തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിൽ സർക്കാരിന് പങ്കില്ലെന്ന നിലപാട് മാറ്റിയ ഗവർണർ, സർക്കാരിന്റെ ആവശ്യ പ്രകാരം സാങ്കേതിക സർവകലാശാലാ വി.സിയുടെ താത്കാലിക ചുമതല ഡിജിറ്റൽ സർവകലാശാലാ വി.സി ഡോ.സജി ഗോപിനാഥിന് നൽകിയേക്കും.
വൈസ്ചാൻസലറുടെ ചുമതല വഹിക്കുന്ന പ്രൊഫ. സിസാതോമസ് 31ന് വിരമിക്കുമ്പോൾ സജി ഗോപിനാഥിനോ ,സർക്കാർ നിർദ്ദേശിക്കുന്ന മറ്റാർക്കെങ്കിലുമോ ചുമതല നൽകാൻ വിരോധമില്ലെന്ന് ഗവർണർ അറിയിച്ചു. ഇക്കാര്യമറിയിച്ചുള്ള ഗവർണറുടെ സെക്രട്ടറിയുടെ കത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു തീരുമാനമെടുക്കും. വി.സിയുടെ ചുമതല നൽകാൻ സർക്കാർ നേരത്തേ കൈമാറിയ മൂന്നംഗ പാനൽ തള്ളിക്കളഞ്ഞ ശേഷമാണ് ഈ അഭിപ്രായം തേടൽ. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ഡോ. ടി.പി ബൈജു ബായി, സാങ്കേതിക യൂണി. മുൻ അക്കാഡമിക് ഡീൻ ഡോ.വൃന്ദ വി നായർ, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലും സിൻഡിക്കേറ്റംഗവുമായ ഡോ.സി.സതീഷ് കുമാർ എന്നിവരാണ് പാനലിലുണ്ടായിരുന്നത്. ഇവരിലാരെയും നിയമിക്കാനാവില്ലെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. താത്കാലിക വി.സി നിയമനത്തിൽ സർക്കാരിന് ശുപാർശ നൽകാനുള്ള അധികാരം ഹൈക്കോടതി നേരത്തേ അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ സർക്കാരിനോട് അഭിപ്രായം തേടിയത്..
ഇരുപക്ഷവും
അയയുന്നു
കേരള സർവകലാശാലയിലെ15 നോമിനേറ്റഡ് സെനറ്റംഗങ്ങളെ പിൻവലിച്ചതും ,സെനറ്റ് പ്രതിനിധിയില്ലാതെ സെർച്ച് കമ്മിറ്റിയുണ്ടാക്കിയതും ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് ,ഗവർണർ കെ.ടി.യു താത്കാലിക വി.സി നിയമനത്തിൽ സർക്കാരിന്റെ അഭിപ്രായം തേടിയത്.
ഉടൻ ഒഴിവു വരുന്ന എം.ജി, കുസാറ്റ് വി.സിമാരുടെ ചുമതല നൽകുന്നതും സർക്കാരിന്റെ താത്പര്യ പ്രകാരമായിരിക്കും. കേരള വി.സി നിയമനത്തിന് സെനറ്റ് പ്രതിനിധിയെ നൽകേണ്ടെന്ന തീരുമാനത്തിൽ നിന്ന് സർക്കാരും പിന്മാറും. മലയാളം സർവകലാശാലയിലെ സ്വന്തം സെർച്ച് കമ്മിറ്റിയും വേണ്ടെന്നു വയ്ക്കും.
സിസാ തോമസ് ഇന്ന്
ഗവർണറെ കാണും
തിരുവനന്തപുരം: 31ന് വിരമിക്കുന്ന സാങ്കേതിക സർവകലാശാലാ വി.സി സിസാ തോമസ് ഇന്ന് രാജ്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തും. ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് വിരമിച്ച ശേഷവും സാങ്കേതിക സർവകലാശാലാ വി.സിയുടെ ചുമതലയിൽ തുടർന്നാൽ സിസാ തോമസിന് ശമ്പളം ആര് നൽകുമെന്ന ചോദ്യമുന്നയിച്ചാണ് ഗവർണറെ സർക്കാർ കുഴപ്പിച്ചത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ചുമതലകൾക്ക് പുറമേ അധികചുമതലയായി വി.സിയുടെ താത്കാലിക ചുമതല നൽകിയാണ് ഗവർണർ ഉത്തരവിറക്കിയിട്ടുള്ളത്. സിസാ തോമസ് വിരമിക്കുന്നതോടെ ഈ ഉത്തരവ് ഇല്ലാതാവുമെന്നാണ് സർക്കാർ വാദം. ശമ്പളം വാഴ്സിറ്റി നൽകാൻ ഉത്തരവിറക്കിയാൽ സിൻഡിക്കേറ്റ് അത് തള്ളുമെന്ന് ഗവർണർക്ക് ആശങ്കയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |