SignIn
Kerala Kaumudi Online
Thursday, 25 April 2024 5.54 AM IST

കോടതിയെ ഇങ്ങനെ കബളിപ്പിക്കാമോ ?

photo

കണ്ടാലും കേട്ടാലും ആളുകൾ ഭയക്കുന്ന വാക്കാണ് ' ജപ്തി' . ബാങ്കുകളുടെ ജപ്തി നോട്ടീസുകൾ കാരണം നിരവധി ആളുകൾ ജീവനൊടുക്കിയിട്ടുണ്ട്. നിരവധി കുടുംബങ്ങൾ തകർന്നിട്ടുണ്ട്. ഒട്ടനവധി ആളുകൾക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടിട്ടുണ്ട്. നാണക്കേട് കാരണം നാടുവിടേണ്ടി വന്നിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസവും പെൺമക്കളുടെ കല്യാണവും വീട് നിർമാണവുമെല്ലാം ജപ്തി കാരണം മുടങ്ങുന്നു. എന്നിട്ടും ജപ്തി നടപടികൾ തുടരുന്ന ഒരു നിയമ പ്രക്രിയയാണ്.

ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത പണം തിരിച്ചടക്കാതെ വരുമ്പോഴാണ് മിക്കപ്പോഴും ജപ്തി നടപടികളുണ്ടാകുന്നത്. ജപ്തിയെ തുടർന്ന് ജീവനൊടുക്കുന്നവരിലും നാടുവിടുന്നവരിലും അധികവും പാവങ്ങളും സാധാരണക്കാരുമാണ്. സമ്പത്തും സ്വാധീനവുമുള്ളവർ ജപ്തി നടപടികളിൽനിന്ന് ഒഴിവാകുകയോ കോടതികളിൽ നിയമ നട‌പട‌ികൾ തുടരുകയോ ചെയ്യും. അവരുടെ ഭൂമിയും സ്വത്തുക്കളും നഷ്ടപ്പെടുന്നില്ല.

ജപ്തി സർക്കാരിന്റെ ഏതെങ്കിലും വകുപ്പുകൾക്കോ ഉദ്യോഗസ്ഥർക്കോ എതിരെയുള്ളതായാലും നടപടിയിൽ നിന്നൊഴിവാകാൻ പലവിധ തന്ത്രങ്ങളും പ്രയോഗിക്കും. ഇക്കാര്യത്തിൽ കോടതിയെ കബളിപ്പിച്ച സംഭവമാണ് അടുത്ത കാലത്തായി പത്തനംതിട്ടയിൽ അരങ്ങേറിയത്. പത്തനംതിട്ട റിംഗ് റോഡ് വികസനത്തിനുവേണ്ടി സ്വകാര്യ വ്യക്തിയുടെ മൂന്ന് സെന്റ് സ്ഥലം 2008ൽ ഏറ്റെടുത്തതിന് 38ലക്ഷം രൂപ നഷ്ടപരിഹാരത്തുക നൽകാത്തതിന്റെ പേരിൽ ജില്ലാ കളക്ടറുടെ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതിയിൽ നിന്ന് ആമീനും സംഘവും എത്തിയപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ജില്ലാ കളക്ടറുടേത് ഉൾപ്പെടെ സർക്കാരിന്റെ ഒരു വാഹനവും കളക്ടറേറ്റ് കോമ്പൗണ്ടിൽ ഇല്ല. കോടതി ഉത്തരവിന് പിന്നാലെ കളക്ടറേറ്റിൽ നിന്ന് സർക്കാർ വാഹനങ്ങൾ ഒന്നടങ്കം അപ്രത്യക്ഷമാവുകയായിരുന്നു!. നടപടിക്കെത്തിയ ആമീനും സംഘവും കബളിപ്പിക്കപ്പെട്ടതിന്റെ ജാള്യതയോടെ മടങ്ങി. നടപടി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. പിന്നാലെ നഷ്ടപരിഹാരം ലഭിക്കേണ്ടയാൾ ഹൈക്കോടതിയെ സമീപിച്ചു. ജില്ലാ കോടതി ഉത്തരവ് കർശനമായി നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതേ തുടർന്ന് വീണ്ടും ജപ്തി ന‌ടപടിക്ക് ജില്ലാ കോടതി മുതിർന്നപ്പോൾ കളക്ടറേറ്റിൽ നിന്ന് സർക്കാർ വാഹനങ്ങൾ വീണ്ടും അപ്രത്യക്ഷമായി. ആമീനും സംഘവും രണ്ടാമതും കളക്ടറേറ്റിലേക്ക് എത്തുമെന്ന് വിവരങ്ങൾ കോടതി ഉദ്യോഗസ്ഥരിൽ നിന്ന് കളക്ടറേറ്റിലേക്ക് ചോർന്നു കിട്ടി. ഇതിനു പിന്നാലെയാണ് നിമിഷങ്ങൾക്കുളളിൽ കളക്ടറേറ്റിൽ നിന്ന് വാഹനങ്ങൾ വീണ്ടും ഒളിപ്പിച്ചത്. ജില്ലാ കളക്ടറുടെ ഒൗദ്യോഗിക വാഹനവും ഒളിപ്പിച്ചവയിൽ ഉൾപ്പെട്ടു. കളക്ടർ മുതൽ പ്രധാനപ്പെട്ട അഞ്ച് ഉദ്യോഗസ്ഥരുടെ വാഹനങ്ങളാണ് കടത്തിയത്. എല്ലാ വാഹനങ്ങളും നെയിംബോർഡുകൾ മാറ്റിയ ശേഷം ഡ്രൈവർമാരുടെ വീടുകളിൽ കൊണ്ടിടുകയായിരുന്നു എന്നാണ് പിന്നാമ്പുറ വർത്തമാനം.

കുറേനാൾ ജില്ലാ കളക്ടർ സഞ്ചരിച്ചത് ഒൗദ്യോഗിക നെയിംബോർഡ് ഇല്ലാത്ത കാറിലാണ്. യാത്ര ചെയ്യുന്ന വഴിയിൽ ജപ്തിനട‌പ‌ടി ഉണ്ടാകാതിരിക്കാൻ തിരുവല്ല സബ് കളക്ടറുടെ വാഹനത്തിലായിരുന്നു കുറേ നാളായി സഞ്ചാരം. ഒടുവിൽ, നട‌പടിയിൽ നിന്നൊഴിവാകാൻ നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കുന്നതിന് കോടതിയിൽനിന്ന് സമയം നീട്ടി വാങ്ങിയ കളക്ടർ താത്‌കാലിക ആശ്വാസം നേടി. ബോർഡ് വച്ച കാറിൽത്തന്നെ വീണ്ടും യാത്ര തുടരുന്നു.

കോടതികളുട‌െ ജപ്തി ന‌ടപടിയെ സാധാരണക്കാരും ജില്ലാ കളക്ടറും അഭിമുഖീകരിക്കുന്നത് എങ്ങനെയെന്നതിന് ഇൗ സംഭവം ഒരു ചൂണ്ടുപലകയാണ്. കോടതികളെ കബളിപ്പിക്കാനറിയാത്ത സാധാരണക്കാർ ജീവനൊടുക്കകയോ എല്ലാം ജപ്തി ചെയ്യാനായി മാറിക്കൊ‌ടുക്കകയോ ചെയ്യും. ജില്ലാ കളക്ടർ അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ജപ്തിയിൽ നിന്നൊഴിവാകാൻ പലതരം ചെപ്പ‌ടി വിദ്യകൾ കാണിക്കുകയും ചെയ്യും. ജില്ലാ കളക്ടർ ജില്ലാ മജിസ്ട്രേറ്റ് കൂടിയാണ്. ചിലപ്പോഴൊക്കെ ചില കാര്യങ്ങളിൽ കോടതിതിയെപ്പോലെ അധികാരം പ്രയോഗിക്കാൻ ജില്ലാ കളക്ടർക്ക് കഴിയുമെന്നർത്ഥം. അങ്ങനെയുളള കളക്ടറാണ് കോടതിയെയും നിയമത്തെയും കബളിപ്പിച്ച് ന‌‌ടക്കുന്നത്. ജപ്തി നടപ‌ടിയുടെ കാര്യത്തിൽ സാധാരണക്കാരായ ജനങ്ങൾക്കും ജില്ലാ കളക്ടർക്കും രണ്ട് നീതിയോ എന്നൊരു ചോദ്യം ഇതിൽനിന്ന് ഉയരുന്നുണ്ട്. സർക്കാർ സംവിധാനത്തിന്റെ ഭാഗമായ ജില്ലാ കളക്ടറുടെ പ്രവർത്തനം അവശ്യസർവീസ് ഇനത്തിൽ പെടുന്നു എന്നതുകൊണ്ട് നിയമത്തെയും നീതിപീഠത്തെയും കബളിപ്പിച്ച് നട‌ക്കാനുളള സ്വാതന്ത്ര്യമുണ്ട് എന്നവകാശപ്പെടാനാവില്ല. നിയമത്തിനു മുന്നിൽ എല്ലാവരും ഒരുപോലെയാണെന്നത് നമ്മുടെ ഭരണഘടനയുടെ സൗന്ദര്യമാണ്. ജപ്തി നടപടി ഒരു പുതുമയുള്ള കാര്യമല്ലെന്നാണ് കളക്ടർ പറയുന്നത്. പല ജില്ലാ കളക്ടർമാരും ഇതേപോലെ നടപടികൾ നേരിടുന്നവരാണെന്നും പറയുന്നു. തിരുവനന്തപുരം ജില്ലാ കളക്ടറുടേത് അടക്കം വാഹനങ്ങൾ ജപ്തി ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങൾ സാങ്കേതിക തകരാർ പരിഹരിക്കാനായി മാറ്റിയതാണെന്നും തട്ടിവിട്ടു. അധികാരത്തിന്റെ തണലും കരുത്തുമില്ലാത്ത സാധാരണക്കാരുടെ കാര്യമാണെങ്കിൽ എന്തായിരിക്കും സ്ഥിതിയെന്ന ചോദ്യത്തിന് മറുപടിയില്ല.

നാടിന്റെ വികസനത്തിനു വേണ്ടി സ്ഥലം വിട്ടുകൊടുത്ത നൻമയുള്ള ഒരു മനുഷ്യനു നേരിടണ്ടിവന്ന ദുരസ്ഥയുടെ ഉദാഹരണം കൂടിയാണ് ഇൗ സംഭവം. നഷ്ടപരിഹാരം കിട്ടാതെ വന്നപ്പോൾ നീതിക്കു വേണ്ടി പതിന്നാല് വർഷം കോടതികൾ കയറിയിറങ്ങി നേടിയ വിധിയാണ് നടപ്പാക്കാതിരിക്കുന്നത്. ഭൂമിയുടെ നഷ്ടപരിഹാരത്തുക നൽകേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. റോഡ് വികസനത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോടികൾ ചെലവഴിക്കുമ്പോൾ സ്ഥലം വിട്ടുകൊടുക്കേണ്ട വന്ന സാധാരണക്കാരനാണ് നീതി കിട്ടാതെ വലയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PTA DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.