലയ്ക്ക് കൊടുക്കാൻ ജി.എസ്.ടി അനുമതിയുണ്ടോ?
6. സർക്കാർ ഭൂമിയുടെ ഉടമസ്ഥത കമ്പനിക്ക് കൈമാറുന്നത് അസൈൻമെന്റ് ആക്ടിന് പുറത്തുള്ളതാണെന്ന് നിയമവകുപ്പ് ചൂണ്ടിക്കാട്ടിയിട്ടും മുന്നോട്ട് പോയതെന്തിന്?
7. ഒകിൽ സർക്കാർ കമ്പനിയാണെങ്കിൽ ബാജുജോർജ് എങ്ങനെ എം.ഡിയായി?
8. 2021 ജൂൺ 21ന് ചീഫ്സെക്രട്ടറിയുടെ യോഗത്തിൽ, ഭൂമി പാട്ടത്തിന് നൽകാതെയും സ്വകാര്യപങ്കാളിത്തം ഇല്ലാതെയും പാതയോര വിശ്രമകേന്ദ്രം സ്ഥാപിക്കാമെന്ന് അറിയിച്ചിട്ടും കമ്പോളവിലയ്ക്ക് നൽകണമെന്ന് ആക്കിയതെന്തിന്?
9. 2021 ജൂലായ് 28ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ച യോഗത്തിൽ ആലപ്പുഴയിലെ ഭൂമി പതിച്ചുനൽകാൻ കമ്പോളവില നിശ്ചയിക്കണമെന്ന് തീരുമാനിച്ചത് ആരുടെ താല്പര്യം?
10. കമ്പനിക്ക് ഭൂമി വാങ്ങാൻ ധനവകുപ്പിന്റെ ഗ്രാന്റ് സംഘടിപ്പിക്കാൻ ശ്രമിച്ചത് എന്തിന്?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |