SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.45 PM IST

നരാധമൻ മാത്രമല്ല ഇവരും കുറ്റക്കാർ

opinion

പീഡനവാർത്തകൾക്ക് പഞ്ഞമില്ലാത്ത കാലമാണ് കേരളത്തിൽ. പിഞ്ചുകുഞ്ഞ് മുതൽ വൃദ്ധകൾവരെ പീഡനത്തിനിരയാവുന്നു. മദ്യം നൽകി, മയക്കുമരുന്ന് നൽകി, അടിച്ചുവീഴ്ത്തി....പണ്ടൊക്കെ എന്തുപറയുമ്പോഴും ഉത്തരേന്ത്യയിലേക്ക് നോക്കൂ, അവിടെ എന്തൊക്കെയാണ് അരങ്ങേറുന്നതെന്നായിരുന്നു ഇവിടുത്തെ രാഷ്ട്രീയ-സാംസ്‌കാരിക പോരാളികളുടെ വാദം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആൾക്കൂട്ടക്കൊലയും അക്രമങ്ങളും അരങ്ങേറുമ്പോൾ കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് പറഞ്ഞ് ദൈവവിശ്യാസമില്ലാത്തവർ വരെ ഊറ്റംകൊണ്ടു. ഇപ്പോൾ ഉത്തരേന്ത്യ പറയുന്നു കേരളത്തിലേക്ക് നോക്കൂ. ആശുപത്രിയിൽ സർജറികഴിഞ്ഞ് മയക്കത്തിൽ കിടക്കുന്ന സ്ത്രീകളെപ്പോലും പീഡിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. നാണം തോന്നുന്നില്ലേ ആരോഗ്യരംഗത്തെ കേരളാ മോഡലേ...!

ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയായിരുന്ന യുവതിയെ അവർ അബോധാവസ്ഥയിലായിരിക്കുമ്പോൾ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചു. ബോധം വന്നപ്പോൾ ഇരയ്‌ക്കൊപ്പം നിൽക്കേണ്ട ആശുപത്രി ജീവനക്കാരികൾ വരിവരിയായെത്തി തളർന്നുപോയ അവരുടെ ശരീരവും മനസും വീണ്ടും കീറിമുറിച്ചു. പീഡനം നടക്കുമ്പോൾ വലിയ തിരക്കിൽപെട്ടുപോയി, ശ്രദ്ധിക്കാനായില്ലെന്ന് അധികാരികളേ നിങ്ങൾ കുറ്റസമ്മതം നടത്തി. ശരി അതുംപോകട്ടെ, ഇത്രയും ഗുരതരമായ കുറ്റകൃത്യം അരങ്ങേറിയ തീവ്രപരിചരണവിഭാഗത്തിൽ അന്ന് മുതലെങ്കിലും യുവതിക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കേണ്ടിയിരുന്നില്ലേ. പൊലീസും മജിസ്‌ട്രേറ്റും അന്വേഷണ സംഘാംഗങ്ങളല്ലാത്തവരും ആയവർ മണിക്കൂറുകളോളം യുവതിയുമായി സംസാരിക്കാൻ സാഹചര്യമൊരുക്കിയത് ആരാണ് ? നിങ്ങളെന്തിനാണ് അവരെ അകത്ത് പ്രവേശിപ്പിച്ചത് ?.

സസ്‌പെൻഡ് ചെയ്യപ്പെട്ടവരും പുറത്താക്കപ്പെട്ടവരും മാത്രമല്ല, യുവതിയും ഭർത്താവും നിരത്തുന്ന കണക്ക് വെച്ചുനോക്കിയാൽ പതിനഞ്ചോളം പേർ പരാതി പിൻവലിപ്പിക്കാനായി യുവതിക്ക് മുന്നിലെത്തി. തൈറോയ്ഡ് സർജറി കഴിഞ്ഞ യുവതി ഇപ്പോഴും സംസാരിക്കാവുന്ന അവസ്ഥയിലെത്തിയിട്ടില്ല. അത്തരം ഗുരുതര പരിചരണത്തിലുള്ള യുവതിയോട് സംസാരിക്കാൻ നിരവധി പേരെത്തുമ്പോൾ കടക്ക് പുറത്തെന്ന് പറയാൻ അവിടെ ആരുമുണ്ടായില്ലേ! ഇനിയും ന്യായങ്ങൾ നിരത്തി രക്ഷപ്പെടാൻ ശ്രമിക്കരുത്, പ്രതിയായ ജീവനക്കാരനും ഭീഷണിപ്പെടുത്തിയവരുമൊന്നുമല്ല യഥാർത്ഥ കുറ്റക്കാർ. സർജറി വാർഡിൽപോലും സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ട മെഡിക്കൽകോളജിലെ അധികാരികളും ആരോഗ്യവിഭാഗവുമാണ്. അവർക്കെതിരേകൂടി നടപടിയുണ്ടാകുമ്പഴേ നീതിശരിയായ രീതിയിൽ നടപ്പിലാവൂ.

കൊടിയ അപരാധം

മാർച്ച് 18 ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് നഗരം സ്വദേശിനിയായ യുവതി തൈറോഡ് ശസ്ത്രക്രിയയ്ക്കായി 13ന് കോഴിക്കോട് മെഡിക്കൽകോളജിൽ അഡ്മിറ്റാവുന്നു. 18ന് രാവിലെ ആറുമണിക്ക് യുവതിയെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ശസ്ത്രക്രിയകഴിഞ്ഞ് തീവ്രപരിചരണവിഭാഗം വാർഡിലേക്ക് മാറ്റി. അർദ്ധബോധാവസ്ഥയിലായിരുന്ന യുവതിയെ വാർഡിലേക്ക് മാറ്റിയത് മെഡിക്കൽകോളജിലെ ഗ്രേഡ് വൺ അറ്റൻഡറായ വടകര മയ്യണ്ണൂർ സ്വദേശി ശശീന്ദ്രൻ. വാർഡിലെ ബെഡിലേക്ക് മാറ്റിയപ്പോൾ ഇയാൾ ഉപദ്രവിച്ചെന്നാണ് യുവതിയുടെ മൊഴി. ബലാത്സംഗം, പരിചരിക്കാൻ ബാദ്ധ്യതപ്പെട്ട സർക്കാർ ജീവനക്കാരൻ നടത്തിയ ഗുരുതരമായ കൃത്യവിലോപം, രോഗിക്ക് മാനഹാനി ഉണ്ടാക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തി പിറ്റേദിവസംതന്നെ ഇയാളെ അറസ്റ്റ് ചെയ്‌തു എന്നതിൽ പൊലീസിന് അഭിമാനിക്കാം. എന്നാൽ യുവതിക്ക് കർശന സുരക്ഷയൊരുക്കുമെന്ന് മാദ്ധ്യമങ്ങളോട് തട്ടിവിട്ട സൂപ്രണ്ടും സംഘവും പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കിയതേയില്ലെന്നതാണ് വലിയ ഞെട്ടലുണ്ടാകുന്നുന്നത്. ഒന്നും രണ്ടുമല്ല 15 പേരാണ് അവശയായ സ്ത്രീയെ ഭീഷണിപ്പെടുത്താനും പരാതി പിൻവലിക്കാനും എത്തിയത്.

' നീ ഭർത്താവുള്ള സ്ത്രീയല്ലേ, ഇങ്ങനെയൊക്കെ ചെയ്തതിൽ എന്താണിത്ര കുഴപ്പം വരാനുള്ളത്..വെറുതേ പരാതിക്ക് പോയി കൂടുതൽ അപമാനിക്കപ്പെടണോ..' കൂട്ടത്തിലുണ്ടായിരുന്ന മുതിർന്ന സ്ത്രീയുടെ പെരുമാറ്റം ഉപദ്രവിച്ച ആളുടെ പെരുമാറ്റത്തേക്കാൾ ക്രൂരമായിരുന്നെന്ന് യുവതി. അപ്പോഴും അവർക്ക് മറുപടി നൽകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. സർജറിയുടെ വേദനമാറാത്തതിനാൽ പലപ്പോഴും ശബ്ദം പുറത്തേക്ക് വന്നില്ല. മജിസ്‌ട്രേറ്റിന് നൽകിയ മൊഴി തിരുത്തണം, പരാതി പിൻവലിക്കണം, അർഹമായ നഷ്ടപരിഹാരവും ആശുപത്രിച്ചെലവുകളും വാങ്ങിത്തരാം...അവസാനം നഴ്‌സിനോട് പരാതിപ്പെട്ടപ്പോഴാണ് സംഘം മടങ്ങിയത്. തനിക്കൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞിട്ടും അവർ വിടാനൊരുക്കമല്ലായിരുന്നു. അവരൊക്കെ തന്നെപ്പോലെ ഭർത്താവും കുടുംബവുമുള്ളവരല്ലേ. ആശുപത്രിക്കിടക്കയിൽ വെച്ച് ഇത്തരമൊരു ദുരനുഭവമുണ്ടായിട്ടും സ്ത്രീകളായ അവർക്ക് സങ്കോചമോ മനസ്താപമോ ഉണ്ടായില്ലെന്നത് അത്ഭുതകരമാണെന്ന് യുവതി പറയുന്നു. പരാതി പിൻവലിക്കാനില്ല, ലക്ഷങ്ങളുടെ ഉപഹാരങ്ങൾക്ക് അപ്പുറത്താണ് ഒരു സ്ത്രീയുടെ മാനം. അതിനാണവർ വിലയിട്ടത്. മറ്റൊരു സ്ത്രീക്കും ഇത്തരമൊരനുഭവം ഇനി വന്നുകൂട. ഭർത്താവ് എന്റെ കൂടെതന്നെയുണ്ട്. കുടുംബവും. അപ്പോൾ താൻ ആരെയാണ് പേടിക്കേണ്ടതെന്ന് കണ്ണീരോടെ യുവതി പറയുന്നു.

മറുപടി പറയേണ്ടത് ആശുപത്രി അധികൃതരും ആരോഗ്യവകുപ്പുമാണ് . ഇത്രയും കൊടിയ അപരാധം നടന്നിട്ടും യുവതിയോട് നീതിപുലർത്താൻ കഴിയാത്തതിന് നിങ്ങളും കുറ്റവാളികളല്ലേ. ഒരാളെ പുറത്താക്കുകയും അഞ്ചുപേരെ സസ്‌പെൻഡ് ചെയ്താലും തീരുന്നതാണോ നിങ്ങളുടെ ഉത്തരവാദിത്വം. സാധാരണ നിലയിൽ സ്ത്രീകളുടെ വാർഡിൽ പരിചരണവും മരുന്ന് നൽകലും അടക്കം ചെയ്യുന്നത് വനിതാജീവനക്കാരാണെന്നിരിക്കെ കോഴിക്കോട് മെഡിക്കൽകോളജിലെ പലവാർഡുകളിലും എല്ലാകൈകാര്യങ്ങളും എന്തുകൊണ്ടാണ് പുരുഷൻമാരെ ഏല്പിക്കുന്നത്. 20 -ാം വാർഡിലാണ് യുവതി ചികിത്സയിലുണ്ടായിരുന്നത്. അവിടുന്നാണ് സർജറിക്കായി പുലർച്ചെ ആറിന് കൊണ്ടുപോകുന്നത്. പന്ത്രണ്ടോടെ പുറത്തേക്ക് കൊണ്ടുവരുമ്പോൾ ഭർത്താവും ബന്ധുക്കളുമെല്ലാം കാത്തിരിക്കുന്നു. അവരുടെ മുന്നിലൂടെയാണ് യുവതിയെ തീവ്രപരിചരണ വാർഡിലേക്ക് മാറ്റുന്നത്. വസ്ത്രം മാറ്റിക്കൊടുക്കുന്നതടക്കം അവിടെ പുരുഷൻമാരാണെന്ന് പറയുന്നു. ഇത് നീതിയാണോ ? ബെഡിലേക്ക് എടുത്ത് കിടത്താൻ സ്ത്രീകളെ കൊണ്ടാവുന്നില്ലെങ്കിൽ ഭർത്താവിന്റേയോ കുടുംബത്തിന്റേയോ സഹായം തേടണം. അതിന് നിയമം അനുവദിക്കുന്നില്ലെങ്കിൽ മറ്റ് സംവിധാനങ്ങൾ തേടണം. കേവലം പുറത്താക്കലും സസ്പൻഷൻകൊണ്ടും തീരുന്നതല്ല പ്രശ്‌നം. നിലവിലുള്ള സംവിധാനങ്ങളെല്ലാം അടിച്ച് വൃത്തിയാക്കി വെളുപ്പിച്ചെടുക്കണം. കുറ്റം ചെയ്തവർമാത്രമല്ല അതിന് സാഹചര്യമൊരുക്കിയവരും തടയാൻ കഴിയാമായിരുന്ന കുറ്റങ്ങൾക്ക് ആശുപത്രി സംവിധാനങ്ങൾ തുറന്നിട്ടവരും കുറ്റക്കാരാണ്. അതിന് ആർജവമുള്ള ആരോഗ്യമന്ത്രിയേയും സംവിധാനങ്ങളേയുമാണ് ഉത്തരവാദിത്വമുള്ള സർക്കാരിൽ നിന്നും ജനം പ്രതീക്ഷിക്കുന്നത്.
ദേഹമാസകലം തീപ്പൊള്ളലേറ്റെത്തിയ യുവതിയ പീഡിപ്പിച്ച വാർഡന്റെ ദുരനുഭവും കോഴിക്കോട് മെഡിക്കൽകോളേജിലായിരുന്നു എന്നത് അധികാരികൾ മറന്നുപോയെങ്കിലും ജനം മറന്നിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOSPITAL STAFF SEXUALLY ASSUALTS WOMAN AT ICU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.