തീപിടിച്ച റോമാനഗരത്തെ വീണവായിച്ചു സമാധാനിപ്പിച്ച മഹാനാണ് നീറോ ചക്രവർത്തിയെങ്കിൽ, പുകഞ്ഞുകത്തിയ കൊച്ചിക്ക് വിലപ്പെട്ട ഉപദേശങ്ങളിലൂടെ ധൈര്യം പകർന്ന ദീർഘദർശിയാണ് വീണeമന്ത്രി. തീയുള്ള സ്ഥലത്ത് രോഗാണുക്കൾ ഉണ്ടാകില്ലെന്നും നാറ്റമടിക്കാതിരിക്കാൻ കുന്തിരിക്കം പുകച്ചാൽ മതിയെന്നുമുള്ള നാട്ടറിവുകൾ ആറന്മുളക്കാരിയായ മന്ത്രിക്കുണ്ട്. മാലിന്യം കത്തിയുണ്ടായ വലിയ പുകയെ കുന്തിരിക്കത്തിന്റെ കൊച്ചുപുകയിലൂടെ നിഷ്പ്രഭമാക്കുന്ന വിദ്യ ആർക്കും പരീക്ഷിക്കാം. രോഗാണുക്കൾ പമ്പകടക്കും.
തീയുംപുകയും കണ്ട് പേടിക്കരുതെന്നും പുക കയറാതിരിക്കാൻ വായും മൂക്കും മൂടിക്കെട്ടണമെന്നും മന്ത്രി പറഞ്ഞത് ചിലർക്ക് അത്ര സുഖിച്ചില്ല. പുക കണ്ട് പേടിച്ചുകരഞ്ഞിട്ടോ വീട്ടിൽ നിന്നിറങ്ങി ഓടിയിട്ടോ കാര്യമുണ്ടോ. ഇല്ലേയില്ല. മനുഷ്യരായാൽ ഇത്തിരി ധൈര്യമൊക്കെ വേണം. കൊച്ചിക്കാർ പൊതുവേ 'ജിമ്മൻമാർ" ആയതിനാൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രിക്ക് അറിയാം. നാറ്റമടിച്ച് മൂക്കിലെ രോമം കരിഞ്ഞുപോയ ഒറ്റ കേസും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുമില്ല. ശ്വാസംമുട്ടോ മറ്റോ തോന്നിയാൽ ഒന്നാന്തരം ശ്വാസം കിട്ടാൻ സർക്കാർ ചെലവിൽ ശ്വാസ് ക്ലിനിക്കുംറെഡി. ഓട്ടോപിടിച്ചു ചെന്നാൽ മതിവരുവോളം വലിക്കാം, ഫ്രീയായി. ഹൃദയപക്ഷത്തെ യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള വീണസഖാവിനു മാത്രമേ ഇങ്ങനെചിന്തിക്കാൻ കഴിയൂ.
മനുഷ്യർ ഉള്ളിടത്തെല്ലാം മാലിന്യമുണ്ടാകും. ആളും ആർഭാടവും കൂടിയതോടെ മാലിന്യം കുന്നുകൂടി. പണ്ടൊക്കെ, ഇതു പ്ലാസ്റ്റിക് കവറുകളിലാക്കി റോഡിലേക്കോ അടുത്ത വേലിക്കപ്പുറത്തേക്കോ പറപ്പിക്കാമായിരുന്നു. സി.സി.ടി.വി കാമറകൾ വ്യാപകമായതോടെ പണിപാളി. പഴത്തൊലി വലിച്ചെറിഞ്ഞാലും കേസാകും. അങ്ങനെ ബിവറേജസ് കുപ്പികൾ ഉൾപ്പെടെ സകലതും കുമിഞ്ഞുകൂടി. ആയിരക്കണക്കിനു കുപ്പികളിൽ അവശേഷിച്ച തുള്ളികൾ ചേർന്നാൽത്തന്നെ ലിറ്ററുകണക്കിന് സ്പിരിറ്റായി. അടപ്പുകൾ ദ്രവിച്ച് ഇതു ചോർന്നതോടെ കോക്ടൈൽ വീര്യം നേടിയ ബ്രഹ്‌മപുരത്തെ മണ്ണും ഭൂഗർഭജലവും ദുർബല നിമിഷത്തിൽ പൊട്ടിത്തെറിച്ചതാണെന്ന പഠനറിപ്പോർട്ട് തയ്യാറാകുന്നതായാണ് വിവരം.
മോക്ഷം നേടി
കോഴിത്തലകൾ
ബ്രഹ്മപുരം നരകപുരമായെങ്കിലും മോക്ഷം കിട്ടാതെ കിടന്ന ലോഡുകണക്കിന് കോഴിത്തലകൾക്കും കാളത്തലകൾക്കും അഗ്നിപ്രവേശത്തിലൂടെ മോക്ഷംകിട്ടി. അനേകായിരം വയറന്മാരിൽ സ്വന്തം ശരീരം വിലയം പ്രാപിച്ചശേഷം ബാക്കിയായ പാവം തലകളാണിവ. ആത്മാവ് നഷ്ടപ്പെട്ട ശരീരങ്ങൾ അഗ്‌നിയിൽ ഹോമിക്കുന്നതാണ് ഭാരതീയ രീതിയെന്ന് സഖാക്കൾ വരെ പറയുന്നു.
തലയായാലും ശരീരമായാലും കത്തിയാൽ പുകയും മണവും വരുമെങ്കിലും സകല രോഗാണുക്കളെയും തീ ചാമ്പലാക്കുമെന്നതിനാൽ നോ പ്രോബ്ലം. ഒന്നാന്തരം ജൈവവളമായ ചാരമാക്കി വാഴയ്ക്കും റബറിനും കപ്പയ്ക്കുമിട്ടാൽ കാർഷികമേഖല പുഷ്ടിപ്പെടും. ഇതൊക്കെ മനസിലാകണമെങ്കിൽ ഇത്തിരിയെങ്കിലും വിവരവും വിവേകവും വേണം. അതുകൊണ്ട്, ആരെങ്കിലും തീയിട്ടാലും തനിയെ കത്തിയതാണെങ്കിലും ബ്രഹ്മപുരം വെടിപ്പായെന്ന നിഗമനത്തിലാണ് ബുദ്ധിജീവികൾ. പരസ്യമായി പറഞ്ഞാൽ തടികേടാകുമെന്നതിനാൽ മിണ്ടാത്തതാണ്. ഒച്ചയും ബഹളവും അടങ്ങുമ്പോൾ പഠനറിപ്പോർട്ടുകൾ പുറത്തുവരും.
ഇതെല്ലാം സഖാക്കളുടെ തലയിൽ വച്ചുകെട്ടാനാണ് പലരുടെയും പരിപാടി.
ബ്രഹ്മപുരത്തെ പുക വലിച്ചുകയറ്റിയവരുടെ ശ്വാസകോശം കറുത്തുപോകുമെന്നും രാസമലിനീകരണം മൂലം കടുത്ത ആസിഡ് മഴപെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കൊച്ചിയിൽ ശ്വാസകോശം സ്‌പോഞ്ച് ആക്കിയ ഒരുപാട് പേരുള്ളതിനാൽ ഏതു കരിമ്പുകയും ഫിൽറ്റർ ചെയ്തു വിടാനാകും. പിന്നെ ആസിഡ് മഴയുടെ കാര്യം. ബിവറേജസിൽ കിട്ടുന്നതിനേക്കാൾ വലിയ ആസിഡ് ഇതുവരെ ഇറങ്ങിയിട്ടില്ല!. കാർഷിക മേഖല കരിഞ്ഞുപോകുമെന്നാണ് മറ്റു ചിലരുടെ കണ്ടുപിടിത്തം. പലവ്യഞ്ജനവും പച്ചക്കറിയും അയലത്തുനിന്നു വരുന്നതിനാൽ അക്കാര്യത്തിലും ആശങ്കവേണ്ട.
ടൊർണാഡോ
മുതൽ തീ വരെ
മനുഷ്യചിന്തകൾക്ക് അപ്പുറമുള്ള പല പ്രതിഭാസങ്ങളും സംഭവിക്കാം. ശാസ്ത്രത്തെക്കുറിച്ച് ശരിയായ ധാരണയില്ലാത്തവർ ഇതു കണ്ട് തെറ്റിദ്ധരിക്കും. എജ്യുക്കേഷൻ ഇല്ലാത്ത പ്രാഞ്ചിമാർക്ക് എന്തും പറഞ്ഞുനടക്കാം. വർഷങ്ങളായുള്ള രാസപ്രക്രിയകൾ മൂലം മാലിന്യക്കൂമ്പാരത്തിനു തനിയെ തീപിടിക്കാം. 1988ൽ കൊല്ലത്തെ പെരിങ്ങാടിനടുത്ത് പെരുമൺ റെയിൽവേ ട്രാക്കിലും അദ്ഭുതകരമായ പ്രതിഭാസമാണുണ്ടായത്. കൂളായി ഓടിവന്ന ഐലന്റ് എക്‌സ്പ്രസിനെ പെരുമൺ പാലത്തിനുസമീപം മറഞ്ഞിരുന്ന കളരിയഭ്യാസിയായ ടൊർണാഡോ എന്ന ചുഴലിക്കൊടുങ്കാറ്റ് അഷ്ടമുടിക്കായലിലേക്ക് മലർത്തിയടിക്കുകയായിരുന്നു. പിന്നെയാ കാറ്റിനെ ആരും കണ്ടിട്ടുമില്ല. കുറേപ്പേർ അന്നു മരിച്ചു. 2014ൽ ക്വലലംപൂരിൽ നിന്ന് ബെയ്ജിംഗിലേക്കു പറന്ന മലേഷ്യൻ വിമാനം എവിടേക്കോ മുങ്ങിയതാണ് മറ്റൊരു സംഭവം.
പാഴായ തീ
പുകയായി
ബ്രഹ്മപുരത്തെ പുകമറയ്ക്കുള്ളിൽ കാര്യങ്ങൾ പലതുണ്ടെങ്കിലും തല്ക്കാലം മിണ്ടേണ്ടന്നാണ് സി.പി.ഐ നിലപാട്. പ്രായത്തിൽ മുന്നിലാണെങ്കിലും ഐഡിയയിൽ പിന്നിലായതിനാൽ കുറേക്കാലമായി ഇതാണ് പാർട്ടി ലൈൻ. വല്ല്യേട്ടന്റെ നിലപാടിനൊപ്പം യോജിച്ചു പോകുന്നതാണ് ബുദ്ധി. മലയാളികൾക്ക് പുക പുത്തരിയില്ല. വിറകടുപ്പിലെ പുകയടിച്ച് കഞ്ഞിയുണ്ടാക്കിയിരുന്നവരുടെ നാടാണ് കേരളം. പറമ്പിൽ നിന്നു കിട്ടുന്നതൊക്കെ അടുപ്പിലിട്ട് കത്തിച്ച് ഉണ്ടാക്കിയിരുന്ന ഭക്ഷണത്തിന് ഒരുകുഴപ്പവും ഉണ്ടായില്ലെന്നു മാത്രമല്ല അതീവ രുചികരവുമായിരുന്നു. ബ്രഹ്‌മപുരത്തെ ആകാശത്തേക്ക് വെറുതെ കത്തിയെരിഞ്ഞുപോയ തീ ശാസ്ത്രീയമായി അടുപ്പിൽ എത്തിച്ചിരുന്നെങ്കിൽ എത്രമാത്രം കഞ്ഞിയുണ്ടാക്കാമായിരുന്നു എന്നാണ് പാർട്ടി സെക്രട്ടറി കാനം സഖാവ് ചിന്തിക്കുന്നത്. പാർട്ടി സെക്രട്ടറിമാരായിരുന്ന വെളിയം ആശാൻ, ചന്ദ്രപ്പൻ സഖാവ്, മുഖ്യമന്ത്രിമാരായിരുന്ന അച്ചുതമേനോൻ, പി.കെ.വി എന്നിവർക്ക് ഇത്രയും ദീർഘവീക്ഷണം ഉണ്ടായിരുന്നില്ല.
ഭജഗോവിന്ദം!
കഴിക്കുമ്പോൾ കയ്ക്കുമെങ്കിലും ഇത്തിരി കഴിയുമ്പോൾ മധുരിക്കുന്ന നെല്ലിക്ക പോലെയാണ് മാഷുമാരുടെ ഉപദേശം. ശുദ്ധഗതിക്കാരനായ ഗോവിന്ദൻമാഷ് ചില വലിയ സത്യങ്ങൾ ലളിതമായി പറഞ്ഞത് വലിയ കേസായി. കൂറ്റനാട്ട് നിന്ന് അപ്പക്കുട്ടയുമായി കെ- റെയിലിൽ സൂപ്പർവേഗത്തിൽ കൊച്ചിയിൽവന്ന് കച്ചവടം നടത്തി തിരികെ വീട്ടിലെത്തി കുടുംബത്തോടൊപ്പം ഉച്ചയൂണ് കഴിക്കാമെന്ന വലിയ കാര്യമാണ് മാഷ് പറഞ്ഞത്. മലബാറിലെ കലത്തപ്പം, ഉന്നക്കായ, നെയ്പ്പത്തിരി, കായപ്പം, കല്ലുമ്മക്കായ ഫ്രൈ തുടങ്ങിയ കിടിലൻ സാധനങ്ങൾ കഴിച്ചുതുടങ്ങിയാൽ തെക്കൻമാർ വടക്കോട്ട് വച്ചുപിടിക്കുമെന്ന് ഉറപ്പ്.
ഒരു മൈക്കുകാരനോട് എന്തോ പറഞ്ഞതും വലിയ സംഭവമാണെന്നാണ് കുത്തിത്തിരിപ്പുകാർ പറയുന്നത്. അറിയാത്ത കാര്യങ്ങൾ കുട്ടികളെ പറഞ്ഞുമനസിലാക്കുന്നതാണ് മാഷുമാരുടെ രീതി. 'അല്ലയോ മൈക്കുകാരാ, ഇങ്ങനെയാണോ ഈ സംഗതി പ്രവർത്തിപ്പിക്കുന്നത്. അങ്ങ് ഇങ്ങനെ തുടങ്ങിയാൽ അവിടെയിരിക്കുന്ന കുട്ടികൾ കേൾക്കുമോ, അവർക്കു സങ്കടമാകില്ലേ' എന്നു ചോദിച്ചതാണ് കേസായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |