കാസർകോട്: ക്ഷീരകർഷകരിലേറെയും നഷ്ടക്കണക്കുകൾ പറഞ്ഞ് ആ മേഖല ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോൾ റിട്ട. എസ്.ഐ കന്നുകാലികളെ വളർത്തി നേട്ടം കൊയ്ത് മാതൃകയാവുന്നു. രണ്ടര ലക്ഷത്തോളമാണ് മാസവരുമാനം. എല്ലാ ചെലവും കഴിഞ്ഞാലും 70,000 രൂപയോളം മിച്ചമുണ്ടാകും. തടിയൻകൊവ്വലിലെ ഗവ. പോളിടെക്നിക്കിനടുത്ത് താമസിക്കുന്ന പി.പി. നാരായണൻ 2013ൽ വിരമിച്ച ശേഷമാണ് ക്ഷീരകർഷകന്റെ കുപ്പായമണിഞ്ഞത്. ഇപ്പോൾ മിൽമ ഡയറക്ടർകൂടിയാണ് നാരായണൻ.
വാഴക്കൃഷി, റബ്ബർ നെഴ്സറി, കപ്പക്കൃഷി എന്നിവ നടത്തി ശ്രദ്ധേയനായതിനു പിന്നാലെയാണ് 2014 ൽ പശുവളർത്തൽ തുടങ്ങിയത്. ക്ഷീരവികസന വകുപ്പുമായി ബന്ധപ്പെട്ട് എം.എസ്.ഡി. പി പദ്ധതി പ്രകാരം ഫാം നിർമ്മിച്ച് 10 പശുക്കളെ വാങ്ങി. 50 സെന്റ് സ്ഥലത്ത് ഫാം പണിത് 10 ലക്ഷം രൂപ ചെലവിൽ അഞ്ച് ഗർഭിണി പശുക്കളെയും അഞ്ച് കറവപ്പശുക്കളെയുമാണ് ആദ്യം വാങ്ങിയത്. ഗർഭിണി പശുക്കൾ പ്രസവിച്ചതോടെ എണ്ണം പതിനഞ്ചും പിന്നീട് ഇരുപതുമായി. മൂന്ന് കിടാവുകൾ ഇടയ്‌ക്ക് മരിച്ചു. ഇപ്പോൾ 17 പശുക്കളുണ്ട്. എല്ലാം ഹൈബ്രീഡ് ഇനമായ ജേഴ്സി, എച്ച്.എഫ് വിഭാഗത്തിൽപ്പെട്ടവ.
2014ൽ നടക്കാവ് വൈക്കത്ത് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റായി. 2020ൽ മലബാർ മേഖല യൂണിയൻ ഡയറക്ടറും ആ വർഷം തന്നെ മിൽമ ഡയറക്ടറുമായി തിരഞ്ഞെടുക്കപ്പെട്ടു. ദിവസവും 150 ലിറ്റർ പാൽ അളക്കുന്നുണ്ട്.
മുതൽ മുടക്കും മാസ വരുമാനവും
മുതൽ മുടക്ക് -10 ലക്ഷം
പാലിന്റെ അളവ് - 4,500 ലിറ്റർ
പാൽ വില്പന വരവ് -2,16,000
തൊഴിലാളികളുടെ കൂലി -30,000
തീറ്റപ്പുൽ, പിണ്ണാക്ക് ചെലവ് -1,50,000
മിച്ചം -36,000
ചാണകം വിറ്റ് 30,000 രൂപ
പ്രതിമാസം ചാണകം വിറ്റ് 30,000 രൂപ ലഭിക്കുന്നുണ്ട്. ഫാമിൽ നിന്ന് ലഭിക്കുന്ന ചാണകം ജൈവ വളമാക്കി കൃഷിഭവൻ മുഖേന ആവശ്യക്കാർക്ക് നൽകുന്നു. സ്വന്തമായുള്ള മൂന്ന് ഏക്കർ റബറിനും നാളികേര കൃഷിക്കും ഒരേക്കർ നെൽകൃഷിക്കും ഫാമിൽ നിന്നുള്ള വളമാണ് ഉപയോഗിക്കുന്നത്. ബയോഗ്യാസ് പ്ലാന്റും ചാണകം ഉണക്കിയെടുക്കാൻ പ്രത്യേക സംവിധാനവുമുണ്ട്.
ഒരു വർഷം മിച്ചം -7,92,000 രൂപ
റവന്യു വകുപ്പ് , ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് , പഞ്ചായത്ത് വകുപ്പ് എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥർ ഓരോരോ കാരണം പറഞ്ഞ് ഫാം പൂട്ടിക്കാൻ നോക്കുകയാണ്. ഇവരുടെ ഓരോ പുതിയ നിർദ്ദേശങ്ങൾ പാലിക്കാൻ രണ്ടു ലക്ഷം രൂപ അധികം ചെലവാക്കേണ്ടിവന്നു. ഈ നില തുടർന്നാൽ പശുക്കളെ വിറ്റൊഴിവാക്കാൻ നിർബന്ധിതനാകും.
പി.പി. നാരായണൻ
(ക്ഷീര കർഷകൻ, മിൽമ ഡയറക്ടർ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |