ബംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് പുതിയ വിവാദത്തിന് തിരികൊളുത്തി ബി ജെ പി. പതിനെട്ടാം നൂറ്റാണ്ടിലെ ഭരണാധികാരിയായ ടിപ്പു സുൽത്താനെ കൊലപ്പെടുത്തിയത് ബ്രിട്ടീഷുകാരോ മറാത്തി സേനയോ അല്ലെന്നും മറിച്ച് വൊക്കലിഗ സമുദായത്തിലെ രണ്ട് നേതാക്കളായിരുന്നെന്നുമാണ് ബി ജെ പി പറയുന്നത്.
രണ്ട് വൊക്കലിഗ നേതാക്കളായ ഉറി ഗൗഡയും നഞ്ചെ ഗൗഡയും ചേർന്നാണ് ടിപ്പു സുൽത്താനെ കൊലപ്പെടുത്തിയതെന്നാണ് മൈസൂരിലെ ഒരു വിഭാഗം ജനങ്ങൾ അവകാശവാദം ഉന്നയിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയുള്ള അദ്ദണ്ഡ കരിയപ്പയുടെ 'ടിപ്പു നിജകനസുഗലു' (ടിപ്പുവിന്റെ യഥാർത്ഥ സ്വപ്‌നങ്ങൾ) എന്ന പുസ്‌തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നാടകം പ്രദർശിപ്പിച്ചിരുന്നു.
ഈ അവകാശവാദത്തെ ചരിത്രകാരൻമാർ എതിർക്കുന്നുവെങ്കിലും ചില പ്രമുഖ ബി ജെ പി നേതാക്കൾ പിന്തുണയ്ക്കുന്നുണ്ട്. വൊക്കലിഗ നേതാവ് സി ടി രവി, മന്ത്രിമാരായ അശ്വന്ത് നാരായൺ, ഗോപാലയ്യ, സംസ്ഥാനത്തെ കേന്ദ്രമന്ത്രി ശോഭാ കരന്ദ്‌ലാജെ എന്നിവരാണ് ബി ജെ പിയുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്നത്. ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നിവരെക്കുറിച്ച് ചരിത്രപരമായ തെളിവുകൾ ഉണ്ടെന്നും ഇവർ വാദിക്കുന്നു.
കോൺഗ്രസിനും എച്ച് ഡി കുമാരസ്വാമിയുടെ ജനതാദൾ സെകുലാർ പാർട്ടിയ്ക്കും ദീർഘകാലമായി പിന്തുണ നൽകുന്നവരാണ് വൊക്കലിഗ സമുദാം. ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നിവർ ജീവിച്ചിരിപ്പില്ലെന്നും സാങ്കൽപ്പിക കഥാപാത്രങ്ങളാകാമെന്നുമാണ് ഇരുപാർട്ടികളുടെയും നേതാക്കൾ പറയുന്നത്.
അതേസമയം, ടിപ്പു സുൽത്താൻ വിവാദത്തിന്റെ സത്യാവസ്ഥ പഠനങ്ങൾ തെളിയിക്കുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചത്. തനിക്ക് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയെ മാത്രമേ അറിയൂവെന്നും ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നിവരെ അറിയില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രി ഡോ.സുധാകരൻ വിഷയത്തിൽ വ്യക്തമാക്കിയത്.
മൈസൂർ സുൽത്താനെ കോൺഗ്രസ് പ്രകീർത്തിക്കുന്നതിൽ പല പ്രകോപനപരമായ പരാമർശങ്ങളും ബി ജെ പി നടത്തിവരികയാണ്. ടിപ്പു സുൽത്താന്റെ പിന്തുടർച്ചക്കാരെ കൊലപ്പെടുത്തണമെന്ന് കർണാടക ബി ജെ പി നേതാവ് നളിൻ കട്ടീൽ അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |