SignIn
Kerala Kaumudi Online
Saturday, 02 August 2025 5.35 PM IST

രക്ഷകരെ തല്ലിയാൽ ആർക്കാണ് നഷ്ടം ?

Increase Font Size Decrease Font Size Print Page

photo

സഹജീവികളുടെ ജീവൻ രക്ഷിക്കാൻ പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നേരെ കൈയൂക്ക് കാണിച്ചാൽ ആർക്കാണ് നഷ്ടം? തികഞ്ഞ ആത്മാർത്ഥതയോടെ തന്റെ മുന്നിലെത്തുന്ന രോഗിയെ സുഖപ്പെടുത്താൻ, വൈദ്യശാസ്ത്രത്തിലെ അറിവ് പരമാവധി പ്രയോജപ്പെടുത്തുന്നവരാണ് എല്ലാ ഡോക്ടർമാരും. അങ്ങനെയുള്ളവരെ അടിച്ചൊടുക്കുന്ന സമൂഹം എന്താണ് പ്രതീക്ഷിക്കുന്നത് ? സ്‌കാനിംഗ് റിപ്പോർട്ട് വൈകിയെന്നപേരിൽ കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ 60കാരനായ മുതിർന്ന കാർഡിയോളജിസ്റ്റിനെ ആശുപത്രിക്കുള്ളിൽവച്ച് കൈയേറ്റം ചെയ്ത് കൊലപ്പടുത്താൻ ശ്രമിച്ചതാണ്ഏറ്റവുമൊടുവിലത്തെ സംഭവം . ദിനംപ്രതി വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ തടയാൻ നിയമ സംവിധാനങ്ങൾ പോലും മടിച്ചു നിൽക്കുന്നത് കാണുമ്പോൾ ആരോഗ്യപ്രവർത്തകർ കടുത്ത ആശങ്കയിലാണ്. ആരോഗ്യപ്രവർത്തകർ തല്ലുകൊണ്ടശേഷം അതിനെ അപലപിക്കുന്നവർ ഇനിയത് ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായി എന്തെങ്കിലും ചെയ്യുന്നതായി കാണുന്നില്ലെന്നത് ദുഃഖകരമായ വസ്തുതയാണ്.

അതീവ ഗുരുതരവും അടിയന്തരചികിത്സ വേണ്ടതുമായ രോഗങ്ങളിൽ 20 ശതമാനത്തോളം മരണ സാദ്ധ്യതയുണ്ടെന്നുള്ള സമൂഹം വസ്തുത വിസ്മരിച്ചുകൂടാ. രോഗീബന്ധുക്കളുടെ വികാരവിക്ഷോഭങ്ങളുടെ പ്രതിഫലനം ഡോക്ടറുടെ നേരെയോ ആശുപത്രിക്ക് നേരെയോ അല്ല വേണ്ടത്. യാഥാർത്ഥ്യം തിരിച്ചറിയാനുള്ള മനസ് കാണിക്കണം. ഒരു ഡോക്ടറും മുന്നിലെത്തുന്ന രോഗിയെ മരണത്തിലേക്ക് തള്ളിവിടില്ലെന്ന് വിശ്വസിക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്!

കേരളത്തിൽ 2012ലെ ആശുപത്രിസംരക്ഷണ നിയമപ്രകാരം കുറ്റവാളികൾക്ക് മൂന്ന് വർഷം തടവും 50,000 രൂപ പിഴയും കൂടാതെ നാശനഷ്ടങ്ങളുടെ തുകയുടെ മൂന്നിരട്ടി നഷ്ടപരിഹാരവും നൽകേണ്ടതുണ്ട്. നിയമം നടപ്പിലാക്കാൻ ഫലപ്രദമായ ഇടപെടൽ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന വിമർശനം ആരോഗ്യപ്രവർത്തകരിൽ നിന്നും ഉയരുന്നുണ്ട്.

ഇന്ത്യയിൽ 75 ശതമാനത്തോളം ഡോക്ടർമാരും തങ്ങളുടെ ജോലിക്കിടയിൽ ഒരിക്കലെങ്കിലും ശാരീരികമായോ മാനസികമായോ പീഡനത്തിനു വിധേയരായവരാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ടെത്തിയിട്ടുണ്ട്. സാക്ഷരതയിലും, സാമൂഹ്യബോധത്തിലും മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ സമീപകാലത്തുണ്ടായ ആശുപത്രി ആക്രമണങ്ങൾ ഉത്കണ്ഠാകുലമാണ്.

ജീവിക്കാനും സ്വതന്ത്രവും ഭയരഹിതവുമായി തൊഴിൽ ചെയ്യാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകിയിട്ടുള്ളതായിരിക്കെ ആരോഗ്യപ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രവണത ജനാധിപത്യ ധ്വംസനത്തിന്റെ മൂർദ്ധന്യതയാണെന്നേ പറയാൻ കഴിയൂ. യുദ്ധകാലങ്ങളിൽപോലും ആശുപത്രി ആക്രമണങ്ങൾ നിഷിദ്ധമാണ്. മുറിവേറ്റ ശത്രുസൈനികരെപ്പോലും ചികിത്സിക്കുന്നതിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും തീരെ അമാന്തം കാണിക്കാറില്ല.

പ്രതിമാസം അഞ്ച് എന്ന കണക്കിൽ കേരളത്തിൽ ആശുപത്രികൾക്ക് നേരെ ആക്രമണം നടക്കുകയാണ്. ഈ കണക്കുകൾ കാണുമ്പോൾ ചൈനയിലെ യിനാവോ സംഘങ്ങൾക്ക് ബദലായി കേരളത്തിൽ ഒരുകൂട്ടം വളരുകയാണെന്ന് പറയാതെവയ്യ. ചൈനയിൽ ആശുപത്രി അക്രമണങ്ങൾ നടത്തുന്നവരാണ് 'യിനാവോ സംഘങ്ങൾ'. ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ഭീഷണിപ്പെടുത്തുക , ആക്രമിക്കുക, പണവും മറ്റുവസ്തുക്കളും പിടിച്ചുപറിക്കുക എന്നിവയാണ് ഇക്കൂട്ടരുടെ പ്രധാന പരിപാടികൾ. ചൈനീസ് സർക്കാർ ആശുപത്രിയിൽ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുകയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും അക്രമികൾക്കെതിരെ കർശന ശിക്ഷാനടപടികൾ പ്രഖ്യാപിക്കുകയും ചെയ്തുമാണ് 'യിനാവോ' സംഘങ്ങളെ നേരിട്ടത്. സമാനമായ രീതിയിൽ കേരളത്തിൽ ഏകീകൃതവും സുശക്തവുമായ ദേശീയ ആശുപത്രി സംരക്ഷണ നിയമത്തിന്റെ ആവശ്യകതയിലേക്കാണ് സമീപകാല സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. പ്രാദേശികജില്ലാതല ആശുപത്രി സൗഹൃദ കൂട്ടായ്മകൾ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഗ്രാമീണ മേഖലകളിൽ സേവനം നടത്തുന്ന ചെറിയ ആശുപത്രികളും ക്ലിനിക്കുകളും അന്യമാകുന്ന ഈ കാലഘട്ടത്തിൽ പൊതുജനാരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിനും ഇത്തരം കൂട്ടായ്മകൾ കൂടിയേ തീരൂ. മെഡിക്കൽ സമൂഹത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും, ക്രിയാത്മകവും സൗഹൃദപരവുമായ അന്തരീക്ഷം നമ്മുടെ ചികിത്സാരംഗത്ത് നിലനിർത്തുന്നതിനും സർക്കാർ മുൻകൈ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

TAGS: VIOLENCE AGAINST DOCTORS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.