SignIn
Kerala Kaumudi Online
Thursday, 19 September 2024 5.35 PM IST

പാവങ്ങളുടെ അന്നം മുടക്കരുത്

Increase Font Size Decrease Font Size Print Page

photo

കറന്റ് ചാർജ് അടവ് മുടങ്ങിയതിനെത്തുടർന്ന് തിരുവനന്തപുരത്ത് കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ അടച്ചിടേണ്ടിവന്നത് വലിയ വാർത്തയായി. പ്രശ്നം ശ്രദ്ധയിൽപെടാത്തതുകൊണ്ടു സംഭവിച്ച വീഴ്ചയാണെന്ന് കോർപ്പറേഷൻ ഉടനെ വിശദീകരണവും നല്‌കി. സർക്കാരും തദ്ദേശസ്ഥാപനങ്ങളും നല്‌കുന്ന സബ്‌സിഡി പണം കൊണ്ടാണ് ജനകീയ ഹോട്ടലുകൾ വല്ലവിധേനയും നടന്നുപോകുന്നത്. സംസ്ഥാനത്ത് ആയിരത്തിഒരുനൂറിലധികം ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. സബ്‌സിഡി മുടങ്ങിയതു കാരണം അവയിൽ രണ്ടുഡസനോളം ഹോട്ടലുകൾ അടുത്തിടെ പൂട്ടേണ്ടിവന്നിട്ടുണ്ട്.

സാധാരണക്കാരിൽ സാധാരണക്കാർ ഉച്ചനേരം പട്ടിണിയിലാകരുതെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജനകീയ ഹോട്ടലുകൾ എല്ലാ അർത്ഥത്തിലും ജനകീയമാണ്. കട്ടൻചായയ്ക്കു പോലും പത്തുരൂപ നല്‌കേണ്ടിവരുന്ന ഇക്കാലത്ത് ഇരുപതുരൂപയ്ക്ക് ഉച്ചയൂണു നല്‌കുന്ന ജനകീയ ഹോട്ടലുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിനാളുകൾ സംസ്ഥാനത്തുണ്ട്. സബ്‌സിഡിയായി ലഭിക്കുന്ന പണംകൊണ്ടാണ് അവ നഷ്ടമില്ലാതെ മുന്നോട്ടുപോകുന്നത്. വിശപ്പുരഹിത കേരളമെന്നു കേൾക്കാൻ സുഖമുള്ള മുദ്രാ‌വാക്യം പ്രാവർത്തികമാക്കുന്നതിൽ ജനകീയഹോട്ടൽ പോലുള്ള സംരംഭങ്ങൾക്ക് വലിയ പങ്കാണുള്ളത്. എന്നാൽ അവയുടെ നിലനില്പ് ശക്തിപ്പെടുത്താനുള്ള ഫണ്ട് അനുവദിക്കുന്നതിന് സർക്കാരും തദ്ദേശസ്ഥാപനങ്ങളും അത്രവലിയ താത്‌പര്യം കാണിക്കാറില്ല. ഒരു ഉൗണിന് സർക്കാർ നല്‌കുന്ന സബ്‌സിഡി പത്തുരൂപയാണ്. ഇതുകൂടി ഉൾപ്പെടുത്തിയാൽ മുപ്പതുരൂപയേ ഒരു ഉൗണിന് ജനകീയ ഹോട്ടലിന് ലഭിക്കുകയുള്ളൂ. സർവ സാധനങ്ങൾക്കും തീവില നല്കേണ്ടിവരുന്ന ഇക്കാലത്ത് ഇത്രയും കുറഞ്ഞവിലയ്ക്ക് ഉൗണ് നല്‌കുകയെന്നത് ശരിക്കുമൊരു അഭ്യാസമാണ്. എന്നിരുന്നാലും പ്രതിബന്ധങ്ങൾ മറികടന്ന് പതിനായിരങ്ങൾക്ക് അന്നമൂട്ടി അവ പാവപ്പെട്ടവർക്ക് ആശ്വാസകേന്ദ്രമാവുകയാണ്. അധികാരകേന്ദ്രങ്ങൾ കുറെക്കൂടി പരിഗണന നല്‌കേണ്ട സംരംഭമാണിത്.

ജനകീയ ഹോട്ടലുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുമാത്രം അയ്യായിരത്തിലേറെ കുടുംബശ്രീ പ്രവർത്തകർ ഉപജീവനം തേടുന്നുണ്ട്. ജനകീയ ഭക്ഷണശാലകളുടെ നടത്തിപ്പിന് മറ്റു സംസ്ഥാനങ്ങളും തദ്ദേശസ്ഥാപനങ്ങളും നീക്കിവയ്ക്കുന്ന ബഡ്‌ജറ്റ് വിഹിതം നോക്കിയാലറിയാം നമ്മൾ എത്രമാത്രം പിന്നിലാണെന്ന്. സംസ്ഥാന സർക്കാർ ബഡ്‌ജറ്റിൽ 60 കോടി രൂപ ജനകീയ ഹോട്ടലുകൾക്കായി നീക്കിവച്ചപ്പോൾ തൊട്ടയൽവക്കത്ത് ചെന്നൈ നഗരസഭ മാത്രം 450 കോടിയാണ് ചെലവിടുന്നത്. ജയലളിതയുടെ കാലത്തു തുടങ്ങിയ അമ്മ ഹോട്ടലുകൾ ഭരണം മാറിയിട്ടും തുടരുന്നത് പദ്ധതിക്ക് സാധാരണക്കാരുമായി എത്രമാത്രം അടുപ്പമുണ്ടെന്നതിന് തെളിവാണ്. ഒന്നിനും പണമില്ലെന്നു പറയുന്നതല്ല ഭരണമിടുക്ക്. ആവശ്യമില്ലാത്ത എന്തെല്ലാം കാര്യങ്ങൾക്ക് പണം വെള്ളം പോലെ ഒഴുക്കാറുള്ള സർക്കാരിന് ജനകീയഹോട്ടൽ പോലുള്ള നല്ല സംരംഭങ്ങളെ കൈയയച്ചു സഹായിക്കാവുന്നതാണ്. ലക്ഷ്യമറിഞ്ഞു സഹായിക്കുമ്പോഴാണ് കൂടുതൽ അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ സംരംഭകർക്ക് പ്രചോദനം ലഭിക്കുക.

അടിക്കടിയുണ്ടാകുന്ന വിലക്കയറ്റത്തിനൊപ്പം വൈദ്യുതി, വെള്ളം, പാചകവാതകം തുടങ്ങിയവയ്ക്ക് നല‌്‌കേണ്ടിവരുന്ന അധിക നിരക്കിൽനിന്ന് ജനകീയ ഹോട്ടലുകളെ ഒഴിവാക്കേണ്ടതാണ്. ഏറ്റവും കുറഞ്ഞ ചെലവിൽ സമൂഹത്തിലെ താഴെക്കിടയിലുള്ള സാധാരണക്കാരുടെ ഒരു നേരത്തെ വിശപ്പടക്കാൻ പാടുപെടുന്ന ജനകീയ ഹോട്ടലുകൾക്കു പൂട്ടുവീഴാതിരിക്കാൻ സർക്കാർ വിചാരിക്കണം. സബ്‌സിഡി സമയത്തു ലഭിക്കാത്തതുമൂലം പ്രതിസന്ധി നേരിടുന്ന ജനകീയ ഹോട്ടലുകൾ എല്ലാ ജില്ലകളിലുമുണ്ട്. ഇവയ്ക്ക് തദ്ദേശസ്ഥാപനങ്ങൾ നല്‌കേണ്ട വിഹിതവും കൃത്യമായി ലഭ്യമാക്കണം. തിരുവനന്തപുരത്തെ ജനകീയ ഹോട്ടലിന്റെ വൈദ്യുതി വിച്ഛേദിച്ചത് വിവരം സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അറിയിക്കാതിരുന്നതുകൊണ്ടാണത്രെ. ഒരുദ്യോഗസ്ഥന്റെ അനാസ്ഥ എത്രപേരുടെ അന്നമാണ് മുടക്കിയത്. ശമ്പളം ഒരു ദിവസം വൈകിയാൽ കൊടിയുമായി ഇറങ്ങുന്നവർക്ക് മറ്റുള്ളവരുടെ പട്ടിണിയിലും പരിദേവനങ്ങളിലും താത്‌പര്യമില്ലാത്തത് മഹാകഷ്ടമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KUDUMBASREE HOTEL SHUT AFTER KSEB CUTS POWER SUPPLY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.