SignIn
Kerala Kaumudi Online
Thursday, 25 April 2024 5.20 PM IST

ഐക്യം സ്വാഹയാകുമോ?

opinion

കിടപ്പാടം പോലുമില്ലാതായ രാഹുൽജിക്ക് സകലരും ചേർന്ന് പിന്തുണ നല്കി കാര്യങ്ങൾ ഉഷാറായപ്പോഴാണ് യെച്ചൂരി സഖാവിന് ചില വെളിപാടുകളുണ്ടായത്. അങ്ങനെ 'ഓസിന്" ആരും പ്രധാനമന്ത്രിയാകേണ്ടെന്ന് വ്യംഗ്യമായി സഖാവ് താങ്ങിയതോടെ സഖ്യം 'സ്വാഹ". ചെറുതും വലുതുമായ ഒരുപാട് കക്ഷികൾ ചേർന്നുള്ള ഐക്യത്തിന് ബലം കുറയുമെന്ന് ബോദ്ധ്യായി. നിവർന്നുനില്ക്കാൻ ശേഷിയില്ലാത്ത കക്ഷികൾക്കു വരെ പ്രധാനമന്ത്രിയാകണമത്രേ. പുലിയും കടുവയുമാണെന്നാണ് പൂച്ചക്കുട്ടികളുടെ ചിന്ത. മിച്ചംവന്ന സാമ്പാർ ഡ്രൈയാക്കി മസാലദോശയ്ക്കുള്ളിൽ ഫിറ്റ് ചെയ്യുന്ന വിരുതന്മാരുടെ നാട്ടിൽ ഇതൊന്നും അത്ഭുതമല്ല.

സംഗതികൾ ഇങ്ങനെയൊക്കയാണെങ്കിലും ലോക്‌സഭയിലെ കസേരയ്ക്കു പിന്നാലെ വീടും നഷ്ടപ്പെട്ട രാഹുൽജിയോട് പ്രതിപക്ഷകക്ഷികൾക്ക് ഇഷ്ടംകൂടിവരുന്നതിന്റെ പേടി പരിവാർ പാർട്ടിയിലെ താടിക്കാർക്കു നന്നായുണ്ട്. ഗദ്ഗദങ്ങളോടെ രാഹുൽജി വീണ്ടും ആഞ്ഞടിച്ചുതുടങ്ങിയതോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കാറ്റ് മാറിവീശിയേക്കാം. പ്രിയങ്കയിലൂടെ മുത്തശ്ശി ഇന്ദിരാജി തന്നെയാണ് സംസാരിക്കുന്നതെന്ന് രാഹുൽജിയുടെ പ്രിയചങ്ങാതി കെ.സി വേണുജിയടക്കം പറയുമ്പോൾ വിശ്വസിക്കാതെ തരമില്ല. ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന പഴയ മുദ്രാവാക്യം ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആക്കി പ്രിയങ്കാജിയുടെ ആഞ്ഞടി പ്രസംഗങ്ങൾ റെക്കാഡ് ചെയ്ത് ഇറക്കുകയും കൈപ്പത്തി മാറ്റി പഴയ പശുവും കിടാവും ചിഹ്നമാക്കുകയും ചെയ്താൽ ഗോമാത പാർട്ടി തവിടുപൊടിയാവുകയും മോദിജി ഹിമാലയത്തിലേക്ക് കെട്ടുകെട്ടേണ്ടിവരികയും ചെയ്യുമെന്നുറപ്പ്.

കശ്മീർവരെ നടന്ന് ക്ഷീണിച്ച് തുഗ്ലക്ക് റോഡിലെ വീട്ടിൽ രാഹുൽജി വിശ്രമിക്കുമ്പോഴാണ് മോദിയും കൂട്ടരും കള്ളക്കഥകളുണ്ടാക്കി ലോക്‌സഭയിൽ നിന്നും അതിന്റെ ക്ഷീണം മാറും മുമ്പേ വീട്ടിൽനിന്നും ഇറക്കിവിട്ടത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന കശ്മലന്മാരെ അങ്ങനെവിട്ടാൽ പറ്റില്ലെന്ന് തോന്നിയപ്പോൾ എല്ലാ പിണക്കവും മാറി പ്രതിപക്ഷ സിംഹങ്ങളായ മമതാജിയും കേജ്‌രിവാൾജിയും യെച്ചൂരിജിയും ഓടിയെത്തിയത് നിസാരകാര്യമല്ല. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ്, രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി ലാലു, തമിഴകത്തെ സ്റ്റാലിൻ സഖാവ് എന്നിങ്ങനെ വമ്പന്മാരാണ് ചക്രവ്യൂഹം ഒരുക്കുന്നത്.

പ്രതിപക്ഷ കക്ഷികൾ എത്രയുണ്ടെന്ന് പെട്ടെന്ന് എണ്ണിത്തീർക്കാനാവില്ലെങ്കിലും മോഹങ്ങൾക്ക് കൃത്യമായ കണക്കുണ്ട്. അധികാരത്തിലെത്തി, അഞ്ചുകൊല്ലത്തെ കാലാവധി ഊഴമനുസരിച്ച് പങ്കിട്ടെടുക്കുമ്പോൾ രണ്ടോ മൂന്നോ മാസമെങ്കിലും പ്രധാനമന്ത്രിക്കസേര കിട്ടുമെന്നുറപ്പ്. വൈവിദ്ധ്യമാർന്ന പാർട്ടികളുടെ വ്യത്യസ്തരായ പ്രധാനമന്ത്രിമാർ എന്ന നൂതന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്.

ആഞ്ഞടികളുടെ

രാജകുമാരൻ
ദേഷ്യംവന്നപ്പോൾ ശുദ്ധഗതിക്ക് മോദിക്കെതിരെ രാഹുൽജി എന്തോ പറഞ്ഞ് ആഞ്ഞടിച്ചതാണ് പ്രശ്‌നമായത്. മോദിയെന്നത് ജാതിവാൽ ആണെന്ന് ആരറിഞ്ഞു. നരേന്ദ്രദാസ് മോദിയെന്നു നീട്ടിവിളിക്കുന്നതിനു പകരം ദാസപ്പാ എന്നു വിളിച്ചാലും കുഴപ്പമില്ലായിരുന്നു. പങ്കജാക്ഷിയെ പങ്കിയെന്നും പങ്കജാക്ഷനെ പങ്കൻ എന്നും വിളിക്കുന്ന നാട്ടിൽ കോൺഗ്രസുകാർക്ക് ഇതിനുപോലും സ്വാതന്ത്ര്യമില്ലേയെന്ന ഐ-എ ടീമുകളുടെ ചോദ്യത്തിൽ കാര്യമില്ലാതില്ല. രാഹുൽജിയുടെ ശരിയായ പേര് റൗൾ വിൻസി എന്നാണെന്നും ഡ്യൂപ്ലിക്കേറ്റ് പേരിനൊപ്പമുള്ള വാൽ വെറും ഏച്ചുകെട്ടാണെന്നുമാണ് സംഘികളുടെ ക്രൂരമായ ആരോപണം. ഇങ്ങനെയൊക്കെ പറയുന്നത് വലിയ കഷ്ടാണ്. കള്ളക്കേസുണ്ടാക്കി ലോക്‌സഭയിൽ നിന്നു പുറത്താക്കിയതു പോരാതെ വീട്ടിൽനിന്നും ഇറക്കിവിട്ടത് സംഘികളുടെ അന്തംവിട്ട കളിയാണ്.

കുടികിടപ്പവകാശം പോലുമില്ലാതെ ഒരാളെ പെട്ടെന്ന് തെരുവിലേക്കിറക്കിവിടുന്നത് തീർത്തും ജനാധിപത്യവിരുദ്ധമാണ്. 52 വയസായിട്ടും കിടപ്പാടമില്ലാത്ത പാവമാണെന്നും അലഹബാദിലെ കുടുംബവീട് പോലും സ്വന്തമല്ലെന്നും പറഞ്ഞ് ലോകനേതാക്കളെ വരെ രാഹുൽജി അടുത്തിടെ കരയിച്ചതിനു പിന്നാലെയാണ് പരിവാറുകാരുടെ കടുംകൈ. ഇനിമുതൽ പാർട്ടിയാപ്പീസിലെ ബെഞ്ചിൽ കിടക്കേണ്ടിവരുന്ന രാഹുൽജിയുടെ അവസ്ഥയോർത്ത് സഹികെട്ടാണ് എല്ലാ പിണക്കവും മറന്ന് പ്രതിപക്ഷകക്ഷികൾ സടകുടഞ്ഞ് പിന്തുണ പ്രഖ്യാപിച്ചത്. ചായക്കാരന് പ്രധാനമന്ത്രിയാകാമെങ്കിൽ വീടുംകുടിയുമില്ലാത്ത അവിവാഹിതനായ രാഹുൽജിക്കുമാകാം പ്രധാനമന്ത്രി. ചൗക്കിദാർ ചോർഹെ എന്ന രാഹുൽജിയുടെ ഗർജനം, തളരുന്ന ഇന്ത്യയുടെ കരുത്തുറ്റ ശബ്ദമാണെന്ന് സകലർക്കും ബോദ്ധ്യായെങ്കിലും അതിലപ്പുറമുള്ള മോഹങ്ങൾ എല്ലാവരും കൂടി പങ്കുവയ്ക്കണമെന്നാണ് യെച്ചൂരി സഖാവ് പറഞ്ഞത്.

പങ്കുകച്ചവടത്തിൽ

ആക്രാന്തം വേണ്ട

രാഹുൽജിയെ അയോഗ്യനാക്കിയതിനോടാണ് പ്രതിഷേധമെന്നും മറ്റുകാര്യങ്ങളിൽ അമിതപ്രതീക്ഷ വേണ്ടെന്നുമുള്ള യെച്ചൂരിജിയുടെ താത്വികമായ വിശദീകരണത്തിൽ കാര്യമുണ്ടെന്നു മമതാജിക്കും കേജരിവാൾജിക്കും തോന്നിത്തുടങ്ങി. ചുളുവിൽ സകലരുടെയും പിന്തുണനേടി മെയ്യനങ്ങാതെ പ്രധാനമന്ത്രിയാകാനുള്ള പരിപാടിക്ക് നിന്നുകൊടുക്കണോ എന്ന ചോദ്യവും ഉയർന്നുകഴിഞ്ഞു.
കൂട്ടുകൃഷി നടത്തി വിളവെടുക്കുമ്പോൾ പകുതിയിൽ കൂടുതൽ തനിക്കുവേണമെന്നു രാഹുൽജി വാശിപിടിക്കുന്നെന്നാണ് പൊതുവേയുള്ള പരാതി. മൊത്തം സീറ്റുകൾ വേണം, ജയിച്ചാലും തോറ്റാലും പ്രധാനമന്ത്രിയാകണം, കോൺഗ്രസിന് കൂടുതൽ മന്ത്രിക്കസേരകൾ കിട്ടണം, അത് കാര്യമായി വല്ലതും തടയുന്നതാകണം എന്നിങ്ങനെയുള്ള ചില്ലറ ആവശ്യങ്ങൾ രാഹുൽജി മുന്നോട്ടുവയ്ക്കുന്നതാണ് കീറാമുട്ടിയാകുന്നത്. മീൻവറുത്താലും കറിവച്ചാലും നടുത്തുണ്ടം വേണമെന്നു പറഞ്ഞ് വാശിപിടിച്ചുകരയുന്ന ചില പിള്ളേരുടെ സ്വാഭാവമാണിതെന്നും അവർ പരാതിപ്പെടുന്നു.
പ്രധാനമന്ത്രിക്കസേര ഉൾപ്പെടെ തുല്യമായി പങ്കിടണമെന്നാണ് അവരുടെ ആവശ്യം. സ്റ്റാലിൻ സഖാവിന്റെ മകൻ ഉദയനിധിമാരൻ, ലാലുജിയുടെ മകൻ തേജസ്വി, മമതയുടെ മരുമകൻ അഭിഷേക് ബാനർജി എന്നിങ്ങനെ നോക്കിയാൽ പിള്ളേരു സെറ്റ് വരെ ഒന്നിനൊന്നുമെച്ചം. പ്രിയങ്കാജിയുടെ മകൻ റൈഹാൻ ഇതിലെല്ലാം മിടുക്കനാണ്. രാഹുലിനു ശേഷം ഭാവിപ്രധാനമന്ത്രിയാകേണ്ട പയ്യനാണ്.

ചതിച്ചത് 'തുഗ്ലക് "
തുഗ്ലക് റോഡിലെ വീട്ടിൽനിന്ന് ഇറങ്ങിപ്പോന്നത് വളരെ നന്നായെന്നാണ് പലരും രാഹുൽജിയെ ആശ്വസിപ്പിക്കുന്നത്. ചില വീടുകളിൽ താമസിച്ചാൽ ഇങ്ങനെ ചില പ്രശ്‌നങ്ങളുണ്ട്. ചരിത്രം പഠിച്ചവർക്കെല്ലാം തുഗ്ലക് ആരാണെന്നറിയാം. അതിബുദ്ധിമാൻ ആയിരുന്നെങ്കിലും മണ്ടൻ തീരുമാനങ്ങളെടുക്കുന്നതിൽ അതിവിദഗ്ദ്ധനായിരുന്നുവത്രേ, നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യ ഭരിച്ചിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്. അദ്ദേഹത്തിന്റെ പേരിന്റെ വാലറ്റമുള്ള റോഡിലെ വീട്ടിൽ രാഹുൽ താമസിച്ചതാണ് പ്രശ്‌നമായത്. അബദ്ധമായ പല തീരുമാനങ്ങളും അങ്ങനെയാണുണ്ടായത്. അവിടെനിന്ന് ഇറങ്ങുന്നതോടെ രാശി തെളിയും. ദീർഘവീക്ഷണത്തോടു കൂടിയ പല പ്രഖ്യാപനങ്ങളും ഇനിപ്രതീക്ഷിക്കാം. രാഹുൽജി പാർട്ടിയാപ്പീസിലെ ബെഞ്ചിൽ കിടക്കേണ്ടെന്നും തന്റെ വീട് ഒഴിഞ്ഞുതരാമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻജി പറഞ്ഞുകഴിഞ്ഞു.

അതേസമയം, ഡൽഹിയിലെ വീടുപോയ രാഹുലിന് വയനാട്ടിൽ ആസ്ഥാനമൊരുക്കാനുള്ള പിരിവ് കോൺഗ്രസുകാർ ഉടൻ തുടങ്ങുമെന്നാണ് റിപ്പോർട്ട്. അതോടെ പാർട്ടി ഉഷാറാകും. അദ്ദേഹത്തിന്റെ സ്ഥിരം സാന്നിദ്ധ്യം നാട്ടിലുണ്ടാകുന്നതോടെ വയനാട് തലസ്ഥാനമാകുമെന്ന വലിയ നേട്ടവുമുണ്ട്.

ആദ‌ർശത്തിൽ വിട്ടുവീഴ്ചയില്ലാത്തതുകൊണ്ടാണ് ഇമ്മാതിരി പൊല്ലാപ്പുകളിൽ പെടുന്നത്. വാശിപിടിച്ചാൽ പിടികിട്ടാത്ത നേതാവാണെന്ന് സംഘികൾ ഇനിയും മനസിലാക്കിയിട്ടില്ല. ഒന്നു മാപ്പുപറഞ്ഞ് നയപരമായി പ്രശ്നങ്ങൾ തീർത്തിരുന്നെങ്കിൽ കസേരയും വീടും പോകില്ലായിരുന്നെങ്കിലും അതിനു രാഹുൽജിയെ കിട്ടില്ല. മാപ്പു പറയുകയും കാലിൽ പിടിക്കുകയും ചെയ്യുന്ന ഏർപ്പാട് ഗാന്ധിയന്മാർക്കില്ല! ആ ഏർപ്പാട് ആർക്കാണുള്ളതെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. അത് ചരിത്രം ചികഞ്ഞ് കണ്ടുപിടിക്കട്ടെ ആവശ്യമുള്ളവർ!

അതേസമയം, കുടികിടപ്പുകാർ നിറഞ്ഞ ഡൽഹി നഗരത്തെ വെടിപ്പാക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നാണ് ബി.ജെ.പിക്കാരുടെ വിശദീകരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAHUL GANDHI AND OPPOSITION PARTIES
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.