തൂക്കിക്കൊല്ലുന്നതിന് പകരം വേദനയില്ലാത്ത മരണം ഉറപ്പാക്കുന്ന കൂടുതൽ മാനുഷികമായ വധശിക്ഷാ രീതികളെക്കുറിച്ച് പഠിച്ച് അറിയിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നല്‌കിയിരിക്കുകയാണ്. ലോകം മാറുന്നതനുസരിച്ച് ഇത്തരം പ്രാകൃതമായ ശിക്ഷാരീതികളിലും മാറ്റമുണ്ടാകേണ്ടതാണ്. വധശിക്ഷ തന്നെ വേണമോ വേണ്ടയോ എന്നതിലും വർഷങ്ങളായി നിയമസമൂഹത്തിനിടയിലും ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോൾ കോടതികൾ അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണ് വധശിക്ഷ വിധിക്കുന്നത്. കീഴ്‌ക്കോടതികൾ വിധിക്കുന്ന വധശിക്ഷകളിൽ ഇളവ് നല്‌കുന്ന സമീപനമാണ് ഭൂരിപക്ഷം കേസുകളിലും ഹൈക്കോടതികളിൽ നിന്നും സുപ്രീംകോടതിയിൽ നിന്നും ഉണ്ടാകാറുള്ളത്. എന്നാൽ സുപ്രീംകോടതി വധശിക്ഷ ശരിവച്ച കേസുകളിൽ പോലും വിധി നടപ്പാക്കാൻ പിന്നെയും കടമ്പകൾ ഏറെയാണ്. രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ദയാഹർജിയിൽ തീരുമാനം വൈകുന്നതനുസരിച്ച് വധശിക്ഷയും നീണ്ടുപോകും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾ മുപ്പതുവർഷത്തോളം ജയിലിൽ കഴിഞ്ഞതിനുശേഷം അതു നടപ്പാക്കുന്നത് മനുഷ്യത്വരഹിതമാണെന്ന അഭിപ്രായവും നിലനില്‌ക്കുന്നുണ്ട്. അതിനാൽ ഇത്തരം കേസുകളിൽ വിചാരണയും അപ്പീലും മറ്റ് നടപടികളും നിശ്ചിത കാലാവധിക്കുള്ളിൽ തീർക്കണമെന്നത് സംബന്ധിച്ചാണ് യഥാർത്ഥത്തിൽ ചർച്ച നടക്കേണ്ടത്. വൈകി ലഭിക്കുന്ന ഏതു നീതിയും നീതിനിഷേധത്തിന് തുല്യമാണ്.
സാങ്കേതികവിദ്യയുടെ സഹായത്തോടെ കേസ് നടത്തിപ്പും തീർപ്പും വേഗത്തിലാക്കാനാണ് ജുഡിഷ്യറി പരമപ്രാധാന്യം നല്‌കേണ്ടത്. ഒരാളുടെയും ജീവനെടുക്കാൻ ആർക്കും അവകാശമില്ല. അങ്ങനെയുള്ള കുറ്റകൃത്യം ചെയ്തതായി തെളിയിക്കപ്പെടുന്ന വ്യക്തിയുടെ ജീവനെടുക്കുന്നതിൽ തെറ്റില്ലെന്ന ചിന്താഗതിയാണ് വധശിക്ഷ നല്‌കുന്നതിന് ന്യായീകരണമായി ചൂണ്ടിക്കാണിക്കുന്നത്. രാജഭരണകാലത്തും മറ്റും പ്രാകൃതമായ വധശിക്ഷാരീതികൾ ഇന്ത്യയിലും നിലനിന്നിരുന്നു. കാലം മാറിയതനുസരിച്ചാണ് അതിലൊക്കെ മാറ്റമുണ്ടായത്. തൂക്കുകയറിന് പകരം വേദനയില്ലാത്ത രീതികൾ നിലവിലുള്ള രാജ്യങ്ങളുണ്ട്. അതെല്ലാം വിശദമായി പഠിച്ചതിനുശേഷം ഇതിൽ മാറ്റം വരുത്തുന്നതിൽ തെറ്റില്ല. തൂക്കിക്കൊല ക്രൂരമായതിനാൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകൻ സമർപ്പിച്ച പൊതുതാത്‌പര്യഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് പി.എസ്. നരസിംഹയും ഉൾപ്പെട്ട ബെഞ്ച് തൂക്കുകയറിന് പകരം എന്തു നല്‌കാനാവുമെന്ന് കേന്ദ്രത്തോട് ആരാഞ്ഞിരിക്കുന്നത്. ആധുനിക ശാസ്ത്ര സാങ്കേതിക യുഗത്തിൽ തൂക്കുകയറാണോ മികച്ചതെന്ന് കേന്ദ്ര സർക്കാർ അറിയിക്കണമെന്നും അതു നടക്കുന്നില്ലെങ്കിൽ കോടതി ഇതിനായി സമിതി രൂപീകരിക്കുമെന്നാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. ബദൽ മാർഗങ്ങളെക്കുറിച്ച് പഠിച്ചതിനുശേഷം പൊതുസമൂഹത്തിൽ ചർച്ചകൾ നടത്തിയതിനുശേഷം വേണം കേന്ദ്രം ഇതുസംബന്ധിച്ച നിർദ്ദേശം സമർപ്പിക്കേണ്ടത്. വേദന കുറഞ്ഞ മറ്റ് മാർഗങ്ങൾ അവലംബിക്കുന്നതാണ് മാറിയ കാലത്തിന് അനുയോജ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |