SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.35 PM IST

''നെനക്ക് വല്ല്യേ വിദ്യാഭ്യാസൊന്നും ഇല്ലല്ലോ, രാഷ്ട്രീയത്തില് ഇറങ്ങിക്കൂടെ ഇന്നസെന്റേ... ''എന്ന് അദ്ദേഹം അന്ന് ചോദിച്ചു; ആ ചോദ്യമായിരുന്നു ഇന്നസെന്റിന്റെ ധൈര്യവും

Increase Font Size Decrease Font Size Print Page
innocent

തൃശൂർ: ''ബിസിനസിലും പഠിപ്പിലും ഗതിപിടിക്കാതെ നടന്നപ്പോ അപ്പൻ ഇരിങ്ങാലക്കുടക്കാരുടെ സ്റ്റൈലിൽ എന്നോട് ചോദിച്ചു, നെനക്ക് വല്ല്യേ വിദ്യാഭ്യാസൊന്നും ഇല്ലല്ലോ, രാഷ്ട്രീയത്തില് ഇറങ്ങിക്കൂടെ ഇന്നസെന്റേ... '' അപ്പൻ ചോദിച്ച ചോദ്യത്തിലെ ആ ധൈര്യമായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള കൈമുതൽ. അങ്ങനെയാണ് 1979ൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായത്. അപ്പൻ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയിലേക്കാണ് ഇന്നസെന്റും യാത്രയാവുന്നത്.

ഇന്നലെ വീട്ടിലും ടൗൺഹാളിലുമെല്ലാം ഒഴുകിയെത്തിയവരിൽ രാഷ്ട്രീയക്കാരേറെയുണ്ടായിരുന്നു. എല്ലാ രാഷ്ട്രീയപാർട്ടികളുടെയും പ്രതിനിധികളുണ്ടായിരുന്നു. അവർക്കെല്ലാം ഇന്നസെന്റ് രാഷ്ട്രീയപ്രതിയോഗി ആയിരുന്നില്ല. സുഹൃത്ത് തന്നെയായിരുന്നു. കോൺഗ്രസുകാരും കേരളകോൺഗ്രസുകാരും ബി.ജെ.പിക്കാരുമെല്ലാം രാഷ്ട്രീയത്തിന് അതീതമായ സ്‌നേഹവായ്‌പോടെ ഒരു നോക്കുകണ്ട് മടങ്ങി.

അദ്ദേഹം പാർമെന്റിലേക്ക് ജയിച്ചു കയറിയതും ആ പിന്തുണ കൊണ്ടായിരുന്നു. തമാശയിൽ ചാലിച്ച് കൃത്യമായി രാഷ്ട്രീയം പറയാനും അദ്ദേഹം മിടുക്കുകാട്ടി. കാൻസർ പ്രതിരോധപ്രവർത്തനങ്ങൾക്കും ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നതിലും അദ്ദേഹം ജനപ്രതിനിധി എന്ന നിലയിൽ ശ്രദ്ധേയമായി പ്രവർത്തിച്ചു.

പഠനകാലം മുതലേ ഇരിങ്ങാലക്കുടയുടെ മുക്കിലും മൂലയിലും സഞ്ചരിച്ച് രസം പകരുന്ന കഥകളുണ്ടാക്കുന്നതിൽ മിടുക്കനായിരുന്നു ഇന്നസെന്റ്. അങ്ങനെ ഹാസ്യം കലർന്ന നാടകങ്ങളും എഴുതി. ആ നാടകങ്ങളും കഥകളുമെല്ലാം ആസ്വദിച്ച, ആ കഥകൾ കേട്ടറിഞ്ഞ ചെറുപ്പക്കാരും വിദ്യാർത്ഥികളും ഇന്നലെ ഇരിങ്ങാലക്കുടയിലെത്തിയ ആൾക്കൂട്ടത്തിലുണ്ടായിരുന്നു. കന്യാസ്ത്രീകളും പുരോഹിതരും വീട്ടമ്മമാരും സ്‌കൂൾവിദ്യാർത്ഥികളും അടക്കമുള്ള സമൂഹത്തിന്റെ വലിയൊരു പരിച്ഛേദം തന്നെയായിരുന്നു അത്.

TAGS: RIP INNOCENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY