■അടുത്ത ഘട്ടത്തിൽ ഗ്രാമ പഞ്ചായത്തുകളിലും
■ പെർമിറ്റ് ഫീസും ഏപ്രിൽ ഒന്ന് മുതൽ കൂട്ടും
തിരുവനന്തപുരം : സംസ്ഥാനത്തെ കോർപ്പറേഷനുകളിലും,മുനിസിപ്പാലിറ്റികളിലും ഏപ്രിൽ ഒന്ന്
മുതൽ വീടുകൾ ഉൾപ്പെടെ 300 ചതുരശ്ര മീറ്റർ വരെയുള്ള ലോ റിസ്ക്ക് കെട്ടിട നിർമാണങ്ങൾക്ക് പ്ലാൻ പരിശോധിക്കാതെ പെർമിറ്റ് നൽകും.അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും ഇത്
വ്യാപിപ്പിക്കുമെന്ന് തദ്ദേശ മന്ത്രി .എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതേ സമയം,, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും ഏപ്രിൽ ഒന്ന് മുതൽ കുത്തനെ ഉയർത്തും.കെട്ടിട നികുതി 5 ശതമാനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണിത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ പെർമിറ്റ് ഫീസ് ഈടാക്കുന്ന സംസ്ഥാനമെന്ന പോരായ്മ പരിഹരിക്കാനാണിതെന്നും , ഫീസ് വർദ്ധന ഉടൻ നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി രാജേഷ് പറഞ്ഞു..
കെട്ടിട ഉടമയും കെട്ടിട പ്ലാൻ തയാറാക്കി സുപ്പർവൈസ് ചെയ്യുന്ന ലൈസൻസിയും സ്വയം സാക്ഷ്യപ്പെടുത്തി ഓൺലൈനായി നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാവും പെർമിറ്റ്. നിലവിൽ ഈ സംവിധാനമുണ്ടെങ്കിലും, ആവശ്യമുള്ളവർ മാത്രം തിരഞ്ഞെടുത്താൽ മതിയായിരുന്നു. തീരദേശ പരിപാലന നിയമം, കെട്ടിട നിർമാണ ചട്ടം എന്നിവ പൂർണമായും പാലിക്കുന്നുണ്ടെന്നും, തണ്ണീർത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല നിർമ്മാണെമെന്നുമുള്ള സത്യവാങ്മൂലം അപേക്ഷയിൽ നൽകണം. നൽകുന്ന വിവരങ്ങളും രേഖകളും പരിശോധിച്ച് പൊരുത്തക്കേടില്ലെങ്കിൽ, അപേക്ഷിക്കുന്ന ദിവസം സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ലഭിക്കും. വസ്തുതകൾ മറച്ചു വച്ചതായി തെളിഞ്ഞാൽ പിഴ, നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം ഉടമ സ്വന്തം ചെലവിൽ പൊളിച്ചുനീക്കൽ, എംപാനൽഡ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കൽ എന്നീ കർശന നടപടികൾ സ്വീകരിക്കും.
അനധികൃത നിർമാണം കണ്ടെത്തിയാൽ, അനധികൃത ഭാഗത്തിന് മൂന്നിരട്ടി നികുതി ചുമത്തും.ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിൽ നേരിട്ട് സമ്പർക്കത്തിൽ വരാത്ത വിധം പെർമിറ്റ് നൽകി അഴിമതി മുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു..അംഗീകൃത ലൈസൻസിക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ പ്ലാൻ സമർപ്പിക്കണമെങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ എംപാനൽ ചെയ്യണം.അതിന് മൂന്നു മാസത്തെ സാവകാശം നൽകും..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |