SignIn
Kerala Kaumudi Online
Saturday, 02 August 2025 5.35 PM IST

പ്ളാസ്റ്റിക് പുകയോ അഴിമതിപ്പുകയോ !

Increase Font Size Decrease Font Size Print Page

photo

കൊച്ചിയിലെ ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്റ് കൊച്ചി നഗരവാസികളെ നാലുദിവസമായി അക്ഷരാർത്ഥത്തിൽ ശ്വാസംമുട്ടിക്കുകയാണ്. എഴുപതോളം ഏക്കറിലായി ഇരുപതു മീറ്ററിലധികം ഉയരത്തിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യമലയ്ക്ക് വ്യാഴാഴ്ചയാണ് തീപിടിച്ചത്. തീപിടിത്തം യാദൃച്ഛികമല്ലെന്നും മാലിന്യസംസ്കരണ കരാറുകാരനെ രക്ഷിക്കാൻ ആരോ മനഃപൂർവം തീവച്ചതാണെന്നുമുള്ള ആക്ഷേപം വിഷപ്പുകയ്ക്കൊപ്പം അന്തരീക്ഷത്തിൽ തങ്ങിനില്‌ക്കുന്നു. അട്ടിമറി സംശയത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും സത്യാവസ്ഥ പുറത്തുവരാനുള്ള സാദ്ധ്യത വിരളമാണ്. കാരണം ഇത്തരം സംഭവങ്ങളിൽ യഥാർത്ഥ വസ്തുതകൾ പുറത്തുവരണമെന്നില്ല. പ്രത്യേകിച്ചും കരാറുകാരും ഭരണക്കാരും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാകുമ്പോൾ. അതവിടെ നില്‌ക്കട്ടെ. ഇവിടെ പ്രസക്തമായ ചോദ്യം തീർത്തും പ്രാകൃതമായ മാലിന്യസംസ്കരണ സംവിധാനങ്ങളിൽ നിന്ന് സംസ്ഥാനം എന്ന് മോചിതമാകുമെന്നതാണ്.

എല്ലാം ഹൈടെക് ആകണമെന്ന് ആഗ്രഹിക്കുകയും പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുമ്പോൾത്തന്നെ മാലിന്യസംസ്കരണ രംഗത്തു മാത്രം ഒന്നും ചെയ്യാനാകാത്തതിന്റെ പൊരുളെന്താണ്? ഖരമാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാൻ സ്ഥലം കിട്ടുന്നില്ലെന്നാണ് പൊതുവേ പരാതി. എന്നാൽ ബ്രഹ്മപുരം പ്ളാന്റിനു വേണ്ടി മാത്രം കൊച്ചി നഗരസഭ സ്വന്തമാക്കിയത് 104 ഏക്കറാണ്. അത്യാധുനിക പ്ളാന്റുകൾ സ്ഥാപിച്ച് കൊച്ചി നഗരത്തിലെയും പരിസര മുനിസിപ്പാലിറ്റികളിലെയും ഖരമാലിന്യ പ്രശ്നത്തിന് നല്ലതോതിൽ പരിഹാരം കാണാൻ ഇത്രയും സ്ഥലം മതി. നഗരത്തിലും പരിസരപ്രദേശങ്ങളിലും ഒരുദിവസം എത്ര ടൺ മാലിന്യങ്ങൾ സംസ്കരണത്തിന് എത്തുമെന്നു കണക്കുണ്ട്. ബ്രഹ്മപുരത്ത് തീപിടിച്ച മാലിന്യമലയിൽ വർഷങ്ങളോളമുള്ള അജൈവ മാലിന്യങ്ങൾ അട്ടിയട്ടിയായി കിടപ്പുണ്ട്. കൂടുതലും പ്ലാസ്റ്റിക്കാണ്. അതുകൊണ്ടാണ് കത്തിയപ്പോൾ വിഷപ്പുക നഗരവാസികൾക്കാകെ ഭീഷണിയായത്. തുടർച്ചയായി വെള്ളം ചീറ്റിയതുകൊണ്ടു മാത്രം തീരുന്നതല്ല വിഷപ്പുക സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം. രോഗമറിഞ്ഞു ചികിത്സിക്കണമെന്നു പറഞ്ഞതുപോലെ ഓരോ ദിനവും വന്നെത്തുന്ന മാലിന്യങ്ങൾ പൂർണമായും ശാസ്ത്രീയമായും എങ്ങനെ സംസ്കരിക്കാനാവുമെന്നു പഠിച്ച് മതിയായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയാണു വേണ്ടത്. എന്തിനുമേതിനും വെട്ടുമേനിക്കു കാത്തിരിക്കുന്നവർക്കു വേണ്ടിയാകരുത് ഇതുമായി ബന്ധപ്പെട്ട കരാറുകൾ. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റിനുവേണ്ടി ഖജനാവിൽനിന്ന് ഓരോ വർഷവും ഒഴുകുന്നത് കോടികളാണ്. കുറെയൊക്കെ സംസ്കരിച്ചും കുറെ മണ്ണിൽ കുഴിയെടുത്തു മൂടിയും ശേഷിക്കുന്നത് അപ്പാടെ കൂട്ടിയിട്ടുമുള്ള നിലവിലെ രീതി അപരിഷ്‌കൃതം മാത്രമല്ല മനുഷ്യരുടെ ആരോഗ്യത്തിനു ഭീഷണിയുമാണ്. തിരുവനന്തപുരത്തെ വിളപ്പിൽശാല സൃഷ്ടിച്ച വിപത്ത് സംസ്ഥാനം കണ്ടതാണ്.

ബ്രഹ്മപുരത്ത് ഒരു ദിവസം 75 ലോഡ് പ്ളാസ്റ്റിക് മാലിന്യം എത്തുന്നുണ്ടെന്നാണ് കണക്ക്. പത്തോ പതിനഞ്ചോ ടൺ സംസ്കരിക്കാനുള്ള ശേഷിയേ പ്ളാന്റിനുള്ളൂ. ശേഷിക്കുന്ന മാലിന്യം വിശാലമായ വളപ്പിൽ അട്ടിയിടുകയാണു പതിവ്. വർഷങ്ങളായി തുടരുന്ന അവസ്ഥയാണിത്. കൊച്ചിയിൽ മാത്രമല്ല വലുതും ചെറുതുമായ സംസ്ഥാനത്തെ എല്ലാ നഗരങ്ങളും പട്ടണങ്ങളും നേരിടുന്ന ദുരവസ്ഥയാണിത്. മാലിന്യ ശേഖരണവും സംസ്കരണവും തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. വളരെ കുറച്ചു സ്ഥലങ്ങളിലേ അത് ഭംഗിയായി നിർവഹിക്കപ്പെടുന്നുള്ളൂ. അടിയന്തര പ്രാധാന്യമുള്ള വിഷയമായി ഏറ്റെടുത്തെങ്കിലേ മൂക്കുപൊത്താതെ പട്ടണവാസികൾക്കു വഴിനടക്കാനാവൂ. സംസ്ഥാനത്തൊട്ടാകെ വികേന്ദ്രീകൃത മാലിന്യസംസ്കരണ പ്ളാന്റുകൾ സ്ഥാപിക്കുമെന്നു കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ സർക്കാർവക മാലിന്യ സംഭരണ കേന്ദ്രങ്ങളിലെല്ലാം മാലിന്യമലകളാണ് കാണുന്നത്. സജീവമായ അഗ്നിപർവതങ്ങൾക്ക് സമാനമാണത്. ബ്രഹ്മപുരത്തുണ്ടായതു പോലെ തീപിടിത്തമുണ്ടായാൽ വലിയ വിപത്താകും. അധികാര കേന്ദ്രങ്ങളുടെ അനാസ്ഥകൊണ്ട് മനുഷ്യർ വിഷപ്പുക ശ്വസിക്കേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കരുത്.

TAGS: BRAHMAPURAM PLANT FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.