SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.46 PM IST

ഈ ഹരിതഭംഗി ഇനിയെത്ര കാലം?

photo

ലോകമെമ്പാടും വനസംരക്ഷണത്തെയും വനവത്‌കരണത്തെയും കുറിച്ചുള്ള അവബോധം പ്രദാനം ചെയ്യുക എന്ന ജീവൽപ്രധാനമായ ലക്ഷ്യം മുൻനിറുത്തി യു.എൻ. അസംബ്ലി 2012 മുതൽ എല്ലാവർഷവും മാർച്ച് 21, ലോക വനദിനമായി ആചരിച്ചു വരുന്നു.
വൃക്ഷത്തെ നടുക, സെമിനാറുകൾ സംഘടിപ്പിക്കുക തുടങ്ങിയ ഇടക്കാല വിനോദ പരിപാടികൾ മുടങ്ങാതെ സംഘടിപ്പിച്ച് സർക്കാർ ഫണ്ട് വിനിയോഗിച്ച സന്തോഷത്തിൽ നമ്മൾ കൃതാർത്ഥരാവുകയും പിറ്റേദിവസം മുതൽ കാട് കൈയേറാനും വനനശീകരണത്തിനും വനശിഥിലീകരണത്തിനും പരിസ്ഥിതിലോല പ്രദേശത്തിന്റെ വിസ്തൃതി നമുക്കനുകൂലമായി നിർണയിച്ച് വനഭൂമി സ്വന്തമാക്കാനും കൂട്ടുനിൽക്കുകയും ചെയ്യുന്നു. വനങ്ങൾ നമ്മുടെ നിത്യ ജീവിതത്തിൽ ചെലുത്തുന്ന നിർണായക സ്വാധീനത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ്, വിനാശകരമായ ഇത്തരം പ്രവൃത്തികളിലേക്ക് നമ്മെ നയിക്കുന്നത്.
മാനവരാശിക്കാകെ തണലും തണുപ്പും തെളിനീരും ദാഹജലവും ശുദ്ധവായുവും മാലിന്യമുക്തമായ അന്തരീക്ഷവും ഭക്ഷ്യവിഭവങ്ങളും ഔഷധവും ഭക്ഷ്യ ശൃംഖലയുടേയും ഭക്ഷ്യപിരമിഡിന്റേയും സന്തുലനം നിലനിറുത്തി ജീവന്റെ നിലനില്പുതന്നെ ഭദ്രമാക്കുന്ന വന്യജീവികളുടെ അതിജീവനവും ഉറപ്പുവരുത്തുന്ന അമ്മത്തണലാണ് കാടുകൾ.
മാനവരാശിയുടെ ഈ ആദിമഗേഹം ഒരു മുലത്തടവും, മടിത്തടവും തൊട്ടിലും കട്ടിലും കൊട്ടിലുമായി നമ്മെ പരിരക്ഷിക്കുന്നു. ഒരു കാട് തരിശാകുമ്പോൾ, നശിപ്പിക്കപ്പെടുമ്പോൾ, കാട്ടുതീ പടരുമ്പോൾ നശിക്കുക നമ്മുടെ തന്നെ ജീവതാളമാണ്.'
'ലോകത്തിന്റെ ശ്വാസകോശം'എന്നറിയപ്പെടുന്ന ആമസോൺ
കാടുകളുടെ, കേരളത്തിന്റെ പാതിയോളം വിസ്തൃതിയുള്ള വനഭാഗം ഈയിടെ കത്തി നശിക്കുകയുണ്ടായി. കാട് കത്തുമ്പോൾ കാലങ്ങളായി സംഭരിക്കപ്പെട്ട കാർബൺ കത്തി അന്തരീക്ഷത്തിൽ കാർബൺ ഡൈഓക്സൈഡും വിഷമയമായ ഹരിതഗൃഹ വാതകങ്ങളും വ്യാപിക്കുകയും ശ്വാ സമെടുക്കാൻ പോലും കഴിയാത്ത അവസ്ഥ സംജാതമാവുകയും ചെയ്യും.
ആമസോണിൽ പടർന്ന കാട്ടുതീ, ബ്രസീലിയൻ ഭരണാ ധികാരിയായ ബോൾസനാരോ കോർപേറേറ്റുകൾക്ക് കാട് തീറെഴുതി കൊടുക്കാനായി സൃഷ്ടിച്ചതാണെന്ന് അറിയുമ്പോഴാണ് നാം നടുങ്ങുക. കാടിനെ വ്യാവസായിക, പാർപ്പിട, ഗതാഗത സൗകര്യങ്ങൾക്കായി വെട്ടിമുറിക്കുന്ന രാജ്യങ്ങളെല്ലാം അതിന്റെ ദുരന്തം പേറുകയാണിന്ന്. യൂറോപ്പ് അത്യുഷ്ണത്തിൽ കത്തിയെരിയുന്നു. നാം കാലാവസ്ഥ വ്യതിയാനത്തിന്റെ സൃഷ്ടിയായ പ്രളയത്തിൽനിന്നും കൊടുംചൂടിൽ നിന്നും കരകയറാനാവാതെ പൊറുതിമുട്ടുകയാണ്. ഈ അടുത്ത കാലത്ത് അഭിമുഖീകരിക്കേണ്ടി വന്ന വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘട്ടനം പോലും കാടുകൈയേറ്റത്തിന്റെ ഫലമാണ്.

ആമസോൺ കാടുകളിലേക്ക് എണ്ണക്കമ്പനികൾ കടന്നുകയറി മാരകരോഗം വിതച്ചപ്പോൾ 'ഭരണകർത്താക്കളെ ഈ മഴക്കാടുകൾ ആർക്കും തീറെഴുതി കൊടുക്കാനുള്ളതല്ല, ഞങ്ങളുടെ ശവശരീരങ്ങൾക്ക് മീതെയെ നിങ്ങൾക്കിവിടം കൈയേറാനാവൂ 'എന്ന് പ്രഖ്യാപിച്ച് പൊരുതി വിജയിച്ച നെമോന്തേ നെൻകിമോ എന്ന ഇക്വഡോറിയൻ ഗോത്രവനിതയെപ്പോലെ നമ്മുടെ വനപ്രകൃതിയെ അമ്മത്തണലായിക്കണ്ട് നെഞ്ചോടുചേർത്ത് രക്ഷിക്കാൻ നമുക്ക് ഈ വനദിനത്തിൽ ആത്മാർത്ഥമായി പ്രതിജ്ഞ ചെയ്യാം. 'അവസാന ആശുപത്രിമേൽ അണുബോംബ് എറിയല്ലേ 'എന്ന പ്രാർത്ഥനയോടെ.

(വന്യജീവി ഫോട്ടോഗ്രാഫറാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORLD FOREST DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.