ന്യൂഡൽഹി:ബ്രഹ്മപുരം മാലിന്യ സംസ്കരണത്തിൽ നടന്ന വൻ അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ എം.പി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ബ്രഹ്മപുരം തീ പിടിത്തത്തിലെ അട്ടിമറി അടക്കമുള്ള കാര്യങ്ങളും സി.ബി.ഐ അന്വേഷിക്കണം. സി.പി.എം, കോൺഗ്രസ് നേതാക്കളുടെ മരുമക്കൾക്ക് ഈ അഴിമതിയിൽ പങ്കുണ്ട്. സോണ്ടയ്ക്ക് വഴി വിട്ട് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ പങ്കും പരിശോധിക്കണം. പ്രധാന കരാർ ലഭിച്ചത് എൽ.ഡി.എഫ് മുൻ കൺവീനർ വൈക്കം വിശ്വന്റെ മരുമകനാണ്. ഉപകരാർ ലഭിച്ചത് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എൻ. വേണുഗോപാലിന്റെ മരുമകനും. ബ്രഹ്മപുരത്തെ കരാർ ത്രിപുരയിലെ കോൺഗ്രസ് - സി.പി.എം സഖ്യം പോലെയായി.
ബ്രഹ്മപുരത്ത് ബയോ മൈനിംഗിനാണ് സോൺട ഇൻഫ്രടെക് കമ്പനിക്ക് കരാർ
നൽകിയത്. കരാർ തുക 54 കോടിയായിരുന്നു.. അവർ അരശ് മീനാക്ഷി എൻവിറോ കെയർ എന്ന കമ്പനിക്ക് ഉപ കരാർ 22 കോടിക്ക് നൽകി.ഒന്നും ചെയ്യാതെ 32 കോടി രൂപ സ്വന്തം പോക്കറ്റിലായി. .ബ്രഹ്മപുരത്ത് മാലിന്യ സംസ്ക്കരണം നടക്കുന്നില്ല. ഇതു വരെ നടന്നത് അഴിമതിയും പണം ചെലവഴിക്കലും മാത്രമാണ്. കൊച്ചിയിലെ ജനങ്ങൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. മാലിന്യ സംസ്കരണത്തിന് മാതൃകകളായ ഇൻഡോർ, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉദ്യോഗസ്ഥ സംഘത്തെ അയക്കാൻ കേരള സർക്കാർ തയാറാവണം. പ്രധാനമന്ത്രിയുടെ സ്വച്ഛ ഭാരത് പദ്ധതി കേരള സർക്കാർ അട്ടിമറിച്ചു. കേരളം മാലിന്യ നിർമ്മാർജ്ജനത്തിന് ആത്മാർത്ഥമായ ഒരു ശ്രമവും നടത്തിയിട്ടില്ല-ജാവദേക്കർ പറഞ്ഞു. കേന്ദ്രമന്ത്രി വി.മുരളീധരൻ, അൽഫോൻസ് കണ്ണന്താനം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |