SignIn
Kerala Kaumudi Online
Thursday, 18 April 2024 7.38 PM IST

ഒഴിവാക്കേണ്ടിയിരുന്ന പണിമുടക്ക്

photo

സംസ്ഥാനത്ത് സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും പണിയെടുക്കുന്ന ഡോക്ടർമാർ ഇന്ന് പണിമുടക്കു പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ അത്യാഹിത വിഭാഗങ്ങളിലൊഴികെയുള്ള മുഴുവൻ ഡോക്ടർമാരും ജോലിയിൽനിന്നു വിട്ടുനില്‌ക്കണമെന്നാണ് ഡോക്ടർമാരുടെ സംഘടനകളുടെ തീരുമാനം.നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്ന ശസ്ത്രക്രിയകൾ പോലും മാറ്റിവച്ചിട്ടുണ്ട്. പണിമുടക്കിൽ സ്വകാര്യ ഡോക്ടർമാരും പങ്കെടുക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് രോഗികളുടെ കാര്യം കഷ്ടത്തിലായതു തന്നെ. പണിമുടക്കുമ്പോൾ രോഗികൾ അനുഭവിക്കേണ്ടിവരുന്ന ദുരിതം നന്നായി അറിയാവുന്നതുകൊണ്ടാണ് വിവേകമതികൾ ഡോക്ടർമാർ പണിമുടക്കാൻ പാടില്ലെന്നു പറയാറുള്ളത്. എന്നാൽ സംഘർഷഭരിതമായ ഇക്കാലത്ത് സംഘടിത ശക്തികളോട് പണിമുടക്കിന്റെ ജനവിരുദ്ധതയെക്കുറിച്ചോ ധാർമ്മികതയെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടു കാര്യമില്ല.

സംസ്ഥാനത്ത് അങ്ങിങ്ങ് ഡോക്ടർമാർക്കു നേരെ വർദ്ധിച്ചുവരുന്ന കൈയേറ്റങ്ങളിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ ഇന്ന് പണിമുടക്കു നടത്തുന്നത്. സർക്കാർ ഡോക്ടർമാർ മാത്രമല്ല സ്വകാര്യ ഡോക്ടർമാരും പലയിടത്തും ആക്രമണം നേരിടുന്നുണ്ടെന്നാണ് ആക്ഷേപം. കോഴിക്കോട് ഫാത്തിമാ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ച സംഭവമാണ് ഇപ്പോഴത്തെ പണിമുടക്കിന് അടിയന്തര നിമിത്തമായത്. സംഭവത്തിൽ ഉൾപ്പെട്ടവരെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിലും ഡോക്ടർമാർക്കു പ്രതിഷേധമുണ്ട്. കോഴിക്കോട് മാത്രമല്ല മറ്റു ചില ജില്ലകളിലും ഡ്യൂട്ടിക്കിടെ ഡോക്ടർമാർ ആക്രമിക്കപ്പെട്ട സംഭവങ്ങളുണ്ട്. മുൻകാലങ്ങളിലും ഡോക്ടർമാരുടെ പെരുമാറ്റത്തെച്ചൊല്ലിയും ചികിത്സാപ്പിഴവിന്റെ പേരിലുമൊക്കെ രോഗികളോ അവരുടെ ബന്ധുക്കളോ കൈയേറ്റത്തിനും അക്രമത്തിനുമൊക്കെ തുനിയുന്നത് അപൂർവമൊന്നുമല്ല. ഇത്തരം സംഭവങ്ങളിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്‌കരണം ഉൾപ്പെടെ സമരപരിപാടികളും നടക്കാറുണ്ട്. എന്നാൽ അത് സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നതും ആരോഗ്യമേഖലയെ മൊത്തത്തിൽ ബാധിക്കുന്ന ഒരു പണിമുടക്കിന് നിമിത്തമാകുന്നതും ഇപ്പോഴാണ്. ആതുര രംഗത്തുണ്ടാകുന്ന ചെറിയൊരു പണിമുടക്കു പോലും എത്രമാത്രം കഷ്ടനഷ്ടങ്ങളും ദുരിതവും സൃഷ്ടിക്കുമെന്ന് അറിയാത്തവരല്ല ഡോക്ടർമാരുടെ സംഘടനകൾ. പണിമുടക്കിയാലേ തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകൂ എന്ന നില വന്നാൽ ഓരോ സംഭവത്തിലും ഇതൊക്കെ ആവർത്തിക്കേണ്ടിവരും. ഡോക്ടർമാരെയും ആശുപത്രി സ്റ്റാഫിനെയും ആക്രമിക്കുന്നവർക്കെതിരെ തത്സമയം തന്നെ നടപടിയെടുക്കണമെന്ന് പരമോന്നത കോടതി പോലും പലകുറി ശക്തമായ ഭാഷയിൽ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളതാണ്. എന്നാൽ ഇവിടെ അക്രമത്തിനൊരുങ്ങുന്നവർക്കു ലഭിക്കുന്ന സംരക്ഷണവും പരിഗണനയുമാണ് കാര്യങ്ങൾ കൈപ്പിടിയിൽ നിന്നു വഴുതിപ്പോകാൻ കാരണം. ആക്രമണം നടത്തുന്നവരെ കൈയോടെ പിടികൂടി കേസെടുത്താൽ അസുഖകരമായ പലതും പിന്നീട് ഒഴിവാക്കാനാകും.

ഡോക്ടർമാരുടെ ഒരുദിവസത്തെ പണിമുടക്കുകൊണ്ട് ഭാവിയിൽ അവർക്കു നേരെയുള്ള കൈയേറ്റം പൂർണമായും തടയാനാവുമെന്ന് കരുതാനാവില്ല. കാരണം ആളുകൾ പലതരക്കാരാകുമ്പോൾ അവരുടെ പെരുമാറ്റവും പലതരത്തിലാകും. പ്രകോപനപരമായ സമീപനമാണ് പലപ്പോഴും ആശാസ്യമല്ലാത്ത നിലയിൽ വളരാറുള്ളത്. ഇത്തരുണത്തിൽ ഗണേശ്‌കുമാർ എം.എൽ.എ നിയമസഭയിൽ നടത്തിയ ഒരു പരാമർശവും ഡോക്ടർമാരുടെ സംഘടനയെ വല്ലാതെ പ്രകോപിപ്പിച്ചതായി കണ്ടു. അടികൊള്ളേണ്ട ഡോക്ടർമാരും ഉണ്ടെന്നാണ് പാവപ്പെട്ട ഒരു സ്‌ത്രീക്ക് സർക്കാർ ആശുപത്രികളുടെ ചികിത്സാപ്പിഴവു മൂലം അനുഭവിക്കേണ്ടിവരുന്ന കൊടിയ ദുരിതവും വേദനയും വിവരിച്ചുകൊണ്ട് സഭയിൽ അദ്ദേഹം തുറന്നടിച്ചത്. പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ അകപ്പെട്ടുപോയ കത്രികയുമായി അഞ്ചുവർഷം കഷ്ടപ്പെട്ട കോഴിക്കോട്ടെ പാവപ്പെട്ട സ്‌ത്രീയുടെ കഥയും ജനങ്ങളുടെ മുമ്പിലുണ്ട്. ഇപ്പോഴിതാ കൊല്ലത്തും സമാനമായൊരു സംഭവമുണ്ടായിരിക്കുന്നു. മാനുഷികമായ പിഴവെന്നോ കൈപ്പിഴയെന്നോ പറഞ്ഞ് വേറുതേ തള്ളിക്കളയാവുന്ന സംഭവമാണോ ഇതൊക്കെ?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOCTORS STRIKE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.