SignIn
Kerala Kaumudi Online
Saturday, 03 June 2023 10.51 AM IST

ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്ത് കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർദ്ധിപ്പിക്കും, കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അപേക്ഷിച്ചാലുടൻ പെർമിറ്റ്

mb-rajesh

തിരുവനന്തപുരം: ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർദ്ധിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനമായത്. എത്രയാണ് നിരക്ക് വ‌ർദ്ധിപ്പിക്കുന്നതെന്ന് നിശ്ചയിച്ചിട്ടില്ല.

കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 300 ചതുരശ്രമീറ്റർ വരെയുള്ള ചെറുകിട നിര്‍മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടൻ തന്നെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുക. കെട്ടിട ഉടമസ്ഥരുടെയും, കെട്ടിട പ്ലാൻ തയാറാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുകയും ചെയ്യുന്ന ലൈസൻസി/ എംപാനൽഡ് എഞ്ചിനീയർമാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ആയി അപേക്ഷിക്കണം. അപേക്ഷ നൽകുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ലഭിക്കും.

തീരദേശ പരിപാലന നിയമം, തണ്ണീർത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല കെട്ടിടനിർമാണമെന്നും കെട്ടിട നിർമാണ ചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്നുമുള്ള സത്യവാങ്‌മൂലം അപേക്ഷയുടെ ഒപ്പം നൽകണം. അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ പൂർണവും യാഥാർത്ഥവുമാണെങ്കിൽ മാത്രമേ പെർമിറ്റ് ലഭിക്കൂ. യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചാണ് പെർമിറ്റ് നേടിയതെന്ന് തെളിഞ്ഞാൽ പിഴ, നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം ഉടമ സ്വന്തം ചെലവിൽ പൊളിച്ചുനീക്കൽ, എംപാനൽഡ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കൽ എന്നീ നടപടികൾ ഉണ്ടാകും. നഗരസഭകളിൽ നടപ്പാക്കിയതിന്റെ അനുഭവങ്ങൾ കണക്കിലെടുത്ത് അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേയ്ക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

2023 ഏപ്രിൽ ഒന്ന് മുതൽ നഗരസഭകളിൽ വീടുകളടക്കമുള്ള ചെറുകിട കെട്ടിടങ്ങളുടെ പെർമിറ്റ് ലഭിക്കുന്നതിനായുള്ള ഉദ്യോഗസ്ഥതല പരിശോധന പൂർണമായും ഒഴിവാക്കും. പെർമിറ്റ് ഫീസിൽ യുക്തിസഹമായ വർദ്ധനവ് വരുത്തും. നിരക്ക് പിന്നീട് നിശ്ചയിക്കും. വസ്തുനികുതി അഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള നിയമഭേദഗതി അടുത്ത വര്‍ഷം മുതല്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ബാധകമായിരിക്കും. നേരത്തെ 30 ചതുരശ്ര മീറ്റര്‍ വരെ ബി പി എൽ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു വസ്തു നികുതിയിളവ് അനുവദിച്ചിരുന്നത്.

ഇനി സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് വസ്തുനികുതി അടയ്ക്കേണ്ടി വരില്ല. ഈ ഇളവ് ഫ്ലാറ്റുകള്‍ക്ക് ബാധകമായിരിക്കില്ല. അനധികൃത നിര്‍മാണം പരിശോധനയിൽ കണ്ടെത്തിയാൽ അനധികൃത ഭാഗത്തിന് മൂന്നിരട്ടി നികുതി ചുമത്തി നടപടി സ്വീകരിക്കും. 1500 ചതുരശ്ര അടി വരെയുള്ള വീടുകളെ മൂന്നിരട്ടി വസ്തുനികുതി ചുമത്തുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ റേറ്റിംഗ് നടപ്പിലാക്കും.

ജി ഐ എസ് അധിഷ്ഠിത മാപ്പിംഗിലൂടെ എല്ലാ കെട്ടിട നിർമാണങ്ങളും കൃത്യമായി കണ്ടെത്തി നൂറ് ശതമാനം നികുതി പിരിവ് സാദ്ധ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഐ എം കെയുടെ സഹായത്തോടെ നടപ്പിലാക്കും. തദ്ദേശ വകുപ്പിലെ സ്ഥലം മാറ്റം മാനദണ്ഡപ്രകാരം ഓൺലൈൻ മുഖേന മാത്രമാക്കും. ഏപ്രിൽ 30ന് മുൻപ് സ്ഥലം മാറ്റം നടപ്പാക്കും. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ഇടയിൽ ഉദ്യോഗസ്ഥരെ പരസ്പരം മാറ്റി നിയമിക്കും.

ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാന്‍ ഓൺലൈന്‍ സേവനങ്ങൾ സംബന്ധിച്ച് ജൂൺ മുതൽ പരിശീലനം ആരംഭിക്കും. തദ്ദേശ വകുപ്പിലെ എഞ്ചിനീയറിംഗ് വിഭാഗത്തെ മെച്ചപ്പെടുത്താൻ ഗുണനിലവാര പരിശോധനാ സംവിധാനം ഏർപ്പെടുത്തും. ഗുണനിലവാര പരിശോധനാ ലാബുകൾ, സാങ്കേതിക ഉപദേശക സംവിധാനം, ഡിസൈനിങ് വിഭാഗം എന്നിവ ഉൾപ്പെടുന്നതാകും ഗുണനിലവാര പരിശോധനാ സംവിധാനം.
പൊതുജനങ്ങളുടെ വിലയിരുത്തൽ രേഖപ്പെടുത്താൻ സൗകര്യമുണ്ടായിരിക്കും. എല്ലാ ഗസറ്റഡ് ഉദ്യോഗസ്ഥർക്കും ഫീൽഡ് തല ഉദ്യോഗസ്ഥർക്കും റേറ്റിംഗ് ഏർപ്പെടുത്തുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. സേവനങ്ങൾ സംബന്ധിച്ചും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സംബന്ധിച്ചുമുള്ള പരാതികൾ പരിഹരിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തും. ഉപജില്ലാ തലത്തിൽ പത്ത് ദിവസത്തിലൊരിക്കലും ജില്ലാ തലത്തിൽ 15 ദിവസത്തിലൊരിക്കലും സംസ്ഥാന തലത്തിൽ മാസത്തിലൊര‍ിക്കലും അദാലത്ത് നടത്തും. പരാതികൾ ഓൺലൈൻ ആയി സമർപ്പിക്കാൻ പ്രത്യേക പോർട്ടൽ ഏർപ്പെടുത്തും.

നഗരസഭകളിലെ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കാനുള്ള കെ സ്മാർട്ട് പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം ഏപ്രിൽ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിലൂടെ ജനന – മരണ റജിസ്ട്രേഷൻ, വ്യാപാര ലൈസൻസ്, പൊതു പരാതി പരിഹാര സംവിധാനം എന്നീ സേവനങ്ങൾ ലഭ്യമാകും. നവംബർ ഒന്നിന് എല്ലാ സേവനങ്ങളോടെയും കെ സ്മാർട്ട് പൂർണ തോതിൽ പ്രവർത്തിപ്പിക്കാനാകും. എല്ലാ സേവനങ്ങളും മൊബൈൽ ആപ്പിലും ലഭിക്കും. സർക്കാരിൽനിന്നും വിവിധ ഏജൻസികളിൽനിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരവും മാർഗനിർദേശവും സഹായവും നൽകുന്ന പൊതുജന സേവന കേന്ദ്രങ്ങൾ എല്ലാ പഞ്ചായത്തിലും ഫ്രണ്ട് ഓഫിസിനോടു ചേർന്ന് ആരംഭിക്കും.

മുപ്പതോളം ദ്രവമാലിന്യ സംസ്കരണ പ്ലാന്റുകളുടെ നിർമാണം നടക്കുകയാണ്. ഇതിൽ കൊച്ചി എളംകുളം, ബ്രഹ്മപുരം, വെല്ലിംഗ്ടൺ ഐലന്റ്, കൊല്ലം കുര‍ീപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജ് (രണ്ടെണ്ണം), കണ്ണൂർ പടന്നപ്പാലം, ആലപ്പുഴ ജനറൽ ആശുപത്രി, തൃശൂർ മാടക്കത്തറ, മൂന്നാർ എന്നീ പ്ലാന്റുകൾ മേയ് 31നു മുൻപ് പ്രവർത്തനക്ഷമമാകും. മാലിന്യം വലിച്ചെറിയുന്നത് തടയാൻ തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷൻ, പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരുടെ പ്രതിനിധികൾ അടങ്ങുന്ന സ്ക്വാഡ് എല്ലാ ജില്ലയിലും പ്രവർത്തിക്കും.

നഗരങ്ങളിലെ ഭൂവിനിയോഗ രീതികൾ, ജീവിതശൈലി, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിന് യോജിച്ച നഗരനയം രൂപീകരിക്കാൻ രാജ്യാന്തര വിദഗ്ധരെ ഉൾപ്പെടുത്തി അർബൻ കമ്മിഷൻ രൂപീകരിക്കും. 2017 ജൂലൈ 31 ന് മുൻപ് നിർമാണം ആരംഭിച്ച അനധികൃത കെട്ടിടങ്ങളെ വ്യവസ്ഥകൾക്ക് വിധേയമായി ക്രമവൽക്കരണത്തിന് കാലപരിധി അവസാനിച്ചതിനാൽ പുതിയ വ്യവസ്ഥകൾ അടങ്ങിയ ചട്ടം പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUILDING PERMIT, FEES, MBRAJESH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.