SignIn
Kerala Kaumudi Online
Friday, 26 April 2024 9.41 AM IST

വൈക്കം സത്യഗ്രഹം ,​ ശ്രീനാരായണ പ്രസ്ഥാനം ജന്മമേകിയ സഹനസമരം

opinion

ശ്രീനാരായണഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയാണല്ലോ ആധുനികകേരളത്തെ വാർത്തെടുക്കാനുള്ള ആത്മീയയജ്ഞത്തിന് നാന്ദികുറിച്ചത്. കേരളത്തിലെ സാമൂഹിക പരിഷ്‌കരണപ്രസ്ഥാനങ്ങൾക്ക് ആദിബീജം അരുവിപ്പുറം ആത്മീയവിപ്ലവമാണ്. ഗുരു നൽകിയ 'ജാതിഭേദവും മതദ്വേഷവും വിഭാഗീയ ചിന്താഗതികളൊന്നുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാലോകത്തിന്റെ സംസൃഷ്ടിക്കായി സംഘടനകളും മഹത്തുക്കളും മുന്നോട്ടുവന്നു. ഗുരുദേവശിഷ്യനായ ദേശാഭിമാനി ടി.കെ. മാധവന്റെ നേതൃത്വത്തിലുണ്ടായ സഹനസമരമാണ് വൈക്കം സത്യഗ്രഹം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിലാണത് നടന്നതെങ്കിലും നയിച്ചത് ഗുരുദേവശിഷ്യരും ഗുരുവിനാൽ പ്രചോദിതരായ ജനനേതാക്കളുമാണ്.

അടിമകളാവേണ്ട ദുഃസ്ഥിതിയിൽനിന്ന് ജനതയ്‌ക്ക് മോചനം നൽകാനാണല്ലോ പരമഹംസനും ബ്രഹ്മനിഷ്ഠനുമായ ശ്രീനാരായണഗുരു ലോകസംഗ്രഹപടുവായി വിരാജിച്ചത്. ബാല്യം മുതൽ അയിത്തമാചരിക്കാതെ പുലയ-പറയ വിഭാഗത്തിൽപ്പെട്ട ജനങ്ങളുമായിച്ചേർന്ന് ജീവിച്ച ഗുരുദേവൻ പോലും ജീവിതസായാഹ്നത്തിൽ അയിത്താചാരണത്തിനു വിധേയനായി. ഗുരുദേവൻ വൈക്കം ക്ഷേത്രത്തിന് സമീപത്തെ റോഡിലൂടെ റിക്ഷയിൽ എഴുന്നെള്ളിയപ്പോൾ 'ഇവിടം മുതൽ ഈഴവർ തുടങ്ങിയ അയിത്ത ജാതിക്കാർക്ക് പ്രവേശനമില്ലെ'ന്ന ബോർഡ് ശ്രദ്ധയിൽപ്പെടുത്തി ബ്രാഹ്മണൻ യാത്രാതടസമുണ്ടാക്കി. സംഭവം ഗുരുവിനെ ആദരിക്കുന്ന സകലരെയും വേദനിപ്പിച്ചു. ദേശാഭിമാനി ടി.കെ മാധവൻ 'ഗുരുവിനും വിലക്ക് വന്നുവോ' എന്ന് ഗർജ്ജിച്ച്,​ ശിവഗിരിയിലെത്തി ഗുരുദേവനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മാധവനെയും കൂട്ടരെയും വൈക്കം സത്യഗ്രഹത്തിലേക്ക് നയിച്ചത് ഈ ഗുരുനിന്ദയാണ്.
സത്യഗ്രഹം പോലുള്ള രാജസ സമരപരിപാടികൾ ഒഴിവാക്കി ഇച്ഛാശക്തിയോടെ ക്ഷേത്ര-ആശ്രമ-വിദ്യാഭ്യാസ വ്യാവസായിക സ്ഥാപനങ്ങൾ നാടൊട്ടുക്ക് സംസ്ഥാപനം ചെയ്ത് അടിസ്ഥാനസമൂഹത്തിന് ആത്മബോധം നൽകിയ ഗുരുവും സമരത്തിന് പിന്തുണയേകി. വൈക്കത്തെ തൃപ്പാദങ്ങളുടെ ആശ്രമസങ്കേതം സത്യഗ്രഹികൾക്കായി വിട്ടുകൊടുത്തു. വൈക്കത്ത് ഒരുസംഘടനയ്ക്കും ആസ്ഥാനമില്ലായിരുന്നു. ഗുരുവിന് വൈക്കം വെല്ലൂർമഠമുണ്ടായിരുന്നതു കൊണ്ടാണ് അവിടെ താമസിച്ച് സത്യഗ്രഹം നടത്താനായത്.
കുമാരനാശാൻ, ടി.കെ മാധവൻ, ആലുംമൂട്ടിൽ എ.കെ. ഗോവിന്ദദാസ്, സി.വി.കുഞ്ഞുരാമൻ, സത്യവ്രതസ്വാമികൾ, കെ.പി. കയ്യാലയ്ക്കൽ, എൻ.കുമാരൻ, കോട്ടുകോയിക്കൽ വേലായുധൻ, സഹോദരൻ അയ്യപ്പൻ, പാണാവള്ളി കൃഷ്ണൻ വൈദ്യർ എന്നിവർ സത്യഗ്രഹവിജയത്തിന് ഗുരു നിയോഗിച്ച ശിഷ്യരിൽ ചിലരാണ്. കെ.കേളപ്പൻ, കെ.പി. കേശവമേനോൻ, മന്നത്തുപത്മനാഭൻ, കൂറൂർ നമ്പൂതിരിപ്പാട് തുടങ്ങിയ കോൺഗ്രസ് നേതാക്കളും പങ്കെടുത്തു. അവരെ സമരമുഖത്തെത്തിച്ചതാണ് ടി.കെ.മാധവന്റെ വിജയം.
കുമാരനാശാന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി. യോഗവാർഷികത്തിൽ അയിത്താചരണം പാടില്ലെന്നും എല്ലാസ്ഥലത്തും നിർഭയം സഞ്ചരിക്കണമെന്നും തീരുമാനിച്ചിരുന്നു. മാധവൻ തിരുനെൽവേലിയിലെത്തി മഹാത്മാഗാന്ധിയെ കണ്ടത് ചരിത്രപ്രസിദ്ധം. പുറപ്പെടുന്നതിന് മുൻപു കൊല്ലത്തുനടന്ന കോൺഗ്രസ് യോഗത്തിൽ ടി.കെ മാധവൻ അയിത്തോച്ചാടനത്തെക്കുറിച്ച് സംസാരിച്ചതും കോൺഗ്രസ് അദ്ധ്യക്ഷൻ ശങ്കരമേനോൻ അനുകൂലിക്കാതിരുന്നതും അദ്ദേഹം മഹാത്മാഗാന്ധിയെ ധരിപ്പിച്ചു. കോൺഗ്രസ് അയിത്തോച്ചാടനത്തിനായി പ്രവർത്തിക്കണമെന്ന ഗാന്ധിജിയുടെ സ്വഹസ്ത ലേഖനവുമായാണ് മാധവൻ മടങ്ങിയെത്തിയത്. ഈ കൂടിക്കാഴ്ചയാണ് വൈക്കം സത്യഗ്രഹത്തിന് ആരംഭം കുറിച്ചതെന്ന് മഹാത്മാഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു ദിനപത്രത്തിൽ സത്യഗ്രഹത്തിന്റെ മുഖ്യകാർമ്മികത്വം മറ്റുചിലരിൽ ചാർത്തിയതായി കാണുന്നു. അയിത്തം ഇപ്പോഴും മനസിൽ കട്ടിയായി നിൽക്കുന്നെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
മഹാത്മജിയുടെ ഉപദേശം ലഭിക്കും മുൻപുതന്നെ ടി.കെ. മാധവൻ ആശയവുമായി മുന്നോട്ടു പോയിരുന്നെന്ന് 1930 ൽ രചിച്ച മാധവന്റെ ജീവചരിത്രഗ്രന്ഥത്തിൽ കാണാം. നോക്കുക സത്യഗ്രഹം അനുഷ്‌ഠിക്കണമെന്ന് തിരുനെൽവേലിയിൽവച്ച് മഹാത്മാഗാന്ധി മാധവനെ ഉപദേശിക്കുന്നതിന് വളരെ മുൻപുതന്നെ ഏതത് കാര്യാർത്ഥം സത്യഗ്രഹം അനുവർത്തിക്കേണ്ടതാണെന്ന് മാധവൻ ശക്തമായി വാദിക്കുകയും പ്രചരണവേല ചെയ്യുകയും ചെയ്തിരുന്നു (ദേശാഭിമാനി ടി.കെ. മാധവൻ - പി.കെ മാധവൻ പേജ് 147)​

മാധവൻ നടത്തിയിരുന്ന ദേശാഭിമാനിവഴിയും ശ്രീമൂലം പ്രജാസഭയിലും അയിത്തോച്ചാടനത്തിനായി വാദിച്ചുകൊണ്ടിരുന്നു. അയിത്തം പോലുള്ള സാമൂഹികപാപത്തിനെതിരെ സമുദായം ഒറ്റതിരിഞ്ഞു സമരം ചെയ്താൽ വിജയിക്കുമോയെന്ന സംശയത്താൽ സത്യഗ്രഹത്തിലേക്ക് പ്രവേശിച്ചില്ല. അയിത്തത്തെ ദേശീയതലത്തിൽ എതിർക്കുകയാവും ഫലപ്രദമെന്ന് മാധവനു തോന്നി.

ഗുരുദേവനു യാത്രാതടസമുണ്ടാക്കിയ ബോർഡുകൾ സ്ഥാപിതമായ റോഡിൽക്കൂടി മുസ്ലിങ്ങളും ക്രിസ്ത്യാനികളും ക്ഷേത്രസമീപത്തെ പുരയിടങ്ങളിൽനിന്ന് നാളികേരമിടാൻ അയിത്തജാതിക്കാരും പ്രവേശിച്ചിരുന്നു.1095 ലെ നിയമനിർമ്മാണസഭയുടെ യോഗത്തിൽ കുമാരനാശാൻ 'തീണ്ടാപ്പലകകൾ' മാറ്റുന്നതിനെക്കുറിച്ചും അയിത്തജാതിക്കാർ മതംമാറിയാൽ ലഭിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും ഗവൺമെന്റിനെ ധരിപ്പിച്ചു. അതെല്ലാം ബധിരകർണങ്ങളിൽ പതിച്ചതേയുള്ളൂ. ഗുരുദേവശിഷ്യർ നിയമലംഘനത്തിന് തയ്യാറായി. തീണ്ടാപ്പലകകൾ സ്ഥാപിച്ചിരിക്കുന്ന വഴിയിൽക്കൂടി സധൈര്യം നടക്കാൻ ആദ്യം തയാറായത് ടി.കെ. മാധവനാണ്. 1096 വൃശ്ചികം14 ന് വൈക്കത്തെ ബോട്ടുകടവിൽനിന്നും തീണ്ടൽബോർഡ് സ്ഥാപിച്ച റോഡിൽക്കൂടി ക്ഷേത്രസന്നിധിവരെ അദ്ദേഹം നടന്നു. വിവരം തപാലിലൂടെ കോട്ടയം ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിച്ചു,​ പത്രങ്ങളിലെഴുതി. അടുത്തദിവസം സത്യവ്രതസ്വാമികൾ സഹോദരൻ അയ്യപ്പൻ, കെ. മാധവൻ എന്നിവരോടൊപ്പം മാധവൻ ആ റോഡിൽക്കൂടി സഞ്ചരിച്ചു. കാര്യമായ എതിർപ്പുണ്ടായില്ല. ടി.കെ. മാധവൻ സർദാർ കെ.എം.പണിക്കർ, കെ.പി. കേശവമേനോൻ എന്നിവരോടൊപ്പം കാകിനഡ കോൺഗ്രസിൽ പങ്കെടുക്കുകയും അയിത്തോച്ചാടനത്തെക്കുറിച്ച് ഗാന്ധിജി, മൗലാനാ മുഹമ്മദലി തുടങ്ങിയവരുമായി ചർച്ചചെയ്യുകയും അയിത്തോച്ചാടനം കോൺഗ്രസിന്റെ കാര്യപരിപാടികളിൽ ഒന്നാക്കുകയും ചെയ്തു. 1924 ജനുവരിയിൽ എറണാകുളത്ത് കൂടിയ കേരളപ്രദേശ് കോൺഗ്രസ് പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി യോഗംചേർന്ന് അയിത്തോച്ചാടന സമിതിക്കു രൂപംനൽകി. ടി.കെ. മാധവൻ,കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, ടി.ആർ. കൃഷ്ണസ്വാമിഅയ്യർ,കണ്ണത്തോടത്ത് വേലായുധമേനോൻ,കെ.കേളപ്പൻ (കൺവീനർ) എന്നിവരായിരുന്നു അംഗങ്ങൾ. സമിതിയുടെ നേതൃത്വത്തിലാണ് സത്യഗ്രഹമെങ്കിലും ശക്തി ടി.കെ. മാധവനായിരുന്നു.

1099 മീനം 17 ന് രാവിലെ വൈക്കം സത്യഗ്രഹം ആരംഭിച്ചു. ആദ്യസത്യഗ്രഹികൾ പുലയ യുവാവായ കുഞ്ഞപ്പിയും ബാഹുലേയൻ എന്ന ഈഴവസമുദായാംഗവും ഗോവിന്ദപ്പണിക്കർ എന്ന നായർ സമുദായാംഗവുമായിരുന്നു. ടി.കെ.മാധവൻ, ടി.ആർ.കൃഷ്ണസ്വാമി അയ്യർ, കെ.പി. കേശവമേനോൻ,കെ.കേളപ്പൻ, മാധവൻ നായർ, കുറൂർ നമ്പൂതിരിപ്പാട്, ഇ.വി.രാമസ്വാമി നായ്ക്കർ, അകാലികൾ, ജോർജ്ജ് ജോസഫ് തുടങ്ങിയവരും അണിചേർന്നു. സത്യഗ്രഹികളെ അനുഗ്രഹിക്കാൻ ഗുരുദേവനും ശിഷ്യസംഘവും 1100 കന്നി 12 ന് സത്യഗ്രഹ ആശ്രമം സന്ദർശിച്ചു. ഗുരുദേവൻ സ്വന്തംനിലയിൽ 1000 രൂപ സംഭാവന ചെയ്തു. ശിവഗിരിയിൽ ഭണ്ഡാരവും വെച്ചു. ഗുരുഭക്തരായ സ്ത്രീകൾ പിടിയരി ശേഖരിച്ചുനൽകി. ഗുരുശിഷ്യരായ ബോധാനന്ദസ്വാമി, കൃഷ്ണാനന്ദസ്വാമി, ശ്രീനാരായണതീർത്ഥർ സ്വാമി, രാമാനന്ദസ്വാമി തുടങ്ങിയവർ ആയുർവേദ മരുന്നുമായെത്തി സത്യഗ്രഹികളെ ചികിത്സിച്ചു. വൈക്കത്തെത്തിയ മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ഗുരുദേവനെയും ദർശിച്ചു.

പലരും അറസ്റ്റിലും ജയിലിലുമായി. മന്നത്തു പദ്മനാഭൻ സവർണജാഥ നയിച്ചു. മഹാത്മജിയുടെ നിർദ്ദേശപ്രകാരം 1101 വൃശ്ചികം എട്ടിന് സത്യഗ്രഹികളെ പിൻവലിച്ചു. 1104 വൃശ്ചികം 14 ന് ഗുരുവിന്റെ വെല്ലൂർമഠത്തിൽ ചേർന്ന യോഗത്തിലെ നിശ്ചയപ്രകാരം സത്യഗ്രഹ സന്നദ്ധസംഘം പിരിച്ചുവിട്ടു. 603 ദിവസത്തെ സത്യഗ്രഹംകൊണ്ട് സവർണമേലധികാരികളുടെ കണ്ണ് പൂർണമായും തുറന്നില്ല. ഏതാനും മീറ്റർ നീളമുള്ള പുതിയ റോഡുണ്ടാക്കി സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചു. സത്യഗ്രഹത്താൽ ജാതിഭൂതത്തിന്റെ വിഷപ്പല്ലുകൾ പറിക്കാൻ സവർണ അവർണഭേദമില്ലാതെ സമൂഹം മുന്നോട്ടുവന്നു. ഗുരുദേവശിഷ്യനായ ടി.കെ. മാധവനും ഗുരുദേവപ്രസ്ഥാനവും സൃഷ്ടിച്ച മാനവമുന്നേറ്റമായിരുന്നു വൈക്കം സത്യഗ്രഹം. അവർണർക്കായി സവർണർ നടത്തിയ സത്യഗ്രഹമല്ലത്. 'ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വൈക്കത്തുകൊണ്ടുവന്ന് തളച്ചിടാൻ സാധിച്ചെന്നതാണ് മാധവന്റെ വൈഭവം' എന്ന സഹോദരൻ അയ്യപ്പന്റെ അഭിപ്രായം ശ്രദ്ധേയമാണ്. ഗുരുദേവനെയും ടി.കെ. മാധവനെയും ഗുരുദേവപ്രസ്ഥാനത്തെയും ഒഴിവാക്കിയുള്ള ചരിത്രനിർമ്മിതി സത്യം തമസ്‌കരിക്കലാണ്.

മാർച്ച് 29 ന് വൈക്കത്ത് ശിവഗിരിമഠത്തിന്റെ ആഭിമുഖ്യത്തിൽ ഒരുവർഷം നീളുന്ന സത്യഗ്രഹശതാബ്ദി ആഘോഷത്തിന്റെ ഔപചാരിക ഉദ്‌ഘാടനം നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAIKOM SATYAGRAHA CENTENARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.