SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.11 PM IST

ബ്രഹ്മപുരം തീപിടിത്തം,​ ദുരിത ബാധിതർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കെ സുധാകരൻ,​ വസ്തുതാപരിശോധന സമിതി രൂപീകരിച്ച് കോൺഗ്രസ്

Increase Font Size Decrease Font Size Print Page
brahmapuram

തിരുവനന്തപുരം : ബ്രഹ്മപുരം തീപിടിത്തം തലമുറകൾ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്ന സാഹചര്യത്തിൽ ദുരന്തബാധിതർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം. പി ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോൾ പുറത്തെത്തുന്ന വിഷവസ്തുക്കൾ ഉണ്ടാക്കുന്ന ആരോഗ്യപാരിസ്ഥിതിക പ്രശ്നങ്ങൾ ഗുരുതരമാണ്. തീപിടിത്തത്തെ തുടർന്ന് ഉണ്ടായ പ്രത്യാഘാതങ്ങൾ എന്തെല്ലാമാണെന്ന് ഇതുവരെ നിർണയിക്കാനായിട്ടില്ല. മനുഷ്യന്റെ ശ്വസനവ്യവസ്ഥയേയും നാഡീവ്യൂഹത്തേയും ഭാവിതലമുറയേയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾക്ക് കാരണമായേക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. അർബുദം, ഹൃദ്രോഗം, ത്വഗ്രോഗങ്ങൾ, വന്ധ്യത, ആസ്തമ, ഗർഭസ്ഥശിശുക്കളിൽ വൈകല്യം എന്നിവയ്ക്കും കാരണമാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഭോപ്പാൽ വിഷവാതക ദുരന്തത്തിന് സമാനമായ സാഹചര്യമാണ് ബ്രഹ്മപുരം തീപിടിത്തവും. ഇതിന് ഉത്തരവാദി സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ വകുപ്പും കൊച്ചി നഗരസഭയുമാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ബ്രഹ്മപുരം പ്രദേശവാസികൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും ഉത്തരവാദിത്തവും സംസ്ഥാന സർക്കാരിനുണ്ടെന്നും സുധാകരൻ പറഞ്ഞു.

അതേസമയം ബ്രഹ്മപുരം മാലിന്യ തീപിടിത്തവുമായി ബന്ധപ്പെട്ട വസ്തുതാപരിശോധന സമിതിക്ക് കെ.പി.സി.സി രൂപം നൽകി. എട്ടംഗങ്ങളാണ് സമിതിയിലുള്ളത്. എം.പിമാരായ ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ, എം.എൽ.എമാരായ ടി.ജെ.വിനോദ്, ഉമാ തോമസ്, പരിസ്ഥിതി പ്രവർത്തകനും ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാനുമായ ഡോ.ഉമ്മൻ വിയ ഉമ്മൻ, ജൈവവൈവിധ്യ ബോർഡ് മുൻ സെക്രട്ടറി പ്രൊഫ. ലാലാ ദാസ്,​ ജൈവ രസതന്ത്രജ്ഞൻ ഡോ.സി.എൻ. മനോജ് പെലിക്കൻ, യു.എൻ ആരോഗ്യവിദഗ്ദ്ധനായിരുന്ന ഡോ.എസ്.എസ് . ലാൽ തുടങ്ങിയവരാണ് സമിതി അംഗങ്ങൾ . വരും ദിവസങ്ങളിൽ ഈ സമിതി ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദർശിക്കുകയും തീപിടിക്കാനുണ്ടായ സാഹചര്യം പരിശോധിക്കുകയും
പാരിസ്ഥിതിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച് സമഗ്രമായ പഠനം നടത്തുകയും പരിഹാരമാർഗങ്ങളടങ്ങുന്ന വിശദമായ റിപ്പോർട്ട് കെ.പി.സി.സിക്ക് കൈമാറുകയും ചെയ്യുമെന്നും കെ.സുധാകരൻ പറഞ്ഞു.

TAGS: BRAHMAPURAM, BRAHMAPURAM FIRE, KPCC, CONGRESS, K SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY