SignIn
Kerala Kaumudi Online
Sunday, 03 August 2025 10.00 PM IST

സാനുമാഷ്, ശാന്തമെങ്കിലും ഉറച്ച ശബ്ദം

Increase Font Size Decrease Font Size Print Page

mk-sanu

കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളിൽ ഒന്നായിരുന്ന എം.കെ സാനു വിടവാങ്ങിയിരിക്കുകയാണ്. വർത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങൾക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നത്.

കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. മലയാളത്തിന്റെ പല തലങ്ങളിലും തനതായ സംഭാവന നൽകിയ സാനുമാഷ് കേരളത്തിന്റെ അഭിമാനമാണ്. ശ്രേഷ്ഠനായ അദ്ധ്യാപകൻ, പണ്ഡിതനായ പ്രഭാഷകൻ, ജനകീയനായ പൊതുപ്രവർത്തകൻ, നിസ്വാർത്ഥനായ സാമൂഹ്യസേവകൻ, നിസ്വപക്ഷമുള്ള എഴുത്തുകാരൻ, സമാനതകളില്ലാത്ത സാഹിത്യനിരൂപകൻ എന്നിങ്ങനെ സാനുമാഷിന് വിശേഷണങ്ങൾ ധാരാളമുണ്ട്.

സാനുമാഷിന്റെ ജീവിതം ആരംഭിക്കുന്നത് വളരെ സാധാരണമായ ചുറ്റുപാടുകളിൽ നിന്നാണ്. അവിടെ നിന്നാണ് അദ്ദേഹം ലോകത്തോളം വളർന്നത്. ജീവിതത്തിൽ തനിക്കുണ്ടാകുന്ന വിഷമതകൾ തന്റെ മാത്രം വിഷമതകളല്ല എന്നും അതിൽ ലോകക്രമത്തിന്റെ സ്വാധീനമുണ്ട് എന്നും മനസിലാക്കിയ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അതു പലപ്പോഴും അദ്ദേഹത്തിന്റെ എഴുത്തുകളിൽ തെളിഞ്ഞു കാണാനും കഴിഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം ഈ ദർശനങ്ങളിലുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അന്തർമുഖനായ ഒരു വ്യക്തി സാമൂഹിക ജീവിതവുമായി ഇടപഴകുമ്പോൾ ഉണ്ടാകുന്ന മാറ്റമാണ് നാം അദ്ദേഹത്തിൽ കണ്ടത്. വിഷാദകവിതകളോട് അദ്ദേഹത്തിനുണ്ടായിരുന്ന മമത സൂചിപ്പിക്കുന്നത് അശരണരോടും ദുഃഖിതരോടും ചേർന്നുനിൽക്കാനുള്ള വ്യഗ്രത കൂടിയാണ്. അത് ജീവിതാന്ത്യം വരെ അദ്ദേഹം അങ്ങനെ തന്നെ സൂക്ഷിച്ചുപോന്നു.

സാനുമാഷിന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആരംഭിക്കുന്നത് അദ്ധ്യാപന ജീവിതത്തോടു കൂടിയാണ്. കുട്ടികളോടുള്ള പ്രത്യേക വാത്സല്യം അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകനായി അദ്ദേഹത്തെ മാറ്റി. സ്‌കൂൾ അദ്ധ്യാപകനായി ചേർന്ന ശേഷം പിന്നീട് കോളേജ് അദ്ധ്യാപന രംഗത്ത് അദ്ദേഹം എത്തിച്ചേരുകയുണ്ടായി. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകനായിരുന്നു. എന്റെ വിദ്യാർത്ഥി ജീവിതകാലത്തിനു ശേഷമാണ് കുറച്ചുകാലം തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ദേഹം അദ്ധ്യാപകനായി എത്തുന്നത്. അടിയന്തരാവസ്ഥക്കാലമായിരുന്നു അത്. വിദ്യാർത്ഥികളെയും യുവാക്കളെയും പൊലീസ് തല്ലിച്ചതയ്ക്കുന്ന സന്ദർഭങ്ങളിൽ വേദനിക്കുന്ന സാനുമാഷിനെ ഞാൻ കണ്ടിട്ടുണ്ട്. ശരിക്കും മാനവികതയിലൂന്നിയ സമഭാവ ദർശനം എന്തെന്നു പഠിക്കാനുതകുന്ന പാഠപുസ്തകം കൂടിയായിരുന്നു ആ ജീവിതം.

പിൽക്കാലത്ത് വ്യക്തിപരമായി നല്ല നിലയിലുള്ള അടുപ്പം ഞങ്ങൾ തമ്മിലുണ്ടായി. പലതവണ അദ്ദേഹത്തെ കാണാൻ വേണ്ടി മാത്രം കരിക്കാമുറിയിലെ 'സന്ധ്യ' എന്ന വീട്ടിൽ എത്തിയിട്ടുണ്ട്. എല്ലാവരോടും സമഭാവത്തോടെ പെരുമാറുന്ന അദ്ദേഹത്തിന്റെ സവിശേഷത മാതൃകാപരമാണ്.

സഖാവ് ഇ.എം.എസുമായി സംവാദാത്മകമായ ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൊണ്ടുകൂടിയാണ്, കോളേജ് അദ്ധ്യാപനത്തിൽ നിന്നും വിരമിച്ച ശേഷം, ഇ.എം.എസിന്റെ അപേക്ഷ പരിഗണിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം തയ്യാറായത്. നിയമസഭാംഗമായി നാലുവർഷം ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിൽ കേൾക്കാനും അവ മന്ത്രിമാരുടെയും ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാനും അദ്ദേഹം സദാ ജാഗരൂകനായിരുന്നു.

ശ്രീനാരായണ ദർശനങ്ങളെ നവകേരള സൃഷ്ടിയോട് ബന്ധിപ്പിച്ച ഒരു കണ്ണി കൂടിയാണ് സാനു മാഷിന്റെ വിയോഗത്തിലൂടെ വേർപെട്ടുപോയത്. ശ്രീനാരായണ ദർശനത്തോടൊപ്പം മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ് തത്വങ്ങളിൽ ഉറച്ചുനിന്നു പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളും സമൂഹത്തെ മുന്നോട്ടുനയിക്കാനും പുതിയൊരു സമൂഹം കെട്ടിപ്പടുക്കാനും സഹായകമാകുമെന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. താൻ ജീവിച്ച കാലത്തിനെ കേരള ചരിത്രവുമായി വിളക്കിച്ചേർക്കാനും അതുവഴി കേരള സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കാനും അശ്രാന്തം പരിശ്രമിച്ച സാനുമാഷിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

TAGS: MK SANU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.