SignIn
Kerala Kaumudi Online
Friday, 29 March 2024 10.11 AM IST

രാഷ്ട്രീയകേരളത്തെ വലയ്ക്കുന്ന കറുത്ത പുകകൾ

vivadavela

കേരള രാഷ്ട്രീയാന്തരീക്ഷമാകെ പുകപടലങ്ങളാൽ അസ്വസ്ഥമാണ്. ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീ ഇനിയും അണഞ്ഞിട്ടില്ല. അങ്ങേയറ്റത്തെ ഗുരുതരമായ അവസ്ഥയെ അഭിമുഖീകരിക്കുകയാണ് കൊച്ചിനിവാസികൾ. ഒരു ജനതയാകെ രോഗാതുരരാകുന്നു. പലരും ശ്വാസംമുട്ടി ആശുപത്രികളിലാകുന്നു. ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടിയിട്ടതിനകത്ത് പിടിച്ച തീ കടുത്ത വിഷവാതകം വമിപ്പിക്കുകയാണ്. പത്ത് ദിവസത്തിലധികമായിട്ടും തീ അണയ്ക്കാനായിട്ടില്ല. മാലിന്യസംസ്കരണ കരാറിനെ കറവപ്പശുവാക്കി കൊണ്ടുനടന്ന കക്ഷിഭേദമെന്യേയുള്ള രാഷ്ട്രീയനേതൃത്വങ്ങൾക്ക് ജനങ്ങളെ പുല്ലുവിലയാണെന്ന് പോലും സംശയം തോന്നും. സർക്കാരിന്റേതും വളരെ നിസാരമട്ടിലുള്ള സമീപനമാണെന്നത് അത്യന്തം പ്രതിഷേധാർഹവും ആശങ്കാജനകവുമായി കേരളജനത കാണുന്നു.

മന്ത്രിമാരൊക്കെ യോഗങ്ങൾ വിളിക്കുകയും പല നടപടികളും പ്രഖ്യാപിക്കുകയും മറ്റും ചെയ്യുന്നുണ്ട് എന്നല്ലാതെ കൊച്ചിയെ ആരോഗ്യമുള്ള കൊച്ചിയായി മടക്കിക്കൊണ്ടുവരാൻ ഇനിയും കഴിഞ്ഞിട്ടില്ല. എല്ലാം വിഷപ്പുകയിൽ മാഞ്ഞുപോകുന്നു. ശൈത്യകാലത്ത് ഡൽഹിയിലെ അന്തരീക്ഷം വിഷമയമാകുന്നതിനേക്കാൾ ഭീകരമായിട്ടാണ് ഒരു കാരണവുമില്ലാതെ ഇപ്പോൾ കൊച്ചി അങ്ങനെയായിരിക്കുന്നത്. കരാറുകാരനെ പഴിക്കുന്നു ചിലർ. കരാറുകാരനെയും ഉപകരാറുകാരനെയും പഴിപറയുന്നു. കക്ഷിരാഷ്ട്രീയബന്ധങ്ങൾ ആരോപിച്ച് വിഴുപ്പലക്ക് തുടരുന്നു. കേരളം അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്ന കാര്യത്തിൽ വളരെ ഉന്നതിയിലാണെന്ന് ഒരുളുപ്പുമില്ലാതെ വീമ്പടിക്കുന്ന രാഷ്ട്രീയനേതാവിന്റെ വീഡിയോപ്രസംഗവും സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾമഴ ഏറ്റുവാങ്ങിക്കൊണ്ട് മുന്നേറുന്നുണ്ട്. എന്തെല്ലാം കാണണം!

ഒരു പരിധിവരെ ഈ ദുരന്തത്തിന് ജനങ്ങളും കാരണക്കാരാണ്. തന്റെ വീട്ടിലെ മാലിന്യം തന്റെ ഉത്തരവാദിത്വമാണെന്ന ചിന്താഗതി സ്വാർത്ഥമതികളായ നഗരവാസികൾക്ക് ആർക്കുമില്ല. കൊച്ചിയിലെ മാത്രം കാര്യമല്ല, തിരുവനന്തപുരത്തായാലും തൃശൂരിലായാലും കോഴിക്കോട്ടായാലും മറ്റെവിടെയായാലും ഇതുതന്നെ അവസ്ഥ.

തിരുവനന്തപുരം നഗരസഭ ഉറവിട മാലിന്യം അതിഭംഗിയായി കൊണ്ടുപോകുന്നു എന്ന് പലരും മേനി പറയുന്നുണ്ട്. ഈ പറച്ചിലിനെ നോക്കി കൊഞ്ഞനം കുത്തുന്ന കാഴ്ചകാണാൻ നിങ്ങൾ നഗരപ്രാന്തങ്ങളിലേക്ക് ചെന്നാൽ മതി. നഗരസഭാ പരിധിയിൽ തന്നെ വരുന്ന പല പ്രദേശങ്ങളിലും മാലിന്യം ചാക്കുകെട്ടുകളിലും പ്ലാസ്റ്റിക് കെട്ടുകളിലുമാക്കി വലിച്ചെറിഞ്ഞ കാഴ്ച കാണാം. പുഴുവും പട്ടിയും എലിയും കാക്കയുമെല്ലാം അവയിൽക്കിടന്ന് വെരകും. വേറെ ചിലയിടങ്ങളിൽ പെട്ടെന്നൊരു ദിവസം വലിയ പ്ലാസ്റ്റിക് മാലിന്യക്കെട്ടുകൾ പ്രത്യക്ഷപ്പെടുന്നത് കാണാം. രണ്ട് ദിവസം കൊണ്ട് അതിന് വലിപ്പം കൂടും. മൂന്നാമത്തെയോ നാലാമത്തെയോ ദിവസമാകുമ്പോൾ രാത്രിയുടെ ഏതോ മറവിൽ, അല്ലെങ്കിൽ അതിരാവിലെ ആ മാലിന്യം തള്ളിയ കൂട്ടർ വന്ന് തീയിടും. അതിന്റെ വിഷപ്പുക ശ്വസിച്ച് പ്രഭാതസവാരി നടത്തുന്നവരുണ്ട്. അവരറിയുമോ പ്രഭാതത്തിൽ ശുദ്ധവായുവിന് പകരം വിഷവായുവാണ് വലിച്ചുകയറ്റുന്നത് എന്ന്. വാർഡ് കൗൺസിലർമാർ പലരും ജാഗ്രത പുലർത്താതിരിക്കുമ്പോൾ ഇത് സംഭവിക്കും. വീടുകളിലെ ഉറവിട മാലിന്യസംസ്കരണത്തിന് കിച്ചൺബിൻ സംവിധാനം നഗരസഭ ആവിഷ്കരിച്ചെങ്കിലും പലർക്കും അതിലിടാനാവശ്യമായ ചകിരിച്ചോർ പോലുള്ള വസ്തുക്കൾ വിതരണം ചെയ്യുന്നതിലുണ്ട് അനാസ്ഥ. പ്ലാസ്റ്റിക് മാലിന്യശേഖരണത്തിന് നഗരസഭയുടെ തന്നെ ഹരിതകർമസേനക്കാർ വീടുകളിൽ വരുമ്പോൾ മാസം തോറും 100 രൂപ കൊടുക്കാനുള്ള മടി കാരണം പ്ലാസ്റ്റിക് ശേഖരം കൈമാറാത്ത വീട്ടുകാരെ തിരുവനന്തപുരത്തെ മിക്ക റസിഡന്റ്സ് അസോസിയേഷനുകളിലും കാണാം. എന്നാൽ നൂറുരൂപയ്ക്ക് പകരം എത്ര രൂപകൾ പൊടിച്ചും ആർഭാടത്തിന് അവരാരും മടി കാട്ടാറുമില്ല. എന്നിട്ട് ഈ പ്ലാസ്റ്റിക്കൊക്കെ കൂട്ടിയിട്ട് കത്തിക്കും. സമീപവാസികൾ വിഷപ്പുക ശ്വസിച്ചുകൊള്ളണം.

ഇതൊക്കെ മനുഷ്യരുടെ മനോനിലയും അവസ്ഥയുമാണ്. കൊച്ചിയിലും ഇങ്ങനെ ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ലെന്ന് പറയുന്നുണ്ട്. വിഷവായു തിന്ന് ജീവിക്കുന്ന ജനത വീടുകൾക്ക് പുറത്തിറങ്ങാൻ വയ്യാതെ നരകിക്കുകയാണ് കൊച്ചിയിൽ. അഴിമതിയുടെ പുകപടലങ്ങൾ അന്തരീക്ഷത്തിൽ പരക്കുമ്പോൾ രാഷ്ട്രീയനേതൃത്വങ്ങൾക്ക് പരസ്പരം കാണാനാവുന്നില്ല. എങ്ങും പുകതന്നെ പുക.

ബ്രഹ്മപുരം കത്തുന്നതിനിടയിൽ തന്നെയാണ് മറ്റൊരു പുക ബംഗളൂരുവിന്റെ ആകാശത്ത് പരന്നത്. ആ പുക കത്തിച്ചുവിട്ടത് നമ്മുടെ സ്വർണക്കടത്ത് കേസിലെ പ്രതിയായ വിവാദനായിക സ്വപ്ന സുരേഷാണ്.

സ്വപ്നപ്പുക

സ്വപ്ന കത്തിച്ചുവിട്ട തീ കേരള രാഷ്ട്രീയന്തരീക്ഷത്തിൽ പുതിയ പുകപടലം സൃഷ്ടിച്ചിരിക്കുന്നു. പുകമയമാണ് കാര്യം. ഒന്നും തെളിയുന്നില്ല. സ്വപ്ന പറയുന്നത് വിജേഷ് പിള്ള എന്നു പറയുന്ന വ്യക്തി മുഖ്യമന്ത്രിക്കും സി.പി.എമ്മിനും വേണ്ടിയുള്ള ഇടനിലക്കാരനായി വന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ്. 30 കോടിയാണ് മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണം പിൻവലിക്കാനുള്ള വാഗ്ദാനമെന്നും അതുംകൊണ്ട് കേരളം വിടണമെന്നും പറഞ്ഞുവത്രേ. മറ്റൊന്ന് അനുസരിച്ചില്ലെങ്കിൽ ആയുസിന് ബലമുണ്ടാവില്ലെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ ഭീഷണിപ്പെടുത്തി എന്നാണ്.

കേൾക്കുമ്പോൾ ഏതോ ഒരു തട്ടുപൊളിപ്പൻ മസാലസിനിമയെ അനുസ്മരിപ്പിക്കുന്ന കഥയായിട്ടാണ് അനുഭവപ്പെടുന്നത്. വിജേഷ് പിള്ള എന്നയാൾ ഇതിന് മറുപടി പറഞ്ഞത് അദ്ദേഹം സ്വപ്നയെ പോയിക്കണ്ട് സംസാരിച്ചെന്നും അത് വെബ് സീരീസ് നിർമാണവുമായി ബന്ധപ്പെട്ടാണെന്നുമാണ്. അല്ലാതെ ഭീഷണിപ്പെടുത്തിയിട്ടില്ല. സ്വപ്ന കള്ളക്കഥ മെനയുകയാണെന്നാണ് വിജേഷ് പിള്ളയുടെ പക്ഷം.

ഈ വിജേഷ് പിള്ള ഒരു കള്ളനാണയമാണെന്ന് സിനിമാമേഖലയിലുള്ളവരടക്കം പലരും പറയുന്നു. സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത് തനിക്ക് അങ്ങനെയൊരാളെ അറിയുകയേ ഇല്ലെന്നാണ്. ആരോപണത്തിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും പറയുന്നു. പക്ഷേ സ്വപ്ന സുരേഷ് ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു. ബംഗളൂരു പൊലീസിൽ അവർ കേസുമായി പോയി. കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചതായി സ്വപ്ന തന്നെ വെളിപ്പെടുത്തി. ഇത് ഇങ്ങനെയൊരു പുകയായി തന്നെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന സ്ഥിതിയാണ്. വിജേഷ് പിള്ള ദുരൂഹതയുണർത്തുന്നു. സ്വപ്നയുടെ ആരോപണവും അതുപോലെ തന്നെ ദുരൂഹതയുണർത്താതിരിക്കുന്നില്ല. സ്വപ്ന മുമ്പ് ഉന്നയിച്ച ആരോപണങ്ങൾ പോലെയൊരു തീവ്രത ആളുകൾക്കിടയിൽ ഇതുയർത്തുന്നില്ല. എന്തോ ഒരു സംശയത്തിന്റെ പുക എവിടെയോ...

എം.വി. ഗോവിന്ദൻ മാസ്റ്ററുടെ പേര് പറഞ്ഞത് പോലെ,

മുഖ്യമന്ത്രിക്കെതിരെയും ആരോപണമുന്നയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പതിവുപോലെ ഗൗനിക്കുന്നില്ല. നേരിട്ടല്ല, വിജേഷ് പിള്ള മുഖ്യമന്ത്രിക്ക് വേണ്ടി 30 കോടി വാഗ്ദാനം ചെയ്‌തതെന്നാണ് സ്വപ്നയുടെ ആരോപണം. സ്വപ്നയെ ഇതുവരെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ലെങ്കിലും സ്വപ്നയുമായി ക്ലിഫ്ഹൗസിൽ കൂടിക്കാഴ്ചകൾ നടത്തിയിട്ടില്ല എന്നൊക്കെയുള്ള ആരോപണങ്ങൾ നേരത്തേ അദ്ദേഹം നിഷേധിച്ചിരുന്നു. യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ കോൺസുലേറ്റ് പ്രതിനിധികൾ വരുമ്പോൾ ഇവരും കൂടെ വന്നിട്ടുണ്ടാകുമല്ലോ എന്ന നിലയ്ക്കുള്ള മറുപടി മുഖ്യമന്ത്രി നേരത്തേ നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഗുരുതര ആരോപണങ്ങൾ പല ഘട്ടങ്ങളിൽ സ്വപ്ന ഉയർത്തിയിട്ടും മുഖ്യമന്ത്രി അതിനെതിരെ മാനനഷ്ടക്കേസിന് പോകാത്തതിനെയാണ് പ്രതിപക്ഷം സംശയമുനയോടെ നോക്കുന്നത്. അവരത് ആയുധമാക്കുകയുമാണ്. ഒരു കള്ളക്കടത്ത് കേസിലെ പ്രതി ഉയർത്തുന്ന ആരോപണങ്ങൾക്ക് എന്ത് വിലയെന്ന് ചോദിച്ചാണ് സി.പി.എം ആക്ഷേപങ്ങളെ തള്ളുന്നത്. മുഖ്യമന്ത്രിക്ക് ഇതിനെ ഗൗനിക്കാനല്ലേ നേരം എന്നും അവർ ചോദിക്കുന്നു.

കൗതുകകരമായ മറ്റൊരു കാര്യവും കൂടി ഇവിടെ പറയണം. സ്വപ്ന സുരേഷ് മൂന്ന് സി.പി.എം നേതാക്കൾ ലൈംഗികച്ചുവയോടെ സമീപിച്ചുവെന്ന ആരോപണമുയർത്തിയിരുന്നു. രണ്ടുപേർ മുൻ മന്ത്രിമാരും ഒരാൾ മുൻ സ്പീക്കറുമാണ്. ഇത്രയും ഗുരുതര ആരോപണമുന്നയിക്കപ്പെട്ടിട്ടും മൂന്നുപേരും അതിനെതിരെ നിയമനടപടിക്ക് പോകാത്തതെന്തേ എന്ന ചോദ്യം കൗതുകമുണർത്തുന്നത് തന്നെ. അവർക്ക് സ്വന്തം മാനത്തിന് വിലയില്ലേയെന്ന ചോദ്യമുയർത്തിയാണ് പ്രതിപക്ഷം പരിഹസിക്കുന്നത്. അവർക്ക് നിയമനടപടിക്ക് പോകാൻ സി.പി.എം അനുമതി നൽകിയതാണ്. എന്നിട്ടും പോകുന്നില്ല.

വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിലേക്ക് തദ്ദേശമന്ത്രിയായ തന്നെ വലിച്ചിഴച്ചപ്പോൾ മുൻമന്ത്രി എ.സി. മൊയ്തീൻ മുൻ എം.എൽ.എ അനിൽ അക്കരെയ്ക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്തതും എടുത്തുപറയണം.

കോൺഗ്രസിലും

പുകയോ?

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രമിരിക്കെ, സംസ്ഥാന കോൺഗ്രസിനകത്ത് ഉരുണ്ടുകൂടുന്ന തീ പാർട്ടിയുടെ അന്തരീക്ഷമാകെ പുക പരത്തുകയാണ്.

കേരളത്തിൽ അനുകൂല രാഷ്ട്രീയകാലാവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് യു.ഡി.എഫ് വിലയിരുത്തുകയും പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ മുഖ്യപാർട്ടിയായ കോൺഗ്രസിൽ സംഘടനാപ്രവർത്തനമാകെ നിർജീവാവസ്ഥയിലാണ്. പുനഃസംഘടന എങ്ങുമെത്തിയില്ല. കെ.പി.സി.സി അംഗത്വപട്ടികയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവരെച്ചൊല്ലി ഗ്രൂപ്പുകൾ തർക്കമുന്നയിക്കുന്നു. പലരും അസ്വസ്ഥരാണ്. ശശി തരൂരിന്റെ ബദൽ പ്രചരണപരിപാടികൾക്ക് നേതൃത്വം കൊടുത്ത എം.കെ. രാഘവൻ എം.പി പരസ്യമായി വെടിയുതിർത്തു. കോൺഗ്രസിൽ ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന സംസ്കാരമാണെന്ന് തുറന്നടിച്ച അദ്ദേഹത്തെ താക്കീത് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തെ പിന്തുണച്ച കെ. മുരളീധരനുമുണ്ട് ജാഗ്രതാ മുന്നറിയിപ്പ്. ഇതിനെതിരെയും ഇരുവരും രംഗത്ത് വന്നിട്ടുണ്ട്. അതായത്, താക്കീത് കൊണ്ടൊന്നും വഴങ്ങുന്ന പ്രശ്നമില്ലെന്ന സൂചനയാണിവർ നൽകുന്നത്.

കോൺഗ്രസിൽ നടക്കുന്ന സംഘട്ടനം പ്രവർത്തകരെയാകെ നിരാശരാക്കുന്നു. പാർട്ടിക്ക് മുകളിലുയർന്ന് പരക്കുന്ന വിവാദത്തിന്റെ കറുത്തപുകയിൽ അവർ ശ്വാസം കിട്ടാതെ അലയുകയാണ്. ബ്രഹ്മപുരം കാരണം കൊച്ചിക്കാർ അനുഭവിക്കുന്ന ദുരവ സ്ഥയുടെ വേറൊരു രൂപമായി വേണമെങ്കിൽ ഇതിനെയും വ്യാഖ്യാനിക്കാവുന്നതേയുള്ളൂ. ഇങ്ങനെ പോയാൽ കോൺഗ്രസ് എങ്ങനെ നന്നാവും?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.