തൃശൂർ: കാർ ഷോറൂമിലുണ്ടായ വൻതീപിടിത്തത്തിൽ രണ്ട് പുതിയ കാറുകൾ ഉൾപ്പെടെ മൂന്നുകാറുകൾ കത്തിനശിച്ചു. പാലക്കാട് ദേശീയപാതയിൽ കുട്ടനെല്ലൂരിൽ ഇന്നലെ രാവിലെ ആറോടെ ഹൈസൺ മോട്ടോഴ്സിന്റെ ജീപ്പ് ഷോറൂമിലായിരുന്നു തീപിടിത്തമുണ്ടായത്. പുതിയ വാഹനങ്ങളും സർവീസിനെത്തിച്ച വാഹനങ്ങളും ഓഫീസുമടക്കം സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. ഷോറൂമിലെ ഫർണിച്ചറും ഇന്റീരിയർ ഡെക്കറേഷനും പൂർണമായും കത്തിനശിച്ചു. ഒന്നരക്കോടിയിലേറെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. നാല് ഫയർ സ്റ്റേഷനുകളിൽ നിന്ന് മുപ്പതോളം ജീവനക്കാരെത്തിയാണ് 9 മണിയോടെ തീ നിയന്ത്രണവിധേയമാക്കിയത്.
കെട്ടിടത്തിന്റെ പിന്നിൽ കൂട്ടിയിട്ടിരുന്ന സ്പെയർ പാർട്സുകളിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് തീ ഷോറൂമിനുള്ളിലേക്ക് പടർന്നു. നാട്ടുകാരാണ് സർവീസ് സെന്റർ ജീവനക്കാരെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. തൃശൂർ ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്ര് ഫയർ എൻജിൻ ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയിട്ടും തീ നിയന്ത്രണവിധേയമായില്ല. പിന്നീട് പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവിടങ്ങളിൽ നിന്ന് ഫയർ എൻജിനുകളെത്തി. കൂടാതെ വടക്കുംചേരിയിൽ നിന്ന് വാട്ടർ ലോറിയും രക്ഷാപ്രവർത്തനത്തിനെത്തിച്ചു. 14 ലോറി വെള്ളമാണ് പമ്പ് ചെയ്തത്.
സർവീസിനെത്തിച്ച വാഹനങ്ങൾ ആദ്യഘട്ടത്തിൽ സുരക്ഷിതമായി മാറ്റി. സർവീസ് സെന്ററായതിനാൽ തറയിൽ ഓയിൽ ഉണ്ടായിരുന്നതാണ് തീ പടർന്നുപിടിക്കാനിടയാക്കിയതെന്ന് ഫയർഫോഴ്‌സ് പറഞ്ഞു. സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസർ ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ, സ്റ്റേഷൻ ഓഫീസർ വിജയ്കൃഷ്ണ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശരത്ചന്ദ്രബാബു എന്നിവർ സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |