SignIn
Kerala Kaumudi Online
Saturday, 20 April 2024 5.58 PM IST

സഭയും ജനാധിപത്യവും

vivadavela

ഇന്ത്യൻ പാർലമെന്റിൽ അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണമാവശ്യപ്പെടുകയാണ് പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിദേശത്ത് പ്രസംഗിച്ച കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്ന വിചിത്രമായ ആരോപണമുയർത്തി അദ്ദേഹം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കയർക്കുന്നു ഭരണപക്ഷം. ഭരണപക്ഷത്തിന്റെ ബഹളത്തിൽ മുങ്ങി പാർലമെന്റ് സ്തംഭിക്കുന്നു എന്നതും അസാധാരണവും വിചിത്രവുമായ അവസ്ഥയാണ്. ഒരു ബി.ജെ.പി അംഗമാകട്ടെ, രാഹുൽഗാന്ധിയുടെ പാർലമെന്റംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്തുപോലും നൽകി കാത്തിരിക്കുന്നു.

കേരളത്തിലേക്ക് വരാം, ഇവിടം ഭരിക്കുന്നത് ഇടതുപക്ഷമാണ്. രാഷ്ട്രീയവിഷയങ്ങളിൽ പ്രത്യയശാസ്ത്രപരമായ വിശുദ്ധിയോടെ നിലപാടുകളെടുക്കുന്നത് കൊണ്ടാണ് ഇടതുപക്ഷത്തിൽ പൊതുവെ എല്ലാവരും പ്രതീക്ഷയർപ്പിക്കുന്നത്. എന്നാൽ, പാർലമെന്ററി രാഷ്ട്രീയത്തിന്റെ പ്രായോഗിക പരിമിതിയിൽ സിദ്ധാന്തവും പ്രയോഗവും രണ്ടുവഴിക്ക് നീങ്ങുന്ന കടുത്ത വൈരുദ്ധ്യം മുഴച്ചുനിൽക്കുന്നു കേരളത്തിൽ. സർക്കാരുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളും മറ്റും ഇടതുപക്ഷസർക്കാരുകളുടെ കാലത്ത് കേൾക്കാത്ത തരത്തിലേക്ക് വളരുന്നു. ഇതിനിടയിലാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലായി കണക്കാക്കപ്പെടുന്ന നിയമസഭയിൽനിന്ന് അശുഭകരമായ വാർത്തകൾ വരുന്നത്. തങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്ന സമീപനം ഭരണപക്ഷം സഭയിൽ കൈക്കൊള്ളുന്നെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇന്ത്യൻ പാർലമെന്റിൽ ഇടതുപക്ഷം ഉൾപ്പെടുന്ന പ്രതിപക്ഷം ഉന്നയിക്കുന്നതും ഇതേ പ്രശ്നമാണ്. അങ്ങനെ ഉന്നയിക്കുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ കോൺഗ്രസും മുസ്ലിംലീഗും അടങ്ങുന്ന പ്രതിപക്ഷം ഉന്നയിക്കുന്നതും ഇതേ ആക്ഷേപമാണ്.

അടിയന്തരപ്രമേയവും

പ്രതിപക്ഷ അവകാശവും

നിയമസഭയുടെ ശൂന്യവേളയിൽ സഭാനടപടിക്രമങ്ങളിലെ ചട്ടം 50 അനുസരിച്ച് പ്രതിപക്ഷത്തിന് കല്പിച്ച് കൊടുത്തിരിക്കുന്ന അവകാശമാണ്, സമൂഹത്തിലെ സമകാലികമായ, ജനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന പൊതുപ്രശ്നങ്ങൾ ഉന്നയിച്ച് ചർച്ചയ്ക്ക് അനുമതി തേടുക എന്നത്. അടിയന്തരപ്രമേയ നോട്ടീസ് എന്നാണിത് അറിയപ്പെടുന്നത്. സമീപകാലത്ത് നടന്ന ഏതെങ്കിലും പൊതുപ്രശ്നങ്ങൾ സഭയ്ക്കകത്ത് ഉന്നയിക്കുകയും ഭരണപക്ഷത്തോട് ഇതിന്മേൽ ചർച്ചയാവശ്യപ്പെടുകയുമാണ് ചെയ്യേണ്ടത്. അടിയന്തരപ്രാധാന്യമുള്ള സംഗതിയായതിനാൽ സഭയിലെ മറ്റ് നടപടിക്രമങ്ങൾ നിറുത്തിവച്ച് വിഷയം ചർച്ചചെയ്യണം. ഭരണപക്ഷത്തിന്, ഇത് അടിയന്തര പ്രാധാന്യമില്ലെന്ന് വിലയിരുത്തി തള്ളാം അല്ലെങ്കിൽ കഴമ്പുണ്ടെന്ന് കണ്ട് കൊള്ളാം. അപ്പോൾ ചർച്ചയ്ക്കായി പ്രത്യേക സമയം നീക്കിവയ്ക്കും. ഇങ്ങനെ ഉന്നയിക്കാവുന്ന നോട്ടീസിൽ ചില വിഷയങ്ങൾക്ക് വിലക്കുണ്ട്. കോടതിയുടെ സജീവ പരിഗണനയിലിരിക്കുന്ന വിഷയമാവരുത് എന്നതാണ് അതിലൊന്ന്. റീസന്റ് ഒക്കറൻസ് അഥവാ ഏറ്റവും അടുത്തസമയത്തായി നടന്ന സംഭവത്തിലായിരിക്കണം വിഷയം. സഭയിൽ മുമ്പേതെങ്കിലും രൂപത്തിൽ ഉന്നയിക്കപ്പെട്ട വിഷയമാവരുത്. ഇതനുസരിച്ച് വളരെ കർക്കശരൂപത്തിൽ അടിയന്തരപ്രമേയ നോട്ടീസുകൾ അനുവദിച്ചിരുന്ന സ്പീക്കർമാർ അപൂർവമായി ഉണ്ടായിട്ടുണ്ട്. 2001മുതൽ 2004 വരെ എ.കെ. ആന്റണി സർക്കാർ ഭരിച്ച കാലത്ത് വക്കം പുരുഷോത്തമൻ സ്പീക്കറായിരിക്കെ, വളരെ കർക്കശമായ പരിശോധനകൾക്ക് ശേഷമേ അടിയന്തരപ്രമേയ നോട്ടീസുകൾ അനുവദിച്ചിരുന്നുള്ളൂ. സർക്കാരിന്റെ ഇംഗിതം കൂടി അറിഞ്ഞാണ് സ്പീക്കർമാർ പ്രവർത്തിക്കേണ്ടത്. ഭരണപക്ഷത്തിന്റെ ബിസിനസ് നടത്തിക്കൊടുക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ അവകാശങ്ങളും ഉറപ്പ് വരുത്തുകയെന്ന നിഷ്പക്ഷ സമീപനം സ്പീക്കർമാർക്കുണ്ടാവണം.

വക്കം പുരുഷോത്തമൻ സ്പീക്കറായിരുന്നപ്പോൾ സർക്കാരിന്റെ ഇംഗിതം പോലും നോക്കാതെ ഓരോ വിഷയവും തന്റേതായ നിലയിൽ സൂക്ഷ്മപരിശോധന നടത്തി തള്ളാവുന്നതെങ്കിൽ തള്ളുകയും കൊള്ളാവുന്നതെങ്കിൽ കൊള്ളുകയും ചെയ്യുന്ന നിലപാടാണ് പുലർത്തിപ്പോന്നത്. അദ്ദേഹം കർക്കശക്കാരനായ ഒരു ഹെഡ്മാസ്റ്ററുടെ ചിട്ടയോടെയാണ് സഭയിൽ ഇടപെട്ടിരുന്നത്. സമയനിഷ്ഠയുടെ കാര്യത്തിലുൾപ്പെടെ അങ്ങനെയായിരുന്നു. അടിയന്തരപ്രമേയ നോട്ടീസുകൾക്ക് അവതരണാനുമതി തേടാനുള്ള പ്രതിപക്ഷത്തിന്റെ അവസരങ്ങൾ ഇടയ്ക്കൊക്കെ അദ്ദേഹം നിഷേധിച്ചത് പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ, പിന്നീട് വന്ന സ്പീക്കർമാരെല്ലാം ഇക്കാര്യത്തിൽ വളരെ ഉദാരമതികളായി. ചിലപ്പോഴൊക്കെ മുമ്പ് ഉന്നയിക്കപ്പെട്ട വിഷയങ്ങളെ പ്രതിപക്ഷം വേഷം മാറ്റി തന്ത്രപരമായി അവതരിപ്പിക്കുമ്പോൾ അനുവദിച്ചുകൊടുത്തു അവർ .

അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടാനുള്ള അവസരം അംഗത്തിന്റെ അവകാശമായി അനുദിച്ചു കൊടുക്കുന്ന കീഴ്വഴക്കം അടുത്തകാലം വരെയും തുടർന്ന് പോരുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയായി ഇതിലൊരു അസാധാരണമായ മാറ്റം നിയമസഭയിലുണ്ടായതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.

കുഴൽനാടൻ

വരുത്തിവച്ച വിന

ഐ.എ.എസ് ഓഫീസർ എം. ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ച ലൈഫ് മിഷൻ കോഴക്കേസ് വിഷയം സഭയിൽ അടിയന്തരപ്രമേയ നോട്ടീസായി പ്രതിപക്ഷം കൊണ്ടുവന്നിരുന്നു. കോൺഗ്രസ് അംഗം മാത്യു കുഴൽനാടനാണ് അതവതരിപ്പിച്ചത്. തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷാണ് മറുപടി നൽകിയത്. ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ട് ഉദ്ധരിച്ച് മാത്യു കുഴൽനാടൻ നടത്തിയ പ്രസംഗം പലപ്പോഴും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത് അസാധാരണമായ കാഴ്ചയായി. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ടതെല്ലാം മുഖ്യമന്ത്രി അറിഞ്ഞിരുന്നെന്ന് സ്ഥാപിക്കാനാണ് റിമാൻഡ് റിപ്പോർട്ടിലെ പരാമർശങ്ങൾ മാത്യു ഉദ്ധരിച്ചത്. മുഖ്യമന്ത്രി ഓരോ തവണയും എഴുന്നേറ്റ് കുഴൽനാടൻ പറയുന്നത് പച്ചക്കള്ളമാണെന്ന് പറഞ്ഞു. മുഖ്യമന്ത്രിയെ അസാധാരണമാംവിധം രോഷം കൊണ്ടത് സഭയെ അമ്പരപ്പിച്ചു. മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഭരണകക്ഷിയംഗങ്ങളും പ്രതിരോധിക്കാൻ പ്രതിപക്ഷാംഗങ്ങളും ഇറങ്ങി. സഭ ശബ്ദായമാനമായി. സ്പീക്കർ അല്പനേരത്തേക്ക് സഭ നിറുത്തിവച്ചു. രണ്ടാമത് പുനരാരംഭിച്ചപ്പോഴും കുഴൽനാടൻ പ്രസംഗം അതേ മട്ടിൽ തുടർന്നത് മുഖ്യമന്ത്രിയുടെ രോഷം ഇരട്ടിപ്പിച്ചു. എന്തും വിളിച്ചുപറയാമെന്നാണോ, അങ്ങ് ഇതെല്ലാം കേൾക്കുന്നുണ്ടാകുമെന്ന് കരുതുന്നു എന്ന് സ്പീക്കറെ നോക്കി രോഷം പൂണ്ടു. കുഴൽനാടൻ അവസാനിപ്പിച്ചിടത്ത് നിന്ന് വാക്കൗട്ട് പ്രസംഗം നടത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സർക്കാരിനെ ആക്രമിച്ചു. പലപ്പോഴും സ്പീക്കറിൽ നിന്ന് പ്രതിപക്ഷത്തെ നിയന്ത്രിക്കുന്നതിൽ അലംഭാവമുണ്ടായെന്ന തോന്നൽ ഭരണപക്ഷത്തിനുണ്ടായി.

പിന്നീടുണ്ടായ കൂടിയാലോചനകൾക്കും മറ്റും ശേഷമാണ് അടിയന്തരപ്രമേയ നോട്ടീസുകൾ കണ്ണടച്ച് അനുവദിക്കുന്ന ഏർപ്പാടിൽ സ്പീക്കർ എ.എൻ. ഷംസീർ അസാധാരണമായ നിയന്ത്രണമേർപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം കേന്ദ്ര ഐ.ജി.എസ്.ടി വിഹിതം നേടിയെടുക്കുന്നതിൽ സംസ്ഥാനത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയും അതിന്റെ അടുത്ത ദിവസം കെ.എസ്.ആർ.ടി.സിയിലെ ശമ്പളം ഗഡുക്കളായി അനുവദിക്കാനുള്ള തീരുമാനത്തിനെതിരെയും അടിയന്തരപ്രമേയ നോട്ടീസ് തന്നെ അനുവദിച്ചില്ല.

ഇക്കഴിഞ്ഞ ആഴ്ച ബ്രഹ്മപുരം മാലിന്യപ്രശ്നത്തിൽ ആദ്യദിവസം സ്പീക്കർ അടിയന്തരപ്രമേയ നോട്ടീസ് അനുവദിച്ച് കൊടുത്തു. രണ്ടാം ദിവസം കൊച്ചിയിൽ ബ്രഹ്മപുരം വിഷയത്തിൽ നടന്ന കോൺഗ്രസ് പ്രതിഷേധമാർച്ചിന് നേർക്കുണ്ടായ പൊലീസ് ലാത്തിച്ചാർജ് സംബന്ധിച്ചാണ് അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നത്. മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയമായിരുന്നു. അതനുവദിക്കപ്പെട്ടില്ല. ഇത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. അവർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. നടുത്തള പ്രതിഷേധത്തെയും ഗൗനിക്കാതെ സ്പീക്കർ സഭാനടപടികൾ തുടരുന്ന രീതി അവലംബിച്ചതോടെ, ആ ദിവസം നടുത്തളത്തിൽ പ്രതിപക്ഷം സമാന്തരസഭ സംഘടിപ്പിച്ച് പ്രതിഷേധിച്ചു.

2015 മാർച്ച് 13 ന് ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബഡ്ജറ്റ് അവതരണം തടയാൻ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇന്നത്തെ ഭരണപക്ഷക്കാർ അവലംബിച്ച രീതി സഭാചരിത്രത്തിൽ സമാനതകളില്ലാതെ ഇന്നും വേറിട്ട് നിൽക്കുകയാണല്ലോ. അതിനെ മറികടക്കുന്ന പരാക്രമങ്ങൾ സഭയിൽ മുമ്പോ പിമ്പോ ഇല്ല.

അതിന്റെയും അടുത്ത ദിവസം പ്രതിപക്ഷം കൊണ്ടുവന്ന നോട്ടീസ് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. സമീപനാളിൽ തിരുവനന്തപുരത്ത് ചെങ്കോട്ടുകോണം എന്ന സ്ഥലത്ത് പതിനാറുകാരി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന നോട്ടീസിനും റീസന്റ് ഒക്കറൻസ് ഇല്ലെന്ന് കാട്ടി സ്പീക്കർ നോട്ടീസ് തന്നെ തടഞ്ഞു. ഇതോടെ ഇളകിയ പ്രതിപക്ഷം, ബഹിഷ്കരിച്ച് പോവുകയും പുറത്ത് സ്പീക്കറുടെ ഓഫീസിന് മുന്നിൽ സമരം നടത്തുകയും ചെയ്തു. വാച്ച് ആൻഡ് വാർഡ് ഇവരെ നീക്കാൻ ബലംപ്രയോഗിച്ചതോടെ കൈയാങ്കളിയായി. ചില ഭരണകക്ഷിയംഗങ്ങളും സ്പീക്കറെ ചേംബറിനകത്തേക്ക് പ്രവേശിപ്പിക്കാനായി ഇടപെട്ടു. കൂട്ടപ്പൊരിച്ചിലിൽ കോൺഗ്രസ് എം.എൽ.എയായ സനീഷ് കുമാർ ജോസഫ് ബോധരഹിതനായി. ആർ.എം.പിയിലെ കെ.കെ. രമയുടെ കൈയുടെ കുഴതെറ്റി.

രമ വിധവയാണ്. അതിലുപരി ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമാണ് . അവരുടെ ഭർത്താവ് കമ്മ്യൂണിസ്റ്റ് മൂല്യബോധവും വിശുദ്ധിയും കാത്തുസൂക്ഷിച്ച രാഷ്ട്രീയപ്രവർത്തകനായിരുന്നു. ടി.പി. ചന്ദ്രശേഖരൻ. അദ്ദേഹം വാഹനാപകടത്തിൽ കൊല്ലപ്പെട്ടതല്ലെന്ന് എല്ലാവർക്കും ബോദ്ധ്യമുണ്ട്. പൊതുസമൂഹത്തിൽ മാപ്പർഹിക്കാത്ത പാതകമാണ് ടി.പി വധത്തിലൂടെ കേരളരാഷ്ട്രീയത്തിൽ സംഭവിച്ചതെന്നത് തർക്കമറ്റ കാര്യമാണ്. ചന്ദ്രശേഖരന്റെ വിധവയായ രമയുടെ കൈയ്‌ക്കേറ്റ പരിക്കിനെപ്പോലും അധിക്ഷേപിക്കുന്ന വിധത്തിൽ യുവാക്കളായ ചില ഭരണകക്ഷിയംഗങ്ങൾ ഇടപെട്ടത് അങ്ങേയറ്റം ഹീനമായിപ്പോയെന്ന് പറയാതെ വയ്യ.

അടുത്ത ദിവസം സ്പീക്കർ സർവകക്ഷിയോഗം വിളിച്ച് സഭാസമ്മേളനം സുഗമമാക്കാൻ വഴിതേടി. അന്നാവട്ടെ, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്കുനേർ പോരടിക്കുന്നതാണ് കണ്ടത്. അടിയന്തരപ്രമേയ നോട്ടീസുകളുടെ കാര്യത്തിൽ പ്രതിപക്ഷത്തിന്റെ ന്യായമായ അവകാശം അനുവദിച്ചു കിട്ടിയേ മതിയാവൂ എന്ന ഉറച്ചനിലപാടിലാണ് പ്രതിപക്ഷം ഇപ്പോഴും നിൽക്കുന്നത്.

പ്രതിപക്ഷ

നേതാവാണോ പ്രശ്നം?

മാതൃകയാക്കാവുന്ന പാർലമെന്റേറിയനാണ് തീർച്ചയായും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സഭയിലുന്നയിക്കുന്ന ഏത് വിഷയത്തിലും കൃത്യമായ ഗൃഹപാഠം നടത്തി സജ്ജനായിട്ടാണ് അദ്ദേഹം എത്തുന്നത്. 2001ൽ ആദ്യമായി സഭയിലെത്തിയപ്പോൾ മുതൽ അദ്ദേഹം സഭാനടപടികളിൽ ആത്മാർത്ഥവും സത്യസന്ധവുമായ ഇടപെടലിന് കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നയാളാണ്. ഒരു വിഷയം ഉന്നയിക്കാൻ ചുമതലപ്പെടുത്തിയാൽ അതിന്റെ നാനാവശങ്ങൾ അദ്ദേഹം പഠിക്കും. വിഷയം കേരളീയ ജീവിതത്തെ ഏതളവിൽ സ്വാധീനിക്കുന്നെന്നറിയാൻ ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി അവരോട് സംസാരിക്കും. അത്തരത്തിൽ ആഴത്തിൽ പഠിച്ച് വരുന്ന അദ്ദേഹം രാഷ്ട്രീയവിദ്യാർത്ഥികൾക്ക് പ്രചോദനമാണ്.

മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ കണിശതയോടെയും മൂർച്ചയോടെയും വാക്കുകൾ പ്രയോഗിക്കാൻ കെല്പുള്ള നേതാവുപോലും പ്രതിപക്ഷനേതാവ് വി.ഡി സതീശന് മുന്നിൽ മുന്നിൽ അല്പമൊന്ന് പതറിപ്പോകുന്നെന്ന തോന്നലുളവാകുന്നുണ്ട്. ഇനി അദ്ദേഹത്തെ ഭരണപക്ഷം ഭയക്കുന്നുണ്ടോ? അങ്ങനെ ചിന്തിക്കുന്നത് ഉപരിപ്ലവമായിപ്പോയേക്കാം.

ഭരണപക്ഷം പ്രതിപക്ഷനേതാവിന്റെ വാക്കൗട്ട് പ്രസംഗത്തെ ഭയക്കുന്നതിനാലാണ് അടിയന്തരപ്രമേയ നോട്ടീസുകൾ ഇപ്പോൾ അടിക്കടി വിലക്കുന്നതെന്ന് പറയുന്നത് വില കുറച്ചുകാണലാകും. എന്നിരുന്നാലും എക്സിക്യൂട്ടീവിന് അപ്രമാദിത്വം നൽകത്തക്കവിധത്തിൽ അടിക്കടി പ്രതിപക്ഷം കൊണ്ടുവരുന്ന നോട്ടീസുകൾ തള്ളപ്പെടുമ്പോൾ, അത്ര ആഴത്തിലൊന്നും ചിന്തിക്കാത്ത സാധാരണജനം സംശയിക്കുന്നത് മേല്പറഞ്ഞ രൂപത്തിലായിരിക്കില്ലേ എന്ന് ചോദിച്ചാൽ... !

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADA VELA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.