തിരുവനന്തപുരം: കൂത്തുപറമ്പിലെ ബി.ജെ.പി പ്രവർത്തകൻ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന എസ്.എഫ്.ഐ മുൻനേതാവ് ധനേഷ് കളത്തുംകണ്ടിക്ക് (41) നിയമത്തിൽ ഗവേഷണം നടത്താൻ രജിസ്ട്രേഷൻ അനുവദിച്ച് കേരള സർവകലാശാലാ സിൻഡിക്കേറ്റ്. ഗവേഷണ കാലയളവിൽ പരോളിൽ പുറത്തിറങ്ങാനുള്ള തന്ത്രമാണിതെന്നും രജിസ്ട്രേഷൻ നൽകിയത് റദ്ദാക്കണമെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി വൈസ്ചാൻസലർക്ക് പരാതി നൽകി.
രജിസ്ട്രേഷൻ രേഖകൾ കോടതിയിലും സർക്കാരിലും ഹാജരാക്കിയാൽ 5 വർഷത്തെ പ്രത്യേക പരോൾ ലഭിക്കും. ഗവേഷണ കാലാവധി അതിനുശേഷം നീട്ടാനുമാവും.
കൊവിഡ് കാലത്ത് പരോളിലിറങ്ങി കണ്ണൂർ വാഴ്സിറ്റിയിൽ നിന്ന് ധനേഷ് എൽ.എൽ.എം പഠനം പൂർത്തിയാക്കിയിരുന്നു. തുടർന്ന് യു.ജി.സി നെറ്റ് പരീക്ഷാ പരിശീലനത്തിനും പ്രത്യേക പരോൾ അനുവദിച്ചു. പക്ഷേ നെറ്റ് പരീക്ഷ വിജയിച്ചില്ല. പി.എച്ച്ഡി എൻട്രൻസിൽ ധനേഷ് ഒന്നാം റാങ്കാണ് നേടിയത്. ഉത്തരക്കടലാസടക്കമുള്ള രേഖകൾ സൂക്ഷ്മപരിശോധന നടത്തണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
2018മേയിലാണ് ധനേഷടക്കം 10സി.പി.എം പ്രവർത്തകർ ശിക്ഷിക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |