ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ പ്രതികരണവുമായി നടി മഞ്ജു വാര്യർ. ദുരവസ്ഥ എന്ന് തീരുമെന്നറിയാതെ നീറിപ്പുകയുകയാണ് കൊച്ചിയെന്ന് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാർട്ട് ആയി മടങ്ങി വരുമെന്നും മഞ്ജു പറയുന്നു.
രമേഷ് പിഷാരടിയും സംഭവത്തിൽ പ്രതികണവുമായി രംഗത്തുവന്നിരുന്നു, തീപിടിത്തത്തിൽ കണ്ണെരിഞ്ഞും ചുമച്ചും ശ്വാസംമുട്ടിയും ചൊറിഞ്ഞ് തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്ടനസിനോട് അനുതാപമാണ് എന്നാണ് പിഷാരടി കുറിച്ചത്.
അതേസമയം ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ മാലിന്യ പുകയെ ചെറുക്കാനായി കൊച്ചി നിവാസികൾ മാസ്ക് നിർബന്ധമായി ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വിഷപ്പുക ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാനാണ് നടപടി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികളടക്കം മാസ്ക് ധരിക്കാനാണ് നിർദേശം. നിലവിൽ എത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും വീണാ ജോർജ് അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |