പകയും വൈരാഗ്യവുമൊക്കെ സാധാരണ മനുഷ്യരുടെ ജീവിതത്തിൽ പതിവുള്ളതാണ്. എന്നാൽ സകല മനുഷ്യരുടെയും സംരക്ഷണച്ചുമതലയുള്ള ഭരണകൂടം സാധാരണ മനുഷ്യരെപ്പോലെ പെരുമാറാൻ തുടങ്ങിയാൽ എന്തുചെയ്യും? കടലാസിലെങ്കിലും ഇപ്പോഴും സാങ്കേതിക യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി തുടരുന്ന ഡോ. സിസ തോമസിനോട് സർക്കാർ ഇത്രമാത്രം ക്രൂരത കാണിക്കാൻ കാരണമെന്താണ്? ഗവർണർ - സർക്കാർ പോരിൽ അവർ സർക്കാരിനൊപ്പം നിന്നില്ല എന്നതാണ് കാരണമെന്ന് വളരെ വ്യക്തമാണ്. അതുകൊണ്ടാണ് സർവീസിൽനിന്നു വിരമിക്കാൻ കേവലം 20 ദിവസം മാത്രമുള്ളപ്പോൾ സാങ്കേതിക സർവകലാശാലാ വി.സി പദം ഏറ്റെടുത്തതിന്റെ പേരിൽ അവർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‌കിയത്. സർവീസ് അവസാനിക്കുമ്പോൾ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ വൈകിപ്പിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നും വളരെ വ്യക്തമാണ്.
സാങ്കേതിക സർവകലാശാലാ വി.സി പദവിയിൽനിന്ന് കുറച്ചുദിവസം മുമ്പേ അവരെ താഴെയിറക്കിയിരുന്നു. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവു പ്രകാരം അവർക്ക് തിരുവനന്തപുരത്തു തന്നെ പകരം നിയമനം നല്‌കേണ്ടിവന്നു. അങ്ങനെയാണ് ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലായി അവരെ കുടിയിരുത്തിയത്. വി.സി നിയമനത്തിലെന്നപോലെ പ്രിൻസിപ്പൽ നിയമനവും സർക്കാരിന്റെ ഇംഗിതത്തിന് എതിരായിരുന്നു. സാങ്കേതിക സർവകലാശാലാ വി.സി സ്ഥാനം ഏറ്റെടുക്കുമ്പോൾ ഡോ. സിസ തോമസ് സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടർ പദവിയിലായിരുന്നു. ചാൻസലറായ ഗവർണറാണ് അവരെ താത്‌കാലിക വി.സിയായി നിയമിച്ചത്. വി.സി നിയമനങ്ങളെച്ചൊല്ലി ഗവർണറും സർക്കാരും പൊരിഞ്ഞ പോരിലായിരുന്ന കാലത്തുനടന്ന ഈ നിയമനത്തെത്തുടർന്നുളവായ ഭൂകമ്പം നാട്ടുകാർക്കെല്ലാം അറിയാം. വി.സിയായി ചാർജെടുത്ത ഡോ. സിസയെ തീർത്തും ഒറ്റപ്പെടുത്താനാണ് സർക്കാർ ആഭിമുഖ്യമുള്ള സർവീസ് സംഘടനകൾ ഉദ്യമിച്ചത്. എന്തുവന്നാലും ഏല്പിച്ച ചുമതല നിറവേറ്റുമെന്ന ദൃഢനിശ്ചയവുമായി മുന്നോട്ടുപോയ വി.സിക്ക് മുന്നിൽ ഒടുവിൽ ജീവനക്കാർക്കും വഴങ്ങേണ്ടിവന്നു. അതുവരെ മുടങ്ങിക്കിടന്ന പലതും നേരെയാക്കാനും കെട്ടിക്കിടന്ന എൻജിനിയറിംഗ് ബിരുദ സർട്ടിഫിക്കറ്റുകൾ ഘട്ടംഘട്ടമായി നല്‌കാനും ഡോ. സിസ കഠിനാദ്ധ്വാനം ചെയ്തു. നൂറുകണക്കിന് കുട്ടികളുടെ ഭാവിയാണ് ഇതിലൂടെ സുരക്ഷിതമാക്കിയത്. ഒരിടത്തുനിന്നും നല്ല വാക്കുകളൊന്നും ലഭിച്ചില്ലെങ്കിലും എൻജിനിയറിംഗ് വിദ്യാർത്ഥികളെങ്കിലും അവരെ എന്നും നന്ദിയോടെ സ്‌മരിക്കുമെന്നതിൽ സംശയമൊന്നുമില്ല.
ഭരണത്തലവനായ ഗവർണറുടെ ഉത്തരവ് മാനിച്ച് വി.സി പദം ഏറ്റെടുത്തതിനപ്പുറം അവർ വലിയ പാതകമൊന്നും ചെയ്തിട്ടില്ല. വി.സിയായി സ്ഥാനമേൽക്കും മുമ്പ് എന്തുകൊണ്ട് സർക്കാരിന്റെ അനുമതി വാങ്ങിയില്ലെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ ആരാഞ്ഞിട്ടുള്ളത്. പതിനഞ്ചു ദിവസത്തിനുള്ളിൽ സ്വീകാര്യമായ മറുപടി നല്‌കുന്നില്ലെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നാണ് ഇണ്ടാസ്. അച്ചടക്ക നടപടിയെന്നാൽ വിരമിക്കുന്നതിനു തൊട്ടുതലേന്നത്തെ തീയതി വച്ച് സസ്‌പെൻഷൻ ഉൾപ്പെടെ എന്തുമാകാം. വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെ സർവതും തടഞ്ഞുവയ്ക്കാൻ അതു ധാരാളം. സർവീസിലിരിക്കുന്ന കുബുദ്ധികളും സർക്കാരിലെ പ്രതികാരദാഹികളും ചേർന്നു നടത്തുന്ന ഈ തരംതാണ കുത്സിത പ്രവൃത്തി നീതിപീഠത്തിനു മുമ്പിലെത്തിയാൽ ചെയ്തവർക്കുതന്നെ വിനയാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല.
ഡോ. സിസ സാങ്കേതിക വി.സിയായി ചുമതലയേറ്റിട്ട് ഏതാണ്ട് അഞ്ചു മാസമായി. ഇത്രകാലവും അതിൽ അച്ചടക്കരാഹിത്യം കാണാതിരുന്നവർ ഇപ്പോൾ പൊടുന്നനെ അത് ഓർത്തതും കാരണം കാണിക്കൽ നോട്ടീസ് നല്‌കിയതും ഗർഹണീയമാണ്. വിരമിക്കൽ തീയതിക്കു തൊട്ടുമുൻപ് ഇരയെ പരമാവധി ബുദ്ധിമുട്ടിക്കുകയും മാനസികമായി തളർത്തുകയും ചെയ്യുക എന്നതിനപ്പുറം വേറെ ലക്ഷ്യമൊന്നുമില്ലെന്നു വ്യക്തം. ഗവർണറുമായുള്ള പോരിൽ ഉദ്യോഗസ്ഥയെ ബലിയാടാക്കേണ്ട കാര്യമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |