SignIn
Kerala Kaumudi Online
Saturday, 02 August 2025 12.17 AM IST

പറയുന്നത് സി.പി.ഐ മുഖ്യമന്ത്രിയുടേത് 'അഹങ്കാര വാഹനങ്ങൾ'

Increase Font Size Decrease Font Size Print Page

opinion

ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ, മുന്നണിയിലെ തിരുത്തൽ ശക്തിയായിരുന്നു ഒരുകാലത്ത്. വെളിയം ഭാർഗവനും സി.കെ ചന്ദ്രപ്പനുമൊക്കെ പാർട്ടി സെക്രട്ടറിമാരായിരിക്കെ വല്യേട്ടനായ സി.പി.എമ്മിനെ വരച്ചവരയിൽ നിറുത്തിയ പാരമ്പര്യമാണുള്ളത്. എന്നാലിപ്പോൾ മുന്നണിക്ക് തുടർഭരണം ലഭിച്ചെങ്കിലും ഭരണത്തിൽ സി.പി.ഐ ക്കാർ കടുത്ത അതൃപ്തിയിലാണെന്നാണ് പാർട്ടിയുടെ ഉള്ളിൽ നിന്നുയരുന്ന വികാരം. കാനം രാജേന്ദ്രൻ സെക്രട്ടറിയായി മൂന്നാമൂഴത്തിലെത്തിയിട്ടും 'പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല' എന്ന് പറയും പോലെ ഭരണത്തിൽ കാര്യമായ സ്വാധീനമൊന്നും ചെലുത്താനാകാതെ കാഴ്ചക്കാരെപ്പോലെ നിൽക്കേണ്ട അവസ്ഥയിലാണ് പാർട്ടി നേതൃത്വമെന്ന വികാരം ഇപ്പോൾ ശക്തമാണ്. കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ പാർട്ടികൂടി പങ്കാളിയായ ഇടത് ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ഉയർന്ന രൂക്ഷവിമർശനങ്ങൾ പ്രതിപക്ഷത്ത് നിന്നുപോലും ഉണ്ടാകാത്തതാണ്. ഭരണത്തിൽ അഴിമതി കൊടികുത്തി വാഴുകയാണെന്നും സർവ സൈന്യാധിപനെപ്പോലെ വലിയ പൊലീസ് കാവലിലാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും വിമർശിച്ചത് പാർട്ടിയിലെ ഉത്തരവാദപ്പെട്ട ഭാരവാഹികൾ തന്നെയാണ്. അതും പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.ആർ ചന്ദ്രമോഹനൻ, മന്ത്രി ജെ. ചിഞ്ചുറാണി, ആർ. രാജേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുൻമന്ത്രി കെ.രാജു, ആർ.ലതാദേവി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു എന്നതാണ് ശ്രദ്ധേയം. മന്ത്രി ചിഞ്ചുറാണി പോലും എതിർത്തൊരക്ഷരം പറഞ്ഞില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകൾക്കൊപ്പമുള്ളത് അകമ്പടി വാഹനങ്ങളല്ലെന്നും 'അഹങ്കാര വാഹന'ങ്ങളെന്നുമായിരുന്നു ചടയമംഗലത്ത് നിന്നുള്ള പാർട്ടി നേതാവിന്റെ വിമർശനം. ഇത്തരം ധൂർത്തും ഏകാധിപത്യ രീതികളും കമ്മ്യൂണിസ്റ്റുകാരന് യോജിച്ചതല്ലെന്നും വിമർശനം ഉയർന്നു. രണ്ടാം പിണറായി സർക്കാർ പുതുതായി എന്ത് ചെയ്തു ? പാചകവാതക വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുമ്പോഴാണ് സംസ്ഥാന സർക്കാർ ഇന്ധന സെസ് രണ്ട് രൂപ വർദ്ധിപ്പിച്ചത്. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളിൽ മുഖ്യമന്ത്രിയും സി.പി.എമ്മും അനാവശ്യ ഇടപെടലുകൾ നടത്തിയിട്ടും അതിനെതിരെ ഒന്നും മിണ്ടാനോ പ്രതിഷേധിക്കാനോ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല. തിരുത്തൽ ശക്തിയായിരുന്ന സി.പി.ഐയുടെ വ്യക്തിത്വം പോലും അടിയറവച്ചുവെന്ന ഗുരുതരമായ വിമർശനമാണ് യോഗത്തിൽ ഉയർന്നത്.

തിരുത്തൽ ശക്തിയായിരുന്ന പാർട്ടി ഇപ്പോൾ 'തിരുമ്മൽ ശക്തിയായി' മാറിയെന്ന് മാർച്ച് 16 ന് തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സമ്മേളന റിവ്യു യോഗത്തിൽ കാനംരാജേന്ദ്രന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിമർശനം. അതിന്റെ തുടർച്ചയായി കൊല്ലം ജില്ലാ കൗൺസിലിലും ഉയർന്ന വിമർശനങ്ങൾ സംസ്ഥാന നേതൃത്വത്തിന്റെ നിസ്സംഗ നിലപാടിനെതിരെ പാർട്ടിയിലെ തന്നെ ഒരു പ്രബല വിഭാഗം സംഘടിതമായി രംഗത്തെത്തിയന്നതിന്റെ സൂചനയാണ് നൽകുന്നത്. തിരുവനന്തപുരത്തെ യോഗത്തിൽ വിമർശനങ്ങൾക്ക് കാനം നൽകിയ മറുപടിയുടെ സ്വരം തിരുത്തൽ ശക്തിയുടേതായിരുന്നില്ല, മറിച്ച് വിധേയത്വത്തിന്റേതായിരുന്നു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ഒറ്റപ്പെടുത്തി കടന്നാക്രമിക്കുമ്പോൾ നമ്മൾ കൂടി ഭാഗമായ സർക്കാരിനെ സംരക്ഷിക്കേണ്ട ബാദ്ധ്യതയുണ്ടെന്നായിരുന്നു കാനത്തിന്റ മറുപടി.

ധൂർത്തും പിൻവാതിൽ

നിയമനവും മുഖമുദ്ര

അടക്കിനിർത്തിയ രോഷം അണപൊട്ടിയൊഴുകും പോലെയായിരുന്നു പിണറായി സർക്കാരിനെതിരെ സി.പി.ഐ കൊല്ലം ജില്ലാ കൗൺസിലിൽ ഉയർന്ന പ്രതിഷേധം. ധൂർത്തും പിൻവാതിൽ നിയമനവുമാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്നും ആരോഗ്യ, വിദ്യാഭ്യാസ, ഫിഷറീസ് മേഖലകളിൽ പിൻവാതിൽ നിയമനം വ്യാപകമാണെന്നും നേതാക്കൾ തുറന്നടിച്ചു. യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമും ധൂർത്തിനൊപ്പമാണ്. അതുകൊണ്ടാണ് അവർ ഒരുലക്ഷം രൂപ ശമ്പളം ആവശ്യപ്പെടുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ ജനകീയ പ്രതിരോധ ജാഥയിലും ധൂർത്താണ് കണ്ടത്. സി.പി.ഐ നേതൃത്വത്തിനെതിരായ കടുത്ത വിമർശനവും ചിലർ ഉയർത്തി. മുമ്പൊക്കെ സി.പി.ഐ നേതാക്കൾക്ക് പാർട്ടിയായിരുന്നു പ്രധാനം. ഇപ്പോൾ മുന്നണിയെയും ഭരണത്തെയുമാണ് മുഖ്യമായി കാണുന്നത്. അതോടെ പാർട്ടിക്ക് മുഖം നഷ്ടപ്പെട്ടു. ഭരണത്തിൽ സർവത്ര അഴിമതിയാണ്. തിരുത്തൽ ശക്തിയായിരുന്ന പാർട്ടി ഇപ്പോൾ അതിന് അവധി കൊടുത്തു. കൊല്ലം എസ്.എൻ കോളേജിൽ സംഘർഷം സൃഷ്ടിച്ചതിന് സസ്പെന്റ് ചെയ്യപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകരെ തിരിച്ചെടുക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചപ്പോൾ ആക്രമണത്തിനിരയായ എ.ഐ.എസ്.എഫ് പ്രവർത്തകരുടെ അപ്പീൽ തള്ളി. ഇതിനെതിരെ ചെറുവിരലനക്കാൻ പോലും പാർട്ടിക്ക് കഴിയുന്നില്ല. ജോയിൻറ് കൗൺസിൽ നേതാക്കൾപോലും കൈക്കൂലിക്കേസിൽ പിടിക്കപ്പെടുകയാണ്. ഇ.ചന്ദ്രശേഖരൻ നായരെപ്പോലുള്ള പ്രഗത്ഭർ നയിച്ച ഭക്ഷ്യവകുപ്പിൽ പൊളിച്ചെഴുത്ത് വേണമെന്നും അഭിപ്രായമുയർന്നു.

കശുഅണ്ടി

തൊഴിലാളികളും

പ്രേമചന്ദ്രനും

2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ സംബന്ധിച്ച് സി.പി.എമ്മിൽ ചർച്ച തുടങ്ങിയ സാഹചര്യത്തിൽ തന്നെ സി.പി.ഐ നേതാക്കളിൽ നിന്നുയർന്ന ഭരണവിരുദ്ധ വികാരം സി.പി.എമ്മിനെ അലോസരപ്പെടുത്തുമെന്നത് തർക്കമറ്റ വിഷയമാണ്. കശുഅണ്ടി തൊഴിലാളികൾ ഏറെയുള്ള കൊല്ലത്ത് അവരുടെ വിശ്വാസം നേടാത്ത മുന്നണിക്ക് തിരഞ്ഞെടുപ്പിൽ നന്നായി വിയർക്കേണ്ടി വരും. കൊല്ലത്തെ കശുഅണ്ടി തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ട സർക്കാരാണിതെന്ന സി.പി.ഐ ജില്ലാ കൗൺസിലിൽ ഉയർന്ന വിമർശനം ശ്രദ്ധേയമാകുന്നതും അതുകൊണ്ടാണ്. കമ്മ്യൂണിസ്റ്റ് നേതാക്കളെക്കാൾ കശുഅണ്ടി തൊഴിലാളികളെ ഓർമ്മിക്കുന്നത് കൊല്ലത്തെ എൻ.കെ പ്രേമചന്ദ്രൻ എം.പിയാണെന്നും തൊഴിലാളികൾ പ്രേമചന്ദ്രനെ വിശ്വാസത്തിലെടുക്കുന്നതിന്റെ നാലിലൊന്ന് പോലും കമ്മ്യൂണിസ്റ്റ് നേതാക്കളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും സി.പി.ഐ നേതാക്കൾ തുറന്നടിക്കുമ്പോൾ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ സാദ്ധ്യതകൾക്ക് മേലെയാണ് കരിനിഴൽ വീഴുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ കശുഅണ്ടി വികസന കോർപ്പറേഷൻ, കാപ്പക്സ് ഫാക്ടറികൾ പോലും അടഞ്ഞു കിടക്കുന്നതിനാൽ തൊഴിലാളികൾ പട്ടിണിയിലാണ്. നിശ്ചിത ഹാജരില്ലാത്തതിനാൽ അവർക്ക് ഇ.എസ്.ഐ ആനുകൂല്യം പോലും ലഭിക്കുന്നില്ല. ഇക്കാര്യം സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് നേതാക്കൾ അവരോട് ഒന്നും പറയാറില്ല. പിണറായി സർക്കാർ ഏഴ് വർഷം പിന്നിട്ടിട്ടും സ്വകാര്യ ഫാക്ടറികൾ തുറക്കുമെന്ന വാഗ്ദാനം ഇതുവരെ നടപ്പായില്ലെന്ന സി.പി.ഐ വിമർശനവും സി.പി.എമ്മിന്റെ ചങ്കിൽ കുത്തുന്നതിന് സമാനമാണ്. സി.പി.ഐ.യും സി.പി.എമ്മും ചേർന്നാലും രാജ്യത്ത് വലിയ മാറ്റമൊന്നും ഉണ്ടാക്കാനാകാത്ത സാഹചര്യത്തിലെത്തിയെന്ന പൊതുവിമർശനവുമുണ്ട്. കൊല്ലം സീറ്റ് വരുന്ന തിരഞ്ഞെടുപ്പിലെങ്കിലും പ്രേമചന്ദ്രനിൽ നിന്ന് ഏത്‌വിധേനെയും പിടിച്ചെടുക്കണമെന്ന വാശിയിൽ മുന്നേറുന്ന സി.പി.എമ്മിന് ഒട്ടും രുചിക്കുന്നതല്ല സ്വന്തം പാളയത്തിൽ നിന്നു തന്നെ ഉയരുന്ന പടയൊരുക്കം. പ്രേമചന്ദ്രനെതിരെ ചിന്തജെറോം, എം. മുകേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ തുടങ്ങിയവരിൽ ആരെയെങ്കിലും സ്ഥാനാർത്ഥി ആക്കാനുള്ള ആലോചന ഇതിനകം സി.പി.എമ്മിൽ തുടങ്ങിക്കഴിഞ്ഞു. സി.പി.ഐയിൽ കാനത്തിനെതിരെ ശക്തമായൊരു വിമത വിഭാഗം ഉണ്ടായിരുന്ന ജില്ലയാണ് കൊല്ലം. എന്നാൽ അറിയപ്പെടുന്ന കാനം വിരുദ്ധനായിരുന്ന പി.എസ്.സുപാൽ എം.എൽ.എ കാനത്തിന്റെ തന്നെ പിന്തുണയോടെ കൊല്ലം ജില്ലാ സെക്രട്ടറിയായതോടെ പഴയതുപോലെ കാനം വിരുദ്ധത ഇപ്പോൾ പ്രകടമല്ല. എന്നിട്ടും സർക്കാരിനും ഭരണത്തിനും എതിരെ സി.പി.ഐ യിൽ നിന്നുയരുന്ന ശക്തമായ പ്രതിഷേധവും അമർഷവും പാർട്ടി നേതൃത്വത്തിന് എത്രകാലം കണ്ടില്ലെന്ന് നടിക്കാനാകുമെന്നതാണ് ഉയരുന്ന ചോദ്യം. ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ യുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ കൊല്ലം ജില്ലയിൽ നിന്നു തന്നെ മുന്നണിഭരണത്തിനെതിരായി ഉയരുന്ന വികാരം യു.ഡി.എഫിന് പ്രതീക്ഷയേകുന്നു.

TAGS: CPI AND PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.