SignIn
Kerala Kaumudi Online
Friday, 19 April 2024 9.14 AM IST

സ്പെയ്സ് പാർക്ക് സജ്ജം

levin

സ്പെയ്സ് പാർക്ക് എന്നത് ഐ.ടി.പാർക്കുകൾ പോലെ ഒരു വ്യവസായാനുബന്ധ അടിസ്ഥാനസൗകര്യ സംവിധാനം എന്നതിനെക്കാൾ ബഹിരാകാശ ശാസ്ത്രഗവേഷണ വ്യവസായ മേഖലയിൽ പുതിയ ഉൗർജ്ജവും നിക്ഷേപവും തൊഴിലും നൽകുന്ന സംവിധാനമായി മാറും. സ്പെയ്സ് പാർക്കിന് സൊസൈറ്റി നിയമം അനുസരിച്ചുള്ള രജിസ്ട്രേഷനും മറ്റ് സൗകര്യങ്ങളും നൽകിയ സർക്കാർ തീരുമാനം ഇതിലേക്കുള്ള ചുവടുവയ്പാണ്.

ബഹിരാകാശ സാങ്കേതികവിദ്യയിൽ വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നിവയ്ക്ക് സൗകര്യമൊരുക്കുന്ന കേരള സ്‌പെയ്സ് പാർക്കിനെ കെ – സ്‌പെയ്സ് എന്ന പേരിൽ സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു. ഒരാഴ്ചക്കുള്ളിൽ അതിന്റെ രേഖകൾ ലഭിക്കും. തിരുവിതാംകൂർ–കൊച്ചിൻ ലിറ്റററി, സയന്റിഫിക്, ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് 1955 പ്രകാരമാണ് രജിസ്റ്റർ ചെയ്യുക. സൊസൈറ്റിയുടെ ധാരണാപത്രവും ചട്ടവും നിയന്ത്രണവും സംബന്ധിച്ച കരടുരേഖ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു.

കെ - സ്‌പെയ്സിൽ കരാർ അടിസ്ഥാനത്തിൽ നിർദിഷ്ട ശമ്പള സ്‌കെയിലിൽ 10 തസ്തിക സൃഷ്ടിക്കും. ഐടി പാർക്ക്, കേരള സ്റ്റാർട്ടപ് മിഷൻ, കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ എന്നിവിടങ്ങളിലെ യോഗ്യതയുള്ള ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതും പരിഗണിക്കും. ടെക്‌നോസിറ്റിയുടെ ഭൂമിയിൽനിന്ന് 18.56 ഏക്കർ സൊസൈറ്റിക്ക് കൈമാറും. അടിയന്തരാവശ്യത്തിനായി സൊസൈറ്റിക്ക് രണ്ടുകോടി രൂപ സീഡ് ക്യാപ്പിറ്റലായി അനുവദിക്കും.
ഐ.എസ്.ആർ.ഒ.യുടെ സഹകരണത്തോടെ ആരംഭിക്കുന്ന പാർക്കിൽ ബഹിരാകാശമേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സൗകര്യം ഒരുക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ഗവേഷണ സ്ഥാപനങ്ങളെയും ക്ഷണിക്കും. സ്റ്റാർട്ടപ് ഇൻകുബേറ്ററുകൾ, നൈപുണ്യ പരിശീലന സംവിധാനം, സ്‌പെയ്സ് ടെക്‌നോളജി ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് ഇക്കോ സിസ്റ്റം, ഉത്‌പാദന യൂണിറ്റുകൾ എന്നിവ പാർക്കിൽ ഒരുക്കും. എ.പി.ജെ അബ്ദുൾ കലാമിന്റെ ഓർമയ്ക്കായി ഐ.എസ്.ആർ.ഒ നിർമിക്കുന്ന സ്‌പെയ്സ് മ്യൂസിയവും ലൈബ്രറിയും പാർക്കിന്റെ ഭാഗമാകും.

സ്പെയ്സ് പാർക്ക് പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ ഒന്നരലക്ഷം പേർക്ക് തൊഴിൽ ലഭിക്കും.ഘട്ടംഘട്ടമായി വികസിപ്പിക്കുന്ന രീതിയിലാണ് പ്രവർത്തനം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും പാർക്ക് ഉടൻ പൂർണതോതിൽ പ്രവർത്തന സജ്ജമാകുമെന്നും

ജി.ലെവിൻ പറഞ്ഞു.

സ്പെയ്സ് പാർക്കിന്റെ സാദ്ധ്യതകൾ ?

രാജ്യത്തെ ആദ്യ സ്പെയ്സ് പാർക്കാണ് കേരളത്തിൽ വരുന്നത്. അതുകൊണ്ട് തന്നെ അതിനുള്ള സാദ്ധ്യതകളേറെയാണ്. രാജ്യത്തെ ബഹിരാകാശ മേഖലയ്ക്ക് തുടക്കമിട്ടത് തിരുവനന്തപുരത്താണ്. തുമ്പയിൽ. ഇന്നത്തെ വി.എസ്.എസ്.സി. നിൽക്കുന്ന സ്ഥലത്താണ് ഐ.എസ്.ആർ.ഒ.യ്ക്ക് തുടക്കമായത്. രാജ്യത്ത് 14 വൻകിട കേന്ദ്രങ്ങളാണ് ഐ.എസ്.ആർ.ഒ.യ്ക്കുള്ളത്. അതിൽ സുപ്രധാനമായ നാലെണ്ണവും തിരുവനന്തപുരത്താണ്. സ്വകാര്യമേഖലയ്ക്ക് വൻതോതിൽ അവസരം നൽകുന്ന സമീപനമാണ് ഐ.എസ്.ആർ.ഒ.യ്ക്കും കേന്ദ്രസർക്കാരിനുമുള്ളത്. അതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും വലിയ ഐ.എസ്.ആർ.ഒ. കേന്ദ്രമായ വി.എസ്.എസ്.സി.ക്ക് സമീപമുളള സ്പെയ്സ് പാർക്കിന് അനന്തമായ വികസനസാദ്ധ്യതയാണുള്ളത്. 2040 വരെയുള്ള വികസന പദ്ധതി റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്.

വിദേശനിക്ഷേപം ഉണ്ടാകുമോ?

കേരളത്തിലേക്ക് വൻതോതിൽ വിദേശനിക്ഷേപത്തിനും സ്പെയ്സ് പാർക്ക് വഴിയൊരുക്കും. ഒാസ്ട്രേലിയ, ഫ്രാൻസ്, ഹോളണ്ട്, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്ന് താത്‌പര്യങ്ങളുമായി നിക്ഷേപകർ എത്തിയിട്ടുണ്ട്. ഒാസ്ട്രേലിയയുമായി ആദ്യവട്ട ചർച്ചകൾ പൂർത്തിയായി. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി നിക്ഷേപകർ ഇവിടേക്ക് വരുമെന്ന പ്രതീക്ഷയാണുള്ളത്. ഇവിടുത്തെ യുവാക്കൾക്ക് തൊഴിലവസരവും ലഭിക്കും.

തൊഴിലവസരങ്ങളുടെ സാദ്ധ്യത എത്രത്തോളമാണ് ?

നേരിട്ട് ഒന്നരലക്ഷത്തോളം പേർക്കെങ്കിലും സ്പെയ്സ് പാർക്കിൽ തൊഴിൽ ലഭിക്കും. എൻജിനിയറിംഗ്, ഡിപ്ളോമ, ബിരുദധാരികൾക്കും സാങ്കേതിക വിദ്യാഭ്യാസം, ശാസ്ത്രബിരുദധാരികൾ എന്നിവർക്കും സാദ്ധ്യതകളുണ്ടാകും. പരോക്ഷമായും ഇത്രത്തോളം പേർക്ക് തൊഴിലും വരുമാന, ജീവിതോപാധിയും ലഭിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ മികച്ച സംഭാവന നൽകാൻ സ്പെയ്സ് പാർക്കിനാകും.

സ്പെയ്സ് പാർക്ക് എന്ന ആശയത്തിന്റെ പ്രസക്തി ?

ലോകത്ത് വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ് സ്പെയ്സ് ഇൻഡസ്ട്രി. 350 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ വ്യാപ്തിയാണ് ഇപ്പോഴുള്ളത്. 2040 ഒാടെ അത് ഒരു ട്രില്ലൺ ഡോളറിലേക്ക് വികസിക്കും. അതിന്റെ പത്തുശതമാനമെങ്കിലും ഇന്ത്യയ്ക്ക് നേടാനാകുമെന്നാണ് പ്രതീക്ഷ. അതിന്റെ നല്ലൊരുഭാഗം കേരളത്തിലുമെത്തും. അതിനുള്ള സാഹചര്യമാണ് സ്പെയ്സ് പാർക്കിലൂടെ സജ്ജമാകുന്നത്. ലോകത്ത് സ്പെയ്സ് ഇൻഡസ്ട്രിയിലും ഗവേഷണവികസന പദ്ധതികളിലും മുൻനിരയിലുള്ള അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

സ്പെയ്സ് പാർക്കിന്റെ വികസനസാദ്ധ്യതകൾ ?

നിലവിൽ തിരുവനന്തപുരത്ത് ടെക്നോസിറ്റിയിൽ നൽകിയ 20 ഏക്കർ ഭൂമിയിലാണ് സ്പെയ്സ് പാർക്ക് തുടങ്ങുക. അതിന്റെ വെബ്സൈറ്റ്, കൺസൾട്ടിംഗ് സൗകര്യങ്ങൾ തുടങ്ങിയവ ഉടൻ തുറക്കും. ഇപ്പോഴത്തെ വികസന പദ്ധതികളനുസരിച്ച് തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലും സ്പെയ്സ് പാർക്കിന് സ്ഥലം കണ്ടെത്തേണ്ടിവരും. 100 ഏക്കർ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് അപേക്ഷയും പ്രൊപ്പോസലും നൽകിയിട്ടുണ്ട്.

ബോക്സ്

ജി.ലെവിൻ

തിരുവനന്തപുരത്ത് വക്കം സ്വദേശിയായ ജി.ലെവിൻ ഐ.എസ്.ആർ.ഒ.യിലെ 37 വർഷത്തെ സേവനത്തിന് ശേഷമാണ് സ്പെയ്സ് പാർക്കിലെത്തുന്നത്. മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയശേഷം ഐ.എസ്.ആർ.ഒ.യിലെത്തിയ ലെവിൻ പി.എസ്.എൽ.വി,ജി.എസ്.എൽ.വി.തുടങ്ങിയ റോക്കറ്റുകളുടേയും ഗഗൻയാൻ പദ്ധതിയുടേയും ഖര ഇന്ധന വികസനത്തിൽ നിർണായക പങ്കുവഹിച്ചു. എയ്റോനോട്ടിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ അംഗത്വമുൾപ്പെടെ ദേശീയവും അന്തർദേശീയവുമായ നിരവധി സമിതികളിൽ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിച്ചു.

സ്പെയ്സ് പാർക്ക് എന്ന ആശയത്തിന് സംസ്ഥാന സർക്കാർ രൂപം നൽകിയ 2021 മുതൽ അതിന്റെ പ്രോജക്ട് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ജി.ലെവിൻ നിലവിൽ മൂന്ന് വർഷത്തേക്ക് അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസറായി നിയമിക്കപ്പെട്ടു. ഇതോടെ രാജ്യത്തെ ആദ്യ സ്പെയ്സ് പാർക്കിന്റെ സി.ഇ.ഒ.ആകുന്ന വ്യക്തിയെന്ന നിലയിൽ ചരിത്രത്തിന്റെ ഭാഗമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: G LEVIN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.