മലപ്പുറം: ദേശീയ രാഷ്ട്രീയത്തിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ഒരുവർഷം നീളുന്ന കർമ്മ പദ്ധതികൾക്ക് ചെന്നൈയിൽ ഇന്നലെ തുടങ്ങിയ മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലിയാഘോഷം രൂപം നൽകും.
ലീഗിന് എം. എൽ. എമാരുണ്ടായിരുന്ന ബംഗാൾ, ഡൽഹി, യു.പി, കർണാടക, പോണ്ടിച്ചേരി, അസാം സംസ്ഥാനങ്ങളിൽ സ്വാധീനം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ഒരു എം. പിയും ( മുർഷിദാബാദ് ) രണ്ട് മന്ത്രിമാരും ഉണ്ടായിരുന്ന പശ്ചിമബംഗാളിന് കൂടുതൽ ശ്രദ്ധ നൽകും. ബംഗാളിൽ സി.പി.എമ്മിന്റെ തകർച്ചയോടെ ന്യൂനപക്ഷങ്ങൾക്കിടയിലെ സാഹചര്യം അനുകൂലമാണെന്നാണ് വിലയിരുത്തൽ.
ചെന്നൈ, കർണാടകയിലെ കലബുറഗി എന്നീ കോർപ്പറേഷനുകളിൽ മേയർ സ്ഥാനവും ഉത്തർപ്രദേശിലെ മീററ്റ് കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ പദവിയും ലീഗ് വഹിച്ചിട്ടുണ്ട്. വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫർ ഇപ്പോൾ ചെന്നൈ കോർപ്പറേഷൻ അംഗമാണ്. ഇതെല്ലാം കാട്ടി പ്രാദേശിക നേതാക്കളിലും അണികളിലും ആത്മവിശ്വാസം സൃഷ്ടിച്ചാവും തുടർനീക്കങ്ങൾ. അസമിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ശക്തമായി ഇടപെടുന്നുണ്ട്.
കേന്ദ്ര സർവകലാശാലകളിലെ എം.എസ്.എഫ് മുന്നേറ്റവും ജീവകാരുണ്യ പ്രവർത്തനവും കലാപങ്ങളിലെ ഇരകൾക്ക് നിയമ, സാമ്പത്തിക സഹായം നൽകുന്ന യൂത്ത് ലീഗിന്റെ ശൈലിയും അനുകൂലമാകുമെന്നാണ് പ്രതീക്ഷ.
ഇന്ന് രാവിലെ 10ന് കലൈവാണർ അരംഗം ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം കേന്ദ്രത്തിൽ ബി.ജെ.പിയെ നേരിടാൻ വിശാല മതേതര സഖ്യം വേണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെടും. കോൺഗ്രസിനെ ഉൾപ്പെടുത്താത്ത മൂന്നാം മുന്നണി മതേതര ചേരിയുടെ ശക്തി ചോർത്തി ബി.ജെ.പിക്ക് വിജയം നൽകുമെന്നും ചൂണ്ടിക്കാട്ടും. ലീഗിന്റെ ദേശീയസ്വാധീനം ചെറുതെന്ന് കരുതാതെ യു.പി.എയിൽ കൂടുതൽ മതേതര കക്ഷികളെ ചേർക്കാൻ മുന്നിട്ടിറങ്ങും. മലബാർ പാർട്ടിയെന്ന വിമർശനത്തെ പ്രതിരോധിക്കും.
സമാപന സമ്മേളനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സാന്നിദ്ധ്യം മറ്റ് സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളുമായി ലീഗിന്റെ സഖ്യസാദ്ധ്യതയ്‌ക്ക് ശക്തിയേകുമെന്നാണ് വിലയിരുത്തൽ
സമൂഹ വിവാഹത്തോടെ തുടക്കം
ചെന്നൈ: മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലിയാഘോഷത്തിന് റോയൽപുരത്തെ റംസാൻ മഹലിൽ തമിഴ്‌നാട് കെ.എം.സി.സി സംഘടിപ്പിച്ച സമൂഹ വിവാഹത്തോടെ തുടക്കമായി. 75 ജോഡികളിൽ 17 ജോഡികളുടെ വിവാഹം ഇന്നലെ നടന്നു. തമിഴ്‌നാട് ഗവൺമെന്റ് മുഖ്യ ഖാസി മുഫ്തി ഡോ.മുഹമ്മദ് സലാഹുദ്ദീൻ അയ്യൂബ് കാർമ്മികനായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എല്ലാ ജനങ്ങളുടെയും വെളിച്ചവും ശബ്ദവുമാവുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം.ഖാദർ മൊയ്തീൻ അദ്ധ്യക്ഷനായി. ജാതി,മത ഭേദമില്ലാതെ മനുഷ്യനെ ഒന്നായി കാണുന്ന രാഷ്ട്രീയമാണ് ലീഗിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൾ വഹാബ്, അബ്ദുസമദ് സമദാനി, നവാസ് ഖനി, കെ.എ.എം അബൂബക്കർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |