SignIn
Kerala Kaumudi Online
Friday, 26 April 2024 6.48 PM IST

ആനത്താര വെട്ടിത്തെളിച്ച് യന്തിരൻ കൊമ്പൻ

robot-aana

ആനകൾ ഇടഞ്ഞ് മനുഷ്യരെ ഉപദ്രവിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കരയിലെ ഏറ്റവും വലിയ ജീവിയെ മനുഷ്യൻ ആദ്യം ഇണക്കാൻ തുടങ്ങിയത് ബുദ്ധികൊണ്ടാണ്. പിന്നെ സ്‌നേഹം കൊണ്ടായി. ചിലർ ക്രൂരപീഡനങ്ങൾക്കൊണ്ട് ഭയപ്പെടുത്തി. മൂന്നാമത് പറഞ്ഞത് ഇപ്പോഴും തുടരുന്നുണ്ടോ ഇല്ലയോ എന്നത് ആനപ്രേമികളും ആന ഉടമകളുമെല്ലാം പറയട്ടെ. ആനകൾ ഇടഞ്ഞ് പാപ്പാന്മാരേയും ജനങ്ങളേയും ആക്രമിക്കുന്നത് കണ്ടാൽ ആ മിണ്ടാപ്രാണികൾക്ക് പീഡനമേൽക്കുന്നുണ്ടെന്നത് സത്യമാണെന്ന് തോന്നിപ്പോകും. ഉള്ളിലെവിടെയോ കെട്ടിക്കിടക്കുന്ന പ്രതികാരം തീർക്കുകയാണെന്ന് സംശയിക്കേണ്ടിവരും. എന്തായാലും സ്‌നേഹച്ചട്ടമാണെങ്കിൽ ആനകൾ ഇങ്ങനെ പ്രകാേപിതരാകില്ല. പിന്നെ കൊടുംചൂടിൽ ഭക്ഷണവും വെള്ളവുമില്ലാതെ അവയെ എഴുന്നെളളിച്ച് നിറുത്തുമ്പോഴും മദപ്പാട് കാലത്തുമെല്ലാം ആനകളുടെ തനിനിറം പുറത്തുവരാറുണ്ട്. ഭക്ഷണം തന്നെയാണ് ആനകൾക്ക് മുഖ്യം. പക്ഷേ, പല ചെറുപൂരങ്ങൾക്കും ഉത്സവങ്ങൾക്കും പോയാൽ അവയ്ക്ക് കുറച്ച് പനമ്പട്ട കൊണ്ട് തൃപ്തിേെടണ്ടി വരും. ആനയ്ക്ക് തീറ്റകൊടുക്കണമെങ്കിൽ ഭാരിച്ച ചെലവുണ്ട്. അതൊന്നും താങ്ങാൻ ചെറിയ ഉത്സവകമ്മിറ്റികൾക്ക് കഴിയാറില്ലെന്ന് പറയുന്നവരുണ്ട്. നിരന്തരം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന പ്രകൃതക്കാരായ ആനകൾ, വഴിയിലൂടെ നടന്നുപോകുമ്പോൾ ചക്കയും മറ്റും പറിച്ച് കഴിക്കുന്നത് കാണാറില്ലേ. ആനയ്ക്ക് ശീവേലി നന്നാവണമെന്നില്ലല്ലോ എന്ന ചൊല്ല് തന്നെ അതിന്റെ തീറ്റകണ്ട് ഉണ്ടായതാകണം.
പറഞ്ഞുവന്നത് ആനകൾക്ക് പകരം യന്ത്രആനകൾ പ്രചാരത്തിലാവുന്നതിനെക്കുറിച്ചാണ്. ഇരിങ്ങാലക്കുടയ്ക്കടുത്ത് ഇരിഞ്ഞാടപ്പിളളി ക്ഷേത്രത്തിലെ യന്തിരൻ കൊമ്പൻ 'ഇരിഞ്ഞാടപ്പിള്ളി രാമൻ' രാഷ്ട്രീയവേദികൾക്ക് പോലും ഇപ്പോൾ ആനച്ചന്തം പകരുകയാണ്. കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധയാത്ര ഇരിങ്ങാലക്കുടയിൽ സമാപിച്ചപ്പോൾ,വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 'ഇരിഞ്ഞാടപ്പിള്ളി രാമനും' ജാഥയ്ക്ക് കൊഴുപ്പേകാനെത്തി.
ക്ഷേത്രങ്ങൾക്ക് പിന്നാലെ രാഷ്ട്രീയ പ്രചാരണവേദികളിലും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആനയെത്തിയത് എല്ലാവർക്കും കൗതുകമായി. കുന്നംകുളം കാണിയാമ്പാൽ ദണ്ഡായുധപാണി ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് കൊണ്ടുവന്നതും രാമനെയായിരുന്നു. ആനയ്ക്ക് ഏക്കം കൊടുക്കാൻ പണമില്ലാത്തതിനാലാണ് ഇരിഞ്ഞാടപ്പിള്ളി രാമനെ അവർ ക്ഷണിച്ചത്.


യന്ത്രആനയ്ക്ക് പൂമാലയും കല്ലേറും

കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മേളത്തിന്റെ അകമ്പടിയോടെ തിടമ്പേറ്റിയതോടെയാണ് ഈ ആന വൈറലായത്. ആനപ്രേമികളിൽ നിന്ന് ട്രോളുകളും പരിഹാസങ്ങളും തുടരുമ്പോൾ രാമനും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. യന്ത്രആനകളെ ഉപയോഗിച്ചാൽ ഉത്സവാഘോഷങ്ങളിൽ ആനകൾതന്നെ ഇല്ലാതാകുന്ന നിലയിലെത്തുമെന്നും ആചാരാനുഷ്ഠാനം ഇല്ലാതാകുമെന്നും തൊഴിലില്ലാതാകുമെന്നുമായിരുന്നു ആനപ്രേമിസംഘങ്ങളുടെ ആക്ഷേപം. ആനപ്രേമി സംഘങ്ങളാണ് ചില ഉത്സവങ്ങളിലേക്കുള്ള മേളവാദ്യ കലാകാരന്മാരെ നിശ്ചയിക്കുന്നത്. എന്നാൽ, ആചാരാനുഷ്ഠാനങ്ങൾ എളുപ്പമാക്കാൻ വൈദ്യുതീകരണവും കമ്പ്യൂട്ടർവത്കരണവും നടക്കുമ്പോൾ യന്ത്രആനകളുമാകാം എന്നാണ് മൃഗസംരക്ഷണ സംഘടനകളുടെ വാദം.
യന്ത്രആനയുടെ തലയും കണ്ണും വായും ചെവിയും വാലും അഞ്ച് മോട്ടോർ ഉപയോഗിച്ച് വൈദ്യുതിയിൽ എപ്പോഴും ചലിപ്പിക്കും. തുമ്പിക്കൈ പാപ്പാന് നിയന്ത്രിക്കാം. ന്യൂഡൽഹിയിലെ പീപ്പിൾ ഫോർ ദ് എത്തിക്കൽ ട്രീറ്റ്‌മെന്റ് ഒഫ് അനിമൽസ് എന്ന മൃഗസംരക്ഷണ സംഘടനയാണ് അഞ്ചുലക്ഷം രൂപയ്ക്ക് ആനയെ വാങ്ങിനൽകിയത്. ക്ഷേത്രോത്സവങ്ങളിലേക്കും പൊതുപരിപാടികളിലേക്കും 'ഇരിഞ്ഞാടപ്പിള്ളി രാമനെ' കൂടുതൽപേർ ക്ഷണിക്കുന്നുണ്ട്. ലോറിയിൽ കൊണ്ടുപോകാനുള്ള ചെലവ് വഹിച്ചാൽ മതിയാകും. വളരെ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്ന് ഇരിഞ്ഞാടപ്പിള്ളി ക്ഷേത്രം ട്രസ്റ്റി രാജ്കുമാർ പറയുന്നു. തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടാണ് ആനയെ സമർപ്പിച്ചത്.
യന്ത്ര ആനയുടെ ഉയരം തന്നെ പത്തരഅടിയുണ്ട്. കേരളത്തിലെ ഏറ്റവും ഉയരമുളള ആനകളുടെ ഒപ്പം തന്നെ. ഭാരത്തിലും മാേശമല്ല, 800 കിലോഗ്രാം. അസംസ്‌കൃത വസ്തുക്കളായി ഇരുമ്പ് ഫ്രെയിം, റബ്ബർ, തുണി, സ്‌പോഞ്ച് എന്നിവയുണ്ടായാൽ രണ്ടുമാസം കൊണ്ട് യന്ത്ര ആന പിറവിയെടുക്കും. ആനപ്പുറത്തേറാവുന്നത് നാലുപേർക്കാണ്. കൊച്ചുകുട്ടികൾക്കും കയറാമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിർമ്മാണച്ചെലവ് അഞ്ചുലക്ഷം രൂപ മാത്രം. ആനയെ ട്രോളിയിൽ നീക്കാനും റിക്കവറി വാഹനം ഉപയോഗിച്ച് ലോറിയിൽ കയറ്റാനും കഴിയും. അടിയിൽ ചക്രങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. നിരപ്പായ പ്രതലത്തിൽ മൂന്നുപേർക്ക് ആനയെ നീക്കാം. ദുബായ് ഫെസ്റ്റിവലിന് യന്ത്ര ആനകളെ ഒരുക്കിയ ചാലക്കുടി പോട്ടയിലെ സ്വകാര്യ ആർട്‌സ് ക്രിയേഷൻസിലെ പി.പ്രശാന്ത്, കെ.എം ജിനേഷ്, എം.ആർ റോബിൻ, സാന്റോ ജോസ് എന്നിവരാണ് ശിൽപ്പികൾ. ക്ഷേത്രങ്ങളിലേക്ക് ആനകളെ നിർമ്മിക്കാൻ കരാർ ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നുണ്ടെങ്കിലും ഭാവിയിൽ യന്ത്രആനകൾ ട്രെൻഡാവുമെന്ന് വിശ്വസിക്കുന്നവരുണ്ട്.

ആനകൾ ചരിയുമ്പോൾ

കൊവിഡ് കാലത്തിന്റെ തുടർച്ചയായി നിരവധി ആനകളാണ് ചരിഞ്ഞത്. നിലവിൽ കേരളത്തിൽ 430 നാട്ടാനകൾ ഉണ്ടെന്നാണ് കണക്ക്. മദപ്പാടും അസുഖങ്ങളുംമൂലം എഴുന്നള്ളിക്കാൻ ലഭിക്കുന്നത് 100 മുതൽ 150 വരെ ആനകളെയാണ്. ഗുരുവായൂർ ദേവസ്വത്തിന്റെ കൈവശമുള്ള 43 ആനകളിൽ പതിനഞ്ചോളം എണ്ണത്തിനെ മാത്രമേ എഴുന്നള്ളിപ്പുകൾക്കു വിടാറുള്ളൂ. പൂരങ്ങൾക്ക് ആനകൾ കുറയുന്ന പ്രവണതയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ളത്. 70 ആനകൾവരെ അണിനിരന്നിരുന്ന ആറാട്ടുപുഴ പൂരത്തിന് കഴിഞ്ഞ പല വർഷങ്ങളിലും അത്രയും ആനകളില്ല . തൃശൂർ പൂരത്തിനുൾപ്പെടെ ആനകളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഘടകപൂരങ്ങളിൽ ഒരേ ആനയെ ഉപയോഗിച്ചാണ് ഈ കുറവ് പരിഹരിക്കുന്നത്. ആനകളുടെ എണ്ണം കൂട്ടാൻ ഗുരുവായൂർ ദേവസ്വം കുട്ടിയാനകളെ നടയിരുത്താനുള്ള അനുമതി തേടിയിരുന്നു. എന്നാൽ, സർക്കാർ അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് 1972ലെ വന്യജീവിസംരക്ഷണനിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആനകളെ കൊണ്ടുവരുന്നതിനുള്ള വിലക്ക് നീക്കുന്നതാണ് ഭേദഗതി. ഭേദഗതിയുടെ ഗുണം പൂർണമായും ലഭിക്കണമെങ്കിൽ സംസ്ഥാന സർക്കാറിന്റെ പിന്തുണകൂടി വേണം. നൂറിലേറെ പേർ ആനയെ വാങ്ങാൻ തയ്യാറായി നിൽക്കുന്നുണ്ടെന്നാണ് അറിയുന്നത്. എണ്ണം കൂടുന്നതോടെ ആനപീഡനങ്ങൾക്ക് അയവുവരും. ഏക്കത്തുകയിലെ കടുംവെട്ട് കുറയും. മൂന്നുലക്ഷം രൂപ വരെയാണ് ഒറ്റ എഴുന്നെള്ളിപ്പിന് ചില ആനകളുടെ ഏക്കം. ആനകളെ കിട്ടാനില്ലാത്തതിനാൽ പറയുന്ന പണം നൽകേണ്ടിവരുന്നുണ്ട്. ഒരു വർഷം ഓഗസ്റ്റു മുതൽ മേയ് വരെയുള്ള കാലയളവിൽ 25,000 ഉത്സവങ്ങൾ കേരളത്തിൽ നടക്കുന്നെന്നാണ് ഏകദേശ കണക്ക്. ഇവയിലെല്ലാം ആന ഒഴിവാക്കാനാകാത്ത ഘടകമാണ്. തുടർച്ചയായ എഴുന്നള്ളിപ്പുകളും യാത്രയും ആനകളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. എന്തായാലും ഉത്സവങ്ങൾക്ക് യന്ത്ര ആനകളെ പങ്കെടുപ്പിക്കുന്നത് ഭൂരിഭാഗം ആനപ്രേമികൾക്കും ഉൾക്കൊള്ളാനായിട്ടില്ല. പക്ഷേ, ഘോഷയാത്രകളിലും പൊതുപരിപാടികളിലും രാഷ്ട്രീയപ്രചാരണയോഗങ്ങളിലും യന്തിരൻ കൊമ്പൻമാർ തലപ്പൊക്കം കാണിക്കുമെന്ന് ഉറപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROBOTIC ELEPHANT IN KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.