SignIn
Kerala Kaumudi Online
Friday, 26 April 2024 9.33 AM IST

ബ്രഹ്മപുരം ഓർമ്മിപ്പിക്കുന്നു പ്ളാസ്റ്റിക്കിന്റെ അന്തകമുഖം

brahmapuram

ബ്രഹ്മപുരത്ത് തീപിടിത്തം ഒരാഴ്ച പിന്നിടുന്നു. ഏക്കർ കണക്കിനുള്ള പ്രദേശത്ത് പരന്നുകിടക്കുന്ന ഇരുപതടി വരെ ഉയരമുള്ള മാലിന്യക്കൂമ്പാരങ്ങളുടെ അടിയിൽ ഓക്‌സിജന്റെ അഭാവത്തിലുള്ള വിഘടനപ്രക്രിയകളാണ് ( Anaerobic Decomposition) സംഭവിക്കുന്നത്. രൂപം കൊള്ളുന്ന മീഥെയ്ൻ വാതകം ജ്വലനത്തെ ത്വരിതപ്പെടുത്തും. അതുകൊണ്ടാണ് ദിവസങ്ങൾ പരിശ്രമിച്ചിട്ടും തീ പൂർണമായും അണയ്ക്കാനാവാത്തത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിപ്പുകഞ്ഞു നഗരം മുഴുവൻ വ്യാപിക്കുമ്പോൾ അതിന്റെ ഭവിഷ്യത്ത് എന്തായിരിക്കും? ഒപ്പം പ്ളാസ്റ്റിക് എന്ന ഭീകരന്റെ അന്തകമുഖത്തെക്കുറിച്ച് ഒരോർമ്മപ്പെടുത്തലാണ് ബ്രഹ്മപുരത്തെ തീയും പുകയും.


പൂർണമായി കത്താതെ അവശേഷിക്കുന്ന കാർബൺ ഘടകങ്ങളാണ് പുകയായി അന്തരീക്ഷത്തിൽ വ്യാപിക്കുന്നത്. ബ്രഹ്മപുരത്ത് തീ ഏറ്റവുമധികം ശക്തമായി പടർന്ന കഴിഞ്ഞ ഞായറാഴ്ച, വൈറ്റിലയിലെ പാർട്ടിക്കുലേറ്റ് മാറ്റർ (പൊടിപടലങ്ങളുടെ സൂക്ഷ്മകണങ്ങൾ) 2.5 ന്റെ മൂല്യം 441 ആയിരുന്നു. അനുവദനീയമായ അളവിന്റെ ആറിരട്ടിയിൽ അധികമാണിത്. ഈ വാതകം ശ്വസിക്കുന്നത് ആരോഗ്യമുള്ളവരിൽ പോലും ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കാം. പാർട്ടിക്കുലേറ്റ് മാറ്റർ 10 ന്റെ അളവും കൂടുതലാണ്. 333 വരെ അത് ഉയർന്നു. ശ്വസനപ്രക്രിയയിലൂടെ പാർട്ടിക്കുലേറ്റ് മാറ്റർ ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്കാണ് എത്തുന്നത്. കുട്ടികളെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക. ചുമ, ശ്വാസതടസം, കണ്ണുകൾക്ക് അസ്വസ്ഥത, ഒപ്പം മുതിർന്നവരിൽ വന്ധ്യത എന്നിവ ഉണ്ടായേക്കാം.


പുകയ്‌ക്കുള്ളിലെ

മാരക വിപത്ത്
ലോകാരോഗ്യസംഘടനയുടെ വെബ്‌സൈറ്റിൽ കാൻസറുണ്ടാക്കുന്ന കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി പ്രാധാന്യത്തോടെ നൽകിയിരിക്കുന്നവയാണ് പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന വാതകങ്ങൾ. ഡയോക്‌സിൻസ് (Dioxins), ഫുറാൻ (Furans), മെർക്കുറി (Mercury), സൾഫ്യൂരിക് ആസിഡ്, സൾഫർ ഡയോക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് എന്നിങ്ങനെ സസ്യങ്ങളെയും മൃഗങ്ങളെയും ഒരുപോലെ അപകടത്തിലാക്കുന്ന മാരകമായ വാതകങ്ങളാണ് പ്ലാസ്റ്റിക് കത്തിക്കുമ്പോൾ അന്തരീക്ഷത്തിലെത്തുന്നത്. പ്ലാസ്റ്റികിൽ അടങ്ങിയിരിക്കുന്ന സ്റ്റെറിൻ(Styrene) ശ്വസിക്കുന്നത് ശ്വാസകോശ കാൻസറിന് കാരണമാകുന്നു. പി.വി.സി പോലെയുള്ള ഓർഗാനിക് ക്‌ളോറിൻ പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഏറ്റവും മാരകമായ ഡയോക്‌സിനുകൾ ഗർഭിണികളുടെ ശരീരത്തിലെ കൊഴുപ്പുകളിൽ കെട്ടിക്കിടക്കുകയും അമ്മയുടെ ശരീരത്തിൽ നിന്ന് ഗർഭസ്ഥശിശുവിലേക്ക് എത്തുകയും ചെയ്യും.
വെള്ളത്തിലൂടെ ചെടികളിലും ഫലങ്ങളിലും അതുവഴി മനുഷ്യശരീരത്തിലുമെത്തും. ബ്രഹ്മപുരം കത്താൻ തുടങ്ങിയിട്ട് എട്ടുദിവസമാകുമ്പോൾ എത്രയധികം ഡയോക്‌സിനുകളും കാർബൺ മോണോക്‌സൈഡും അന്തരീക്ഷത്തിൽ വ്യാപിച്ചെന്നും അവ എത്ര മനുഷ്യരുടെ ശരീരത്തിൽ എത്തിയിട്ടുണ്ടാകുമെന്നും ഊഹിക്കാമല്ലോ.

നാളെകൾ

ആശങ്കയുടേതോ?
ഉണങ്ങിയ ഇലകൾ കത്തുമ്പോഴുണ്ടാകുന്ന കാർബൺ ഡയോക്‌സൈഡ്, സൾഫർ ഡയോക്‌സൈഡ് എന്നിവപോലും അപകടമാവുന്ന സാഹചര്യത്തിൽ ടൺ കണക്കിന് പ്ലാസ്റ്റിക് കത്തുന്നത് ഒരുപക്ഷേ ഇന്ന് മാത്രമല്ല, നാളെകളെപ്പോലും ബാധിച്ചേക്കാം. പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന രാസപദാർത്ഥങ്ങളെല്ലാം ഒരു തലമുറയിൽ മാത്രം ഒതുങ്ങി നിൽക്കില്ല. ഡയോക്‌സിൻ പോലെയുള്ളവ പൊക്കിൾക്കൊടിയിലൂടെ അടുത്ത തലമുറയിലേക്കുകൂടി കടക്കുമ്പോൾ ഇനി എത്ര തലമുറകൾ ഈ വലിയ പ്രശ്‌നത്തിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുമെന്ന് ഇപ്പോൾ പറയാനാവില്ല. ചുരുക്കിപ്പറഞ്ഞാൽ, ഇപ്പോൾ ബ്രഹ്മപുരത്തുണ്ടായ ഈ പ്രശ്‌നങ്ങൾ പ്ലാസ്റ്റിക് എരിഞ്ഞുതീരുന്നതോടെ അവസാനിക്കുമെന്ന് ഉറപ്പിച്ചുപറയാനാവില്ല.

പരിഹാരങ്ങൾ
പരിഹാരങ്ങൾ താത്‌കാലികമാണെങ്കിലും, ജീവനോളംതന്നെ വിലയുള്ള ജാഗ്രത നാം ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതുണ്ട്. പ്ളാസ്‌റ്റിക് പുകയുള്ള സാഹചര്യത്തിൽ എൻ 95 മാസ്‌ക് കൊവിഡ് കാലത്തെന്നപോലെ നാം കൃത്യമായി ഉപയോഗിക്കണം. പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന പുക ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയും പ്രായമായവരെയുമാണ്. ഗർഭിണി​കളിൽ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. രണ്ടുനേരം കുളിക്കുന്നതും, ഇടയ്‌ക്കിടെ മുഖം കഴുകുന്നതും ശീലമാക്കുക.

ബ്രഹ്‌മപുരത്തു നിന്നുള്ള പ്ളാസ്‌റ്റിക് പുകയുടെ ഗന്ധം പടരുന്ന, പുക വന്നെത്താൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ രാവിലെ നടക്കാൻ പോകുന്നതും, പുറത്തു വ്യായാമം ചെയ്യുന്നതും ഒഴിവാക്കുക. വീടുകളുടെ ജനാലയും, വാതിലുകളും തൽക്കാലം അടഞ്ഞുതന്നെ കിടക്കട്ടെ. ബ്രഹ്മപുരത്തെ പ്രശ്‌നങ്ങൾ അവസാനിക്കുന്നതുവരെ എ.സി​കൾ റീസർക്കുലേറ്റ് മോഡിൽ മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക. കുട്ടികളെ തൽക്കാലം പുറത്തു കളിക്കാനും വിടേണ്ടതില്ല.
ബ്രഹ്മപുരവും പ്ലാസ്റ്റിക് പുകയും മറ്റൊരു എൻഡോസൾഫാൻ സമാനമായ പ്രതിസന്ധിയിലേക്ക് നമ്മെ തള്ളിവിടുമോ എന്ന ആശങ്ക ജനങ്ങളിലുണ്ട്. പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു അത്രമേൽ ബോധവാന്മാരല്ലാത്തതിനാലാണോ എന്നറിയില്ല നമ്മുടെ ജാഗ്രതയും മുൻകരുതലുകളും വേണ്ടത്ര ശക്തമല്ല. എന്നാൽ, അതിന്റെ ദൂരവ്യാപകപ്രത്യാഘാതങ്ങൾ ഇനിയും മനസിലാക്കിയില്ലെങ്കിൽ നമ്മുടെ നാളെകൾ അത്ര ശോഭനമായിരിക്കുമെന്ന് കരുതുകവയ്യ.

(കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TOXIC FACE OF PLASTIC
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.